നൊച്ചുള്ളിയുടെ വികസനഗാഥ
Saturday, November 5, 2022 11:37 PM IST
നൊച്ചുള്ളിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ രണ്ട് കിലോവാട്ടിന്റെ സൗരോർജ പാനലുകളാണ് സ്ഥാപിച്ചത്. ഒരു കിലോവാട്ട് പ്ലാന്റിൽനിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ലഭിക്കും. രണ്ടു പ്ലാന്റുകളിൽ നിന്ന് എട്ടു യൂണിറ്റ്. വീടുകളിൽ ഉപയോഗത്തിന് പരമാവധി നാലു യൂണിറ്റു മതിയെന്നിരിക്കെ ബാക്കി നാലു യൂണിറ്റ് ഗ്രിഡ് വഴി വൈദ്യുതിബോർഡിന് നല്‍കുകയാണ്.
തൊട്ടുകൂടായ്മ നടമാടിയിരുന്ന കാലത്ത് പാലക്കാട് കുഴൽമന്ദത്തെ നായാടി വിഭാഗത്തിന്റെ കോളനി 1934ൽ മഹാത്മാഗാന്ധി സന്ദർശിച്ചു. കുഴൽമന്ദത്തും കുന്നത്തൂർ, പെരിങ്ങോട്ടുകുറിശി, കോട്ടായി, പുളിനെല്ലി പ്രദേശങ്ങളിലും കഴിഞ്ഞിരുന്ന ദളിതരായ നായാടികളെ കാണാനായിരുന്നു മഹാത്മജിയുടെ വരവ്.
പൊതുനിരത്തുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ആ ജനതതിയുടെ നരകയാതന അദ്ദേഹം കണ്ടറിഞ്ഞു. അവർക്ക് പൊതുകിണറിൽനിന്നു കുടിവെള്ളം നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ ഗാന്ധിജിയുടെ നിർദേശമനുസരിച്ച് നൊച്ചുള്ളിയിൽ ഒരു പൊതുകിണർ നിർമിച്ചത് ചരിത്രം.
ആ കിണറ്റിൽനിന്ന് കാലങ്ങളോളം ഗ്രാമവാസികൾ ദാഹമകറ്റി. കാലപ്രയാണത്തിൽ ഉച്ചനീചത്വം ഇല്ലാതായി. സ്വതന്ത്ര ഇന്ത്യയിൽ ജാതിക്കും മതത്തിനുമപ്പുറം മനുഷ്യർ എന്ന പൊതുവികാരത്തിലേക്ക് വ്യവസ്ഥിതിയും നിയമവും മാറി.
നൊച്ചുള്ളിയിലെ കിണർ 2020-ൽ പാലക്കാട് ജില്ലാപഞ്ചായത്ത് ഏറ്റെടുത്തു നവീകരിച്ച് ഗാന്ധിജി സ്മാരക കിണർ എന്നു പേരിട്ടു. മഹാത്മജിയുടെ ചിത്രങ്ങളും വാക്കുകളും അതിൽ ആലേഖനം ചെയ്യുകയും ചെയ്തു.
സൗരോർജ വിപ്ലവം
നൊച്ചുള്ളിയിൽ കഴിഞ്ഞവർഷം മറ്റൊരു സുപ്രധാന സംഭവമുണ്ടായി. ഇക്കാലംവരെ അവിടെ പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്ക് വൈദ്യുതി ലഭിച്ചിരുന്നില്ല. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സ്വന്തം ജില്ലയായിരിക്കെ പിന്നാക്ക കുടുംബങ്ങൾക്കു വെളിച്ചം എത്തിക്കാനുള്ള സാധ്യത മന്ത്രി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
കേന്ദ്ര സർക്കാർ സബ്സിഡിയോടെ അവിടെ പുരപ്പുറ സൗരോർജ വൈദ്യുതി നടപ്പിലാക്കാമെന്നു വൈദ്യുതി ബോർഡ് ഡയറക്ടർ ആർ. സുകു നിർദേശം വച്ചു. 40 ശതമാനം കേന്ദ്രസബ്സിഡിയുള്ള പദ്ധതിയിൽ ശേഷിക്കുന്ന തുക പാലക്കാട് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാൻ തയാറായതോടെ കോളനിയിലെ വീടുകളിൽ കഴിഞ്ഞ ഓഗസ്റ്റിൽ വെളിച്ചമെത്തി.
പദ്ധതി വിജയമായതോടെ മറ്റ് കോളനികളിൽ സമാനരീതിയിൽ വെളിച്ചമെത്തിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്നു.
