മൃദംഗപ്രപഞ്ചം!
Saturday, May 6, 2023 11:34 PM IST
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ അഗ്രഗണ്യനായ കാരൈക്കുടി മണിക്ക് അങ്ങനെയല്ല. ഗുരുവിന്റെ വീടിനടുത്ത് കുട്ടിയും കോലും കളി ഉള്ളതിനാൽ മൃദംഗ ക്ലാസ് മുടക്കിയിരുന്നയാളാണ് താനെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് ലയ മണി കാരൈക്കുടി! തമിഴിൽ ഗില്ലി ദണ്ട് എന്നു പേരുവിളിക്കുന്ന കളിയിൽ അത്രയ്ക്കുണ്ടായിരുന്നു ഹരം. ഗുരു കാരൈക്കുടി മുത്തു അയ്യർ മറ്റു കുട്ടികളെ പഠിപ്പിക്കുന്പോൾ മണി കളിയിൽ മുഴുകും.
എന്നാൽ ഒന്നുണ്ടായിരുന്നു- കളി എത്ര കാര്യമായാലും ഗുരു പഠിപ്പിക്കുന്ന പാഠങ്ങളിലേക്ക് മണിയുടെ ഉപബോധ മനസ് ട്യൂണ് ചെയ്യപ്പെട്ടിരിക്കും. പിതാവ് മൃദംഗപഠനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ പാഠങ്ങൾ പഠിക്കാതെവയ്യ. അടുത്ത ക്ലാസിൽ ഗുരുവിനു വായിച്ചുകേൾപ്പിക്കുകയും വേണം. മണി ഓർമിച്ചതിങ്ങനെ: എന്തോ ദൈവാനുഗ്രഹത്താലാവണം, എനിക്കെല്ലാം കൃത്യമായി വായിക്കാൻ കഴിഞ്ഞിരുന്നു. ക്ലാസിൽ വരാതെ ഇത്രയും ചെയ്യാനാവുന്നത് ഗുരുവിനും ആശ്ചര്യമായിരുന്നു.
റേഡിയോയും ഗുരു
കാരൈക്കുടി മുത്തു അയ്യർക്കു പുറമേ മണിക്ക് മറ്റൊരു ഗുരുകൂടി ഉണ്ടായിരുന്നു. വേറാരുമല്ല, ആകാശവാണി. ശ്രദ്ധേയമായിരുന്നു ആ പഠനം. റേഡിയോയിൽ കച്ചേരി നടത്തുന്ന ഓരോ സംഗീതജ്ഞർക്കും അനുസരിച്ച് മണി തന്റെ ഉപകരണം ട്യൂണ് ചെയ്യും. റേഡിയോ കേട്ട് അവർക്കൊപ്പം വായിക്കും. അതേക്കുറിച്ച് മണി കളിയായി പറയാള്ളത് ഇങ്ങനെയാണ്: രാമാനുജ അയ്യങ്കാർക്കും ജി.എൻ. ബാലസുബ്രഹ്മണ്യത്തിനുമെല്ലാം ഒപ്പം വായിച്ചിട്ടുണ്ടെന്ന് എനിക്ക് പൊങ്ങച്ചം പറയാം.
