ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരുമിക്കുന്ന അപൂര്‍വമായ ബാന്‍ഡാണ് ശക്തി. അതിന്റെ ഭാഗമായിരുന്ന മാന്‍ഡലിന്‍ മാന്ത്രികന് യു. ശ്രീനിവാസ് കടന്നുപോയിട്ട് ഒമ്പതു വര്‍ഷങ്ങളായി. ശ്രീനിവാസിന്റെ മരണശേഷം ശക്തി ഏറെക്കാലം സംഗീതപരിപാടികള്‍ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശ്രീനിവാസിന്റെ ഓര്‍മദിനം..
ശ്രീനിവാസ് അല്ലാതെ മറ്റൊരു മാന്‍ഡലിന്‍ വാദകനെക്കുറിച്ചു ഞങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയില്ല- ജോണ്‍ മക്ലോഫ്ളിന്. അല്ലെങ്കിലും ആര്‍ക്കാണ് ചിന്തിക്കാന്‍ കഴിയുക!!
അറുപതുകളുടെ ഒടുക്കം. ബ്രിട്ടീഷുകാരനായ ഒരു ഗിറ്റാറിസ്റ്റും ഇന്ത്യക്കാരനായ ഒരു തബലിസ്റ്റും ന്യൂയോര്‍ക്കിലെത്തി. അവിടെ ഗ്രീന്‍വിച്ച് വില്ലേജിലുള്ള ഒരു മ്യൂസിക് ഷോപ്പ് ഉടമയാണ് ഇരുവരെയും പരിചയപ്പെടുത്തിയത്. ഗിറ്റാറിസ്റ്റിന് ഇന്ത്യന്‍ സംഗീതം അല്പംകൂടി പഠിക്കണമായിരുന്നു. തബലിസ്റ്റ് അതു പഠിപ്പിക്കാന്‍ ഒരുക്കവുമായിരുന്നു. ആദ്യ കണ്ടുമുട്ടലില്‍ത്തന്നെ ഇരുവര്‍ക്കുമിടയില്‍ ഒരാത്മബന്ധം ഉടലെടുത്തു.
ഏതാണ്ട് അമ്പത്തിനാലു വര്ഷങ്ങള്ക്കിപ്പുറമിരുന്ന് അന്നത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇരുവരുടെയും ഹൃദയങ്ങള്‍ ആഹ്ലാദംകൊണ്ടു നിറയുന്നു.
എനിക്കയാളോടു വളരെപ്പെട്ടെന്നുതന്നെ വലിയ സ്നേഹം തോന്നി. താമസിച്ചിരുന്നത് രണ്ടു കരകളിലായിരുന്നെങ്കിലും അടുപ്പത്തിന് ഒട്ടും അകലമുണ്ടായിരുന്നില്ല- ജോണ്‍ മക്ലോഫ്ളിന് പറയുന്നു. അതൊരു ആദ്യകൂടിക്കാഴ്ചയായിരുന്നു എന്നു തോന്നുന്നില്ല. ഏറെക്കാലംമുമ്പു വേര്‍പിരിഞ്ഞുപോയ സഹോദരന്മാരുടെ കൂടിച്ചേരലായിരുന്നു- ഉസ്താദ് സക്കീര്‍ ഹുസൈന്റെ ഓര്മ.
1972ല്‍ സരോദ് മാന്ത്രികന് ഉസ്താദ് അലി അക്ബര്‍ ഖാന്റെ കലിഫോര്‍ണിയയിലെ വസതിയില്‍വച്ചാണ് ഇരുവരും ആദ്യമായി ഒരുമിച്ചു സംഗീതപരിപാടിയില്‍ പങ്കെടുത്തത്. സക്കീര്‍ ഹുസൈന് അന്നു പ്രായം 21. മക്ലോഫ്ളിന് 30ഉം. രണ്ടുപേരും സ്വന്തം കഴിവുകളാല്‍ അന്നേ ആഘോഷിക്കപ്പെട്ടവരാണ്. ഇന്ത്യന്‍ സംഗീതത്താല്‍ പ്രചോദിതനായി മഹാവിഷ്ണു ഓര്‍ക്കസ്ട്ര എന്ന ജാസ് ഫ്യൂഷന്‍ ബാന്ഡിനുപോലും മക്ലോഫ്ളിന് തുടക്കമിട്ടിരുന്നു.
