സിനിമ കാണാൻ കൊതിച്ച്
Sunday, February 19, 2023 2:21 AM IST
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃശൂരിൽ മറ്റൊരു ജോലിയിൽ പ്രവേശിച്ചതോടെ ഞങ്ങൾ കുടുംബസമേതം തൃശൂരിലേക്കു പോന്നു.
പുതുക്കാട് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ടൂറിസ്റ്റ് ടാക്കീസുകാർ മിക്ക വർഷവും കൂടാരമടിച്ചു സിനിമാപ്രദർശനം നടത്തിയിരുന്നു. അവിടെവച്ചാണ് ഞാനാദ്യമായി സിനിമ കാണുന്നത്. അവിടെ വരുന്നതേറെയും തമിഴ് സിനിമകളായിരുന്നു. അന്നുമുതൽ സിനിമ കാണാൻ എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു എനിക്ക്.
അന്നൊരിക്കൽ അങ്കമാലിയിൽനിന്ന് എന്റെ അമ്മയുടെ അപ്പൻ തൃശൂർക്കു വന്നു. മകളുടെയും കുടുംബത്തിന്റെയും ക്ഷേമം അന്വേഷിച്ചെത്തിയതാണ്. ഞങ്ങൾക്കു സാന്പത്തികശേഷിയില്ലെങ്കിലും അമ്മായിയപ്പനെ വേണ്ടവിധം സൽക്കരിക്കാനായി അപ്പൻ കടംവാങ്ങിയാണെങ്കിലും സുഭിക്ഷമായ വിരുന്നൊരുക്കി. എങ്ങനെയൊക്കെയാണ് അമ്മായിയപ്പനെ കൂടുതൽ സന്തോഷിപ്പിക്കുകയെന്ന ആലോചനയിൽ പുതുമയുള്ള ഒരാശയം അപ്പന്റെ മനസിൽ പൊന്തിവന്നു. ആദ്യമായി തൃശൂർക്ക് വന്നതല്ലേ. അമ്മായിയപ്പനെ ഒരു സിനിമ കാണിക്കുക. അക്കാലത്ത് തൃശൂർ ജോസ് തിയറ്ററിൽ നല്ലൊരു സിനിമ വന്നിട്ടുണ്ട്.
മുത്തച്ഛൻ മുന്പ് സിനിമ കണ്ടിട്ടില്ല. അക്കാലത്ത് അങ്കമാലിയിൽ കൂടാരമടിച്ചുള്ള സിനിമപോലും വന്നിട്ടില്ല. മുത്തച്ഛനോടു വിവരം പറഞ്ഞപ്പോൾ അതൊന്നും വേണ്ടെന്നു പറഞ്ഞെങ്കിലും മുഖത്ത് അർധസമ്മതത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു. അപ്പൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളി. സിനിമാജ്വരമുള്ള ഞാനും മുത്തച്ഛനെ പ്രേരിപ്പിച്ചു. അപ്പൻ പറഞ്ഞു; ‘ജോസ് കൂടെ വരും. സിനിമ കഴിഞ്ഞ് നിങ്ങൾ ഒരുമിച്ചുപോന്നാൽ മതി.’
അപ്പൻ ബെഞ്ചിന്റെ ടിക്കറ്റിനുള്ള പൈസ തന്നു. അന്നത്തെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയായിരുന്നു: ഒന്നാം ക്ലാസ് കസേര ഒരു രൂപ, രണ്ടാം ക്ലാസ് എട്ടണ, ബെഞ്ച് നാലണ, തറ രണ്ടണ (അതായത് ഇന്നത്തെ പന്ത്രണ്ട് പൈസ).
വീട്ടിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ജോസ് തിയറ്ററിലേക്ക്, അന്ന് ഒന്പതുവയസുള്ള ഞാൻ മുത്തച്ഛനെയുംകൊണ്ട് നടന്നുപോയി. വല്യപ്പന് ബെഞ്ചിന്റെ ടിക്കറ്റെടുത്തു കൊടുത്തു. സിനിമ കാണാൻ ഏറെ കൊതിയുള്ള എനിക്ക് ടിക്കറ്റിനുള്ള പൈസയില്ല. ഇരിക്കാനുള്ള സ്ഥലമെല്ലാം ചൂണ്ടിക്കാണിച്ചു കൊടുത്തിട്ട് ഞാൻ പുറത്തേക്കു നിരാശയോടെ പോന്നു.‘സിൽമ കാണാൻ നീയും വാ...’ എന്നു പറഞ്ഞ് മുത്തച്ഛൻ എനിക്കുള്ള പൈസ തരുമെന്ന് ഞാൻ ആശിച്ചു. കർഷകനും നാട്ടിൻപുറത്തുകാരനുമായ മുത്തച്ഛന് അങ്ങനെയൊരു നല്ല മനസ് തോന്നിയില്ല.
