നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്ത് സ്വന്തം ജീവിതത്തെ കരുപ്പിടിപ്പിച്ച് അത് മറ്റുള്ളവർക്കു മാതൃകയാക്കി. ഏവർക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ സങ്കടനിമിഷങ്ങളെപോലും നിർമബോധത്തോടെ നിരീക്ഷിക്കുകയും പ്രത്യാശയുടെ കിരണങ്ങൾ പരത്തുകയും ചെയ്ത അപൂർവ പ്രതിഭാശാലിയായിരുന്നു വിടപറഞ്ഞ അഭിനയപ്രതിഭ ഇന്നസെന്റ്. ഉള്ളിൽ സങ്കടക്കടൽ തിരയടിക്കുന്പോഴും പ്രേക്ഷകസദസുകളെ അദ്ദേഹം ആവോളം ചിരിപ്പിച്ചു. സദസുകളെ നർമഭാസുരമാക്കിയ ഒരു സഫലജീവിതം. ഏതെല്ലാം വേഷങ്ങളാടിയിട്ടാണ് അനശ്വരനടൻ അരങ്ങൊഴിഞ്ഞത്.
കച്ചവടക്കാരൻ, നടൻ, നിർമാതാവ്, ജനപ്രതിനിധി, താരസംഘടനയായ അമ്മയുടെ പ്രസിഡൻറ്, എഴുത്തുകാരൻ, നർമഭാഷകൻ എന്നിങ്ങനെ മനസുകളിൽ മായാത്ത ജീവിതരേഖയാണ് ഇന്നസെൻറ് സമ്മാനിച്ചത്. കാലത്തിന്റെ ചുവരെഴുത്തിൽനിന്നു മായിച്ചുകളയാനാവാത്ത എഴുന്നൂറിയന്പതിലേറെ കഥാപാത്രങ്ങൾ. കാബൂളിവാല, റാംജിറാവു സ്പീക്കിംഗ്, കിലുക്കം, ദേവാസുരം, മനസിനക്കരെ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, നന്ദനം, അനിയത്തിപ്രാവ്, പത്താംനിലയിലെ തീവണ്ടി തുടങ്ങി എത്രയോ ചിത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കി.
നാട്ടിൻപുറങ്ങളിലെ നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ചില മനുഷ്യർ. അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും സംഭാഷണശൈലിയും മാനറിസങ്ങളും ഇന്നസെൻറ് മായാത്ത മുദ്രകളാക്കി. നാലോ അഞ്ചോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെപ്പോലും കാണികളുടെ മനസിൽ കോറിയിടുന്ന മാന്ത്രികവിദ്യ. ഉദാഹരണത്തിന് മനസിനക്കരെയിലെ ചാക്കോ. ജയറാമിന്റെ കഥാപാത്രത്തിന്റെ അച്ഛനായി പ്രത്യക്ഷപ്പെടുന്നത് കുറച്ചു സീനുകളിൽ മാത്രം. പക്ഷേ ചാക്കോ ഏവരുടെയും മനസിൽ മിഴിവാർന്ന ചിത്രമായി. അതുപോലെ മാന്നാർ മത്തായി. ഉറ്റ സ്നേഹിതനായിരുന്ന സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ആർക്കാണു മറക്കാൻപറ്റുക.
ചലച്ചിത്ര നിർമിതിയിലേക്ക് കടക്കുന്പോൾ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്നൊരുക്കിയ ചിത്രങ്ങൾ. മലയാള സിനിമയുടെ ചരിത്രത്താളുകളിൽനിന്ന് ഒഴിവാക്കാനാവാത്തതാണ് മോഹന്റെ സംവിധാനത്തിലെ വിടപറയും മുന്പേ (1981), ഇളക്കങ്ങൾ (1982), ഒരു കഥ നുണക്കഥ (1986), ഭരതന്റെ സംവിധാനത്തിൽ ഓർമയ്ക്കായ് (1982), കെ.ജി.ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് (1983) തുടങ്ങിയ സിനിമകൾ.