ശക്തിയുടെ പിറവി
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലും തത്വചിന്തയിലും ആകൃഷ്ടനായിരുന്ന മക്ലോഫ്ളിന് വീണാ വിദ്വാന് എസ്. രാമനാഥനു കീഴില്‍ അഭ്യസിച്ചിരുന്നു. അങ്ങനെയിരിക്കെ മൃദംഗ വാദകന്‍ രാംനാട് രാഘവനെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹമാണ് അന്നത്തെ യുവ വയലിനിസ്റ്റുകളില്‍ പ്രമുഖനായ എല്‍. ശങ്കര്‍, ഘടം വിദ്വാന് വിക്കു വിനായകറാം എന്നിവരെ പരിചയപ്പെടുത്തിയത്. ആ കൂട്ടത്തിലേക്കാണ് സക്കീര്‍ ഹുസൈന് എത്തുന്നത്. കൂട്ടുകെട്ട് ശക്തമായി. അങ്ങനെ ശക്തി എന്ന ഇന്‍ഡോ-ജാസ് ഫ്യൂഷന്‍ ബാന്‍ഡിനു തുടക്കമായി.
മഹാവിഷ്ണു ഓര്ക്കസ്ട്രയില്നിന്നു മക്ലോഫ്ളിന് പിന്തിരിഞ്ഞു നടന്നത് സംഗീതപ്രേമികളെയും റിക്കോര്‍ഡ് ലേബലുകളെയും സ്തബ്ധരാക്കിയിരുന്നു. എന്നാല്‍, ശക്തി എന്ന ലക്ഷ്യം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. (മക്ലോഫ്ളിനു മഹാവിഷ്ണു എന്ന വിളിപ്പേരുപോലും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം).
ആല്‍ബങ്ങളും ലോകമെമ്പാടുമായുള്ള ലൈവ് ഷോകളുമായി ശക്തി ആരാധകലക്ഷങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. എണ്‍പതുകളുടെ മധ്യത്തിലാണ് ശക്തി ലോകമെങ്ങും തരംഗമായത്. 84ല്‍ കോല്‍ക്കത്ത ഐടിഎഫ് പവലിയനില്‍ നടത്തിയ ലൈവ് ഷോ ഇന്നും ഓര്‍മിക്കുന്നുണ്ട് ആരാധകര്‍. അന്നു ശങ്കര്‍ വായിച്ച കെന്‍ പാര്‍ക്കര്‍ ഡബിള്‍ ബോ വയലിനിന്റെ ശബ്ദംപോലും ചിലര്‍ ഓര്‍ത്തുവച്ചിരിക്കുന്നു.
ശക്തി വിത് ജോണ്‍ മക്ലോഫ്ളിന്, എ ഹാന്‍ഡ്ഫുള്‍ ഓഫ് ബ്യൂട്ടി, നാച്വറല്‍ എലമെന്റ്സ് തുടങ്ങിയ ആല്‍ബങ്ങള്‍ സംഗീതപ്രേമികള്‍ ഇരുകൈകളുംനീട്ടി സ്വീകരിച്ചവയാണ്.
ബാന്‍ഡ് തുടങ്ങിയ കാലത്തെ അംഗങ്ങളില്‍ പിന്നീടു മാറ്റങ്ങള്‍ വന്നു. സംഗീതയാത്രകള്‍ക്ക് ഇടവേളകളുണ്ടായി. പലവിധ കാരണങ്ങളാല്‍ പലരും പോകുകയും ഒപ്പം ചേരുകയും ചെയ്തു. മക്ലോഫ്ളിനും സക്കീര്‍ ഹുസൈനും മാറ്റമില്ലാതെ തുടര്‍ന്നു.
