ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒരു സ്വരഗംഗാപ്രവാഹത്തിന്റെ ഉറവയുണർന്നത്- 107 വർഷം മുന്പ്.. ഉസ്താദ് ബിസ്മില്ലാ ഖാൻ. പേരിൽത്തന്നെയുണ്ട് മഹാ സംഗീതം. അനശ്വരനായ ആ ഷെഹനായി വാദകന്റെ ജന്മദിനമായിരുന്നു പോയ ചൊവ്വാഴ്ച...
"ദൈവനാമത്തിൽ' എന്നാണ് ബിസ്മില്ലാ എന്ന അറബിക് പദത്തിന് അർഥം. എല്ലാ നല്ല തുടക്കങ്ങൾക്കുമുള്ള പ്രാർഥന. ഏറ്റവും ഹൃദ്യമായ പ്രാർഥനകളിലൊന്നാണ് സംഗീതം. അപ്പോൾ, ബിസ്മില്ലാ എന്നുപേരുള്ളയാൾ സൃഷ്ടിക്കുന്ന സംഗീതമാകുന്പോൾ അതെത്രമാത്രം ദൈവികമായിരിക്കണം! ഉസ്താദ് ബിസ്മില്ലാ ഖാൻ.. ഷെഹ്നായി ശരീരത്തിന്റെയും ആത്മാവിന്റെയും തുടർച്ചയായിരുന്നയാൾ.
ഖമറുദ്ദീൻ എന്നു പേരുവിളിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ ഷെഹ്നായി വാദകൻകൂടിയായ മുത്തച്ഛൻ റസൂൽ ബക്ഷ് ഖാൻ ആശ്ചര്യത്തോടെ പറയുകയായിരുന്നു "ബിസ്മില്ലാ' എന്ന്. അതിനുശേഷം അവൻ ആ പേരിൽ അറിയപ്പെട്ടു. ഉസ്താദ് എന്നു കേട്ടാൽ ആദ്യം മനസിൽ തെളിയുന്ന മഹാരഥന്മാരിൽ മുൻനിരയിലിരുന്നു.
1916 മാർച്ച് 21ന് അന്നത്തെ ബിഹാർ ഒറീസ പ്രോവിൻസിൽ പരന്പരാഗത മുസ്ലിം സംഗീത കുടുംബത്തിൽ ജനിച്ച ബിസ്മില്ലാ ഖാൻ ആറാം വയസിൽ വാരണാസിയിലേക്കു പറിച്ചുനടപ്പെട്ടു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഷെഹ്നായി വാദകനായിരുന്നു അമ്മാവൻ അലി ബക്ഷ് വിലായത്ത് ഖാൻ. അദ്ദേഹത്തിന്റെ സംഗീതയാത്രകളിൽ ഒപ്പംചേരുകയായിരുന്നു ബിസ്മില്ലാ.
ഇരുപത്തൊന്നാം വയസിൽ കൊൽക്കത്തയിൽ അഖിലേന്ത്യാ സംഗീത സമ്മേളനത്തിൽ കച്ചേരി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ബിസ്മില്ലാ ഖാന് വഴിത്തിരിവായത്. സംഗീതപ്രേമികൾ അദ്ദേഹത്തിന്റെ ഷെഹ്നായിയെ ഹൃദയംകൊണ്ടു സ്വീകരിച്ചു. പിന്നെ ആ സംഗീതം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തി. ഇന്ത്യയുടെ എക്കാലത്തെയും സംഗീത മഹാപ്രതിഭകളിലൊരാളായി.
ഷെഹ്നായി വികാരസാഗരം
ഉത്തരേന്ത്യയിൽ വിവാഹംപോലുള്ള ആഘോഷച്ചടങ്ങുകളിൽ വായിക്കപ്പെട്ടിരുന്ന ഷെഹ്നായിക്ക് വിശാലമായ വികാരലോകമാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ തന്റെ സംഗീതത്തിലൂടെ നൽകിയത്. മെലഡിയുടെ ആത്മഹർഷവും സങ്കീർണതകളുടെ സൗന്ദര്യവും അദ്ദേഹത്തിന്റെ ഇംപ്രൊവൈസേഷനുകളിലൂടെ ഒഴുകിവന്നു.
കാപ്പിയും യമനും ഭൈരവിയും ആ ഇരട്ട റീഡുള്ള ഉപകരണത്തോടു കൂട്ടുകൂടി. ഇതാഹസതുല്യരായ ഉസ്താദ് അമീർ ഖാൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കൊപ്പമുള്ള സംഗീതവേദികൾക്കുമുന്നിൽ ശ്രോതാക്കൾ തരിച്ചിരുന്നു. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ മുഖ്യധാരയിൽ അങ്ങനെ ഷെഹ്നായി സ്വന്തം സ്ഥാനം ഉറപ്പിച്ചു.
