ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേഘം ഉരുണ്ടുകൂടി ഭൂമിയെ പുതപ്പുപോലെ മൂടിക്കഴിഞ്ഞ് പെയ്തുവരുന്ന മഴത്തുള്ളികളെ നോക്കിനിന്നിരുന്ന കാലം. മൂടിപ്പുതച്ചുറങ്ങാൻ ഇഷ്ടമുണ്ടായിരുന്ന കാലം....
എന്നാൽ ഒരിക്കൽ ഒരു മഴ വന്നു. ഓർക്കാൻ ഇഷ്ടമില്ലാത്തൊരു മഴക്കാലം. മണ്ണിൽ ഉമ്മവച്ച മഴത്തുള്ളികൾ തീയായിരുന്നോ എന്നു തോന്നിപ്പോയ ഒരു വർഷം.
2018ലെ ജൂലൈ-ഓഗസ്റ്റ് മാസങ്ങൾ മലയാളികൾ അത്രവേഗം മറക്കില്ല. ഇനി എത്ര മറക്കാൻ ശ്രമിച്ചാലും ഓരോ മഴക്കാറ് കാണുന്പോഴും ആശങ്കയുടെ കാർമേഘം ഏവരുടെയും മനസിൽ ഉരുണ്ടുകൂടുന്നതും അന്നത്തെ മഹാപ്രളയത്തിന്റെ ആഴം ഓർക്കുന്പോഴാണ്. പ്രളയവും ദുരിതപ്പെയ്ത്തും കേരളത്തിൽ ആഞ്ഞടിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന നിമിഷങ്ങൾ. അതു സിനിമയായിരിക്കുന്നു. 2018 എവരിവണ് ഈസ് എ ഹീറോ എന്ന പേരിൽ ചിത്രം റിലീസായിരിക്കുന്നു. ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകന്റെ നാലാമത്തെ ചിത്രം.
ചിത്രത്തിലെ വെള്ളപ്പൊക്കം വരുന്ന ഭാഗങ്ങൾ സിജി (കംപ്യൂട്ടർ ജനറേറ്ററഡ്) അല്ല, യഥാർഥത്തിൽ ഉണ്ടാക്കിയെടുത്ത വെള്ളപ്പൊക്കമാണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ മുൻനിര വെള്ളപ്പൊക്കത്തിൽ വന്നു നിൽക്കുന്നു. സ്റ്റാൻഡോ ട്രാക്കോ ജിബ്ബോ ഒന്നും ഇല്ലാതെയാണ് ക്യാമറ വച്ചത്.
ചിത്രീകരണത്തിനിടയിൽ പല പ്രതിസന്ധികളും നേരിട്ടു. സിനിമയ്ക്കായി നിർമിച്ച ടാങ്ക് പൊട്ടി ഒരുപാട് വെള്ളം ഒലിച്ചുപോയി. വൻ സാന്പത്തിക നഷ്ടമാണ് അതുമൂലമുണ്ടായത്. പ്രധാന കഥാപാത്രമായ ആസിഫ് എത്തിയ ദിവസംതന്നെ അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചു. അങ്ങനെ ബ്രേക്ക് എടുക്കേണ്ടി വന്നു. പലർക്കും കോവിഡ് ബാധിച്ചു. 102 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രത്തിനായി ഒന്നരയേക്കറിൽ നിറഞ്ഞു നിൽക്കുന്ന ഒരു ടാങ്കാണ് ഉണ്ടാക്കിയത്. രാത്രിയിലായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്.
ചിത്രത്തിന്റെ മെയിൻ ലൊക്കേഷൻ വൈക്കത്ത് മറവന്തുരുത്തിൽ പന്ത്രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. കോട്ടയം, തൊടുപുഴ, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, ആലുവ, തൃശൂർ തുടങ്ങി പല സ്ഥലങ്ങളിലും ഷൂട്ടിംഗ് നടന്നു. ആന്റോ ജോസഫാണ് ജൂഡിന് ധൈര്യം പകർന്നു കൂടെനിന്ന നിർമാതാവ്. അതിനൊപ്പമാണ് പിന്നീട് വേണു കുന്നപ്പള്ളിയും സി.കെ. പദ്മകുമാറും എത്തിയത്.
2018 ഒക്ടോബർ 16-ന് പ്രഖ്യാപിച്ച ചിത്രം നാലുവർഷത്തിനുശേഷം യാഥാർഥ്യമാവുകയാണ്. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ് ആന്തണി ജോസഫ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം അന്നു സാക്ഷ്യം വഹിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി.
അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. ഇത്തരമൊരു സാഹചര്യത്തെ സിനിമയിൽ എത്തിക്കുക ഏറെ ദുഷ്കരമായിരുന്നു.
സിബിൾ ജോസ്