‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോളമൻപോലും അവന്റെ സർവമഹത്വത്തിലും അവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.’ സോളമൻ രാജാവിനേക്കാൾ മഹത്വം കൽപിക്കപ്പെടുന്ന ലില്ലിപ്പൂക്കൾ ലോകമെന്പാടും കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഈസ്റ്റർ വേളയിൽ. ബൈബിളിൽ ഏറെ പരാമർശനങ്ങളുള്ള ലില്ലി പരിശുദ്ധിയുടെയും അമർത്യതയുടെയും പൂജ്യപുഷ്പമായി അറിയപ്പെടുന്നു.
കുരുത്തോലയും ലില്ലിപ്പൂക്കളുമില്ലാത്ത ഓശാനയും ഈസ്റ്ററുമില്ല. ലാളിത്യത്തിലേക്കും പുനരുത്ഥാനത്തിലേക്കുമാണ് അവയുടെ തലയാട്ടൽ. ഓരോ ലില്ലിയും വിരിയിക്കുന്ന പൂക്കൾ പുനർജനിയുടെ ഉറപ്പാണ് മനസുകളിൽ ഉണർത്തുന്നത്. ഏറെക്കാലം മണ്ണിനടിയിലെവിടെയോ ഒളിച്ച വിത്തുകൾ അതിവേഗം മുളച്ച് പുഷ്പിക്കുന്ന കാഴ്ച. മരണത്തെ തോൽപിച്ച ഉയിർപ്പുപോലെ തോന്നാം മണ്ണിൽനിന്നുള്ള ഈ പൂക്കളുടെ വരവിൽ.
ഈസ്റ്റർ ലില്ലിയുമായി ബന്ധപ്പെട്ട ഒട്ടേറെ വിശ്വാസങ്ങൾ നിലവിലുണ്ട്. യേശു രക്തംവിയർത്ത് ഗെദ്സമെനിൽ പ്രാർഥിച്ചുകൊണ്ടിരിക്കെ പടയാളികൾ ബന്ധനസ്ഥനാക്കുകയും പീഡകളേൽപ്പിച്ചു കുരിശിൽ തറയ്ക്കുകയും ചെയ്തതിനു പിന്നാലെ ഗത്സമെൻതോട്ടം നിറയെ ലില്ലിച്ചെടികൾ കിളിർത്തു തൂവെള്ള പൂക്കൾ വിരിഞ്ഞുവത്രെ. ഒലിവുമരങ്ങൾക്കിടയിൽ വിരിച്ച വെള്ളക്കച്ചപോലെയായിരുന്നു അതിന്റെ അകലക്കാഴ്ച. കാൽവരിയിൽ ദൈവപുത്രന്റെ ചുടുനിണം വീണ ആ കുന്നോരത്തിലും നിറയെ ലില്ലികൾ കിളിർത്ത് അവിടമൊരു ലില്ലിപ്പൂന്തോട്ടമായി മാറി.
തണ്ടിൽ കോളാന്പിപോലെ ഇതളുകളും അതിനുള്ളിൽ നിറഭേദങ്ങളുടെ അലങ്കാരങ്ങളും ചാർത്തുന്ന ഈ ചെടിയുടെ സസ്യശാസ്ത്രനാമം ലിലിയം ലോഞ്ചിഫ്ളോറം എന്നാണ്. ഈസ്റ്റർ വരവാകുന്പോഴേക്കും ഇത് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിറങ്ങളിൽ പൂക്കൾ അണിയുന്നു. ഏദൻതോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ട ഹവ്വായുടെ കണ്ണീർ വീണിടത്തും ലില്ലികൾ പൊട്ടിമുളച്ച് പൂക്കൾ നിറഞ്ഞുവത്രെ.
