അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബരചുംബികളായ അപ്പാർട്ടുമെന്റുകളിലേക്കും ബഹുനില ഹർമ്യങ്ങളിലേക്കുമൊക്കെ കാലം കൂടുമാറുന്പോഴും പൂർവികരുടെ തലമുറകൾ നിർമിച്ച് അനുഭവിച്ചുപോന്ന തടിവീടുകൾ അതിഭദ്രമായി സൂക്ഷിക്കുകയാണ് ഇവിടെയൊരു സമൂഹം. മീനച്ചിലാർ തഴുകിയൊഴുകുന്ന താഴത്തങ്ങാടിയിൽ അറയും നിരയും നിലയുമുള്ള ഓടുമേഞ്ഞ അനേകം വീടുകൾ.
വാസ്തുകലയ്ക്ക് കാലപ്രയാണത്തിലുണ്ടായ മാറ്റങ്ങളോ ഇക്കാലത്തെ ഫാഷനുകളോ ഒന്നും ഇതിന്റെ ഉടമകൾ ഗൗനിക്കുന്നതേയില്ല. അറ്റകുറ്റപ്പണികൾ അപ്പപ്പോൾ തീർത്ത് വീടും തൊടിയും മോടിയായി ഇവർ സംരക്ഷിക്കുന്നു. പടിപ്പുരയും നടുമുറ്റവും മാവും പ്ലാവും കണിക്കൊന്നയും ഔഷധച്ചെടികളുമൊക്കെയുള്ള പഴമയുടെ പുണ്യം.
തിണ്ണയിൽ കിണ്ടിയും കോലായിൽ കതിർകറ്റയും വാതിൽപ്പടിയിൽ നിലവിളക്കും നിരയിൽ പൂജ്യചിത്രങ്ങളുമൊക്കെയായി പാരന്പര്യത്തിന്റെ അടയാളങ്ങൾ. മണൽ വിരിച്ച മുറ്റം. മാവിൻചില്ലയിൽ പ്രാവിൻകൂട്. മുറ്റംചേർന്നൊരു തുളസിത്തറ.
വീടുകൾ മാത്രമല്ല, പൗരാണിക ആരാധനാലയങ്ങളും സംസ്കാരത്തിന്റെ പൈതൃകം പേറി ഇവിടെ സംരക്ഷിക്കപ്പെടുന്നു.
തിരുനക്കരയ്ക്കു ചുറ്റും പന്തലിച്ച പട്ടണമാണ് കോട്ടയം. ജലഗതാഗതം സുഗമമായിരുന്ന കാലത്ത് ഉൾനാടൻ വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയായിരുന്നു പട്ടണകവാടം. മീനച്ചിലാറിന്റെ കിഴക്കേ കരയിൽ വ്യാപാരത്തിനെത്തിയ നസ്രാണികളുടെ തറവാടുവീടുകൾ. പടിഞ്ഞാറേ കരയായ കുമ്മനത്ത് മുസ്ലീംകളുടെ വീടുകളും. തിരുനക്കര അന്പലം വലംവച്ച് ബ്രാഹ്മണരും മറ്റ് ഹൈന്ദവവിഭാഗങ്ങളും. നൂറാണ്ടു മുതൽ മുന്നൂറാണ്ടുവരെ പഴക്കമുള്ളവയാണ് ഈ വീടുകളെല്ലാം.
കേരളീയ വാസ്തുശാസ്ത്രം അടിസ്ഥാനമാക്കിയാണ് നിർമാണമെങ്കിലും നദിക്കു ദർശനമായുള്ള പുരകൾക്ക് നാലുകെട്ട് കാണുന്നുമില്ല. ക്രിസ്ത്യൻ വീടുകൾക്ക് സുറിയാനി -പോർച്ചുഗീസ് ശൈലികളുടെ സമന്വയമാണ് കാണാനാവുക. കുന്നംകുളത്തെ പഴയ സുറിയാനി വീടുകളുടെയും മട്ടാഞ്ചേരിയിലെ പോർച്ചുഗീസ് മാൻഷനുകളുടെയും രൂപപരമായ സാമ്യം ഇവിടെയും തെളിഞ്ഞു കാണാം. കച്ചവടക്കാരുടെ വീടുകൾക്ക് വലിയ അറകളും അറപ്പുരകളും വരാന്തകളുമൊക്കെയുണ്ട്. പുഴയോരത്ത് അധികമൊന്നും ഉയർത്തിയല്ല നിർമിതിയെങ്കിലും ഭൂഗർഭ അറകൾ പല വീടുകൾക്കുമുണ്ട്. കാലവും സംസ്കാരവും എത്ര മാറിയാവും ഈ വീടുകളും ഒപ്പമുള്ള
നിർമിതികളും പൊളിച്ചുകളയില്ലെന്ന നിലപാടിലാണ് ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീംകളുമൊക്കെ.
