പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ- മ​ല​യാ​ള സംഗീത നാ​ട​ക​ത്തി​ന്‍റെ പാ​ഠ​പു​സ്ത​കം
ഈ​യി​ടെ അ​ന്ത​രി​ച്ച
പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​തരെ
പ്രശസ്ത നാടകകൃത്തായ
ശ്രീമൂലനഗരം മോഹൻ അനുസ്മരിക്കുന്നു


മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച മ​ഹാ​നാ​യ ക​ലാ​കാ​ര​നാ​ണ് ഈ​യി​ടെ അ​ന്ത​രി​ച്ച പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ. പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ൽ നാ​ട​ക​ന​ട​നാ​യും അ​ദ്ദേ​ഹം വേ​ഷ​മി​ട്ടു. ന​ട​ൻ, ഗാ​യ​ക​ൻ, ക​ഥാ​പ്ര​സം​ഗ​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ കേ​ര​ള​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്കും കൈ​വ​രി​ക്കാ​നാ​യി​ട്ടി​ല്ല. 1913 മാ​ർ​ച്ച് 29-ന് ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വൈ​പ്പി​ൻ ക​ര​യി​ൽ ജ​നി​ച്ച്, 2020 ജൂ​ണ്‍ 22-ന്, 107-ാം ​വ​യ​സി​ൽ അ​ന്ത​രി​ച്ച സു​ദീ​ർ​ഘ​മാ​യ ജീ​വി​ത​സ​പ​ര്യ​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ.

കേ​ര​ളം​ക​ണ്ട ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ച​വി​ട്ടു​നാ​ട​ക ആ​ശാന്മാ​രി​ൽ ഒരാളാ​യ മൈ​ക്കി​ളാ​ശാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ്. പി​താ​വി​ന്‍റെ ക​ലാ​പാ​ര​ന്പ​ര്യം ബാ​ല്യ​ത്തി​ൽ​ത്ത​ന്നെ ക​ര​ഗ​ത​മാ​ക്കി​യ പാ​പ്പു​ക്കു​ട്ടി ഏ​ഴാം വ​യ​സി​ലാ​ണ് വേ​ദ​മ​ണി എ​ന്ന സം​ഗീ​ത നാ​ട​ക​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. സം​ഗീ​ത നാ​ട​ക​ത്തി​ന്‍റെ പ്ര​ത്യേ​ക​ത അ​നു​സ​രി​ച്ച് പാ​ടാ​ൻ ക​ഴി​വു​ള്ള​വ​ർ​ക്കു മാ​ത്ര​മേ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. ന​ല്ല ഗാ​യ​ക​നാ​യി​രു​ന്ന പാ​പ്പു​ക്കു​ട്ടി ഏ​ഴാം​വ​യ​സി​ൽ​ത്ത​ന്നെ പാ​ട്ടു​പാ​ടി​യാ​ണ് അ​ഭി​ന​യ​വും തു​ട​ങ്ങു​ന്ന​ത്. പാ​ടി​യും കൊ​ട്ടി​യും അ​ഭി​ന​യി​ക്കു​ന്ന സം​ഗീ​ത നാ​ട​ക ശൈ​ലി​ക്ക് ‘തൗ​രു​ത്രി​ക ശൈ​ലി’ എ​ന്നാ​ണ് നാ​ട​ക​കാ​രന്മാ​ർ വി​ളി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടെ​ങ്കി​ലും പ്ര​ശ​സ്ത​നാ​യ വി.​എ​സ്. ആ​ൻ​ഡ്രൂ​സ്, ആ​ർ​ട്ടി​സ്റ്റ് പി.​ജെ. ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ കൂ​ട്ടു​കെ​ട്ടി​ൽ​പി​റ​ന്ന ബൈ​ബി​ൾ നാ​ട​ക​ങ്ങ​ളി​ലാ​ണ് പാ​പ്പു​ക്കു​ട്ടി​യു​ടെ പ്ര​തി​ഭ വി​ള​ങ്ങി​യ​ത്. ആ​ർ​ട്ടി​സ്റ്റ് പി.​ജെ. ചെ​റി​യാ​ന്‍റെ വൈ​ദ​ഗ്ധ്യ​ത്തി​ൽ പി​റ​വി​കൊ​ണ്ട അ​ത്ഭു​ത നാ​ട​ക​മാ​യ മി​ശി​ഹാ​ച​രി​ത്ര​ത്തി​ൽ ത​ന്‍റെ പ​തി​നേ​ഴാം വ​യ​സി​ൽ പാ​പ്പു​ക്കു​ട്ടി​യും ഗാ​ന​ഗ​ന്ധ​ർ​വ​ൻ ഡോ. ​കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ പി​താ​വാ​യ അ​ഗ​സ്റ്റി​ൻ ജോ​സ​ഫും മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. പിന്നീട് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ച്ച​വ​ർ കേ​ര​ളം​ക​ണ്ട അ​ദ്ഭു​ത പ്ര​തി​ഭ​ക​ൾ​ത​ന്നെ​യാ​ണ്. തി​ക്കു​റി​ശി സു​കു​മാ​ര​ൻ​നാ​യ​ർ, മാ​വേ​ലി​ക്ക​ര പൊ​ന്ന​മ്മ, പി.​കെ. വേ​ണു​ക്കു​ട്ട​ൻ​നാ​യ​ർ തു​ട​ങ്ങി നാ​ലു ത​ല​മു​റ​ക​ളു​ടെ രം​ഗ​വേ​ദി​ക​ളെ ജീ​വ​ൻ​കൊ​ടു​ത്ത് കൊ​ഴു​പ്പി​ച്ചു​ണ​ർ​ത്തി​യ​തി​ൽ പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്.