ഞാൻ തിയറ്ററിനു പുറത്തേക്കു പോരുന്പോൾ മുത്തച്ഛൻ എന്തോ പറയാൻ എന്നെ നോക്കി. ഞാൻ പ്രതീക്ഷയോടെ ഓടിച്ചെന്നു. ‘മോനും ഒരു ടിക്കറ്റെടുത്തോ’ എന്നു പറഞ്ഞു പൈസ തരാനാവുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, നോക്കിയത് അതിനല്ല. ‘കളി കഴിയുന്പോ നീ പുറത്ത് എന്നെ കാത്തുനിൽക്കണം.’ മുത്തച്ഛന്റെ ഉത്കണ്ഠ അതായിരുന്നു. ‘ശരി ഞാൻ കാത്തുനിൽക്കാം.’ മ്ലാനമുഖത്തോടെ ഞാൻ സമ്മതിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ 6.30നുള്ള ഷോ തുടങ്ങി. ഇനി രണ്ടര മണിക്കൂർ കാത്തിരിക്കണം. ഞാൻ തിയറ്ററിന്റെ എതിർവശത്തെ ഫുട്പാത്തിനോടു ചേർന്നുള്ള അരമതിലിൽ ഇരുന്നു. എനിക്കു വല്ലാത്ത നിരാശയും സങ്കടവും തോന്നി. എത്ര മോഹിച്ചതാണ് സിനിമ കാണാൻ. കൊച്ചുമനസിന്റെ പ്രയാസം ആരും മനസിലാക്കിയില്ല. ആ രാത്രിസമയത്ത് തനിച്ച് മഞ്ഞുകൊണ്ട് മുത്തച്ഛനെ കാത്തിരുന്നു.
സിനിമ കഴിഞ്ഞതിന്റെ സൂചനയായി ബെല്ലടിയും ഉച്ചഭാഷിണിയിലൂടെയുള്ള പാട്ടും കേട്ടപ്പോൾ ഞാൻ ഗേറ്റിനടുത്തേക്ക് ചെന്ന് മുത്തച്ഛനെയും കൂട്ടി വീണ്ടും രണ്ടു കിലോമീറ്റർ നടന്ന് വീട്ടിലെത്തി.
വഴിക്കുവച്ച് സിനിമ നന്നായോ എന്ന് ചോദിച്ചതേയില്ല. ചോദിക്കാനുള്ള സന്തോഷം ഉണ്ടായില്ലെന്നതാണു സത്യം.
അനേക വർഷങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ ഒന്പതുകാരൻ അറിയപ്പെടുന്ന നാടകകൃത്തായി വളർന്നു. എന്റെ ഒട്ടേറെ നാടകങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾ ഇടതടവില്ലാതെ അവതരിപ്പിച്ചു. നിരവധി നാടകങ്ങൾ ആകാശവാണി നാടകവാരത്തിലും അല്ലാതെയും പ്രക്ഷേപണം ചെയ്തു. റേഡിയോ നാടകവാരത്തിൽവന്ന എന്റെ മണൽക്കാട്, അഗ്നിവലയം എന്നീ നാടകങ്ങൾ പിന്നീട് ദേശീയ പരിപാടിയായി പതിനാലു ഭാഷകളിൽ ഇന്ത്യയിലാകമാനം പ്രക്ഷേപണം ചെയ്തു. കേരളത്തിലെ മൂന്നു യൂണിവേഴ്സിറ്റികളിൽ സ്കൂൾ ഫൈനലുകാരനായ എന്റെ നാടകങ്ങൾ ബിരുദത്തിന് പാഠ്യപുസ്തകങ്ങളായി.
പല നാടകങ്ങളും ചലച്ചിത്രങ്ങളായി. ഭൂമിയിലെ മാലാഖ എന്ന നാടകം അതേ പേരിലും മണൽക്കാട് നാദം അറിയാത്ത വീഥികൾ എന്ന പേരിലും ശിവരശ്മി നാടകം അഗ്നിനക്ഷത്രം എന്ന പേരിലും സിനിമകളായി. അഗ്നിനക്ഷത്രം 1977 ഏപ്രിലിൽ വിഷുവിനു റിലീസ് ചെയ്തു. അതേ ജോസ് തിയറ്റിൽ അഗ്നിനക്ഷത്രം പ്രദർശിപ്പിച്ചപ്പോൾ ആ സിനിമ എല്ലാ ദിവസവും സൗജന്യമായി കാണാൻ എനിക്കു സൗകര്യമുണ്ടായിരുന്നു.
വർഷങ്ങൾ പിന്നെയും കടന്നുപോയി. കേരളത്തിലെ ഫിലിം സെൻസർബോർഡ് മെംബറായി ഞാൻ നോമിനേറ്റ് ചെയ്യപ്പെട്ടു. നാലുവർഷം ആ സ്ഥാനം തുടർന്നു.
എനിക്കു നൽകിയ ഫോട്ടോ പതിച്ച ഐഡി കാർഡ് കാണിച്ചാൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഏതു തിയറ്ററിലും ഉയർന്ന ക്ലാസിൽ സൗജന്യമായി സിനിമ കാണാം. ഇതെല്ലാം ദൈവത്തിന്റെ നിഗൂഢവും വിസ്മയകരവുമായ പദ്ധതികൾ!
1941ലെ ആ രാത്രി മഞ്ഞുംകൊണ്ട് തൃശൂർ ജോസ് തിയറ്ററിനു പുറത്ത് വല്യപ്പനെ കാത്തിരുന്ന ഒന്പതുവയസുകാരനായ എന്റെ കുഞ്ഞുമനസിന്റെ നൊന്പരം ദൈവം അന്നേ കണ്ടിരുന്നു എന്നല്ലേ ഇതിൽനിന്ന് വ്യക്തമാകുന്നത്? അന്നത്തെ ബാലനെ ദൈവം ഇവിടംവരെ ഉയർത്തിയത് നവതിയിലെത്തിയ ഞാൻ നന്ദിയോടെ ഓർമിക്കുന്നു.
സി.എൽ.ജോസ്