മലയാളിക്കു മറക്കാൻ പറ്റാത്ത കഥാപാത്രങ്ങളാണ് റാംജിറാവുവിലെ മാന്നാർ മത്തായി, കാബൂളിവാലയിലെ കന്നാസ്, ദേവാസുരത്തിലെ വാര്യർ, കിലുക്കത്തിലെ കിട്ടുണ്ണി, ഗോഡ്ഫാദറിലെ സ്വാമിനാഥൻ തുടങ്ങിയവ. വ്യത്യസ്ത വേഷങ്ങൾ, ഭാവങ്ങൾ, കരയിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ, സമാനതകളില്ലാത്ത നടനഭാവങ്ങൾ. എക്കാലവും മലയാളികൾക്കു പ്രിയങ്കരനായിരുന്നു ഇന്നസെന്റ്. ഒരു തുറന്ന പുസ്തകമാണ് ഇന്നസെന്റ് എന്ന നടൻ. തന്റെ ജീവിതവഴികളിലെ വിജയപരാജയങ്ങൾ തുറന്നുപറയുന്ന, തന്റെ പേര് അന്വർഥമാക്കുന്ന മലയാളി. മലയാളിയുടെ പൊതുസ്വഭാവത്തിൽനിന്നു തികച്ചും വ്യത്യസ്തം എന്നേ പറയേണ്ടൂ.
എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ എന്ന് അദ്ദേഹം പറയുന്നു. പക്ഷേ ജീവിതം പകർന്നു നൽകിയ പാഠങ്ങൾ ഒരു വിജയിയായ മനുഷ്യനെ സൃഷ്ടിച്ചു. അറിയപ്പെടുന്ന നടനായി, നിർമാതാവായി, രാഷ്ട്രീയനേതാവായി, എംപിയായി.
അർബുദത്തിന്റെ പിടിയിൽ അമരുന്പോഴും അതു തുറന്നുപറയാനുള്ള ആർജവം. മാത്രമല്ല, അനേകം കാൻസർ രോഗികൾക്ക് ആശ്വാസകിരണവുമായി കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം എഴുതി പ്രചോദനാത്മക ജീവിതസരണി ചൂണ്ടിക്കാണിച്ചു.
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്ത് സ്വന്തം ജീവിതത്തെ കരുപ്പിടിപ്പിച്ച് അത് മറ്റുള്ളവർക്കു മാതൃകയാക്കി. ഏവർക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു ഇന്നസെന്റ്.
അമ്മ എന്ന താരസംഘടനയുടെ ചേരിതിരിവിൽ ഏവർക്കും സ്വീകാര്യനായ വ്യക്തി ഇന്നസെൻറായിരുന്നു. ദീർഘകാലം അമ്മയുടെ പ്രസിഡന്റായി സംഘടനയെ വിജയകരമായി നയിക്കുകയും തർക്കങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന അസാധാരണമായ മെയ്വഴക്കം നാം കണ്ടു.
ഇദ്ദേഹത്തിന്റെ ജീവിതം എക്കാലവും മലയാളിക്കു പ്രചോദനം പകരും. സിനിമാലോകത്തിനു മാത്രമല്ല ആ വേർപാടുകൊണ്ട് നഷ്ടം. ഹൃദയാലുവായ ഒരു മനുഷ്യസ്നേഹി മലയാളി മനസുകൾക്കു നഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ മരണത്തിലൂടെ. മരണം ഒരു കോമാളിയെപ്പോലെ കടന്നുവന്ന് ഇന്നസെൻറ് എന്ന മഹാനടനെ, മനുഷ്യസ്നേഹിയെ നമ്മിൽനിന്ന് കവർന്നെടുത്തു. ആ നഷ്ടം നികത്താൻ ഏറെക്കാലം വേണ്ടിവരും.
തേക്കിൻകാട് ജോസഫ്
ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി