കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങളുടെ കലവറയാണ്. ആമസോൺ വനങ്ങളുടെ 60 ശതമാനവും ബ്രസീലിലാണ്. 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും സ്ഥിതി ചെയ്യുന്നു. വെനിസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം, ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണ് ആമസോൺ വനങ്ങൾ സ്ഥിതി ചെയ്യുന്ന മറ്റു രാജ്യങ്ങൾ. നിരവധി ഗവേഷണങ്ങളും പഠനങ്ങളും ആമസോണിൽ നടക്കുന്നുണ്ട്. അടുത്തിടെ ഗവേഷകർ ആമസോണിൽ നടത്തിയ കണ്ടെത്തലുകൾ ആരെയും അദ്ഭുതപ്പെടുത്തുന്നതായി.
2,500 വർഷം പഴക്കമുള്ള പുരാനഗരങ്ങളുടെ അവശേഷിപ്പുകളാണ് ലേസർ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആമസോൺ മഴക്കാടുകളിൽ ഗവേഷകർ കണ്ടെത്തിയത്. കൃഷിയിടങ്ങളുടെയും റോഡുകളുടെയും സങ്കീർണമായ ശൃംഖലകളുള്ള, പൂർണമായ കണ്ടെത്തൽ ഈ മേഖലയിൽ ഏറ്റവും പഴക്കമേറിയതും വലുതുമാണ്. ഇക്വഡോറിലെ ഉപാനോ നദീതടത്തിലെ ആൻഡീസ് പർവതനിരകളുടെ കിഴക്കൻ താഴ്വരയിലാണ് പുരാനഗരശേഷിപ്പുകൾ. 20 വർഷത്തിലേറെ നീണ്ട ഗവേഷണമാണ് ഇക്വഡോർ സർക്കാരിന്റെ അനുമതിയോടെ താഴ് വരയിൽ നടന്നത്. ലിഡാർ (ലേസർ ഉപയോഗിച്ച് ലാൻഡ്സ്കേപ്പ് സർവേ ചെയ്യുന്ന റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് നഗരാവശിഷ്ടങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത്.
മൺ തറകൾ, കൃഷിയിടങ്ങൾ
താൻ ഈ സൈറ്റ് പലതവണ പര്യവേക്ഷണം ചെയ്തിട്ടുണ്ടെന്നും നഗരത്തിന്റെ കൂടുതൽ ഘടനകൾ ലേസർ ഇമേജിംഗിലൂടെ വെളിപ്പെടുമെന്ന് അറിയാമായിരുന്നെന്നും ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ച് (സിഎൻആർഎസ്) ഡയറക്ടർ, പുരാവസ്തു ഗവേഷകനായ സ്റ്റീഫൻ റോസ്റ്റെയ്ൻ പറഞ്ഞു. ഏകദേശം 300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സർവേ നടന്നത്. മനുഷ്യർ കൂട്ടമായി താമസിച്ചിരുന്ന ഭൂപ്രദേശമായിരുന്നു ഇതെന്നു വ്യക്തമായി. 6,000ലേറെ ചതുരാകൃതിയിലുള്ള മൺ തറകളും കൃഷിയിടങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
ആയിരം വർഷം വരെ ജനങ്ങൾ നഗരത്തിൽ താമസിച്ചെന്നാണു ഗവേഷകരുടെ അഭിപ്രായം. 15ലേറെ ജനവാസകേന്ദ്രങ്ങളെങ്കിലും ഉണ്ടായിരുന്നു. എത്ര ആളുകൾ അവിടെ താമസിച്ചിരുന്നുവെന്ന് കൃത്യമായി കണക്കാക്കാൻ പ്രയാസമാണ്. എങ്കിലും പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ താമസിച്ചിട്ടുണ്ടാകാമെന്നാണു കണക്കുകൂട്ടൽ. കണ്ടെത്തിയ സൈറ്റിന് അതിനുള്ള ശേഷിയുണ്ടായിരുന്നതായും ഗവേഷകർ പറയുന്നു. ജനവാസമേഖലകളെ വീതിയുള്ളതും നേരേയുള്ളതുമായ റോഡുകളുമായി ബന്ധിപ്പിച്ചിരുന്നു. സുഗമമായ സഞ്ചാരം സാധ്യമാക്കുന്ന വിധമായിരുന്നു റോഡുകളുടെ നിർമാണം.
അവരുടേതു സമൂഹജീവിതം
ആമസോണിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ സൈറ്റ് ആണിത്. കുടിലുകളിൽ നഗ്നരായി താമസിക്കുന്നവരാണ് ആമസോൺ നിവാസികളെന്നു കേൾക്കുന്പോൾ ചിലരുടെയെങ്കിലും ഓർമയിലെത്തുക. എന്നാൽ, ഇപ്പോൾ ലഭ്യമായ വിവരങ്ങൾ മനുഷ്യർ സമൂഹമായി ജീവിച്ചതിനെയും സൗകര്യമുള്ള ജീവിതനിലവാരത്തെയുമാണു സൂചിപ്പിക്കുന്നത്.
ആമസോൺ നിവാസികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾതന്നെ മാറ്റുന്നതാണ് ഇതെന്നു ഗവേഷകർ പറയുന്നു. ബിസി 500 മുതൽ ആളുകൾ ഇവിടെ താമസിച്ചിരുന്നതായാണു നിഗമനം. കിലമോപ്, ഉപാനോ സംസ്കാരങ്ങളിൽനിന്നുള്ളവരായിരിക്കാം താമസക്കാർ. വിവിധതരം ധാന്യങ്ങളും മധുരക്കിഴങ്ങുകളും ഇവർ കൃഷി ചെയ്തിരുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
പി.ടി. ബിനു