അ​പൂ​ർ​വ​ഗാ​യ​ക​ൻ - കേ​ര​ള സൈ​ഗാ​ൾ

2010-ൽ 95-ാം വ​യ​സി​ൽ ‘​മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്’ എ​ന്ന സി​നി​മ​യി​ൽ പ​ല്ല​വി പാ​ടി മ​ല​യാ​ള സം​ഗീ​ത ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച അ​ദ്ദേ​ഹം ഇ​രു​പ​തി​ലേ​റെ സി​നി​മ​ക​ളി​ൽ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ണ്ട്.

പ്ര​സ​ന്ന, ആ​ശാ​ച​ക്രം, ക​റു​ത്ത കൈ, ​അ​സു​ര​വി​ത്ത്, ഗു​രു​വാ​യൂ​ര​പ്പ​ൻ, വി​ല​ക്കു​റ​ഞ്ഞ മ​നു​ഷ്യ​ൻ തു​ട​ങ്ങി​യ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ച്ചു. ‘​ക​റു​ത്ത​കൈ’​യി​ൽ യേ​ശു​ദാ​സി​നൊ​പ്പം ആ​ല​പി​ച്ച ‘ക​ള്ള​നെ വ​ഴി​യി​ൽ കി​ട്ടും ക​ണ്ടാ​ലു​ട​നെ ത​ട്ടും’ എ​ന്ന ഹാ​സ്യ​ഗാ​നം ഒ​രു​കാ​ല​ത്ത് സൂ​പ്പ​ർ​ഹി​റ്റ് ആ​യി​രു​ന്നു.

ജീ​വി​തം മു​ഴു​വ​ൻ മ​ല​യാ​ള സം​ഗീ​ത നാ​ട​ക ലോ​ക​ത്തി​നും പിന്നീടു സാമൂഹ്യ നാടകവേദിക്കും സ​മ​ർ​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യ പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ​ക്ക് 1991-ൽ ​ത​ന്‍റെ എ​ഴു​പ​ത്തെ​ട്ടാം വ​യ​സി​ലാ​ണ് സം​ഗീ​ക​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ ക​ണ്ട പ്ര​ശ​സ്ത ഗാ​യ​ക​നാ​യ സൈ​ഗാ​ളി​ന്‍റെ ‘സോ​ജാ രാ​ജ​കു​മാ​രി’ എ​ന്ന ഗാ​നം നൂ​റു​ക​ണ​ക്കി​നു വേ​ദി​ക​ളി​ൽ ആ​ല​പി​ച്ച് ‘​കേ​ര​ള​സൈ​ഗാ​ൾ’ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ദ്ദേ​ഹം ഉ​ട​മ​യാ​യി. 92-ാം വ​യ​സി​ൽ സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ സൂ​ര്യ​ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത ക​ച്ചേ​രി ന​ട​ത്തി പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ ലോ​ക​സം​ഗീ​ത​ത്തെ അ​ദ്ഭു​ത​പ്പെ​ടു​ത്തി.

