രംഗനായകി എന്ന വീണാ നായിക!
Saturday, April 29, 2023 10:50 PM IST
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായിച്ചു പരിശീലിക്കുക. അമൃതവർഷിണിയും ആനന്ദഭൈരവിയും കേൾക്കുന്പോൾ അവളുടെ കണ്ണുകൾ തിളങ്ങുമായിരുന്നു. ഗുരുവിനു മുന്നിൽ തന്റെ സംഗീതത്തെ സമർപ്പിച്ച് ഏതാണ്ട് ഇരുപത്തഞ്ചു വർഷക്കാലം... അദ്ദേഹത്തിന്റെ മരണംവരെ.. ജീവിതം സംഗീതമാകുന്നത് ഇങ്ങനെയൊക്കെയാണെന്ന് നിസ്സംശയം പറയാം.
രംഗനായകി രാജഗോപാലൻ- മൂന്നാം വയസിൽ അമ്മയാണ് അവളെ കാരൈക്കുടിയിൽ എത്തിച്ചത്. അവിടെ കുട്ടികളില്ലാത്ത പിതൃസഹോദരിയ്ക്കൊപ്പം താമസിക്കുക എന്നതായിരുന്നു കുസൃതിക്കാരിയായ അവളിൽ ഏല്പിക്കപ്പെട്ട നിയോഗം. ആ പുതുജീവിതം തുടങ്ങിയശേഷം അയൽപ്പക്കത്തെ സുഗന്ധകുന്തളാംബാംൾ- സാംബശിവ അയ്യർ ദന്പതികളുടെ വീട്ടിലും രംഗനായകി പതിവു സന്ദർശകയായി. സാംബശിവ അയ്യർ സാധാരണക്കാരനല്ല, കാരൈക്കുടി ബ്രദേഴ്സിലെ ഇളയയാളായ പ്രശസ്ത വീണാ വിദ്വാനാണ്. അവിടെക്കേട്ട സ്വരങ്ങൾ കുഞ്ഞു രംഗനായകിയുടെ മനസിൽ പളുങ്കുകൾ പോലെ തിളങ്ങി.
ഗുരുവിലേക്ക്...
അവളുടെ കുറുന്പു കുറയ്ക്കാൻ അച്ഛനമ്മമാർ കണ്ടെത്തിയ മാർഗമായിരുന്നു വീണ പഠിക്കട്ടെ എന്നത്. സഹോദരൻ സുബ്ബരാമ അയ്യരുടെ മരണത്തെ തുടർന്ന് കടുത്ത വിഷാദാവസ്ഥയിലായിരുന്ന സാംബശിവ അയ്യർ ആരെയും പഠിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു. എന്നാൽ വളർത്തമ്മയുടെ നിർബന്ധത്തിലും ഉറപ്പിലും രംഗനായകിയെ സാംബശിവ അയ്യർ ശിഷ്യയായി സ്വീകരിച്ചു.
ക്ഷിപ്രകോപത്തിനു പേരുകേട്ടയാളാണ് സാംബശിവ അയ്യർ. അങ്ങനെയൊരാൾക്കു കീഴിൽ അത്യാവശ്യത്തിലേറെ കുസൃതി കൈമുതലായുള്ള ഒരു മൂന്നുവയസുകാരി എങ്ങനെ വീണ അഭ്യസിക്കും? സംശയമായിരുന്നു.
കടുത്ത ചിട്ടകളോടെയുള്ള ഗുരുകുല സന്പ്രദായം. അമ്മായിയെയും അമ്മാവനെയും വിട്ട് വീണ പെരിയപ്പയ്ക്കും പെരിയമ്മയ്ക്കും (സാംബശിവ അയ്യരും പത്നിയും) ഒപ്പമായി രംഗനായകി പിന്നീട്.
