ഈ പാലവും കടന്ന്...
Sunday, June 13, 2021 1:58 AM IST
തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തു നിർമിച്ചതാണു നേര്യമംഗലം പാലവും പാലം കടന്നു നീളുന്ന മൂന്നാർ റോഡും. തൊണ്ണൂറ്റിയൊന്പതിലെ വെള്ളപ്പൊക്കത്തിൽ അന്നുണ്ടായിരുന്ന മൂന്നാർ റോഡ് തകർന്നതിനെത്തുടർന്നു നിർമിച്ച പുതിയ പാതയിലാണു പാലം. കൊടുംവേനലിലും വറ്റാത്ത പെരിയാറിനു കുറുകെ വനത്തിന്റെ പശ്ചാത്തലത്തിൽ ആറു തൂണുകളിലായി അഴകാർന്ന പാലം. ദക്ഷിണേന്ത്യയിലെ ആദ്യ ആർച്ച് പാലമെന്ന പ്രൗഢിയും ഇതിനുണ്ട്. 86 വയസായ പാലം ചരിത്രസ്മാരകമായി നിലനിർത്തി മറ്റൊരു പാലത്തിനായി ആവശ്യമുയരുകയാണ്. തലമുറമാറ്റം പാലങ്ങൾക്കും ഒഴിവാക്കാനാവില്ല!
തൊണ്ണൂറ്റിയൊന്പതിലെ വെള്ളപ്പൊക്കം 97 വർഷം പിന്നിടുകയാണ്. കേരളത്തെയാകെ തച്ചുതകർത്ത ആ വെള്ളപ്പൊക്കമുണ്ടായത് 1924 ജൂലൈയിൽ (കൊല്ലവർഷം 1099). ആ ഭീകരപ്രളയത്തിനു സാക്ഷികളായവരിൽ ഇനി ജീവിച്ചിരിക്കുന്നവർ വിരളം. അന്നുണ്ടായ കനത്ത നാശങ്ങൾ ചരിത്രത്തിന്റെ ഭാഗം.
പിന്നീടും പ്രളയങ്ങളുണ്ടായി. 1961ലെ പ്രളയവും 2018ലെ മഹാപ്രളയവും കേരളത്തെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു. വെള്ളപ്പാച്ചിലിൽ പലതും നാമാവശേഷമായി. ഭൂപ്രകൃതിക്കുതന്നെ മാറ്റങ്ങളുണ്ടായി. അതിനെയെല്ലാം മനുഷ്യർ അത്ഭുതകരമായി അതിജീവിച്ചു.
നഷ്ടങ്ങൾ പെട്ടെന്നുതന്നെ വിസ്മൃതിയിലായെങ്കിലും അതിജീവനത്തിന്റെ ഭാഗമായുണ്ടായ നിർമിതികൾ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. നേര്യമംഗലം പാലവും പാലം കടന്നു നീളുന്ന മൂന്നാർ റോഡും ഇത്തരമൊരു കാഴ്ചയാണ്.
1935 മാർച്ച് രണ്ടിനു ചിത്തിരത്തിരുനാൾ മഹാരാജാവ് തുറന്നുകൊടുത്ത പാലം 86 വയസ് പൂർത്തിയാക്കിയിരിക്കുന്നു. 1924ലെ വെള്ളപ്പൊക്കത്തിനു മുന്പ് മൂന്നാറിലേക്കുള്ള വഴി ഇതുവഴിയായിരുന്നില്ല. കോതമംഗലം, തട്ടേക്കാട്, കുട്ടന്പുഴ, പൂയംകുട്ടി, പിണ്ടിമേട്, കുറത്തിക്കുടി, മാങ്കുളം വഴിയായിരുന്നു.
വലിയ കയറ്റങ്ങളും കൊടുംവളവുകളുമില്ലാത്ത സുഗമപാത. പത്തുദിവസം തുടർച്ചയായി പെയ്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പിണ്ടിമേട് ഭാഗത്തെ കരിന്തിരി മലയുടെ വലിയഭാഗം ഇടിഞ്ഞുവീണു കിലോമീറ്ററുകളോളം മൂന്നാർ പാത അപ്രത്യക്ഷമായി. വീണ്ടെടുക്കാൻ കഴിയാത്തവിധമായിരുന്നു തകർച്ച. മൂന്നാറിലേക്കുള്ള യാത്രാമാർഗം അതോടെ പൂർണമായും അടഞ്ഞു. മൂന്നാർ ശരിക്കും ഒറ്റപ്പെട്ടു.