ക​ഥാ​പ്ര​സം​ഗ​പ്ര​തി​ഭ

ന​ല്ല കാ​ഥി​ക​നാ​യി​രു​ന്നു പാ​പ്പു​ക്കു​ട്ടി. മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ പാ​ടാ​ത്ത​പൈ​ങ്കി​ളി എ​ന്ന നോ​വ​ലി​നെ അ​ധി​ക​രി​ച്ച് അ​ദ്ദേ​ഹം ഒ​രു​ക്കി​യ ക​ഥാ​പ്ര​സം​ഗം എ​ണ്ണ​മ​റ്റ വേ​ദി​ക​ളി​ൽ ആ​സ്വാ​ദ​ക​രു​ടെ കൈ​യ​ടി നേ​ടി. ക​ഥാ​പ്ര​സം​ഗ​ക​നു​വേ​ണ്ട അ​ഭി​ന​യം, പ്ര​സം​ഗം, സം​ഗീ​തം തു​ട​ങ്ങി​യ എ​ല്ലാ ക​ഴി​വു​ക​ളും ഒ​ത്തി​ണ​ങ്ങി​യ പ്ര​തി​ഭ​യാ​യി​രു​ന്നി​ട്ടും നാ​ട​ക​ത്തോ​ടു​ള്ള അ​ദ​മ്യ​മാ​യ അ​ഭി​നി​വേ​ശം​മൂ​ലം ക​ഥാ​പ്ര​സം​ഗ​ത്തി​ൽ അ​ധി​ക​കാ​ലം അ​ദ്ദേ​ഹം ചെ​ല​വ​ഴി​ച്ചി​ല്ല.

തി​ക്കു​റി​ശി​യു​ടെ ‘മാ​യ’ എ​ന്ന നാ​ട​ക​ത്തി​ൽ നാ​യ​ക​നാ​യ പാ​പ്പു​ക്കു​ട്ടി പി​ന്നീ​ട് പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ലാ​ണ് മു​ഖ​ത്തു​ചാ​യം​പൂ​ശി അ​ഭി​ന​യി​ച്ച​ത്. 1905 മുതൽ 1950 വരെ തുടർന്ന സംഗീത നാടക പാരന്പര്യത്തിന്‍റെ അവസാനത്തെ അഭിനേതാവാണ് ഇപ്പോൾ വേദിവിട്ടൊ ഴിയുന്നത്.

അ​വാ​ർ​ഡു​ക​ളു​ടെ രാ​ഷ്ട്രീ​യം

അ​വാ​ർ​ഡു​ക​ൾ​ക്കും അം​ഗീ​കാ​ര​ങ്ങ​ൾ​ക്കും പു​റ​കേ പോ​കാ​ൻ ത​നി​ക്കു സ​മ​യ​മി​ല്ല എ​ന്ന് അ​ദ്ദേ​ഹം എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ല്ലെ​ങ്കി​ൽ​ത്ത​ന്നെ മ​ല​യാ​ള ക​ലാ​ലോ​ക​ത്ത് അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും പ​ല​പ്പോ​ഴും ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യു​ടെ രാ​ഷ്ട്രീ​യ-​സ​മു​ദാ​യ​ബോ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു എ​ന്ന​ത് ഒ​രു ന​ഗ്ന​സ​ത്യ​മാ​ണ്. പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ​ക്ക് 91-ാം വ​യ​സി​ൽ അ​വാ​ർ​ഡി​നാ​യി ഞ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്ത​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ​പ്പ​റ്റി കേ​ട്ടി​ട്ടു​ള്ള​വ​ർ​ത​ന്നെ അക്കാഡമി അംഗങ്ങളിൽ വി​ര​ള​മാ​യി​രു​ന്നു.

