ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
Sunday, August 6, 2023 1:08 AM IST
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിംബങ്ങളാണുള്ളത്.
എത്തും പിടിയും കിട്ടാത്ത ഒട്ടേറെ വിസ്മയങ്ങൾ ഈ ഭൂമിയിലുണ്ട്. ഇംഗ്ലണ്ടിലെ സ്റ്റോണ് ഹെഞ്ച്, ചിലിയിലെ ഈസ്റ്റർദ്വീപിലെ പ്രതിമകൾ തുടങ്ങിയവ ഇന്നും നമുക്ക് പിടിതരാതെ നിലകൊള്ളുകയാണ്.
ഇത്തരത്തിൽ നിഗൂഢതയേറിയ ഒരു പ്രദേശമാണ് ത്രിപുരയിലെ ഉനാകോടി. വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിംബങ്ങളാണുള്ളത്. ഇവ പണികഴിപ്പിച്ചതാര് എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ ഉത്തരമില്ല.
ത്രിപുരയിലെ രഘുനാഥൻ മലനിരകളിലെ ഒരു മലയിലാണ് ഈ ശിൽപങ്ങൾ കൊത്തിവച്ചിരിക്കുന്നത്. ഒരു കോടിക്ക് ഒന്ന് കുറവ് എന്നാണ് ‘ഉനാകോടി’ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. അതായത് തൊണ്ണൂറ്റൊന്പതു ലക്ഷത്തി തൊണ്ണൂറ്റൊന്പതിനായിരത്തി തൊള്ളായിരത്തിത്തൊണ്ണൂറ്റൊന്പത് ശിൽപങ്ങൾ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്.
പാറകളിൽ കൊത്തിയെടുക്കപ്പെട്ടതും ശിലകൾക്കു മുകളിൽ വരച്ചു ചേർക്കപ്പെട്ടതുമായ അനേകം ദൈവികരൂപങ്ങൾ ഇവിടെ കാണാൻ കഴിയും.
ഏഴാം നൂറ്റാണ്ടു മുതൽ ഒന്പതാം നൂറ്റാണ്ടുവരെ ഒരു ശൈവ തീർഥാടന കേന്ദ്രമായിരുന്ന ഈ പ്രദേശം ബംഗാളിലെ പാല സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ബുദ്ധമത സാമിപ്യവും ഈ പ്രദേശത്ത് ഉണ്ടായിരുന്നിരിക്കാമെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ഈ അദ്ഭുതനിർമിതികളുടെ പിന്നിലെ കഥ അൽപം പൗരാണികമാണ്. ഹിന്ദു ഐതിഹ്യപ്രകാരം പരമശിവനും തന്റെ ഭൂതഗണങ്ങളുംകൂടി കാശിയിലേക്ക് പോകുംവഴി രാത്രി ഈ പ്രദേശത്ത് തങ്ങിയെന്നാണ് വിശ്വാസം.
ഒപ്പമുണ്ടായിരുന്ന ഭൂതഗണങ്ങളോട്, സൂര്യോദയത്തിനു മുന്പുതന്നെ ഉറക്കമുണർന്ന് കാശിയിലേക്ക് യാത്ര തുടരണമെന്ന് രാത്രിയിൽതന്നെ പരമശിവൻ ചട്ടംകെട്ടി. എന്നാൽ പിറ്റേന്ന് പുലർന്നപ്പോൾ പരമശിവനൊഴികെ ആരുംതന്നെ ഉറക്കം എഴുന്നേറ്റില്ല, ഇതോടെ കോപാകുലനായ ശിവൻ എല്ലാവരും ശിലകളായി ഭവിക്കട്ടെ എന്ന് ശപിച്ചശേഷം കാശി യാത്ര തുടർന്നുവെന്നും അങ്ങനെയാണ് ഇവിടെ ഒരു കോടിക്ക് ഒന്നു മാത്രം കുറവ് ശിൽപങ്ങൾ രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം.
ഈ ശിൽപങ്ങളുടെ ആവിർഭാവത്തെപ്പറ്റി ഗോത്രവർഗക്കാരായ പ്രദേശവാസികൾക്കിടയിൽ പ്രചരിക്കുന്നത് മറ്റൊരു കഥയാണ്. കല്ലുകുമാർ എന്ന ശിൽപ്പിയാണ് കഥയിലെ നായകൻ. പാർവതീദേവിയുടെ കടുത്ത ഭക്തനായിരുന്ന കല്ലു ശിവ-പാർവതിമാരുടെ കൈലാസയാത്രയിൽ അവരെ അനുഗമിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. പാർവതിയുടെ അഭ്യർഥനപ്രകാരം ഈ ആവശ്യം അംഗീകരിച്ച പരമശിവൻ ഒരു നിബന്ധനയും കല്ലുവിനു മുന്പിൽവച്ചു. ഒറ്റ രാത്രിക്കുള്ളിൽ ഒരു കോടി ശിവബിംബങ്ങൾ തീർക്കുകയാണെങ്കിൽ കല്ലുവിന്റെ മോഹം സഫലീകരിക്കാം എന്നായിരുന്നു വാഗ്ദാനം.