നഷ്ടം അതൊന്നുമായിരുന്നില്ല. ബ്രിട്ടീഷുകാർ ആധുനികരീതിയിൽ രൂപപ്പെടുത്തിയെടുത്ത മൂന്നാർ ടൗണ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മലവെള്ളപ്പാച്ചിലിൽ തകർന്നു തരിപ്പണമായി. ഹെക്ടർ കണക്കിനു തേയിലത്തോട്ടങ്ങൾ ഒലിച്ചുപോയി. ട്രെയിൻ ഗതാഗതവും കേബിൾ വേയുമെല്ലാം മൂന്നാറിൽ ഏർപ്പെടുത്തിയിരുന്നു. 32 കിലോമീറ്റർ നീളം വരുന്ന റെയിൽവേ പാതയുടെ അടിയിളക്കി മലവെള്ളം കൊണ്ടുപോയി. ടോപ്പ് സ്റ്റേഷനിൽനിന്നു താഴെ കൊരങ്കിണിയിലേക്കുള്ള കേബിൾ വേക്കും സാരമായ നാശം സംഭവിച്ചു.
ടണ് കണക്കിനു തേയിലയാണ് മൂന്നാറിൽനിന്ന് അക്കാലത്ത് തൂത്തുക്കുടി തുറമുഖം വഴി കയറിപ്പോയിരുന്നത്. തോട്ടങ്ങളിൽനിന്നു തേയിലയുടെയും തൊഴിലാളികളുടെയും നീക്കത്തിനായാണ് റെയിൽവേ ട്രാക്കും കേബിൾ വേയുമൊക്കെ സ്ഥാപിച്ചത്. ഇന്ത്യയിലെതന്നെ ആദ്യത്തെ മോണോ റെയിൽ ആയിരുന്നു മൂന്നാറിലേത്.
തേയില കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നനിലയിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ വരെ കണ്ണ് അക്കാലത്ത് മൂന്നാറിൽ പതിഞ്ഞിരുന്നു. വെള്ളപ്പൊക്കം വലിയ നഷ്ടങ്ങൾ വരുത്തുകയും യാത്രാമാർഗങ്ങൾ അടയുകയും ചെയ്തതോടെ അവർക്കു മൂന്നാറിനോടുള്ള താത്പര്യം കുറഞ്ഞു.
വലിയ ഉയർച്ചയിൽനിന്നു വലിയ താഴ്ചയിലേക്കു മൂന്നാർ വീഴുകയാണെന്ന യാഥാർഥ്യം മനസിലാക്കി തിരുവിതാംകൂർ ഭരണകൂടം ഉണർന്നു. അന്നത്തെ ഭരണാധികാരി സേതു ലക്ഷ്മിഭായ് ആലുവയിൽനിന്നു നേര്യമംഗലം വഴി മൂന്നാറിലേക്ക് പുതിയ റോഡ് നിർമിക്കാൻ ഉത്തരവിട്ടു.
1927 ഒക്ടോബറിൽ പണിതുടങ്ങി. വനത്തിലൂടെയായിരുന്നു പുതിയ പാതയുടെ റൂട്ട്. 1931 മാർച്ചിൽ റോഡ് പൂർത്തിയായി. സേതു ലക്ഷ്മിഭായ് തന്നെ ഉദ്ഘാടനവും നിർവഹിച്ചു. പക്ഷേ വാഹന ഗതാഗതം തുടങ്ങാൻ പിന്നെയും നാലുവർഷം കൂടി കാത്തിരിക്കേണ്ടി വന്നു. പെരിയാറിനു കുറുകെയുള്ള നേര്യമംഗലം പാലം പൂർത്തിയാകാത്തതാണു കാരണം.