ച​രി​ത്ര​ത്തോ​ടൊ​പ്പം ന​ട​ന്ന ന​ട​ൻ

ഒ​രു നൂ​റ്റാ​ണ്ടി​നൊ​പ്പം, നാ​ലു ത​ല​മു​റ​ക​ൾ​ക്കൊ​പ്പം മ​ല​യാ​ള സം​ഗീ​ത നാ​ട​ക ച​രി​ത്ര​ത്തെ ന​യി​ച്ച മ​ഹാ​പ്ര​തി​ഭ​യാ​ണ് പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ, മ​റ്റൊ​രാ​ളി​ല്ല, ഉ​ണ്ടാ​വു​ക​യു​മി​ല്ല. വിളക്കിന്‍റെ വെളിച്ചത്തിൽ നാ​ട​കം ക​ളി​ച്ചി​രു​ന്ന ആ​ദ്യ​കാ​ലം​മു​ത​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ, സി​നി​മ​യെ​ക്കാ​ൾ വി​സ്മ​യി​പ്പി​ക്കു​ന്ന നാ​ട​ക​വേ​ദി​ക​ളി​ലും പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ ത​ന്‍റെ പ്ര​തി​ഭ പ്ര​ക​ടി​പ്പി​ച്ചു. ച​വി​ട്ടു​ഹ​ർ​മോ​ണി​യം ഉ​ള്ള​കാ​ല​ത്ത് നാ​ട​ക​വേ​ദി​യു​ടെ മു​ന്നി​ൽ​വ​ന്നു​നി​ന്ന് തൊണ്ട പൊട്ടി പാ​ടു​ന്ന അ​വ​താ​രകരുടെ കാ​ലം​മു​ത​ൽ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​ത്തി​ന് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്ന ഇ​ക്കാ​ലം​വ​രെ, അ​ദ്ദേ​ഹം വി​സ്മ​യ​ക​ര​മാ​യി ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. 95-ാം വ​യ​സി​ൽ മേ​രി​ക്കൊ​ണ്ടൊ​രു കു​ഞ്ഞാ​ട് എ​ന്ന സി​നി​മ​യി​ൽ ‘​എ​ന്‍റ​ടു​ക്ക​ൽ വ​ന്ന​ടു​ക്കും പെ​ന്പി​റ​ന്നോ​ളേ’ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ഗാ​നം എ​ത്ര അ​നാ​യാ​സ​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം പാ​ടി​യ​ത്. 104-ാമ​ത്തെ വ​യ​സി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ‘യേ ദു​നി​യാ കേ ​റ​ഹ്മാ​ൻ’ എ​ന്ന പാ​ട്ട് ഒ​രു യു​വ​ഗാ​യ​ക​നെ​പ്പോ​ലെ, അ​ണു​വി​ട തെ​റ്റാ​തെ ഹൈ ​പി​ച്ചി​ൽ അ​ദ്ദേ​ഹം ആ​ല​പി​ച്ച​ത് സ​ദ​സി​നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​ത​ന്നെ ചെ​യ്തു.

പാ​പ്പു​ക്കു​ട്ടി - പ​ഞ്ഞി​പോ​ലൊ​രു മ​നു​ഷ്യ​ൻ

107 വ​യ​സു​വ​രെ ഈ ​ക​ലാ​കാ​ര​ൻ ജീ​വി​ച്ചി​രു​ന്ന​ത് എ​ങ്ങ​നെ? ചി​ല ക​ലാ​കാ​രന്മാ​ർ​ക്കെ​ങ്കി​ലും ഉ​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്ന ദു​ശീ​ല​ങ്ങ​ളൊ​ന്നും ഭാ​ഗ​വ​ത​രു​ടെ പ​രി​സ​ര​ത്തു​പോ​ലും വ​ന്നി​രു​ന്നി​ല്ല. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​വ​ലി തു​ട​ങ്ങി​യ ദു​ശീ​ല​ങ്ങ​ളോ അ​ദ്ദേ​ഹ​ത്തെ തൊ​ട്ടു​തീ​ണ്ടി​യി​രു​ന്നി​ല്ല. രോ​ഗി​യാ​യി അ​ദ്ദേ​ഹം കി​ട​ന്നി​ട്ടേ​യി​ല്ല. ക​ഴി​ഞ്ഞ ജൂ​ണ്‍ 22-ന് ​ഉ​ച്ച​യ്ക്ക് ഉൗ​ണു​ക​ഴി​ഞ്ഞു കി​ട​ന്നു. നാ​ലു​മ​ണി​ക്ക് കാ​പ്പി​കു​ടി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ മ​രി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. കൊതിപ്പിക്കുന്ന മരണം എന്നാണ് മകൾ സെൽമ, തിരക്കഥാകൃത്ത് ജോൺ പോളിനെ വിളിച്ചു പറഞ്ഞത്. ഒ​രു ക​ലാ​കാ​ര​നു ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ഈ​ശ്വ​രാ​നു​ഗ്ര​ഹ​മാ​ണ് ശാ​ന്ത​മാ​യ മ​ര​ണം.