രാഷ്ട്രം ബിസ്മില്ലാ ഖാന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചിട്ടുണ്ട്.
സംഗീതനദി
തലമുറകളിൽനിന്ന് തലമുറകളിലേക്ക് നദിപോലെ ഒഴുകുന്നതാണ് സംഗീതമെന്ന് ഉസ്താദ് ബിസ്മില്ലാ ഖാൻ വിശ്വസിച്ചിരുന്നു. അതിനെ തെളിമയും ഒഴുക്കുമുള്ളതുമാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
""സംഗീതത്തിനു ജാതിയും മതവുമില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്, എല്ലാവർക്കുമുള്ളതാണ്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ അതിനു ശക്തിയുണ്ട്. ആത്മാവിനോടു സംസാരിക്കുന്നതും ഹൃദയത്തിൽ തൊടുന്നതുമായ സവിശേഷ ഭാഷയാണത്. എന്റെ ജീവനും ശ്വാസവും സംഗീതമാണ്. അതില്ലാതെ ഒരു ജീവിതം എനിക്കു സങ്കല്പിക്കാനാവില്ല''- ബിസ്മില്ലാ ഖാന്റെ വാക്കുകൾ.
""മഹത്തായ ഒരു സംഗീത പാരന്പര്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ഞാൻ. ഈ പാരന്പര്യത്തെ സംരക്ഷിക്കാനും അടുത്ത തലമുറയ്ക്കു കൈമാറാനുമാണ് ഞാൻ ശ്രമിക്കുന്നത്''- അദ്ദേഹം തുടർന്നു പറഞ്ഞു.
2003 ഓഗസ്റ്റിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയം: ""എന്റെ പേര് ബിസ്മില്ല. ഞാനൊരു പാവം ഷെഹ്നായി വാദകനാണ്. എനിക്കു മറ്റു പ്രത്യയശാസ്ത്രങ്ങളില്ല. സംഗീതമാണ് എന്റെ പ്രത്യയ ശാസ്ത്രം. ഞാൻ അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. പക്ഷേ ഇവിടം, ഈ ഇന്ത്യയാണ് വലുത്''!
പ്രായാധിക്യത്തിന്റെ അവശതകളോടെ, വീൽ ചെയറിൽ കൈകൂപ്പിയിരുന്നാണ് അന്നദ്ദേഹം വേദിയിൽ എത്തിയത്. "ഞാൻ തളർന്നിരിക്കുന്നു, നിർത്താൻ എന്നെ അനുവദിക്കണം' എന്ന അപേക്ഷയോടെയാണ് ഏതാണ്ട് ഒരുമണിക്കൂർ നീണ്ട സംഗീതപരിപാടി അദ്ദേഹം അവസാനിപ്പിച്ചത്. രാഷ്ട്രനേതാക്കൾ അടക്കമുള്ള സദസ് ഏകമനസോടെ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ പ്രണമിച്ചതായി ചടങ്ങിനു സാക്ഷിയായ മാധ്യമപ്രവർത്തകൻ മനോജ് മേനോൻ എഴുതുന്നു.
നടക്കാതെപോയ ആഗ്രഹം
കാശിവിശ്വനാഥനെയും ഗംഗാനദിയേയും തന്റെ സംഗീതത്തിനൊപ്പം കണ്ടിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ അന്ത്യാഭിലാഷം ഇന്ത്യാ ഗേറ്റിൽ സംഗീതപരിപാടി അവതരിപ്പിക്കുക എന്നതായിരുന്നു. അതു നടക്കാതെപോയി. 2006 ഓഗസ്റ്റ് 21ന് അദ്ദേഹം ഈ ലോകംവിട്ടു. അധികം ശിഷ്യരെ സ്വീകരിക്കാതിരുന്ന അദ്ദേഹം തന്റെ വഴിയിലൂടെ ഏതാനും പ്രതിഭകളെ കൈപിടിച്ചു നടത്തിയിട്ടുണ്ട്. എസ്. ബല്ലേഷ്, കൃഷ്ണ ബല്ലേഷ്, പുത്രന്മാരായ നാസിം ഹുസൈൻ, നയ്യാർ ഹുസൈൻ തുടങ്ങിയവർ അവരിൽപ്പെടും.
വിഖ്യാതനായ എറിക്
ക്ലാപ്ടണ് പറഞ്ഞുവച്ചതുകൂടി
ഓർക്കാം: ഉസ്താദ് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ ഷെഹ്നായി പുറപ്പെടുവിച്ച സ്വരങ്ങൾ അനുകരിക്കാൻ ഞാൻ എന്റെ ഗിറ്റാറിലൂടെ ശ്രമിച്ചിട്ടുണ്ട്!