ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടിന്റെ പുസ്തകത്തില്‍. ഡിഗ്രി കഴിഞ്ഞ സമയത്താണ് സിനിമയുമായി ഇഷ്ടത്തിലായത്. ഒടിയനില്‍ ഒന്നു രണ്ടു ഡയലോഗുള്ള വേഷം.
നായികാ നായകന് റിയാലിറ്റി ഷോയിലെ പ്രകടനത്തോടെ വെങ്കിടേഷിന്റെ വഴിതെളിഞ്ഞു. സ്റ്റാന്‍ഡ് അപ്, ദി പ്രീസ്റ്റ്, ഖോഖോ എന്നിവയില്‍ നിര്‍ണായക വേഷങ്ങള്‍. ലവ്ഫുളി യുവേഴ്സ് വേദയിലെ നായകാവേഷമാണ് വെങ്കിടേഷിന്റെ പുതിയ വിശേഷം. ‘സിനിമയില്‍ എത്തിപ്പെടുമോ എന്ന ടെന്‍ഷനില്ലായിരുന്നു. പക്ഷേ, നായകനായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല’- വെങ്കിടേഷ് പറഞ്ഞു.
സ്റ്റാന്‍ഡ് അപ്പില്‍ തുടക്കം
വിധു വിന്‍സന്റ് സിനിമ സ്റ്റാന്‍ഡ് അപ്പിലെത്തിയത് ഓഡിഷനിലൂടെയാണ്. അതിലാണ് പേരുള്ള ഒരു വേഷം ആദ്യമായി കിട്ടിയത്. അമല്‍, അതാണു കഥാപാത്രം. രജിഷയ്ക്കൊപ്പമുള്ള ആദ്യ സിനിമ. നിമിഷയാണ് അതില്‍ മറ്റൊരു പ്രധാന വേഷം ചെയ്തത്.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായി എന്നതാണ് ദ പ്രീസ്റ്റ് നല്കിയ സന്തോഷമെന്ന് വെങ്കിടേഷ് പറയുന്നു. സ്റ്റാന്‍ഡ് അപ്പിന്റെ ഓഡിയോ ലോഞ്ചിനാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. പിന്നീടാണ് സംവിധായകന് ജോഫിന്‍ എന്നെ പ്രീസ്റ്റിലേക്കു വിളിച്ചത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, നിഖില വിമല്‍ എന്നിവര്‍ക്കു ശേഷം വളരെ പ്രധാനപ്പെട്ട വേഷമായിരുന്നു എന്റേത്. സിദ്ധാര്‍ഥ്, അതാണു കഥാപാത്രം. സ്ക്രീന്‍ ടൈം ഏറെയുള്ളതും ക്ലൈമാക്സിലുള്‍പ്പെടെ പ്രാധാന്യമേറിയതുമായ വേഷം. സിങ്ക് സൗണ്ടില്‍ ആദ്യം ചെയ്ത പടവും അതാണ്.
രാഹുല്‍ റിജി നായര്‍ സിനിമ ഖോഖോയില്‍ ഗസ്റ്റ് വേഷം. അതിൽ രജിഷയുടെ പെയറാണ്. ബെന്‍, അതാണു കഥാപാത്രം. ഖോഖോയില്‍ നിന്നാണ് വേദയിലെത്തിയതെങ്കിലും സ്റ്റാന്‍ഡ് അപ്പ് റിലീസിനു മുന്നേ കേട്ട കഥയാണത്. കോവിഡാണ് പടം വൈകിപ്പിച്ചത്. സ്റ്റാന്‍ഡ് അപ്പിലെ സിനിമാറ്റോഗ്രഫറായ ടോബിന് തോമസാണ് വേദയിലേക്കു വഴിതുറന്നത്. സംവിധായകന് പ്രഗീഷ് സുകുമാരന്‍ കഥ പറഞ്ഞു. നായകവേഷമെന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി. അത്രയും പവര്‍ഫുള്‍ കഥാപാത്രമാണ്.