ഒട്ടേറെ വര്‍ഷങ്ങളായി ഗായകന് ശങ്കര്‍ മഹാദേവന്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, ഗഞ്ചിറ വാദകനും വിക്കു വിനായകറാമിന്റെ മകനുമായ വി. ശെല്‍വഗണേഷ് എന്നിവര്‍കൂടി ബാന്‍ഡിന് ഒപ്പമുണ്ട്. (അമ്പതാം വാര്‍ഷികം പ്രമാണിച്ചുനടത്തിയ ഷോകളില്‍ വിക്കു വിനായകറാം പ്രത്യേക അതിഥിയായിരുന്നു).
ഇടക്കാലത്ത് ഡ്രമ്മര്‍ ത്രിലോക് ഗുര്‍തു, പുല്ലാങ്കുള് ഇതിഹാസം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, നോര്‍വീജിയന്‍ സാക്സഫോണിസ്റ്റ് യാന്‍ ഗര്ബരേക് തുടങ്ങിയ പ്രമുഖരുടെ സഹകരണവുമുണ്ടായി.
മാന്‍ഡലിന്റെ വരവ്
ബര്‍ലിന്‍ ജാസ് ഫെസ്റ്റിവലില്‍ മാന്‍ഡലിൻ യു. ശ്രീനിവാസും വിക്കു വിനായകറാമും ചേര്‍ന്ന് അവതരിപ്പിച്ച കച്ചേരിയുടെ വീഡിയോ കണ്ടതോടെയാണ് ശ്രീനിയെ ബാന്‍ഡില്‍ കൊണ്ടുവരണമെന്നു മക്ലോഫ്ളിന് തീരുമാനിച്ചത്. അങ്ങനെ 90കളുടെ ഒടുക്കം ശ്രീനിവാസ്, ശങ്കര്‍ മഹാദേവന്, ശെല്‍വഗണേഷ് എന്നിവര്‍ ശക്തിയുടെ ഭാഗമായി. പുതുക്കിയ കൂട്ടായ്മ റിമംബര്‍ ശക്തി എന്നു വിശേഷിപ്പിക്കപ്പെട്ടു. ശ്രീനിവാസ് എത്തിയശേഷമുള്ള കാലഘട്ടത്തെ തിളക്കമുള്ള ചരിത്രമെന്നാണ് മക്ലോഫ്ളിന് പറയുക പതിവ്.
2014ല്‍ ശ്രീനിവാസിന്റെ വിയോഗം ശക്തിക്കു കടുത്ത ആഘാതമായിരുന്നു. ശ്രീനിവാസിനൊപ്പം ചേര്‍ന്നു സംഗീതപരിപാടികള്‍ നടത്താനായത് എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവമാണ്. പതിന്നാലു വര്‍ഷം ഒരു കുടുംബം എന്നപോലെയായിരുന്നു ഞങ്ങള്‍. അദ്ദേഹമില്ലാതെ എങ്ങനെ ശക്തി മുന്നോട്ടുപോകുമെന്ന് അറിയില്ല. ശക്തിയുടെ ആത്മാവിനെപ്പോലെയായിരുന്നു അദ്ദേഹം- ശ്രീനിവാസിനെ ഓര്‍മിച്ച് അന്നു മക്ലോഫ്ളിന് പറഞ്ഞതിങ്ങനെയായിരുന്നു.
2020 വരെയുള്ള ആറു വര്‍ഷക്കാലം ശക്തി എല്ലാ പെര്‍ഫോര്‍മന്‍സുകളും നിര്‍ത്തിവച്ചിരുന്നു. പിന്നീടു പതിയെ സ്വരങ്ങള്‍ ഉണരുകയായിരുന്നു. ബാന്‍ഡിന്റെ അമ്പതാം വാര്‍ഷികവേളയില്‍, ശ്രീനിയുടെ ഓര്‍മനാളില്‍ കണ്ണീരിനും പുഞ്ചിരിക്കും സംഗീതം കൂട്ടുനില്ക്കട്ടെ...
ഹരിപ്രസാദ്