മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലോകത്തിന്റെ നിറുകയിലേക്ക് കായിക്കരയെ ആശാൻ കൈപിടിച്ചുയർത്തിയ വൈകാരിക ഓർമ്മകളാണ് അദ്ദേഹത്തിന്റെ 150-ാം ജൻമദിനവേളയിൽ ഈ ഗ്രാമത്തിന് പറയാനുള്ളത്.
ആശാനെക്കുറിച്ചുള്ള ദീപ്തമായ സ്മരണകളും അദ്ദേഹം നായകത്വം വഹിച്ച സാമൂഹ്യ നവോത്ഥാന ചരിത്രവും പുതുതലമുറക്ക് പകർന്നു നൽകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് ജന്മനാട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ കടലോര പ്രദേശമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ കടലും കായലും അതിരിടുന്ന ഗ്രാമമാണ് കായിക്കര. കയർപിരിക്കലും മീൻപിടിത്തവും കൃഷിയും ഉപജീവനമാക്കിയ സാധാരണക്കാരുടെ നാട് ഇക്കാലത്ത് കുമാരനാശാനിലൂടെ ലോകമെന്പാടും അറിയപ്പെടുന്നു.
1873 ഏപ്രിൽ 12 ന് തൊമ്മൻവിളാകത്ത് നാരായണന്റെയും കാളിയമ്മയുടെയും മകനായി ജനിച്ചു. കായിക്കര സർക്കാർ സ്കൂളിൽ ഉദയംകുഴി കൊച്ചുരാമൻ വൈദ്യരായിരുന്നു അധ്യാപകൻ. പതിമൂന്ന് വയസുവരെ ഈ സ്കൂളിൽ പഠിച്ച കുമാരൻ മലയാളത്തിന് പുറമെ സംസ്കൃതവും ഹൃദിസ്ഥമാക്കിയിരുന്നു.
പിൽക്കാലത്ത് ഉച്ചനീചത്വങ്ങൾക്കെതിരേ തൂലിക പടവാളാക്കിയ കവി ആദ്യമായി കവിതകൾ എഴുതിയ സ്ഥലമാണ് കായിക്കര അരിയിട്ടുകുന്നിലെ ചെന്പകത്തറ. കടലിന് അഭിമുഖമായുള്ള ഈ മനോഹര ഇടത്തിൽ ഇരുന്നുകൊണ്ടായിരുന്നു ആദ്യകാല കവിതകൾ എഴുതിയത്. ആശയങ്ങളിലും അക്ഷരങ്ങളിലും ആശാൻ വിസ്മയം കുറിച്ച ചെന്പകത്തറയിലെ പൈതൃകവൃക്ഷത്തെ സംരക്ഷിച്ചു പരിപാലിക്കുകയാണ് കായിക്കര നിവാസികളും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തും. കുട്ടികൾക്കും സാഹിത്യകാരൻമാർക്കും എക്കാലത്തും ചെന്പകത്തറയുടെ സാമീപ്യം ആത്മപ്രചോദനം നൽകുകയാണ്. ഇതിനോട് ചേർന്ന് ജൈവ വൈവിധ്യ പാർക്കും നിർമിച്ചിട്ടുണ്ട്.
മലയാള കവിതാലോകത്ത് ഇതിഹാസമായി മാറിയ കവി പ്രാഥമിക പഠനം നടത്തിയ കായിക്കര സ്കുളിനെയും നാട് മഹാസ്മാരകമായി പരിപാലിക്കുകയാണ്. ആശാൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
കായിക്കര ഗ്രാമത്തിൽ ആശാൻ മെമ്മോറിയൽ അസോസിയേഷൻ 1957 ൽ സ്ഥാപിതമായി. ഇഎംഎസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കെയാണ് കുമാരനാശാന്റെ സ്മരണ നിലനിർത്താൻ അസോസിയേഷൻ രൂപീകരിച്ചത്. അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയും എംഎൽഎ ടി.എ. മജീദുമായിരുന്നു അതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
പെരുന്പടവം ശ്രീധരൻ പ്രസിഡന്റായ ഭരണസമിതിയാണ് നിലവിൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതിവിപുലമായ ലൈബ്രറി ഈ കാവ്യഗ്രാമത്തിന് പെരുമ ചാർത്തുന്നു. കുമാരനാശാന്റെ പുസ്തകങ്ങൾക്ക് പുറമെ വിവിധ ഭാഷകളിലെ പതിനായിരത്തിൽപ്പരം പുസ്തകങ്ങളുടെ ശേഖരമാണ് ഈ ഗ്രന്ഥശാലയിൽ അക്ഷരകുതുകികൾക്കു വിജ്ഞാനം പകരുന്നത്. മഹാകാവ്യം എഴുതാതെ മഹാകവിയായിത്തീർന്ന അക്ഷരപ്രതിഭയാണ് കുമാരനാശാൻ. വിശ്വകവിയായി വളർന്ന കുമാരനാശാനെ അനുസ്മരിക്കാൻ നിർമിച്ച സ്മാരകം പക്ഷേ അവഗണനയുടെ നടുവിലാണ്.
കുമാരനാശാന്റെ കൃതികളെക്കുറിച്ച് പഠിക്കാൻ വിദ്യാർഥികൾക്കും ഗവേഷകർക്കും സഹായകരമായ ആശാൻ ചെയർ കേരള സർവകലാശാല കായിക്കരയിൽ സ്ഥാപിക്കണമെന്നാണ് സാംസ്കാരിക പ്രവർത്തകരുടെ ആഗ്രഹം.
അക്ഷരം പഠിച്ച കായിക്കര സർക്കാർ സ്കൂളിൽതന്നെ കുമാരനാശാൻ അധ്യാപകനായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് അദ്ദേഹമൊരു വ്യാപാരസ്ഥാപനത്തിൽ അക്കൗണ്ടന്റായി. സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുവിനെ 1891ൽ പരിചയപ്പെട്ട നാൾ മുതൽ കുമാരനാശാൻ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനാകുകയും അദ്ദേഹത്തിന്റെ ശിഷ്യനായി മാറുകയുമായിരുന്നു.
വിവിധയിടങ്ങളിൽ ഉപരിപഠനവും കാവ്യരചനകളുമായി മുന്നോട്ടുപോയ ആശാൻ പിൽക്കാലത്ത് മലയാളത്തിലെ ഇതിഹാസതുല്യമായ ഒട്ടേറെ കൃതികളുടെ കർത്താവായി. സാമൂഹിക അനാചാരങ്ങൾക്കെതിരേ കവിതകളിലൂടെ ശബ്ദം ഉയർത്തിയ ആശാനെ നവോത്ഥാന നായകനായി കേരളം എക്കാലവും ആദരിക്കുന്നു.
എം. സുരേഷ് ബാബു