ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
Sunday, August 20, 2023 12:04 AM IST
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോട്ടയെപ്പറ്റി കേട്ടിട്ടുള്ളവരും അധികമുണ്ടാവില്ല. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലാണ് ഗാണ്ടിക്കോട്ട എന്ന ‘ഇന്ത്യയിലെ ഗ്രാൻഡ് കാന്യൻ’ സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ഗ്രാൻഡ് കാന്യനുമായുള്ള ഭൂസാദൃശ്യമാണ് ഗാണ്ടിക്കോട്ടയ്ക്ക് ഈ പേര് നേടിക്കൊടുത്തത്.
വളരെ സമൃദ്ധമായൊരു ചരിത്രം അവകാശപ്പെടാനുണ്ട് ഈ പ്രദേശത്തിന്. പതിമൂന്നാം നൂറ്റാണ്ടിൽ ഈ മേഖലയിലെ പ്രമുഖ രാജവംശമായിരുന്ന പെമ്മസാനി നായ്ക്കുകളുടെ തലസ്ഥാനമായിരുന്നു ഗാണ്ടിക്കോട്ട. അവരുടെ പ്രതാപകാലം കഴിഞ്ഞതോടെ പ്രദേശം വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിലായി.
തുടർന്ന് ഗോല്ക്കോണ്ടയിലെ കുത്തുബ്ഷാഹി രാജവംശവും പ്രദേശം അടക്കിഭരിച്ചു. കാകതീയ രാജവംശത്തിന്റെ കാലഘട്ടത്തിലും പ്രധാന കേന്ദ്രമായി ഗാണ്ടിക്കോട്ട തിളങ്ങിനിന്നു. പ്രദേശത്തിന്റെ പ്രൗഢകാലത്തിന്റെ വിളംബരമായി ചില നിർമിതികൾ ഇവിടെ അവശേഷിക്കുന്നുണ്ട്. ഗാണ്ടിക്കോട്ട ഫോർട്ട്, ജാമിയ മസ്ജിദ്, രംഗനാഥസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഇതിൽത്തന്നെ ഏറ്റവും ആകർഷകം ഗാണ്ടിക്കോട്ട തന്നെ. വിസ്മയകരമായ ഗിരികന്ദരത്തിന്റെ മേൽത്തട്ടിലായാണ് പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ അദ്ഭുതനിർമിതി സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള മനോഹരമായ ഭൂപ്രദേശ ദൃശ്യങ്ങളുടെ ശ്വാസമടക്കിപ്പിടിച്ചുള്ള കാഴ്ചയൊരുക്കിയാണ് കോട്ട ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രങ്ങളും മോസ്കുകളും ധാന്യപ്പുരകളും ഉൾപ്പെടെ നിർമിതികളും കാണാൻ സാധിക്കും.
പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച രംഗനാഥസ്വാമി ക്ഷേത്രം ഗാണ്ടിക്കോട്ടയിലെ മറ്റൊരു ആകർഷണമാണ്. മഹാവിഷ്ണുവിനായി സമർപ്പിക്കപ്പെട്ട ക്ഷേത്രം അറിയപ്പെടുന്നത് വിശിഷ്ടമായ വാസ്തുവിദ്യയുടെയും അതിസങ്കീർണമായ കൊത്തുപണികളുടെയും പേരിലാണ്.
പ്രകൃതിസ്നേഹികളെ ഒരിക്കലും നിരാശപ്പെടുത്താത്ത പ്രദേശം കൂടിയാണ് ഗാണ്ടിക്കോട്ട ഗിരികന്ദരം. പ്രകൃതിയുടെ കൈയ്യൊപ്പ് പതിഞ്ഞ ഈ അദ്ഭുത പ്രദേശത്തെത്തുന്നവരെ കാത്തിരിക്കുന്നത് കിലോമീറ്ററുകൾ നീളുന്ന മലമടക്കുകളും മുനന്പുകളും വളഞ്ഞു പുളഞ്ഞൊഴുകുന്ന നദികളും ഹരിതാഭ വനങ്ങളുമാണ്.