1935 മാർച്ച് രണ്ടിനു പാലം വഴി വണ്ടി ഓടിത്തുടങ്ങി. ചിത്തിരത്തിരുനാൾ മാഹാരാജാവ് അപ്പോഴേക്കും തിരുവിതാംകൂറിന്റെ ഭരണമേറ്റിരുന്നു. അദ്ദേഹമാണ് പാലം തുറന്നുകൊടുത്തത്. ശ്വാസംമുട്ടി കഴിഞ്ഞിരുന്ന മൂന്നാറിനു പുതിയപാത പുനർജനിയായി.
പുതിയ മൂന്നാർ റോഡിന്റെ ശ്രദ്ധാകേന്ദ്രം നേര്യമംഗലം ആർച്ച് പാലമായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ആർച്ച് പാലമെന്ന പ്രൗഢി ഇതിനുണ്ടായിരുന്നു. ശർക്കരയും ചുണ്ണാന്പും ചേർത്ത സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിർമാണം. 214 മീറ്റർ നീളം. 4.90 മീറ്റർ വീതി. കൊടും വേനലിലും വറ്റാത്ത പെരിയാറിനു കുറുകെ വനത്തിന്റെ പശ്ചാത്തലത്തിൽ ആറു തൂണുകളിലായി അഴകാർന്ന പാലം. (തൂണുകളിൽ രണ്ടെണ്ണം കരയിലായതിനാൽ പെരിയാറിൽനിന്നു കാണാനാവില്ല.) പാലത്തിന്റെ ചാരുതയ്ക്ക് ഇന്നുമില്ല തെല്ലും കോട്ടം.
പാലം കടന്നാൽ ഇടതുവശത്തായി ഒരു ശിലാഫലകം കാണാം. റാണിക്കല്ല് എന്ന് ഇതറിയപ്പെടുന്നു. റോഡ് പണി തുടങ്ങിയതിന്റെയും ഉദ്ഘാടനത്തിന്റെയും വിവരങ്ങൾ കൊല്ലവർഷക്കണക്കിൽ ഫലകത്തിലുണ്ട്. പാലവും റോഡും വന്നതോടെ മൂന്നാർ മാത്രമല്ല രക്ഷപ്പെട്ടത് ഹൈറേഞ്ച് മൊത്തത്തിലായിരുന്നു. പാലം കടന്നു കുടിയേറ്റക്കാർ പ്രവഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ആളുകൾ പാലം കടന്നെത്തി. 1940-50 കളിൽ കുടിയേറ്റം ഉച്ചസ്ഥായിയിലായി.
അപൂർവം ആദിവാസി കുടികൾ ഒഴിച്ചാൽ വിജനമായിരുന്നു അക്കാലത്ത് ഹൈറേഞ്ച്. കുടിയേറ്റക്കാർ ഇവിടത്തെ കന്നിമണ്ണിൽ കൃഷിയിറക്കി. കണ്ണടച്ചു തുറക്കുംമുന്പേ മലയോരം ജനവാസ കേന്ദ്രങ്ങളായി. ടൗണുകൾ രൂപപ്പെട്ടു. വെള്ളപ്പൊക്കമുണ്ടാക്കിയ കരിനിഴലിൽനിന്നു മൂന്നാർ പതുക്കെ മോചനം നേടി. തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി.
പശ്ചിമഘട്ട മലനിരകളിൽ ശയിക്കുന്ന മൂന്നാറിന്റെ തണുപ്പും മഞ്ഞും ആസ്വദിക്കാൻ സഞ്ചാരികൾ ദേശങ്ങൾ താണ്ടിയെത്തി. വരയാടുകൾ മേയുന്ന മുതുമലയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുമെല്ലാം ഉൾപ്പെടുന്ന മൂന്നാർ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചു.
തമിഴ്നാട്ടിൽനിന്നും എത്താമെങ്കിലും മൂന്നാറിലേക്കുള്ള പ്രധാനമാർഗം ഇന്നും നേര്യമംഗലം പാലം കടന്നുള്ള പാതയാണ്. പുഴയും വനവും മലകളും താണ്ടി ഇതുവഴിയുള്ള യാത്ര തന്നെ വിനോദയാത്രികരുടെ മനസ് നിറയ്ക്കും. ടൂറിസ്റ്റ് പാതയായും ഈ മലയോരപാത അറിയപ്പെടുന്നു.
