നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന്നു വാര്യരുടേത്. ഞാനിപ്പോഴും ഓർമിക്കുന്നു, നിർമലയിലെ റെക്കോർഡിംഗ് വേളയിൽ വാര്യർ പുല്ലാങ്കുഴൽ വായിച്ച് ലാ, ലാലാ, ലാ... എന്നിങ്ങനെ ഒരു ഈണം പാടിത്തരും. ഇതിനെ ചിട്ടപ്പെടുത്തി ഒരു ഈണമാക്കുന്ന ജോലി ഗായകനായ എന്റെതായിരുന്നു. റിഹേഴ്സൽ പകുതിയായ സമയം വാര്യർ എങ്ങോട്ടോ പോയി. പിന്നെ സിനിമയുടെ പ്രവർത്തനം കഴിയുംവരെ വാര്യരെ കണ്ടിട്ടില്ല.’
മലയാള സിനിമയിലെ ആദ്യ പിന്നണി ഗായകൻ ടി.കെ. ഗോവിന്ദറാവു പങ്കുവച്ച ആദ്യ റെക്കോർഡിംഗ് വിശേഷങ്ങളാണിത്. 2002-ൽ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഗോവിന്ദറാവു ഈ അനുഭവം പങ്കുവച്ചത്. പ്രഥമ പിന്നണി ഗായകൻ ടി.കെ. ഗോവിന്ദറാവുവിനെ മലയാളം എത്രകണ്ട് അംഗീകരിച്ചു, ആദരിച്ചു എന്ന് സംശയമാണ്.
ഒരൊറ്റ സിനിമയിൽ പാടിയ ശേഷം കർണാടക സംഗീതലോകത്തേക്കു ചുവടുമാറ്റിയതു കൊണ്ടുതന്നെ ഇദ്ദേഹം ആ ചരിത്ര നിയോഗത്തെ കുറിച്ചൊന്നും പറഞ്ഞു നടന്നില്ല. എങ്കിലും സിനിമയിൽ ആദ്യമായി പാടിയത് അദ്ദേഹം നല്ല തെളിമയോടെ ഓർമിച്ചിരുന്നു. “സേലത്തായിരുന്നു ഗാന റെക്കോർഡിംഗ്. ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്ന കാലമല്ല. ഇ.ഐ. വാര്യർ അപ്രത്യക്ഷമായതോടെ റെക്കോർഡിംഗിന്റെ ചുമതലകൂടി എന്റെ ചുമലിലായി. ഗ്രാമഫോണും റെക്കോർഡുകളും ചുമന്നുകൊണ്ടാണ് ഞാൻ സേലത്തെത്തിയത്.” പ്രമുഖ സംഗീതജ്ഞനായി മാറിയ കാലത്തും നിർമലയിലെ ഗാനങ്ങൾ അദ്ദേഹം മറന്നിരുന്നില്ല. അരനൂറ്റാണ്ട് മുന്പ് പാടിയ പാട്ടുകൾ ഓർമയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരുനിമിഷം കണ്ണുകളടച്ചിരുന്നു പിന്നെ മധുരമായി പാടി -
പാടുക പൂങ്കുയിലെ
പൊൻകിനാവുകൾ കുലകുലയായി
ജീവശാഖിയിൽ വിടരുകയായി...
മഹാകവി ജി. ശങ്കരക്കുറുപ്പ് രചിച്ച പതിനഞ്ച് പാട്ടുകളാണ് നിർമലയിലുണ്ടായിരുന്നത്. അതിൽ അഞ്ചെണ്ണം ടി.കെ. ഗോവിന്ദറാവുവിന്റെ സോളോ ഗാനങ്ങളാണ്. പി. ലീല, സരോജിനി മേനോൻ, വിമല ബി. വർമ എന്നിവരായിരുന്നു ഗായികമാർ. പി. ലീലയുമായി ചേർന്നാണ് പാടുക പൂങ്കുയിലെ എന്ന ഗാനം ഗോവിന്ദറാവു പാടിയത്. നിർമലയിൽ ഗോവിന്ദറാവു എത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. “കൊച്ചിയിൽ ഭാരത്കഫേ ഹോട്ടൽ നടത്തിയിരുന്ന ബി. ഗോവിന്ദറാവു എന്റെ അടുത്ത ബന്ധുവാണ്. ഗോവിന്ദറാവുവിനെ സഹായിക്കാൻ ഞാനും ചിലപ്പോൾ കൂടും. സിനിമാലോകവുമായി ബന്ധമുണ്ടായിരുന്ന കുറച്ച് ഓർക്കെസ്ട്രാ കലാകാരൻമാർ ഉണ്ടായിരുന്നു. അവർ ഒരിക്കൽ എന്നോട് പറഞ്ഞു - ഗോവിന്ദമാണി (ഉഡുപ്പിയിലെ തുളു പോറ്റിമാരെ അങ്ങനെയാണ് വിളിക്കുന്നത്) നന്നായി പാടുമല്ലോ. പുതിയ സിനിമയിൽ പാടിക്കൂടെ”. അതായിരുന്നു തുടക്കം.
സംഗീത ഇതിഹാസം ത്യാഗരാജ സ്വാമികളുടെ ശിഷ്യപരന്പരയിൽപ്പെട്ട മുസ്സരി സുബ്രഹ്മണ്യ അയ്യരുടെ പ്രിയ ശിഷ്യൻ പിൽക്കാലത്ത് സിനിമാലോകം വിട്ടതിനു പിന്നിലും ഗുരുവിന്റെ ഉപദേശം തന്നെ.
“നിർമലയിൽ പാടി അധികം വൈകാതെ കർണാടക സംഗീതം പഠിക്കാൻ ഞാൻ ചെന്നൈയിലെത്തി. മൂസ്സരിയുടെ ശിഷ്യനായശേഷം കർണാടക സംഗീതമല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. കഠിന തപസ് പോലെയാവണം സംഗീത അഭ്യസനമെന്ന് ഗുരുവിനു നിർബന്ധമുണ്ടായിരുന്നു. അത് ഞാൻ അനുസരിച്ചു.’
തൃപ്പൂണിത്തുറയിലെ ഉഡുപ്പിയിൽ വേരുകളുള്ള സംഗീതകുടുംബത്തിൽ 1929-ൽ ജനിച്ച ടി.കെ. ഗോവിന്ദറാവു ജീവിതത്തിന്റെ വലിയഭാഗം ചിലവഴിച്ചത് ചെന്നൈയിലായിരുന്നു. സംഗീത കോളജ് അധ്യാപകനായും ചെന്നൈ ഓൾ ഇന്ത്യാ റേഡിയോയിൽ മ്യൂസിക്ക് പ്രൊഡ്യൂസറായും ജോലി നോക്കിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോ ഡയറക്ടറേറ്റ് ജനറൽ ഓഫീസിലെ ചീഫ് മ്യൂസിക് പ്രൊഡ്യൂസറായി വിരമിച്ചു. സംഗീത സംബന്ധമായ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം 2011ലാണ് വിടവാങ്ങിയത്.
എസ്. മഞ്ജുളാദേവി