വേദ
ബാബു വൈലത്തൂര്‍ തിരക്കഥയൊരുക്കിയ വേദയുടെ പശ്ചാത്തലം തൊണ്ണൂറുകളിലെ കാമ്പസാണ്. ഇപ്പോഴത്തെ കാലഘട്ടവും സിനിമയിലുണ്ട്. റൊമാന്‍സ്, സൗഹൃദം, രാഷ്്ട്രീയം....ഇതിനൊക്കെ അപ്പുറം മുമ്പിറങ്ങിയ കാമ്പസ് സിനിമകളില്‍ പറയാത്ത ഒരു രാഷ്്ട്രീയവിഷയം റൊമാന്‍സിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ്. 1997 ല്‍ കേരളവര്‍മയിലും അടുത്തിടെ മഹാരാജാസ് ഉള്‍പ്പെടെയുള്ള കോളജുകളിലും നടന്ന സംഭവം.
എന്റെ കഥാപാത്രം സഖാവ് ജീവന്‍ലാല്‍ യഥാര്‍ഥ ജീവിതത്തില്‍നിന്നു രൂപപ്പെട്ടതാണ്. എസ്എഫ്ഐയെക്കുറിച്ച് അറിയാന്‍ യൂണിവേഴ്സിറ്റി കോളജിലെ മുന്‍ ചെയര്മാന് ഉള്‍പ്പെടെ പലരെയും കണ്ടു സംസാരിച്ചു. അവരുടെ ചില മൈന്യൂട്ട് ആക് ഷനുകൾ ഇതില്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ജീവന്റെ ലുക്ക്, മാനറിസം എന്നിവയെപ്പറ്റി സംവിധായകന് കൃത്യമായി പറഞ്ഞിരുന്നു. വേദയ്ക്കുവേണ്ടി ശരീരഭാരം 66 കിലോയില്‍ നിന്ന് 82 കിലോ വരെ കൂട്ടി.
രജിഷ വിജയനാണു നായിക. കഥാപാത്രം ശ്രീവേദ. ഞാന്‍ രജിഷയുടെ പെയറായ മൂന്നാമതു സിനിമയാണിത്. സ്റ്റാന്‍ഡ് അപ് മുതലുള്ള അടുപ്പമാണ്. ഗിവ് ആന്‍ഡ് ടേക്ക് രീതിയിലാണ് ഞങ്ങളുടെ അഭിനയം. ജൂണ്‍ ചെയ്ത രജിഷയ്ക്കൊപ്പമാണ് അന്ന് സ്റ്റാന്‍ഡ് അപ്പില്‍ അഭിനയിച്ചത്. കര്‍ണനില്‍ ധനുഷിനൊപ്പവും ജയ്ഭീമില്‍ സൂര്യയ്ക്കൊപ്പവും സര്‍ദാറില്‍ കാര്‍ത്തിക്കൊപ്പവും വേഷമിട്ട രജിഷയ്ക്കൊപ്പമാണ് വേദയില്‍ അഭിനയിച്ചത്.
ഗൗതം മേനോന്
കാമ്പസുകളില്‍ തരംഗമായ അങ്ങനെ ചെയ്യാമോടീ പെണ്ണേ... ഉള്‍പ്പെടെ രാഹുല്‍രാജ് മ്യൂസിക് ചെയ്ത മൂന്നു പാട്ടുകളുണ്ട് വേദയിൽ. പ്രഭു മാസ്റ്ററും ബില്ല ജഗനും കൊറിയോഗ്രഫി ചെയ്ത മൂന്നു സ്റ്റണ്ടുകളുണ്ട്. വിഷ്ണു പി.സിയാണ് സൗണ്ട് ഡിസൈന്‍. ശ്രീനാഥ് ഭാസി, അപ്പാനി ശരത്, ഷാജു ശ്രീധർ, ചന്തുനാഥ്, രഞ്ജിത് ശേഖർ, അനിഘ സുരേന്ദ്രന് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ.
ട്രാന്‍സിനു ശേഷം ഗൗതം മേനോന് അഭിനയിച്ച മലയാള സിനിമ കൂടിയാണു വേദ. വാരണം ആയിരം, വിണ്ണൈതാണ്ടി വരുവായ എന്നിവ കണ്ട് വലിയ ആരാധന തോന്നിയിട്ടുണ്ട്. ഒപ്പം അഭിനയിക്കാനും തുറന്നു സംസാരിക്കാനും അവസരമുണ്ടായി - വെങ്കിടേഷ് പറഞ്ഞു.
ടി.ജി.ബൈജുനാഥ്