എട്ടര പതിറ്റാണ്ട് പിന്നിട്ടെങ്കിലും പാലത്തിന് പ്രായത്തിന്റെ അവശതകളൊന്നും കാര്യമായില്ല. മഴക്കാലത്ത് ഈ ഭാഗത്ത് പെരിയാർ രൗദ്രരൂപിണിയാണ്. പ്രളയസമയങ്ങളിൽ പുഴ തീരംതകർത്തൊഴുകുന്നു. കൂറ്റൻ കല്ലുകളും വൃക്ഷങ്ങളും വഹിച്ചുള്ള ഒഴുക്ക്. അതിതീവ്ര കാലവർഷവും പ്രളയവും ഒരുപാട് കണ്ട പാലം എന്നിട്ടും കുലുങ്ങാതെ നിൽക്കുന്നു.
വെള്ളത്തിന്റെ ഇവിടത്തെ ഒഴുക്കും വെള്ളപ്പൊക്കവും കണക്കിലെടുത്തുതന്നെയായിരുന്നു പാലംപണി. 99ലെ വെള്ളപ്പൊക്കത്തിന്റെ ജലനിരപ്പിൽനിന്നും ഉയർന്നാണു പാലത്തിന്റെ നിൽപ്. കമാനാകൃതിയും തൂണുകളുടെ ഉറപ്പും പാലത്തിന് അതിജീവനശേഷി നൽകുന്നു. പക്ഷേ പുതുകാലത്തെ വാഹനപ്പെരുപ്പം പാലത്തെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു.
ടൂറിസ്റ്റ് സീസണിൽ പാലത്തിൽ കുടുങ്ങാതെ അക്കരയിക്കരെയെത്താൻ വാഹനയാത്രക്കാർക്കു ഭാഗ്യമുണ്ടാകണം. രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേസമയം ഇരുദിശയിലേക്കും പാലം കടക്കാനാവില്ല. 4.9 മീറ്റർ വീതി വലിയ ബാധ്യതയായിരിക്കുന്നു.
ടൂറിസ്റ്റുകളുടെ വാഹനങ്ങൾക്കു പുറമേ സർവീസ് ബസുകളും കൂറ്റൻ ചരക്കു വാഹനങ്ങളും ഇടതടവില്ലാതെ ഇതുവഴി ഓടുന്നു. സമാന്തര പാതകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും വളഞ്ഞുചുറ്റിയുള്ള അവയോടു യാത്രക്കാർ അത്ര പ്രതിപത്തി കാട്ടുന്നില്ല. പാലം കടന്നുള്ള യാത്ര നൽകുന്ന സുഖം അത്രയ്ക്കുണ്ട്.
ആർച്ച് പാലം ചരിത്രസ്മാരകമായി നിലനിർത്തി മറ്റൊരു പാലത്തിനുള്ള ആവശ്യമുയർന്നിട്ടു കാലമേറെയായി. മൂന്നാർ പാതയും അതുവഴിയുള്ള യാത്രയും തുടരണമെങ്കിൽ വീതിയുള്ള പാലം ഒഴിവാക്കാനാവില്ല. പാതയുടെ നവീകരണവും അനിവാര്യഘട്ടത്തിൽ എത്തിനിൽക്കുന്നു. വനംവകുപ്പിന്റെ തടസവാദങ്ങളിൽ തട്ടിയാണ് പുതിയപാലവും പാതനവീകരണവും വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇതുവഴിയുള്ള യാത്ര മുട്ടിയാൽ ഹൈറേഞ്ച് വാസികൾക്കും ടൂറിസ്റ്റുകൾക്കുമുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അതേയളവിൽ പരിഗണിക്കപ്പെട്ടാൽ ഒഴിവാക്കപ്പെടാവുന്നതേയുള്ളൂ ഈ തടസങ്ങൾ. ഒരു നൂറ്റാണ്ട് മുന്പ് തിരുവിതാംകൂർ രാജാക്കന്മാർ കാട്ടിയ ഇച്ഛാശക്തി ഇപ്പോഴത്തെ ഭരണാധികാരികളിൽനിന്നു ജനം പ്രതീക്ഷിക്കുന്നു.
ജിജു ജോർജ്