ചിട്ടയെന്നത് ഉരുക്കു ചട്ടക്കൂടുള്ള ചിട്ടയായിരുന്നു. സ്കൂളില്ല, കളികളും കളിക്കൂട്ടുകാരുമില്ല. സ്വന്തം വീട്ടുകാരുമായിപ്പോലും സംസാരിക്കാൻ അധികം അവസരമില്ല. എട്ടു മണിക്കൂർവരെ നീളുന്ന പരിശീലനം. ചെറിയ തെറ്റുകൾക്കു പോലും കടുത്ത ശിക്ഷ. ഇക്കാലത്തു ചിന്തിക്കുന്പോൾ ക്രൂരമെന്നല്ലാതെ മറ്റൊരു വിശേഷണമില്ല. മുടിയിൽ പിടിച്ചുവലിച്ച് ചൂരൽകൊണ്ട് അടിക്കുമായിരുന്നത്രേ അയ്യർ! തീർന്നില്ല, പുലർച്ചെ തണുപ്പിൽ വീടിനു പിൻവശത്തുള്ള ചെറിയ കുളത്തിലെ തണുത്ത വെള്ളത്തിൽ ഇറക്കിനിർത്തുകയും ചെയ്യും! പലപ്പോഴും രക്ഷയ്ക്കെത്തിയിരുന്നത് പെരിയമ്മയായിരുന്നുവെന്ന് അവർ പിന്നീടു പറഞ്ഞിട്ടുണ്ട്.
ആദ്യവർഷങ്ങളിൽ വീണയിൽ തൊട്ടതുപോലുമില്ല. പാടിപ്പഠിക്കുകയായിരുന്നു തുടക്കം. കുഞ്ഞുപെണ്‍കുട്ടി ഓടിപ്പോകാതിരിക്കാൻ ഗുരു മേൽമുണ്ടുകൊണ്ടു കെട്ടിയിടുമായിരുന്നു. പുലർച്ചെ നാലിന് എഴുനേറ്റ് ഏഴുമണി വരെ പരിശീലനം. അതുകഴിഞ്ഞാൽ കുളിച്ച് ഇഡലി കഴിക്കാം. വീണ്ടും ഉച്ചയ്ക്ക് ഒരുമണിവരെ അഭ്യസനം. എന്നിട്ട് ഉച്ചയൂണ്. ഉറങ്ങുന്നതിനു മുന്‍പ് നാലുമണിക്കൂർ വീണ്ടും പരിശീലനം. കുഞ്ഞു രംഗനായകിക്ക് മറ്റൊന്നിനും സമയമില്ലായിരുന്നു. സംഗീതം ശ്വസിച്ച് സംഗീതത്തിൽ ജീവിക്കുകയായിരുന്നു അവൾ.
കാരൈക്കുടി സ്കൂളിൽ ആദ്യം പഠിപ്പിക്കുന്നത് ശ്രീ വനജാസന എന്ന കൃതിയാണ്. പിന്നീട് ഗുരുവിനു പ്രിയപ്പെട്ട സരസീരുഹ, ശങ്കരി നീ, സരസസമ ദാന... തെറ്റുകൾ വരുത്താതിരിക്കാൻ ആ ബാലികയ്ക്ക് ഒരു നിവൃത്തിയുമില്ലായിരുന്നു തുടക്കത്തിൽ. ഗുരുവോ പൂർണതയിൽ കുറഞ്ഞ യാതൊരുന്നും സഹിക്കുകയുമില്ല. പാപ്പക്കുട്ടിയായി ലാളനയിൽ വളർന്ന അവൾ രംഗനായകിയായി ശക്തിനേടിക്കൊണ്ടിരുന്നു.
വഴക്കു പറയുന്പോഴും ശിക്ഷിക്കുന്പോഴും ഗുരുവിന്റെ മനസിൽ അവളോടു സ്നേഹമുണ്ടായിരുന്നു. നീ നന്നായി വായിക്കാനല്ലേ എന്നു ചോദിച്ച് അവൾക്ക് അദ്ദേഹം ബലൂണുകളും മിഠായിയും പട്ടുപാവാടകളും വാങ്ങിക്കൊടുത്തു. ശിഷ്യയുടെ പ്രകടനത്തിൽ സന്തോഷിച്ചു.