നൊച്ചുള്ളിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ രണ്ട് കിലോവാട്ടിന്റെ സൗരോർജ പാനലുകളാണ് സ്ഥാപിച്ചത്. ഒരു കിലോവാട്ട് പ്ലാന്റിൽനിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ലഭിക്കും. രണ്ടു പ്ലാന്റുകളിൽ നിന്ന് എട്ടു യൂണിറ്റ്.
വീടുകളിൽ ഉപയോഗത്തിന് പരമാവധി നാലു യൂണിറ്റു മതിയെന്നിരിക്കെ ബാക്കി നാലു യൂണിറ്റ് ഗ്രിഡ് വഴി വൈദ്യുതിബോർഡിന് നല്‍കുകയാണ്. യൂണിറ്റിന് 3.22 രൂപ നിരക്കിലാണ് സർക്കാർ വൈദ്യുതി വാങ്ങുന്നത്.
മേൽക്കൂരകളിൽ സ്ഥാപിച്ച സോളാർ പാനലിന് 25 വർഷത്തെ ഗാരന്റിയാണ് നിർമാണ ഏജൻസി നല്‍കുന്നത്. പാനലുകൾ സ്ഥാപിക്കുന്നവർ 25 വർഷത്തേക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ടെന്നു മാത്രമല്ല അധിക വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കുന്നതിലൂടെ ചെറിയൊരു സാന്പത്തിക വരുമാനവും ലഭ്യമാകുന്നു.
ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണിൽതന്നെ പിന്നാക്ക വിഭാഗങ്ങൾക്ക് വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിടാനായി. ഈ സംരംഭം ദേശീയതലത്തിൽതന്നെ ശ്രദ്ധ നേടിയതായും സംസ്ഥാനത്ത് വെളിച്ചം എത്തിയിട്ടില്ലാത്ത മേഖലകളിൽ ഈ പദ്ധതി നടപ്പാക്കുമെന്നും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
പുരപ്പുറം തരും പണം
കേന്ദ്ര പുനരുപയോഗ മന്ത്രാലയം ഫേസ് ടു സ്കീമിൽ മൂന്നു കിലോവാട്ട് വരെ ശേഷിയുള്ള പുരപ്പുറം പ്ലാന്റിന് 40 ശതമാനം സബ്സിഡിയും മൂന്നു മുതൽ 10 കിലോവാട്ട് വരെ 20 ശതമാനം സബ്സിഡിയുമാണ് അനുവദിച്ചിട്ടുള്ളത്.
ജനറൽ കാറ്റഗറിയിൽ വണ്‍ എ താരിഫ് ഉള്ളവർക്കാണ് ഇതിൽ ഉപയോക്താക്കളാകാൻ കഴിയുക. നൂതനമായ ഈ പദ്ധതി നടപ്പാക്കാൻ കെഎസ്ഇബി വികസിപ്പിച്ച പോർട്ടലാണ് ഇ-കിരണ്‍. ഇതിൽ ഉപയോക്താക്കൾ, വൈദ്യുതി ബോർഡ്, നിർമാതാക്കൾ അഥവാ കരാറുകാർ എന്നിവർക്ക് ഒരേ സമയം ലോഗിൻ ചെയ്യാം.
പോർട്ടലിൽ പദ്ധതിയെക്കുറിച്ചറിയാനും ലളിതമായ രീതിയിൽ രജിസ്ട്രേഷൻ ചെയ്യാനും സാധിക്കും. പ്ലാന്റ് രജിസ്ട്രേഷൻ ചെയ്യുന്നതിന് ഒരു രൂപ പോലും ഫീസ് നല്‍കേണ്ടതില്ല. ഇ-കിരണ്‍ പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഉപഭോക്താവിന് കെഎസ്ഇബി ലിസ്റ്റ് ചെയ്തിട്ടുള്ള കാരാറുകാരിൽ നിന്ന് താൽപര്യമുള്ളവരെ തെരഞ്ഞെടുക്കാനും സാധിക്കും.
ഉപയോക്താവിന്റെ വിവരങ്ങൾ കരാറുകാരന് ലഭിക്കുകയും അവർ വീടുകളിലെത്തി എത്ര കിലോവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാനാകുമെന്ന് വ്യക്തത നൽകുകയും ചെയ്യും.
ഒരു കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാൻ നന്നായി സൂര്യപ്രകാശം ലഭ്യമായ 100 സ്ക്വയർ ഫീറ്റ് സ്ഥലമാണ് ആവശ്യമുള്ളത്. പൊതുവിഭാഗത്തിന് ഒരു കിലോ വാട്ട് പ്ലാന്റ് സ്ഥാപിക്കാൻ 65,000 രൂപയാണ് മുടക്കേണ്ടിവരിക. ഇതിൽ 40 ശതമാനം സബ്സിഡി ലഭിക്കും.
