വാണരുളുന്ന വാണി ജയറാം
Saturday, February 4, 2023 10:44 PM IST
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവില്ല. 1973ൽ സ്വപ്നം എന്ന ചിത്രത്തിൽ സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി... എന്നു മലയാളത്തിൽ പാടിയ അതേ ശ്രുതിയിൽ ഇന്നും ഇതേ ഗാനം പാടാൻ കഴിയുന്ന വിസ്മയമാണ് വാണി ജയറാം.
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ...., ആഷാഢമാസം...., വാൽകണ്ണെഴുതി.... തുടങ്ങി മലയാളികൾ മറക്കാത്ത ഗാനങ്ങൾ പാടിയ വാണി 2014 ൽ ഗോപിസുന്ദറിന്റെ ഈണത്തിൽ ഓലഞ്ഞാലിക്കുരുവിയും 2016 ൽ ജെറി അമൽദേവിന്റെ സംഗീതത്തിൽ പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ എന്നും പാടുന്നത് ഒരേ ശബ്ദമാധുരിയിൽ. പത്തൊൻപത് ഇന്ത്യൻ ഭാഷകളിലായി ഒട്ടുമുക്കാലും സംഗീത സംവിധായകരും ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടാനാവുകയെന്നത് നിസാരമല്ല. 1971 മുതൽ ആയിരത്തിലധികം സിനിമകളിലായി പതിനായിരത്തിലധികം പാട്ടുകളും വിവിധ ഭാഷകളിൽ ആയിരക്കണക്കിനു ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ശബ്ദമാധുരിയുടെ രഹസ്യം?
എല്ലാക്കാലവും ഒരുപോലെ പാടാനുള്ള കഴിവ് ഈശ്വരന്റെ വരദാനമാണ്. സംഗീതത്തോടുള്ള അർപ്പണം നമ്മളെന്നും കാത്തുസൂക്ഷിക്കണം. അച്ഛനമ്മമാർ, ഗുരുക്കന്മാർ എന്നിവരുടെ അനുഗ്രഹം വളരെ വിലപ്പെട്ടതാണ്. മുതിർന്നവരെ ആദരിക്കുകയും ജീവിതമൂല്യങ്ങൾ പാലിക്കുകയും ചെയ്യുന്നതും സംഗീതവിജയത്തിനാവശ്യമാണ്.
സംഗീതം അനന്തസാധ്യതയുള്ള ഒരു കലയാണ്. മനസിനെ വിശുദ്ധീകരിക്കാനും ഉണർത്താനും സംഗീതത്തിനു കഴിയും. അവസരം കിട്ടുന്പോഴൊക്കെ സ്കൂൾ കുട്ടികളോട് സംവദിക്കാൻ ശ്രദ്ധിക്കാറുണ്ട്. സംസ്കാരം, ദേശീയത, രാജ്യസ്നേഹം തുടങ്ങിയ മൂല്യങ്ങൾ കൈമാറാൻ സംഗീതം എന്ന മാധ്യമത്തെ പ്രയോജനപ്പെടുത്താം.
ഇഷ്ടപ്പെട്ട വാണി ജയറാം ഗാനങ്ങൾ?
ഒരുപാട് ഗാനങ്ങളുണ്ട്. ഒട്ടേറെ നല്ല ഗാനങ്ങൾ പാടാൻ സാധിച്ചിട്ടുണ്ട്. സംഗീത സംവിധായകരും ഗാനരചയിതാക്കളും സ്വന്തം ഹൃദയം ചേർത്തുസൃഷ്ടിച്ച ഗാനങ്ങളാണെല്ലാം. ഒരു ഗാനമോ, ഒരുപിടി ഗാനങ്ങളോ തെരഞ്ഞെടുക്കുക എളുപ്പമല്ല.
പല നായികമാർക്കുവേണ്ടി ശബ്ദം മാറ്റുമായിരുന്നോ?
ഒരിക്കലുമില്ല. കാരണം മുൻകാലങ്ങളിൽ പാട്ട് റെക്കോർഡ് ചെയ്യുന്പോൾ ഏതു നായികയ്ക്കുവേണ്ടിയാണ് പാടുന്നതെന്നു അറിയില്ലായിരുന്നു. ഷൂട്ടിംഗിന് മുൻപായിരിക്കും റെക്കോർഡിംഗ്. ഗായികയെന്ന നിലയിൽ സംഗീത സംവിധായകൻ എന്താണോ പ്രതീക്ഷിക്കുന്നത് അത് നല്കുകയാണ് ചെയ്യുന്നത്.
അർഥവും ഭാവവും ഉൾക്കൊണ്ട് പാടും. ഓരോ നായികമാർക്കുവേണ്ടി ശബ്ദം മാറ്റുന്നതും മോഡുലേറ്റ് ചെയ്യുന്നതും പതിവില്ല. ആലാപനത്തിലും ഉച്ചാരണത്തിലും വളരെ കർക്കശക്കാരനായിരുന്നു ജി. ദേവരാജൻ. ശാന്തനും സൗമ്യനുമായ സംഗീത സംവിധായകനാണ് എം.കെ. അർജുനൻ. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി... തുടങ്ങി നിരവധി ഗാനങ്ങൾ മാസ്റ്ററുടെ ഈണത്തിൽ പാടിയിട്ടുണ്ട്.
