ഓർമയിൽ തിക്കുറിശി
Sunday, June 18, 2023 4:20 AM IST
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാടകകൃത്ത്, നടൻ, നർമലേഖകൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ സകലകലാ വല്ലഭനായിരുന്നു അദ്ദേഹം.
1965ൽ എന്റെ ‘ഭൂമിയിലെ മാലാഖ’ ചലച്ചിത്രമാക്കിയപ്പോൾ അതിൽ വാറുണ്ണി മുതലാളിയുടെ ഭാഗം അഭിനയിച്ചതു തിക്കുറിശിയാണ്. അന്നുമുതലുള്ള പരിചയം ഞങ്ങൾ നിലനിർത്തിപ്പോന്നു. തിരുവനന്തപുരം ജവഹർനഗറിലെ തിക്കുറിശിയുടെ വസതിയിൽ രണ്ടുമൂന്നു തവണ പോയപ്പോഴും അദ്ദേഹവും സഹധർമ്മിണി സുലോചനയും എന്നെ സ്നേഹപൂർവം സ്വീകരിച്ചിട്ടുണ്ട്.
ഒടുവിൽ പോയത് 1995 സെപ്റ്റംബറിൽ. നാടകമല്ലാത്ത എന്റെ കൃതിയായ ‘നാടകത്തിന്റെ കാണാപ്പുറങ്ങളു’ടെ കൈയെഴുത്ത് പ്രതിയുമായിട്ടാണു പോയത്. അതിന് ഒരവതാരിക വേണമെന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ആശ്ചര്യത്തോടെ എന്നെ നോക്കി. തുടർന്നൊരു ചോദ്യം. ‘ഒട്ടനവധി നാടകങ്ങളെഴുതിയിട്ടുള്ള ജോസിന് ഇനിയെന്തിന് ഒരവതാരിക?’ ഉള്ളടക്കത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘ശരി. ഈ ആഗ്രഹം എനിക്കുള്ള ബഹുമതിയായി ഞാൻ കരുതുന്നു.’
ഒരു മാസത്തിനുള്ളിൽ അവതാരിക എഴുതുക മാത്രമല്ല, അന്ത്യത്തിൽ ആശംസോപഹാരമായി ഒരു കവിതകൂടി കുറിച്ചുതന്നു. അന്ന് അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ആ വേളയിൽ ഞാൻ അദ്ദേഹത്തിന്റെ ഏക മകള് കനകശ്രീയെക്കുറിച്ചും അവളുടെ കവിതകളെക്കുറിച്ചും പറയുകയുണ്ടായി. 1988-ൽ ഇരുപത്തൊന്പതാം വയസിൽ ഭർത്താവിനെയും രണ്ടു പെണ്കുഞ്ഞുങ്ങളെയും അനാഥരാക്കിക്കൊണ്ട് ഒരു മോട്ടോർ ബൈക്ക് അപകടത്തിൽ മരണമടഞ്ഞ കനകശ്രീയുടെ രാത്രി എന്ന കവിതയിലെ രണ്ടു വരികൾ ഞാൻ ചൊല്ലി.
‘സന്ധ്യേ, സൂര്യനും നീയും സംഗമിച്ചുണ്ടാകുന്ന
സന്തതി രാത്രിയെന്തേ കറുത്തുപോകാൻ ബന്ധം?’
അകമഴിഞ്ഞ ആനന്ദത്തോടെ ഞാനിതേപ്പറ്റി പറഞ്ഞപ്പോൾ തിക്കുറിശിയുടെ നയനങ്ങൾ നീരണിയുന്നതു കണ്ടു. അല്പം അകലെയിരുന്ന സുലോചനയും കണ്ണുകൾ തുടയ്ക്കുന്നു. കനകശ്രീയെക്കുറിച്ചു ഒന്നും പറയേണ്ടിയിരുന്നില്ലെന്നു തോന്നി. തിക്കുറിശി കണ്ഠമിടറി പറഞ്ഞു: ‘എന്റെ മകൾ ഇതുപോലെ അനവധി കവിതകൾ എഴുതിയിട്ടുണ്ട്. ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല. എന്നെ കാണിച്ചിരുന്നുമില്ല. മരണാനന്തരം കുറേ നാളുകൾക്കുശേഷം അവളുടെ മേശ പരിശോധിച്ചപ്പോൾ കുത്തിക്കുറിച്ച കുറേ കടലാസുകൾ കണ്ടു. ഡയറി എഴുതിയതായിരിക്കുമെന്ന് ആദ്യം തോന്നി. പിന്നെയാണു മനസിലായത് അവയെല്ലാം കവിതകളാണെന്ന്’.
