“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
സിപ്പി പള്ളിപ്പുറം കുട്ടികൾക്കായി എഴുതിയ ജന്തുസ്ഥാനിലെ പൂക്കള മത്സരം എന്ന കഥയിലെ കഥാപാത്രം പാടുന്ന വരികളാണിത്. മലയാള അക്ഷരമുറ്റത്ത് സർഗസൗന്ദര്യത്തിന്റെ കായ്കളും ഇലകളും പൂക്കളും സമം ചേർത്ത്, മനോഹരവർണങ്ങളിൽ പൂക്കളങ്ങളൊരുക്കിയ പ്രതിഭയാണ് സിപ്പി പള്ളിപ്പുറം.
എത്രയോ കുരുന്നുകളാണ് ആ അക്ഷരപ്പൂക്കളങ്ങളെ കൊതിയോടെ ആസ്വദിച്ചത്. അതിലേറെപ്പേരാണ് വായനയുടെ വിശാലവൃത്തങ്ങളിലേക്ക് അതിനുള്ളിലൂടെ ചുവടുവച്ചത്. കാലങ്ങളായി മലയാളികൾക്ക് പ്രത്യേകിച്ച് ഇളം ബാല്യങ്ങൾക്ക് വായനയുടെ വിസ്മയങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന സിപ്പി പള്ളിപ്പുറം എണ്‍പതിന്റെ നിറവിലാണ്.
ബാലസാഹിത്യത്തിനു സാഹിത്യമേഖലയിൽ തിളക്കമുള്ള വിലാസം എഴുതിച്ചേർത്തതാണു സിപ്പിയെ വ്യത്യസ്തനാക്കുന്നത്. കഥകളും കവിതകളും നോവലുകളുമെല്ലാമായി ഇരുനൂറോളം പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നുതിർന്നു. ദീർഘകാല അധ്യാപനജീവിതവും കുട്ടികളുടെ വിചാരധാരകൾക്കൊപ്പമുള്ള അക്ഷരസഞ്ചാരവും വായനക്കാരെ വിസ്മയിപ്പിച്ച അനേകം രചനകൾക്കു നിമിത്തമായി. വൈപ്പിൻകര പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയ്ക്കു സമീപത്തെ വീട്ടിൽവച്ച് അദ്ദേഹം തന്റെ രചനാവഴികൾ പങ്കുവച്ചു.
മുത്തശിക്കഥകളുടെ ബാല്യം
നാടൻപാട്ടുകളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളുമെല്ലാം പറഞ്ഞു കേള്‍പ്പിച്ച വല്യമ്മയാണു വായനയുടെയും എഴുത്തിന്റെയും അദ്യ വിത്തുകൾ പാകിയതെന്നു സിപ്പി പള്ളിപ്പുറം. ലളിതമായ ഈണത്തിൽ അമ്മൂമ്മ പാടിത്തന്ന പാട്ടുകൾ ഇപ്പോഴും മനസിലുണ്ട്. അതിലൊന്ന് ഇങ്ങനെ-
“ഇല്ല്യേപ്പോണതാര്?
കുഞ്ഞൂഞ്ഞമ്മേടമ്മ.
കൂടെപ്പോണതാര്?
വേലക്കാരൻ പാപ്പി.
എന്തുടുത്തു പോണ്?
പട്ടുടുത്തു പോണ്.
പട്ടിന്ററ്റത്തെന്ത്?
കാക്കപ്പൊന്നും നൂലും
ആർക്കണിയാൻ പൊന്ന്?
ആർക്കറിയാം പെണ്ണേ!”
യോദ്ധാക്കളുടെയും പുരാണവീരന്മാരുടെയുമെല്ലാം കഥകളും പാട്ടുകളും അമ്മൂമ്മ പാടി കേള്‍പ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ആദ്യമായി കവിതയെഴുത്തിൽ പരീക്ഷണമാകാമെന്ന തോന്നലുണ്ടായത്. അണ്ണാറക്കണ്ണനെക്കുറിച്ചെഴുതിയ കവിത ഒരു കൈയെഴുത്തു മാസികയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ ആഹ്ലാദം മറക്കാനാവില്ല. അക്കാലത്ത് അധ്യാപകർ കവിത എഴുതാൻ പ്രോത്സാഹിപ്പിച്ചു.
സ്കൂൾ ടൈംസ് എന്ന പേരിൽ വിദ്യാലയനാളുകളിലെ കുട്ടിപ്പത്രവും എഴുത്തിന് ഇടംനൽകി. എട്ടാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ആദ്യ കഥയെഴുത്ത്. ചെറായി വിജ്ഞാന വർധിനി സഭയുടെ രജതജൂബിലിയോടനുബന്ധിച്ചു നടത്തിയ കലാസാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള കഥാരചന മത്സരത്തിലായിരുന്നു അത്. ‘അന്തപ്പൻ മാപ്പിള’ എന്ന പേരിൽ എഴുതിയ കഥയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. നിയമവകുപ്പു മന്ത്രിയായിരുന്ന ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരിൽ നിന്ന് സമ്മാനമായി അന്ന് ലഭിച്ച പുസ്തകങ്ങളും പ്രശസ്തിപത്രവും സിപ്പി ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
പേരിലുണ്ട് ജന്മനാട്
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ പള്ളിപ്പുറത്ത് 1943 മേയ് 18 നാണു സിപ്പിയുടെ ജനനം. വിശുദ്ധ സിപ്രിയാൻ എന്ന രക്തസാക്ഷിയുടെ സ്മരണയിൽ പിതാവ് അന്തപ്പനാണ് സിപ്പിയെന്നു പേരിട്ടത്. 33 വർഷത്തെ അധ്യാപക ജീവിതവും വീടിനടുത്തുള്ള സെന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു.