മലയാളവുമായുള്ള അടുപ്പം?
ചെന്നൈക്കാരിയാണെങ്കിലും മലയാളഗാനങ്ങളും സിനിമകളുമായി ഏറെ അടുപ്പമുണ്ട്. മലയാളം സിനിമകൾ, സംഗീത പരിപാടികൾ, റിയാലിറ്റി ഷോകൾ എല്ലാം കാണാറുണ്ട്.
ശ്രീനിവാസന്റെ സിനിമകളോട് വലിയ ഇഷ്ടം ?
അതേ, ശ്രീനിവാസന്റെ അഭിനയം വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറെ ആസ്വദിക്കാറുണ്ട്. മധു, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ അഭിയനം വളരെ വിലമതിക്കുന്നുണ്ടെന്നുകൂടി പറയട്ടെ.
ബാങ്ക് ഉദ്യോഗത്തിൽനിന്നു സംഗീതത്തിലേക്ക് ?
ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുള്ള ഞാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മൂന്നര വർഷക്കാലം ജോലി നോക്കിയിരുന്നു. ഹിന്ദുസ്ഥാനി സംഗീതാഭ്യാസനം തുടങ്ങിയ കാലത്ത് ഗുരു ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനാ (പട്യാല ഖരാന) ണ് മുഴുവൻ സമയവും സംഗീതത്തിൽ മുഴുകണം എന്നു ഉപദേശിക്കുന്നതും ബാങ്ക് ജോലി അതിന് വിഘാതമാകുമെന്ന് പറഞ്ഞതും. അതോടെ ബാങ്കിൽനിന്ന് രാജി വയ്ക്കുകയായിരുന്നു. അക്കാലത്ത് ദിവസം പതിനെട്ട് മണിക്കൂറോളം ഹിന്ദുസ്ഥാനി സംഗീതാഭ്യസനം നടത്തിയിരുന്നു.
ഇതിഹാസങ്ങൾക്കൊപ്പം ആലാപനം ?
സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റാഫി, മുകേഷ്, കിഷോർ കുമാർ, മന്നാഡേ, ഹേമന്ത് കുമാർ, തലത്ത് മുഹമ്മദ്, മഹേന്ദ്രകുമാർ തുടങ്ങിയവർക്കൊപ്പം യുഗ്മഗാനങ്ങൾ പാടാൻ സാധിച്ചത് അപൂർവ ഭാഗ്യമായി. തമിഴാണ് മാതൃഭാഷയെങ്കിലും എന്തുകൊണ്ടോ ഹിന്ദി ഗാനങ്ങളോട് ചെറുപ്പം മുതലേ ഒരു വല്ലാത്ത ആരാധനയുണ്ടായി. ആരാധനാവിഗ്രഹമായി മനസിൽ കൊണ്ടുനടന്ന റാഫി സാബിനൊപ്പം പാടുവാൻ സാധിച്ചതിന്റെ സംതൃപ്തി വാക്കുകൾകൊണ്ട് പറയാൻ സാധിക്കുന്നതല്ല.
ഭർത്താവ് ജയറാമിനെപ്പറ്റി?
സംഗീത ജീവിതത്തിലെ വലിയ കരുത്താണ് അദ്ദേഹം. വിവാഹസമയത്ത് അദ്ദേഹം ഇന്തോ-ബൽജിയൻ ചേംബർ ഓഫ് കൊമേഴ്സിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു. പിന്നീട് ബോംബെ മാസ്റ്റേഴ്സ് ആൻഡ് പ്രിന്റേഴ്സ് അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. സിനിമയിലെയും കച്ചേരികളിലെയും തിരക്ക് കാലത്ത് ഞങ്ങൾ ഒന്നിച്ചായിരുന്നു യാത്രകൾ. അതുകൊണ്ടുതന്നെ അദ്ദേഹം ജോലിയിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു. അദ്ദേഹം പണ്ഡിറ്റ് രവിശങ്കറിന്റെ കീഴിൽ ആറുവർഷം സിത്താർ വാദനം പഠിച്ചിട്ടുണ്ട്. ബാണി മ്യൂസിക്ക് കന്പനിയുടെ സ്ഥാപകൻ കൂടിയാണ്.
കുടുംബിനിയെന്ന നിലയിൽ ?
വീട്ടിലെ ചുമതലകളെല്ലാം ചെയ്യുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. അടുക്കളപ്പണി ചെയ്യുന്നതും വസ്ത്രങ്ങൾ കഴുകുന്നതും വീട് വൃത്തിയാക്കുന്നതുമെല്ലാം ഞാൻ തന്നെയാണ്. പെയിന്റിംഗ്, എംബ്രോയിഡറി, ഗാനരചന തുടങ്ങി വൈവിധ്യമാർന്ന ഒരു ലോകം കൂടി വാണിജയറാമിനുണ്ട്.
എസ്. മഞ്ജുളാദേവി