തിക്കുറിശി അവയെല്ലാമെടുത്ത് ആത്മസുഹൃത്ത് പി. ഭാസ്കരനെ ഏല്പിച്ചു. അദ്ദേഹത്തിന്റെ അവതാരികയോടെ നൂറ്റിമുപ്പത്തൊന്നു കവിതകളുടെ ഒരു സമാഹാരം ‘കനകശ്രീ കവിതകൾ’ എന്ന പേരിൽ നാഷണൽ ബുക്സ് പ്രസിദ്ധപ്പെടുത്തി. ഞങ്ങൾ സംസാരിച്ചപ്പോൾ മകളെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിവന്നില്ല അദ്ദേഹത്തിന്.
വിപുലമായ ഒരു ഗ്രന്ഥശേഖരമുണ്ട് തിക്കുറിശിക്ക്. മഹാകാവ്യങ്ങൾ, മതഗ്രന്ഥങ്ങൾ, ജീവചരിത്രങ്ങൾ, ഇതിഹാസങ്ങൾ, വിജ്ഞാനകോശങ്ങൾ, ആത്മകഥകൾ, നിരൂപണങ്ങൾ, നോവലുകൾ, നാടകങ്ങൾ, കവിതകൾ എന്നിങ്ങനെ ഗ്രന്ഥങ്ങൾ തരംതിരിച്ചും തലക്കെട്ടു കൊടുത്തും അടുക്കിലും ചിട്ടയിലും ഷെൽഫുകളിൽ വച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ‘എനിക്കെവിടെ നേരം? എല്ലാം മോളു ചെയ്തുവച്ചു പോയതാണ്.’
ലൈബ്രറിയുടെ മധ്യത്തിലായി അദ്ദേഹത്തിനു ലഭിച്ച നൂറുകണക്കിന് അവാർഡുകൾ നിരത്തിവച്ചിരിക്കുന്നു. ഒരു പുരുഷായുസിൽ ഇത്രയേറെ അവാർഡുകൾ ഒരാൾക്കു ലഭിക്കുമോ? അതിശയത്തോടെ ഞാനവയെല്ലാം നോക്കിക്കൊണ്ടു നിന്നു. ‘ഇതെല്ലാം ഏല്പിച്ചു പോകാൻ എനിക്കൊരവകാശിയില്ലാതെ പോയല്ലോ. എന്റെ മോളുണ്ടായിരുന്നെങ്കിൽ...’
മടങ്ങിപ്പോരാൻ നേരം തിക്കുറിശിക്കവിതകൾ, കനകശ്രീ കവിതകൾ എന്നീ പുസ്തകങ്ങൾ അദ്ദേഹം സമ്മാനമായി ഒപ്പിട്ടു തന്നു. കലാസാഹിത്യലോകത്തു സ്വന്തമായൊരു ചരിത്രം കുറിക്കുകയും എഴുന്നൂറോളം ചിത്രങ്ങളിലഭിനയിക്കുകയും ചെയ്ത അജയ്യനും അതുല്യനുമാണ് തിക്കുറിശി. ആ സർഗശക്തൻ 1997 മാർച്ച് 11ന് 81-ാം വയസിൽ അന്തരിച്ചു. അദ്ദേഹത്തിനു മരണമുണ്ടോ? ഇല്ലെന്നാണ് അദ്ദേഹംതന്നെ പ്രാസഭംഗിയോടെ രചിച്ച ‘ഞാൻ മരിക്കുകില്ല’ എന്ന കവിത വിളിച്ചോതുന്നത്.
‘ഞാൻ മരിക്കുകയില്ല, എനിക്കു മൃതിയില്ലാ
ഞാൻ മാത്രം മരിക്കുകയില്ലെന്നത്രതേ സത്യം.
പുരാണ ചരിത്രേതിഹാസങ്ങളൊന്നും തന്നെ
മരണം സ്പർശിക്കാത്ത മർത്യരെക്കാണിച്ചീല.
ഉണ്ടെങ്കിലീ ലോകത്തിൻ കോണിലെങ്ങാനും കണ്ണു-
കൊണ്ടു കാണുവാനില്ല: ശുദ്ധമേ കള്ളം കള്ളം
പന്തയം കെട്ടുന്നു ഞാനീക്കർമപ്രപഞ്ചത്തി-
നന്തിമയാമംവരെ ജീവിക്കും ജീവിക്കും ഞാൻ’.
സി.എൽ. ജോസ്