വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്. ഉപഗ്രഹങ്ങളിൽനിന്നു സിഗ്നലുകൾ സ്വീകരിച്ച് മൃഗങ്ങളുടെ സ്ഥാനം നിശ്ചയിച്ചശേഷം നിരീക്ഷകർക്ക് അയച്ചു നല്കാൻ കഴിയുന്ന ബെൽറ്റ് (റേഡിയോ കോളർ) ഘടിപ്പിച്ചാണ് ഇതു സാധ്യമാക്കുന്നത്. അരിക്കൊന്പനെപ്പോലെ പ്രശ്നകാരികളായ മൃഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ച് മുന്നറിയിപ്പു നല്കാൻ കോളർ സംവിധാനം ഏറെ ഫലപ്രദമാണ്.
കരയിലും വെള്ളത്തിലും ആകാശത്തിലുമുള്ള ജീവികളെ റേഡിയോ കോളർ സംവിധാനത്തിലൂടെ നിരീക്ഷിക്കാം. പതിവ് ആവാസവ്യവസ്ഥയിൽനിന്നു മാറ്റിപ്പാർപ്പിക്കുന്ന മൃഗങ്ങളുടെ നീക്കങ്ങൾ അറിയാനായി വനംവകുപ്പ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. പരിസ്ഥിതിസംരക്ഷകരും ഗവേഷകരും മൃഗങ്ങളെക്കുറിച്ചുള്ള പഠനത്തിനായും റേഡിയോ കോളർ സംവിധാനത്തെ ആശ്രയിക്കുന്നു. നായകൾ, കന്നുകാലികൾ തുടങ്ങി വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്.
അമേരിക്കയിലെ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) എന്ന ‘വഴികാട്ടി സാങ്കേതികവിദ്യ’യുടെ സഹായത്തോടെയാണ് റേഡിയോ കോളർ പ്രവർത്തിക്കുന്നത്. മൃഗങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന കോളറുകൾക്ക് ജിപിഎസ് ഉപഗ്രങ്ങളിൽനിന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് രേഖപ്പെടുത്തിവയ്ക്കാൻ കഴിയും. മൃഗങ്ങളുടെ കൃത്യമായ സ്ഥാനം (ലൊക്കേഷൻ ഡേറ്റ) ഇങ്ങനെയാണു കിട്ടുന്നത്. കോളറിലുള്ള മൊബൈൽ നെറ്റ്വർക്ക്, റേഡിയോ, സാറ്റലൈറ്റ് മോഡം എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ലോക്കേഷൻ ഡേറ്റ നിരീക്ഷകരുടെ കന്പ്യൂട്ടറുകളിലേക്ക് അയയ്ക്കുന്നു. മാപ്പിലോ ചാർട്ടിലോ ഡേറ്റ സന്നിവേശിപ്പിക്കുന്പോൾ മൃഗങ്ങളുടെ കൃത്യമായ സ്ഥാനം ലഭിക്കുന്നു. ശല്യക്കാരായ മൃഗങ്ങൾ ജനവാസമേഖലയോട് അടുത്താണെങ്കിൽ എഎസ്എംസിലൂടെ മുന്നറിയിപ്പു നല്കാനുള്ള സൗകര്യവും പ്രയോജനപ്പെടുത്താം.
മൊബൈൽ നെറ്റ് വർക്കുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ജിഎസ്എം (സെല്ലുലാർ) റേഡിയോ കോളറും ഉപഗ്രഹങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് റേഡിയോ കോളറുമുണ്ട്. വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാൻ അനുയോജ്യം ജിഎസ്എം കോളറാണ്. എന്നാൽ മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്ത് ജിഎസ്എം റേഡിയോ കോളർ പ്രവർത്തിക്കില്ല. സാറ്റലൈറ്റ് റേഡിയോ കോളർ ഉൾക്കാടുകളിലെ നിരീക്ഷണത്തിന് ഏറ്റവും ഫലപ്രദമാണ്.
ആനകളെയും കടുവകളെയുമൊക്കെ മയക്കുവെടിവച്ച് പിടിച്ചശേഷം കോളർ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെയും തലയുടെയും വലിപ്പമൊക്കെ പരിഗണിച്ച് മിക്കവാറും കഴുത്തിലായിരിക്കും ധരിപ്പിക്കുന്നത്. ചിലപ്പോൾ കാലുകളിലും ധരിപ്പിക്കും. കോളർ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പശവച്ച് ഒട്ടിക്കുന്ന രീതിയുമുണ്ട്. പക്ഷികളിലും മുതലകളിലുമൊക്കെ ഇതു ചെയ്യും. പറക്കാനും നീന്താനുമുള്ള കഴിവിനെ ബാധിക്കാത്ത രീതിയിലായിരിക്കുമിത്. കാണ്ടാമൃഗത്തിൻറെ കാര്യത്തിൽ അതിന്റെ കൊന്പു തുളച്ച് ഘടിപ്പിക്കുന്ന രീതിയുമുണ്ട്. നിശ്ചിത കാലം കഴിഞ്ഞാൽ ശരീരത്തിൽനിന്നു വേർപെട്ടുപോകുന്ന രീതിയിലും സംവിധാനങ്ങൾ ഘടിപ്പിക്കാറുണ്ട്.
ജിപിഎസ് ട്രാക്കിംഗ് സംവിധാനം നിശ്ചിത ഇടവേളകളിൽ മാത്രമായിരിക്കും മൃഗങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുക. റേഡിയോ കോളറിലെ ബാറ്ററിയുടെ ആയുസ് ഇങ്ങനെ വർധിപ്പിക്കാം. ബാറ്ററി പത്തു വർഷം വരെ നിലനിൽക്കും.
റേഡിയോ കോളർ ധരിപ്പിക്കുന്നതുമൂലം മൃഗങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകുന്നില്ലെന്നാണ് അനുമാനം. അമേരിക്കയിൽ ആനകളിൽ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. റേഡിയോ കോളർ ധരിപ്പിച്ച സമയത്തും ധരിപ്പിക്കാത്ത സമയത്തും അവയുടെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ കണ്ടെത്താനായില്ല. കുരങ്ങൻമാരിൽ നടത്തിയ മറ്റൊരു പഠനത്തിൽ റേഡിയോ കോളർ കഴുത്തിൽ മുറിവുണ്ടാക്കുന്നതായി കണ്ടെത്തി.
സുരേഷ് വർഗീസ്