1966 മുതൽ ബാലസാഹിത്യ രചനയിലും കുട്ടികൾക്കായുള്ള പരിശീലന പരിപാടികളിലും പ്രഭാഷണ വേദികളിലും സജീവമാണ്. ആദ്യനോവൽ മിന്നാമിനുങ്ങ് പ്രസിദ്ധീകരിച്ചത് പൂന്പാറ്റ മാസികയിലാണ്. നൂറു രൂപയായിരുന്നു പ്രതിഫലം.
കുട്ടിക്കഥകളിലും കവിതകളിലും ഒതുങ്ങുതല്ല സിപ്പിയുടെ ബാലസാഹിത്യലോകം. നോവലുകൾ, നഴ്സറിപ്പാട്ടുകൾ, കഥാപ്രസംഗങ്ങൾ, ജീവചരിത്രങ്ങൾ, അനുഭവക്കുറിപ്പുകൾ, ബാലലേഖനങ്ങൾ... ഇതിലൂടെയെല്ലാം ഈ അധ്യാപകൻ കുട്ടികളെയും മുതിർന്നവരെയും രസിപ്പിച്ചു, ചിന്തിപ്പിച്ചു.
ചെണ്ട, പൂരം, അപ്പൂപ്പൻതാടിയുടെ സ്വർഗയാത്ര, ആനക്ക് തുന്പിക്കൈ ഉണ്ടായതെങ്ങനെ?, നൂറ് നഴ്സറിപ്പാട്ടുകൾ, ചാഞ്ചാടുണ്ണീ ചാഞ്ചാട്, നൂറ് അക്ഷരപ്പാട്ടുകൾ, നൂറ് ഗണിതഗാനങ്ങൾ, തത്തമ്മേ പൂച്ചപൂച്ച, മിന്നാമിനുങ്ങ്, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, തേൻതുള്ളികൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ... ഇങ്ങനെ നീളുന്നു രചനകൾ. സ്കൂൾ പാഠപുസ്തകങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പലതുണ്ട്.
വായ്ത്താരികളും കവിതകളും കഥകളുമെല്ലാം ചേരുംപടി ചേർത്തൊരുക്കിയ മനോഹരമായ പ്രസംഗങ്ങളും സിപ്പിമാഷിനെ ശ്രദ്ധേയനാക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങളിലും സാംസ്കാരിക വേദികളിലുമെല്ലാം അദ്ദേഹം പ്രസംഗിക്കാനെത്തി.
കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും അറിയാനും ആസ്വദിക്കാനുമുള്ള വാക്കുകളുടെ വിരുന്നായി സിപ്പിയുടെ വർത്തമാനങ്ങൾ.
എഴുത്തിന്റെയും പ്രസംഗത്തിന്റെയും തനിമകൾക്കൊപ്പം വേഷത്തിലും ഇദ്ദേഹം വ്യത്യസ്തത പുലർത്തുന്നു. ജുബ്ബയിലല്ലാതെ സിപ്പിമാഷിനെ കാണുക എളുപ്പമല്ല. കഴുത്തിനു ചുറ്റും ചിത്രപ്പണികൾ കൊണ്ടു മനോഹരമാക്കിയ ജുബ്ബയാണു സിപ്പിമാഷിന്റെ സ്ഥിരം വേഷം.
അംഗീകാരം, ആദരം
മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം 1992ൽ സിപ്പിക്കു ലഭിച്ചു. കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി എന്ന പുസ്തകം കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി. ഉണ്ണികൾക്ക് നൂറ്റിയെട്ട് ഗുരുദേവ കഥകൾ എന്ന കൃതിക്ക് 2013-ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ഭീമ ബാലസാഹിത്യ അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവന പുരസ്കാരം, കെസിബിസി അവാർഡ്, എൻസിഇആർടി അവാർഡ്, കുഞ്ഞുണ്ണി പുരസ്കാരം, കുടുംബദീപം അവാർഡ്, ഫൊക്കാന സാഹിത്യപുരസ്കാരം, സഹൃദയവേദി അവാർഡ്, കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റ് അവാർഡ് തുടങ്ങിവയും പുരസ്കാരപ്പട്ടികയിലുണ്ട്. കാട്ടിലെ കഥകൾ ഇംഗ്ലീഷിലേക്കും, തത്തകളുടെ ഗ്രാമം തമിഴ്, ഗുജറാത്തി, തെലുങ്ക് ഭാഷകളിലേക്കും ക്രേന്ദ്രസാഹിത്യ അക്കാഡമി വിവർത്തനം ചെയ്തിട്ടുണ്ട്.
റിട്ട. അധ്യാപിക സെലിനാണു ഭാര്യ. ശാരിക, നവനീത് എന്നിവരാണ് മക്കൾ.
ബാലസാഹിത്യകൃതികൾ കുട്ടികൾക്കു രസം പകരുന്നതിനൊപ്പം അവരിൽ നന്മകൾ പകരുന്നതു കൂടിയാകണമെന്ന ബോധ്യത്തിൽ സിപ്പി പള്ളിപ്പുറം എണ്‍പതിലും എഴുത്ത് തുടരുകയാണ്.
സിജോ പൈനാടത്ത്