ഭാ​ര്യ ബേ​ബി 2017-ൽ ​മ​രി​ച്ചു. മ​ക്ക​ൾ സെ​ൽ​മ ജോ​ർ​ജ്, പ്ര​ശ​സ്ത സി​നി​മാ​താ​രം മോ​ഹ​ൻ ജോ​സ്, സാ​ബു ജോ​സ്. പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​നാ​യ കെ.​ജി. ജോ​ർ​ജാ​ണ് മ​രു​മ​ക​ൻ.

അ​ഭി​ന​യ​ത്തി​ലും സം​ഗീ​ത​ത്തി​ലും മാ​ത്ര​മ​ല്ല, വി​ശ്വാ​സ​ജീ​വി​ത​ത്തി​ലും സന്മാ​ർ​ഗ ജീ​വി​ത​ത്തി​ലും പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യ്ക്ക് ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. മ​ല​യാ​ള നാ​ട​ക​ന​ടന്മാ​രി​ൽ പ്ര​തി​ഭാ​ശാ​ലി​ക​ളി​ൽ ഒ​രാ​ളാ​യാ​ണ് എ​ന്‍റെ ജ്യേ​ഷ്ഠ​ൻ, അ​ന്ത​രി​ച്ച ശ്രീ​മൂ​ല​ന​ഗ​രം വിജയൻ ഉ​ൾ​പ്പെ​ടു​ന്ന ത​ല​മു​റ പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​രെ കാ​ണു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് പ​ര​കാ​യ പ്ര​വേ​ശം ന​ട​ത്താ​ൻ അ​പൂ​ർ​വ​സി​ദ്ധി ആ​ർ​ജി​ച്ചെ​ടു​ത്ത ന​ട​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രി​ക്ക​ൽ സം​ഭാ​ഷ​ണ​മ​ധ്യേ ഞാ​ൻ ചോ​ദി​ച്ചു: ഏ​തു നാ​ട​ക​മാ​ണ് ഇ​ന്നോ​ളം അ​ഭി​ന​യി​ച്ച​തി​ൽ ഏ​റ്റ​വും ഇ​ഷ്ടം. മ​റു​പ​ടി എ​ന്നെ അ​ദ്്ഭു​ത​പ്പെ​ടു​ത്തി.

‘​ഒ​രു ന​ട​നെ സം​ബ​ന്ധി​ച്ച് എ​ല്ലാ നാ​ട​ക​ത്തി​ൽ​നി​ന്നും എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​ഠി​ക്കാ​നു​ണ്ടാ​കും. അ​തു​കൊ​ണ്ട്, ഞാ​ന​ഭി​ന​യി​ച്ച എ​ല്ലാ നാ​ട​ക​ങ്ങ​ളും എ​നി​ക്കി​ഷ്ട​മാ​ണ്.’ മ​ല​യാ​ള നാ​ട​ക​വേ​ദി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ ഇ​വി​ടെ ഇ​തു​പോ​ലെ ഒ​രു അ​പൂ​ർ​വ ജന്മമു​ണ്ടാ​യി​രു​ന്നെ​ന്നും ആ ​ജന്മത്തെ പി​ന്തു​ട​ര​ണ​മെ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​മാ​ണ് എ​നി​ക്കു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ധ​ന്യ​സ്മ​ര​ണ​ക​ൾ​ക്കു മു​ന്പി​ൽ ക​ലാ​കേ​ര​ള​ത്തി​ന്‍റെ ഹൃ​ദ​യാ​ഞ്ജ​ലി.