സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓർമക്കഥകൾ പറയുന്നു. യൂട്യൂബുകളിൽ എത്രത്തോളം വീഡിയോകളാണെന്നോ പ്രേംനസീറിനെകുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.
ശ്രീകുമാരൻതന്പി തിരക്കഥയും സംവിധാനവും നിർവഹിച്ച തിരുവോണം (1975) എന്ന സിനിമയുടെ ഷൂട്ടിംഗ് സമയം. മദ്രാസിലെ അരുണാചലം സ്റ്റുഡിയോയുടെ പ്രധാന ഫ്ളോറിലായിരുന്നു ചിത്രീകരണം.
കമലഹാസനും ജയസുധയും അതിൽ അഭിനയിക്കുന്നുണ്ട്. തമിഴ് സിനിയിൽ ഈ യുവതാരങ്ങൾ അക്കാലത്തു പ്രശസ്തിയാർജിച്ച് തുടങ്ങുന്നതെയുള്ളൂ. പ്രേംനസീർ നായകനായ സിനിമകൾക്കു വൻ സ്വീകാര്യതയും കളക്ഷനും ലഭിക്കുന്ന കാലം കൂടിയായിരുന്നു അത്. പ്രേംനസീറിന്റെ ഓരോ മിനിറ്റിനും വലിയ വിലയുണ്ട്.
ഷൂട്ടിംഗിനു കമലഹാസനും ജയസുധയും വൈകിയേ വരൂ. രാവിലെ ഏഴു മണി മുതൽ നസീർ മേയ്ക്കപ്പിട്ട് യുവതാരങ്ങൾക്കു വേണ്ടി കാത്തിരിക്കേണ്ട സാഹചര്യം. ഒരു ദിവസം ഇരുവർക്കുംവേണ്ടി നസീർ രണ്ടു മണിക്കൂർ സെറ്റിൽ കാത്തിരുന്നു.
പ്രേംനസീറിനെപ്പോലൊരാൾ പുതിയ താരങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതുകണ്ട് ശ്രീകുമാരൻ തന്പി, ജയസുധയോട് പറഞ്ഞു. “മലയാളത്തിലെ മെഗാ സ്റ്റാറാണ് നിങ്ങൾക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത്. തെലുങ്കിലെ എൻ.ടി രാമറാവുവോ നാഗേശ്വരരാവുവോ തമിഴിലെ എം.ജി.രാമചന്ദ്രനോ ശിവാജി ഗണേശനോ ഇത്തരത്തിൽ കാത്തിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ ചെറുപ്പക്കാർ കുറച്ചുകൂടി സെറ്റിൽ അച്ചടക്കം കാണിക്കണം.’’ ശ്രീകുമാരൻതന്പി പറഞ്ഞിലെ ഗൗരവം കമലഹാസനും ജയസുധയ്ക്കും മനസിലായി.
ഷൂട്ടിംഗ് കഴിയുന്നതുവരെ അവർ പിന്നീട് വൈകിയില്ല. ഇതേ സമയം പ്രേംനസീർ ശ്രീകുമാരൻതന്പിയെ ഉപദേശിക്കുകയായിരുന്നു. “ മിസ്റ്റർ തന്പി, പുതിയ തലമുറയിലെ താരങ്ങളോട് ഇങ്ങനെ കടുപ്പിച്ചു പറയരുത്. അവർക്കു വൈരാഗ്യം തോന്നിയാൽ നഷ്ടം വരുന്നത് നിങ്ങൾക്കായിരിക്കും. എന്നെക്കരുതി നിങ്ങൾ മറ്റുള്ളവരെ പിണക്കേണ്ട. ആർക്കുവേണ്ടിയും കാത്തിരിക്കാൻ ഞാനൊരുക്കമാണ്.’’
വിശ്വസിക്കുവാൻ പ്രയാസമുണ്ടാവാം നസീറിന്റെ ഈ സമീപനം. ‘പ്രേംനസീർ എന്ന പ്രേമഗാനം’ എന്ന പുസ്തകത്തിൽ ശ്രീകുമാരൻ തന്പി കുറിച്ചതാണ് ഈ അനുഭവം.
“സുഖമാണോ അസ്സേ? കണ്ടിട്ടെത്ര കാലമായി. വല്ലപ്പോഴും ഒന്നു ടെലിഫോണ് ചെയ്തു കൂടെ?’’ എന്നിങ്ങനെ നസീർ ഇഷ്ടക്കാരോട് പരിഭവം പ്രകടിപ്പിക്കുന്പോഴും ആ വാക്കിൽ വഴിയുന്നത് അകമഴിഞ്ഞ സ്നേഹത്തിന്റെ അമൃതധാരയായിരുന്നു. ആ വലിയ നടന്റെ ജീവിതം മാതൃകയാക്കാനുള്ള മഹാമനസ്കത നമ്മുടെ സിനിമയിലെ പുതിയ തലമുറയ്ക്കുണ്ടാകുമോ എന്നു സംശയം.
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓർമക്കഥകൾ പറയുന്നു. യൂട്യൂബുകളിൽ എത്രത്തോളം വീഡിയോകളാണെന്നോ പ്രേംനസീറിനെകുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേംനസീർ സൃഹൃത് സമിതി 34-ാമത് ഓർമവർഷത്തിൽ പ്രേംനസീറിനൊപ്പം പ്രവർത്തിച്ച 34 ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുകയാണ്. മധു, പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം, ബാലചന്ദ്രമേനോൻ, പൂജപ്പുര രവി, കുഞ്ചൻ തുടങ്ങിയവരെ ആദരിച്ചു കഴിഞ്ഞു. സംസ്ഥാന കൃഷിവകുപ്പുമായി സഹകരിച്ച് കലാ-സാംസ്കാരിക പ്രവർത്തകർക്കും ചലച്ചിത്ര താരങ്ങൾക്കും ജനപ്രതിനിധികൾക്കും 34 ഫലവൃക്ഷത്തൈകൾ സമ്മാനിക്കുന്ന ഓർമ്മത്തണൽ പദ്ധതിയും നടന്നു വരികയാണ്.
എസ്. മഞ്ജുളാദേവി