തേക്ക്, വീട്ടി, പ്ലാവ്, ആഞ്ഞിലി മരങ്ങളിലാണ് നിർമാണം. മേൽക്കൂരയും ഭിത്തിയുമൊക്കെ തടിയായതിനാൽ വീടിനുള്ളിൽ സമശീതോഷ്ണമായ കാലാവസ്ഥയാണുള്ളത്. വേനലിലും മഴയിലും തണുപ്പിലും ഇവർക്ക് ആശങ്കയില്ല. പല ദേശക്കാരായ തച്ചൻമാരായിരുന്നു ഇവയുടെ പണിക്കാർ. ഓരോ വീടിന്റെയും സ്ഥാപനവർഷം മേൽക്കൂരയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കോട്ടയം തളിയിൽ മഹാദേവ ക്ഷേത്രം ഇന്നത്തെ രീതിയിൽ തെക്കുംകൂർ രാജാവ് പുതുക്കിപ്പണിതത്.
കോട്ടയം വലിയ പള്ളിയുടെയും ചെറിയപള്ളിയുടെയും നിർമാണത്തിൽ പോർച്ചുഗീസ് വാസ്തുവിദഗ്ദ്ധനായ അന്തോണി മേസ്തിരിയോടൊപ്പം നാട്ടുകാരായ മൂത്താശാരിമാരും സഹകരിച്ചിരുന്നു. കേരളത്തിലെ ആദ്യകാല മുസ്ലീം ആരാധനാലയങ്ങളിൽ ഒന്നാണ് താഴത്തങ്ങാടി ജുമ മസ്ജിദ്. മുസ്ലീം പള്ളികളിൽ തടിയിൽ ഇത്രയും കൊത്തുപണികളോടു മറ്റൊരു നിർമിതി വേറെയുണ്ടാകാനിടയില്ല. ഒറ്റക്കല്ലിൽ തീർത്ത ജലസംഭരണിയും അറബിലിഖിതങ്ങളിൽ ഉൾക്കൊള്ളുന്ന കൊത്തുപണികളും അലങ്കാര പണികളും ശ്രദ്ധേയമാണ്.
തളിയിൽക്ഷേത്രവും താഴത്തങ്ങാടി ജുമാ മസ്ജിദും പണിയുന്നതിനായി വിശ്വകർമജർ കൊടുങ്ങല്ലൂരിൽ നിന്നാണ് എത്തിയത്.
വ്യാപാരികളായ ചെട്ടി സമുദായക്കാർ പാർത്തിരുന്ന ചെട്ടിത്തെരുവ് ഇന്ന് സിഎസ്ഐ സഭയുടെ ആസ്ഥാനമാണ്. നെയ്ത്തുജോലിക്കാരായ ചാലിയരുടെ തറികൾ ഇടമുറിയാതെ ചലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ. ചാലിയർ താമസിച്ച കുന്ന് ചാലിയക്കുന്നായി, പിന്നീടത് ചാലുകുന്നായി.
കോട്ടയം പട്ടണത്തിൽ സ്ഥാപിതമായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ് കോട്ടയം വലിയപള്ളി എന്ന സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി. പള്ളിയുടെ അൾത്താരയുടെ ഇരുവശത്തുമായി കാണപ്പെടുന്ന പേർഷ്യൻ കുരിശ് പുരാവസ്തു പ്രാധാന്യമുള്ളതാണ്. എഡി 1579ൽ പണിത കോട്ടയത്തെ രണ്ടാമത്തെ പള്ളിയാണ് ചെറിയ പള്ളിയെന്ന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി. പോർച്ചുഗീസ് കേരള വാസ്തു വിദ്യാ സങ്കലനത്തിന്റെ ഉദാത്ത മാതൃകയായ ഈ പള്ളിയുടെ അൾത്താരയിൽ പ്രകൃതിദത്തമായ ചായങ്ങളിൽ വരച്ച ചിത്രങ്ങൾ കാണാം.പുരാവസ്തു വകുപ്പ് താഴത്തങ്ങാടിയെ പൈതൃക ഗ്രാമമായി സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.
നഗരനിർമിതികൾക്ക് രൂപവും ഭാവവും മാറുന്പോഴും പഴമയുടെ പാരന്പര്യം കൈവിടാതെ കാക്കുകയാണ് താഴത്തങ്ങാടിയിലെ തീരവാസികൾ.
ജിബിൻ കുര്യൻ