തന്റെ എല്ലാ കഴിവുകളും പുറത്തെടുത്ത കല്ലു കഠിനാധ്വാനം ചെയ്തെങ്കിലും പ്രഭാതത്തിലെ ആദ്യ കിരണമെത്തുന്പോൾ ഒരു കോടിയ്ക്ക് കേവലം ഒരു ശിൽപത്തിന്റെ അകലത്തിൽ മാത്രമായിരുന്നു കല്ലു. ഒരു കോടി തികയ്ക്കാഞ്ഞതിനാൽ, ഈ കാരണം പറഞ്ഞ് ശിവൻ കല്ലുവിനെയും ശിൽപ്പങ്ങളെയും ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്തുവെന്നാണ് കഥ.
സുന്ദരമായ വനത്തിനു നടുവിലാണെന്നതാണ് പ്രദേശത്തിന്റെ പ്രധാന പ്രത്യേകത. വനപ്രദേശത്തിന്റെ പച്ചപ്പ് ഈ ശിൽപ്പങ്ങളെ കൂടുതൽ ജീവസുറ്റതാക്കുന്നു. മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ ഉനാകോടിയുടെ മാറ്റുകൂട്ടുന്നു. പാറയിൽ കൊത്തിയെടുത്ത ശിൽപ്പങ്ങൾ, ശിലകളിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ എന്നിങ്ങനെ ഉനാകോടിയിലെ വിസ്മയക്കാഴ്ചകളെ രണ്ടായി തരംതിരിക്കാം.
പാറതുരന്ന് പണികഴിപ്പിച്ച ബിംബങ്ങളിൽ പ്രഥമഗണനീയം പരമശിവന്റെ ഉജ്ജ്വലമായ മുഖരൂപവും ഗണപതിയുടെ ഭീമാകാരബിംബവുമാണ്. ‘ഉനോകോടീശ്വര കാല ഭൈരവൻ’ എന്നറിയപ്പെടുന്ന ശിവമുഖ ബിംബത്തിന് ഏകദേശം 30 അടി ഉയരമുണ്ട്. ബിംബത്തിന്റെ ശിരോവസ്ത്രംപോലെ കാണപ്പെടുന്ന ഭാഗം കൊത്തുപണികളാൽ സന്പന്നമാണ്. ഇതിനുമാത്രം 10 അടി ഉയരം വരും.
ശിരോവസ്ത്രത്തിന്റെ ഇരുവശത്തും ഓരോ സ്ത്രീകളുടെ പൂർണകായ രൂപം കാണാം. ഒരു വശത്ത് സിംഹത്തിനുമേൽ ഉപവിഷ്ടയായിരിക്കുന്ന ദുർഗയും മറുവശത്ത് മറ്റൊരു സ്ത്രീരൂപവുമാണ്. ഇതുകൂടാതെ നന്ദിയുടെ മൂന്നു ഭീമാകാരരൂപങ്ങളും പാതി മണ്ണിൽ പുതഞ്ഞ രീതിയിൽ കാണാം.
കാലങ്ങളോളം ഉപേക്ഷിക്കപ്പെട്ടു കിടന്നതിനാൽ മഹത്തായ ഈ ശിലാവിസ്മയം തകർച്ചയെ അഭിമുഖീകരിക്കുകയാണുണ്ടായത്. വലിയൊരു ശതമാനം ശിലകളും നാശോന്മുഖമാകുകയോ മണ്ണിനടിയിൽ മറയുകയോ ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇത് ഒരു പൈതൃകപ്രദേശമായി ഏറ്റെടുത്തതോടെയാണ് പ്രദേശത്തിന് ശാപമോക്ഷം ലഭിക്കുന്നത്. അടുത്തിടെ കേന്ദ്രസർക്കാർ പ്രദേശത്തിന്റെ വികസനത്തിനായി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2022 ഡിസംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഉനാകോടി ഇടംനേടി.
ത്രിപുര തലസ്ഥാനമായ അഗർത്തലയ്ക്ക് 178 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ഉനാകോടി. 19.6 കിലോമീറ്റർ അകലെയുള്ള ധർമനഗറാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഏപ്രിൽ മാസത്തിൽ അശോകാഷ്ടമിമേള എന്നൊരു ഉത്സവം ഉനാകോടിയിൽ നടക്കാറുണ്ട്. ആയിരക്കണക്കിന് പേരാണ് ആ വേളയിൽ ഇവിടെ തീർഥാടകരായി എത്തുന്നത്.
അജിത് ജി. നായർ