ഇനി പറയുന്നത് ഗൗരവത്തോടെയാണ്: ഒരുവിധത്തിൽ നോക്കിയാൽ ഞാൻ സ്വയം പഠിക്കുകയായിരുന്നു. ഏറെയും തന്നത്താൻ പഠിച്ചയാളാണ് ഞാൻ. മൂന്നാമത്തെ വയസുമുതൽ വായ്പ്പാട്ടു പഠിച്ചയാളാണെന്ന് ഓർക്കണം. ആ പ്രായത്തിൽ തന്നെ പഞ്ചരത്ന കൃതികൾ പാടിത്തുടങ്ങി. മൃദംഗത്തിലേക്കു വഴിതുറന്നത് രസകരമായ ഒരു സംഭവമാണ്. അതിങ്ങനെ:
പിതാവിനൊപ്പം മണി അടുത്തുള്ള ക്ഷേത്രത്തിലെ ഒരു ഘോഷയാത്ര കാണാൻ പോയി. മണി ഏറ്റവും ആകൃഷ്ടനായത് തകിലിന്റെ ശബ്ദത്തിലാണ്. പിതാവിന്റെ തലയിൽ തകിലിന്റെ താളത്തിനൊപ്പം താളംപിടിക്കാൻ തുടങ്ങി. മകന് താളത്തിന്റെ ലോകം ഇണങ്ങുമെന്ന് മനസിലാക്കിയ പിതാവ് മണിയെ മൃദംഗം പഠിക്കാൻ വിടുകയും ചെയ്തു.
ഘടം മാന്ത്രികൻ വിക്കു വിനായകറാമിന്റെ പിതാവ് ഹരിഹര ശർമയാണ് മണിയെ കാരൈക്കുടി മുത്തു അയ്യർ ശൈലിയിൽനിന്ന് തഞ്ചാവൂർ വൈദ്യനാഥൻ അയ്യർ ശൈലിയിലേക്ക് എത്തിച്ചത്. ഹരിഹര ശർമയ്ക്കൊപ്പം ഗുരുകുല രീതിയിലായിരുന്നു പഠനം. അക്കാലത്തെക്കുറിച്ച് മണി പിന്നീടു പറഞ്ഞതിങ്ങനെ:
ഗുരുക്കന്മാർ തങ്ങളുടെ ശിഷ്യരെ സ്വന്തം മക്കളായാണ് കണ്ടിരുന്നത്. ശിഷ്യർ സദാ ഗുരുവിനൊപ്പം ഉണ്ടാകണമെന്നാണ് ചട്ടം. ഗുരുവിന്റെ ഉത്തമമായ ഗുണങ്ങൾ കണ്ടറിഞ്ഞു സ്വായത്തമാക്കാം എന്നതാണ് ഗുരുകുല വാസംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇന്നത്തെക്കാലത്ത് എല്ലാം യാന്ത്രികമായി. എനിക്ക് സ്കൈപ്പിൽ വിശ്വാസമില്ല. നേരിട്ടുള്ള പഠനം മാത്രമേ ഗുണപരമാകൂ.
ഘടം വിദ്വാനും ഹരിഹര ശർമയുടെ ബന്ധുവുമായ കെ.എം. വൈദ്യനാഥനും മണിയെ സ്വാധീനിച്ചു. സങ്കീർണമായ പാഠങ്ങൾ അദ്ദേഹം പകർന്നു നൽകി. മണിയുടെ വിരൽപ്പെരുക്കങ്ങൾ അതോടെ അത്യന്തം വിസ്മയകരമായി.
സന്പൂർണമായ സമർപ്പണംകൊണ്ട് മൃദംഗവാദനത്തിൽ മണി പുതിയ മാനങ്ങൾ കൊണ്ടുവന്നു. അങ്ങനെ കാരൈക്കുടി ആർ. മണി ശൈലി രൂപപ്പെട്ടു. മറ്റു കലാകാരന്മാരും വിദ്യാർഥികളും ആ ശൈലി പിന്തുടർന്നുതുടങ്ങി. ലോകമെന്പാടുമായി മണി നേരിട്ട് 1200ലേരെ പേർക്ക് മൃദംഗ പാഠങ്ങൾ പകർന്നു.