പ്ലാന്റ് സ്ഥാപിക്കുന്ന മുറയ്ക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് ഇ കിരണ്‍ പോർട്ടലിൽ അപ് ലോഡ് ചെയ്യുകയും തുടർന്ന് കെഎസ്ഇബി വിഭാഗം നിർമാണ നിലവാരം ഉറപ്പുവരുത്തിയ ശേഷമായിരിക്കും സബ്സിഡി നൽകുക.
മലിനീകരണം പരമാവധി ഒഴിവാക്കാമെന്ന കാഴ്ചപ്പാടിലാണ് ഗ്രീൻ എനർജി എന്ന ആശയം രൂപംകൊണ്ടത്. ഒപ്പം സംരംഭകർക്ക് സാന്പത്തിക നേട്ടവും. മൂന്നു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽനിന്ന് പ്രതിദിനം ശരാശരി 12 യൂണിറ്റ് വൈദ്യുതി ലഭിച്ചാൽ ഗാരന്റി പീരിഡായ 25 വർഷത്തേയ്ക്ക് വൈദ്യുതി ബിൽ ഇനത്തിൽ ഒരു രൂപ പോലും അടയ്ക്കേണ്ടി വരുന്നുമില്ല.
വൈദ്യുതി ബോർഡ് ഓണ്‍ഗ്രിഡ് വിഭാഗത്തിലാണ് ഈ പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ഓണ്‍ ഗ്രിഡ് കണക്ഷൻ നെറ്റ് മീറ്റർ സംവിധാനം ഉപയോഗിച്ച് അധിക വൈദ്യുതി യൂണിറ്റിന് 3.22 നിരക്കിൽ വൈദ്യുത ബോർഡ് ഏറ്റെടുക്കും. രാത്രി സൗരോർജപാനൽ പ്രവർത്തനരഹിതമാകുന്ന സമയത്ത് പൊതുഗ്രിഡിൽ നിന്ന് ഉപയോക്താക്കൾക്ക് കെഎസ്ഇബിയുടെ വൈെദ്യുതി ഉപയോഗിക്കാവും.
ഒരു മാസം 500 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയും 300 യൂണിറ്റ് ഉപയോഗിക്കുകയും ബാക്കിവരുന്ന 200 യൂണിറ്റ് വൈദ്യുതി ബോർഡിനു നല്‍കുകയും ചെയ്താൽ വൈദ്യുതി ബോർഡ് അത്രയും യൂണിറ്റ് കൃത്യമായി ബാങ്ക് ചെയ്യും. അടുത്ത മാസം ഉത്പാദനം കുറവാണെങ്കിൽ ബാങ്ക് ചെയ്ത യൂണിറ്റിൽ നിന്ന് അത് നെറ്റ് മീറ്റർ വഴി ഉപയോഗിക്കാൻ സാധിക്കും.
സോളാർ വർഷം തുടങ്ങുന്നത് ഒക്ടോബറിലും അവസാനിക്കുന്നത് സെപ്റ്റംബറിലുമാണ്. സോളാർ പാനലുകളിൽ നിന്ന് വൈദ്യതി ബോർഡ് ഏറ്റെടുത്ത യൂണിറ്റുകളുടെ പണം എല്ലാ വർഷവും സെപ്റ്റംബറിൽ വൈദ്യുതി ബോർഡ് നല്‍കും.
കഴിഞ്ഞ മാസം സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഡൽഹിയിലെത്തി. കേരളം വിജയകരമായി നടപ്പാക്കിയ പുരപ്പുറം സോളാർ പദ്ധതിയെക്കുറിച്ച് മറ്റു സംസ്ഥാനങ്ങൾക്ക് വിവരണം നല്‍കുന്നതിനായിരുന്നു ക്ഷണം.
പുരപ്പുറം സൗരോർജ്ജ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കിയതിനു കെഎസ്ഇബിക്ക് രണ്ടു അവാർഡുകളും ലഭിച്ചു. കെഎസ്ഇബി ഡയറക്ടർ ആർ. സുകുവും സൗരോർജ വിഭാഗം എൻജിനിയർ എസ്.നൗഷാദുമാണ് കേരളത്തെ പ്രതിനിധീകരിച്ച് അവാർഡുകൾ ഏറ്റു വാങ്ങിയത്. ആർ. സുകുവിന്റെ നേതൃത്വത്തിലാണ് പുരപ്പുറം സോളാർ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്.
തോമസ് വർഗീസ്