മലകളാലും വനപ്രദേശങ്ങളാലും ചുറ്റപ്പെട്ട ഗാണ്ടിക്കോട്ട ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമിയാണ്. നൈറ്റ് ക്യാന്പുകൾ ആസ്വദിക്കാനെത്തുന്നവരും നിരവധി. പക്ഷിനിരീക്ഷണം ലക്ഷ്യമാക്കി എത്തുന്നവരുമുണ്ട്. പരുന്തും കഴുകനും ഉൾപ്പെടെ അനവധി ഇനങ്ങളിലുള്ള പക്ഷികളുടെ ആവാസസ്ഥലം കൂടിയാണിവിടം. പ്രദേശത്തെ പരിചയപ്പെടുത്തുന്ന ടൂർ പാക്കേജുകളും ഇവിടെയുണ്ട്.
ഇതൊക്കെയാണെങ്കിലും പ്രേതകഥകളുടെ ഒരു കേന്ദ്രംകൂടിയാണ് ഗാണ്ടിക്കോട്ട. കോട്ടയ്ക്കുള്ളിലെ ധാന്യപ്പുരയെ ഒരു പ്രേതാലയമായാണ് പ്രദേശവാസികൾ കരുതിപ്പോരുന്നത്. നൂറ്റാണ്ടുകൾക്കു മുന്പ് നടന്ന ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു സൈനികന്റെ പ്രേതം ധാന്യപ്പുരയിൽ ഉണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. ഇവിടെയെത്തിയ പലരും ധാന്യപ്പുരയിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ കേട്ടതായും പ്രേതസാന്നിധ്യം അനുഭവപ്പെട്ടതായും കഥകളുണ്ട്.
രംഗനാഥസ്വാമി ക്ഷേത്രമാണ് പ്രേതസാന്നിധ്യത്യമുള്ളതായി പറയപ്പെടുന്ന അടുത്ത സ്ഥലം. നൂറ്റാണ്ടുകൾക്കു മുന്പ് ഇവിടെ പൂജ ചെയ്തിരുന്ന ഒരു പൂജാരിയുടെ പ്രേതം ക്ഷേത്രത്തിൽ ചുറ്റിത്തിരിയുന്നതായാണ് വിശ്വാസം. പ്രേതാനുഭവമുണ്ടായതായി പല സന്ദർശകരും വെളിപ്പെടുത്തിയിട്ടുമുണ്ട്.
രാത്രിയിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന പ്രേതാരൂപിയാണ് ഇന്നാട്ടുകാരുടെ മറ്റൊരു പേടിസ്വപ്നം. യുദ്ധത്തിൽ മരിച്ച പട്ടാളക്കാരന്റെ ആത്മാവാണ് ഈ കുതിരക്കാരൻ എന്ന് ചില പ്രദേശവാസികൾ വിശ്വസിക്കുന്പോൾ പ്രദേശത്തെ നാടോടിക്കഥയുമായി ചേർത്തു വായിക്കാനാണ് മറ്റുള്ളവർ ശ്രമിക്കുന്നത്. ഇവിടെ പ്രേതസാന്നിധ്യം ഉള്ളതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെന്നിരിക്കെയും ഇത്തരം കഥകൾ ഗാണ്ടിക്കോട്ടയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നുണ്ടെന്നതൊരു വസ്തുതയാണ്.
ഹൈദരാബാദിൽ നിന്ന് 275 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഗാണ്ടിക്കോട്ടയിലേക്ക് ബംഗളുരുവിൽനിന്ന് എൻഎച്ച് 44ലൂടെ റോഡ് മാർഗം എത്തിച്ചേരാൻ സാധിക്കും. 26 കിലോമീറ്റർ അകലെയാണ് മുദ്ദാനുരു റെയിൽവേ സ്റ്റേഷൻ. ഒക്ടോബറിനും ഫെബ്രുവരിയ്ക്കും ഇടയ്ക്കുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്.
അജിത് ജി. നായർ