താളപ്രധാനം
വായ്പ്പാട്ടുകാർക്കും വയലിനിസ്റ്റുകൾക്കുമെല്ലാം പ്രഗത്ഭരായ മുൻഗാമികളുടെ പലതലമുറകൾ കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്. മൃദംഗത്തിൽ അതത്രയില്ല. പേരെടുത്തു പറയാൻ പാലക്കാട് മണി അയ്യർ, പളനി സുബ്രഹ്മണ്യ പിള്ള എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. ഒരു പക്കമേളം എന്നതിൽനിന്ന് മൃദംഗത്തെ ഉയർത്തിക്കൊണ്ടുവന്നത് അവരാണ്. ഏതാണ്ടു നാലു പതിറ്റാണ്ടുമുന്പ് മണിയിലേക്ക് ആ തുടർച്ച വന്നു.
കച്ചേരികളിൽ തനിയാവർത്തന സമയം പല ശ്രോതാക്കൾക്കും ചായകുടിക്കാനുള്ള ഇടവേളയാകുമായിരുന്നു പണ്ട്. ഇതെന്നെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. അങ്ങനെ മൃദംഗത്തെ വേദിയുടെ മധ്യത്തിൽ വീണ്ടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രുതിലയ എന്ന സംരംഭത്തിനു തുടക്കമിട്ടത്- മണി പിന്നീടു പറഞ്ഞതിങ്ങനെ.
ശ്രോതാക്കൾ അന്തംവിട്ടും ഉൾക്കിടിലത്തോടെയും ഇരുന്നുകേട്ട തനിയാവർത്തനങ്ങൾ അങ്ങനെയാണ് ഉറവകൊണ്ടത്. കച്ചേരിവേദികളിലേക്ക് മണി പ്രപഞ്ചത്തെയാകമാനം ആവാഹിച്ചു എന്നുവേണം പറയാൻ. പക്ഷേ ഒരു പ്രശ്നമുണ്ടായി- ചിലപ്പോഴെങ്കിലും ശ്രോതാക്കൾ ഈ തനിയാവർത്തനം കേട്ടുകഴിഞ്ഞയുടൻ സ്ഥലംവിട്ടുതുടങ്ങി. പ്രധാന സംഗീതജ്ഞൻ, വായ്പ്പാട്ടുകാരൻ കച്ചേരി തുടങ്ങുംമുന്പ്, താളപ്രകടനം കേട്ടു തൃപ്തരായി കേൾവിക്കാർ മടങ്ങുകയെന്നത് വിചിത്രമാണല്ലോ. വായ്പ്പാട്ടുകാർ ഇതിൽ അനല്പമായ അനിഷ്ടവും കാട്ടിത്തുടങ്ങി. അതേക്കുറിച്ച് മണി പറഞ്ഞതിങ്ങനെ: അതോടെ ഞാൻ ആ പരീക്ഷണം നിർത്തി.
ശ്രോതാക്കൾക്ക് താളവഴികൾ പഠിക്കാനുള്ള അവസരവും കാരൈക്കുടി മണി നൽകാറുണ്ട്. ഒരു വർഷം മുഴുവൻ കച്ചേരികളിൽ ഒരു നട മാത്രം വായിക്കുക പോലുള്ള ധീരമായ പരീക്ഷണങ്ങൾ അദ്ദേഹം തുടർന്നു. ഒരു വർഷം മിശ്രം, അടുത്തവർഷം ഖണ്ഡം എന്നിങ്ങനെ. അതോടെ കേൾവിക്കാർ അതു തിരിച്ചറിഞ്ഞു തുടങ്ങി.
മണിയുടെ വിരലുകൾ കേൾവിക്കാർക്കു നൽകിയ തിരിച്ചറിവുകളിൽ ഒന്നുമാത്രമാണ് അത്. ആ വിരലുകളാണ് കഴിഞ്ഞനാൾ അനക്കമറ്റത്. അദ്ദേഹത്തിന്റെ ഭൗതികദേഹത്തിനു സമീപത്തിരുന്ന് പിന്മുറക്കാർ പകർന്ന നാദാർച്ചനയും ആ പാതയുടെ തുടർച്ചതന്നെ!
ഹരിപ്രസാദ്