മരണശേഷം കന്യകാമാതാവിനെ അടക്കം ചെയ്ത കല്ലറ മൂന്നാം ദിവസം തുറന്നപ്പോൾ അതിൽ ലില്ലിപ്പൂക്കൾ നിറഞ്ഞിരുന്നു. സ്വർഗാരോപണം ചെയ്യപ്പെട്ട മാതാവിന്റെ കല്ലറയിലെ പൂക്കൾ ദിവ്യജനനിയുടെ സംശുദ്ധിയുടെ അടയാളമാണ്.
ജപ്പാന്റെ തെക്കുഭാഗത്തുള്ള റ്യുക്യു ദ്വീപുകളിൽനിന്നാണ് ഈസ്റ്റർ ലില്ലി വിവിധ രാജ്യങ്ങൾ പ്രചാരത്തിലെത്തിയതെന്ന് കരുതുന്നു. മുൻപ് ജപ്പാനിലും അമേരിക്കയിലും ലില്ലിച്ചെടിയുടെ വിത്തുകൾ വ്യാപകമായി വിൽപന നടത്തിയിരുന്നു.
ലിലിയാസി സസ്യജനുസിൽ നൂറിലേറെ ഇനം ലില്ലിച്ചെടികൾ ലോകമെന്പാടുമുണ്ട്. നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ആയിരത്തിലേറെ തരം ലില്ലിപ്പൂക്കളുമുണ്ട്. പ്രത്യേക പരിപാലനം വേണ്ട ഇനങ്ങളും ഇതിൽപ്പെടും. എന്നാൽ മണ്ണിൽ മറഞ്ഞുകിടക്കുകയും വേനൽച്ചൂടിൽ കിളിർത്തു പുഷ്പിക്കുന്നതുമായ ലില്ലികളാണ് ഏറെയിടങ്ങളിലുമുള്ളത്. യേശുവിന്റെ തിരുവുത്ഥാനത്തെ മഹനീയവും മനോഹരവുമാക്കുന്ന മറ്റൊരു പുഷ്പവും വേറെയില്ലെന്നു പറയാം.
മനുഷ്യർ ആദ്യം നട്ടുവളർത്തിയ അലങ്കാര ചെടികളിൽ ലില്ലിയും ഉൾപ്പെടുന്നു. ഏഷ്യാമൈനറിൽ പുരാതനകാലത്ത് ഇവയെ മരുന്നിനായി നട്ടിരുന്നു. ചിലയിനം ലില്ലികളുടെ കിഴങ്ങ് ഭക്ഷണമായും ഉപയോഗിച്ചു. റോമാക്കാരും ഗ്രീക്കുകാരും കിഴക്കനേഷ്യക്കാരും അലങ്കാരത്തിനും മരുന്നിനും ഇത് വളർത്തിയിരുന്നു. മധ്യശതകങ്ങളിൽ ലില്ലിപ്പൂക്കൾക്കൊണ്ട് കന്യകാമാതാവിന്റെ തിരുരൂപങ്ങളും ചിത്രങ്ങളും അലങ്കരിക്കുക പതിവായിരുന്നു.
കാണ്ഡത്തിൽനിന്ന് ഉയർന്നുവരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പുഷ്പങ്ങളുണ്ടാവുക. ചിലയിനങ്ങൾ നീളം കുറഞ്ഞ തണ്ടുകളിലും പുഷ്പിക്കുന്നു. കേരളത്തിൽ കാണുന്ന ഇനങ്ങളിൽ ഓരോ തണ്ടിലും രണ്ട് പൂവുകളാണുണ്ടാവുക. പത്ത് സെന്റീമീറ്ററിലധികം വ്യാസമുള്ള ഓറഞ്ച്, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള പുഷ്പങ്ങൾ. പൂവുകളുടെ മധ്യഭാഗം ഇളം മഞ്ഞയും ഇളം പച്ചയും ഇടകലർന്ന വിധത്തിലായിരിക്കും. പ്രധാനമായും പുഷ്പിക്കുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്.
ഡോ. ലിജിമോൾ പി. ജേക്കബ്