വേദികളിലേക്ക്...
മദ്രാസിൽ അന്നത്തെ കോണ്‍ഗ്രസിനു വേണ്ടി നിർമിക്കുന്ന മന്ദിരത്തിന്റെ ധനശേഖരണാർഥം നടത്തിയ കച്ചേരിയിലാണ് രംഗനായകി ആദ്യമായി വേദിയിലെത്തിയത്. അന്ന് ആറു വയസ്. പേടികൊണ്ട് സ്റ്റേജിൽനിന്ന് ഓടിപ്പോകാൻ അവൾ ശ്രമിച്ചു. ഗുരു പൊക്കിയെടുത്തു കൊണ്ടുവന്ന് ഇരുത്തുകയായിരുന്നു. 1952ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച പരിപാടിയിൽ ഗുരുവിനൊപ്പം വീണ വായിച്ചു. വെള്ളികൊണ്ടുള്ള ഒരു പെട്ടിയാണ് ആ മികവിനു സമ്മാനമായി ലഭിച്ചത്.
1979ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ രംഗനായകിക്ക് കലൈമാമണി ബഹുമതി ചാർത്തിനൽകി. 1984ൽ വീണാ വിശാരദ എന്ന പട്ടവും അവരെ തേടിയെത്തി. വിഖ്യാതമായ ബാലസുബ്രഹ്മണ്യ സഭയുടെ ആഭിമുഖ്യത്തിലുള്ളതായിരുന്നു ആ ചടങ്ങ്. ട്രെഡീഷണൽ മ്യൂസിക്കിനുവേണ്ടി യുണെസ്കോ പുറത്തിറക്കിയ കളക്ഷനിൽ രംഗനായകിയുടെ ആൽബവുമുണ്ട്.
ജീവിതവും കലയും
പതിമൂന്നാം വയസിൽ വിവാഹത്തോടെ രംഗനായകി ചെന്നൈയിലേക്കു മാറി. അവിടെ വീട്ടിൽചെന്നു പഠിപ്പിക്കുമായിരുന്നു സാംബശിവ അയ്യർ. ആകാശവാണിയിലും മറ്റും നടത്തുന്ന സോളോ കണ്സെർട്ടുകൾകേട്ട് ശിഷ്യയെ അഭിനന്ദനങ്ങളും സമ്മാനങ്ങളുംകൊണ്ടു മൂടാനും അദ്ദേഹം മറന്നില്ല. എന്നാൽ പതിയെ കുടുംബത്തിന്റെ ചുമതലകളിൽ രംഗനായകിയുടെ കല തിളക്കംകുറഞ്ഞതായിക്കൊണ്ടിരുന്നു. ഗുരുവിന്റെ മരണവും അവരെ ഉലച്ചു. ഏതാനും ടൂറുകളും ആകാശവാണി റെക്കോർഡിംഗുകളുമായി അവർ ഒതുങ്ങി. വൈകാതെ രോഗങ്ങളും അലട്ടിത്തുടങ്ങി.
പാർക്കിൻസണ്‍സ്, വയറ്റിലെ മുഴ, അനക്കാനാവാത്ത കാലുകൾ, നിയന്ത്രണമില്ലാതെ വിറയ്ക്കുന്ന വിരലുകൾ... എണ്‍പത്താറാം വയസിൽ മരണസമയത്ത് ഇതായിരുന്നു രംഗനായകിയുടെ അവസ്ഥ. ശുദ്ധസുന്ദരമായ സംഗീതം പ്രവഹിപ്പിച്ച വിരലുകൾ...!! 2018 സെപ്റ്റംബർ 20നായിരുന്നു അവരുടെ അന്ത്യം. അവർ സൃഷ്ടിച്ച സംഗീത്തിനു മരണമില്ല.
ഹരിപ്രസാദ്