പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന്ത്യയുടെതന്നെ പൗരാണികതയുടെ തിലകക്കുറിയായ ഉത്തർപാര ജയകൃഷ്ണ പബ്ലിക് ലൈബ്രറിയാണത്. നെടുനീളൻ തൂണുകളും കൊത്തുപണികളും വരാന്തകളുമൊക്കെയുള്ള ഗ്രന്ഥശാല രാജ്യത്തെതന്നെ ആദ്യത്തെ സൗജന്യ പുസ്തക വിതരണശാലയാണ്. 229 ഗ്രാന്റ് ട്രങ്ക് റോഡ് എന്ന വിലാസമുള്ള കെട്ടിടം അക്ഷരങ്ങളുടെയും ചരിത്രത്തിന്റെയും അക്ഷയഖനിയാണ്.
1859 ഏപ്രിൽ 15നാണ് ഉത്തർപാര ജയകൃഷ്ണ പബ്ലിക് ലൈബ്രറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. ജനങ്ങൾക്ക് മികച്ച വായനാ സൗകര്യം ഒരുക്കുകയെന്നതായിരുന്നു സ്ഥാപകനായിരുന്ന ജയകൃഷ്ണ മുഖർജിയുടെ ലക്ഷ്യം. ഉത്തർപാര പബ്ലിക് ലൈബ്രറി എന്നായിരുന്നു ആദ്യ പേര്. ഈശ്വർ ചന്ദ്ര വിദ്യാസാഗറിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ജയകൃഷ്ണ മുഖർജി ലൈബ്രറി ആംരംഭിക്കാൻ ഇറങ്ങിത്തിരിച്ചത്. അതിനു മുൻപ് പ്രദേശത്ത് അദ്ദേഹം നിരവധി സ്കൂളുകളും ആരംഭിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാൾ നവോത്ഥാനത്തിന്റെ പ്രതീകമായി ഇന്നും തലയെടുപ്പോടെ ഈ ലൈബ്രറി നിൽക്കുന്നു.
1856 ലാണ് ലൈബ്രറിയുടെ നിർമാണം ആരംഭിക്കുന്നത്. അന്ന് കെട്ടിടത്തിനും ചുറ്റുമുള്ള ഉദ്യാനത്തിനുമായി 85,000 രൂപയായിരുന്നു ചെലവായത്. 1850ലെ ലണ്ടൻ പബ്ലിക് ലൈബ്രറി നിയമത്തെ പിൻപറ്റിയും ദ്വാരകാനാഥ് ടാഗോറിന്റെ നിർദേശങ്ങൾ അനുസരിച്ചുമായിരുന്നു ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇംഗ്ലീഷിനു പുറമെ ഇന്ത്യൻ ഭാഷാ വൈവിധ്യത്തിന്റെ അക്ഷയഖനിയെന്നാണ് സർ വില്യം ഹണ്ടർ ഈ ഗ്രന്ഥശാലയെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഉത്തർപാര പബ്ലിക് ലൈബ്രറിയിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റവ. ജയിംസ് ലോംഹ് ബംഗാളി പത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സൂചകംതന്നെ തയാറാക്കിയത്. 1866 ൽ പണ്ഡിറ്റ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ ബ്രിട്ടീഷ് വിദ്യാഭ്യാസവിദഗ്ധ മേരി കാർപെന്ററുമൊത്ത് ലൈബ്രറി സന്ദർശിച്ചിരുന്നു. ഇന്നിവിടെ എത്തുന്നവർക്ക് തങ്ങൾക്ക് മുൻപ് ഇവിടം സന്ദർശിച്ച വിശിഷ്ട വ്യക്തികളുടെ പേരുകൾ മുൻവശത്ത് എഴുതിവച്ചിരിക്കുന്നത് കാണാം. സർ എഡ്വിൻ ആർനോൾഡ്, ഡഫ്റിൻ മാർക്വിസ്, സുരേന്ദ്രനാഥ് ബാനർജി, ബിപിൻ പാൽ, കേശബ് സെൻ ഇങ്ങനെ പോകുന്നു സന്ദർശകരുടെ പേരുകൾ.
പ്രമുഖ കവി മൈക്കൽ മധുസൂദൻ ദത്ത രണ്ടു തവണ ഈ ലൈബ്രറി വസതിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിൽനിന്നു മടങ്ങിയെത്തിയ അദ്ദേഹത്തിന് ലൈബ്രറിയിൽ താമസമൊരുക്കാൻ ഈശ്വർചന്ദ്ര വിദ്യാസാഗറാണ് നിർദേശം നൽകിയത്. 1869ലും 1873ലുമായാണ് മൈക്കൽ ദത്ത ഇവിടെ താമസിച്ചത്. അദ്ദേഹം അന്നു താമസിച്ചിരുന്ന മുറി ഒരു മൈക്രോ മ്യൂസിയമാക്കി ലൈബ്രറി മന്ദിരത്തിനുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്. അരബിന്ദോ ജയിൽ മോചിതനായശേഷം ആദ്യമായി പൊതുസമൂഹത്തെ അഭിസംബോധന ചെയ്തത് ഈ ലൈബ്രറിയുടെ പുൽത്തകിടിയിൽ വച്ചായിരുന്നു. 1909ൽ ആ പ്രസംഗം കേൾക്കാൻ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
നിലവിൽ 55,000 കൃതികളുടെ ശേഖരം ലൈബ്രറിയിലുണ്ട്. പഴയകാല മാസികകളുടെയും പത്രങ്ങളുടെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും ശേഖരം വേറെയുമുണ്ട്. ആദ്യ ബംഗാളി മാസികയായിരുന്ന ദിക്ദർശന്റെ ലഭ്യമായ ഏക പ്രതി സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പിന്നിട്ട മൂന്നു നൂറ്റാണ്ടുകളിൽ അച്ചടിച്ച പുസ്തകങ്ങളുടെ ശേഖരവുമുണ്ട്്. ഉത്തർപാര പബ്ലിക് ലൈബ്രറിയുടെ കാറ്റലോഗ് ലണ്ടനിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയേക്കാൾ വിശാലമാണെന്നാണ് ഈ രംഗത്തുള്ളവർ വിലയിരുത്തിയിട്ടുള്ളത്.
വില്യം കാരി, ജോണ് ക്ലാർക്ക്, മാർഷ്മാൻ, വാൾട്ടർ വാൽഷ്, നഥാനിയേൽ ബ്രാസി, ഹാൽഹാഡേ, രാജാ റാം മോഹൻ റോയ്, മോഹൻപ്രസാദ് ടാഗോർ തുടങ്ങിയ പ്രമുഖരുടെ മറ്റൊരിടത്തും ലഭ്യമല്ലാത്ത കൃതികളും ഇവിടെയുണ്ട്. ബൈബിളിന്റെ സംസ്കൃത പരിഭാഷ, മാക്സ് മുള്ളറുടെ കത്തുകൾ, പഴയകാല സർക്കാർ റിപ്പോർട്ടുകൾ, ചാർട്ടറുകൾ, ഉടന്പടികൾ, രഹസ്യരേഖകൾ തുടങ്ങിയവയും സൂക്ഷിക്കുന്നു.
1964ൽ ലൈബ്രറിയുടെ നടത്തിപ്പു ചുമതല പശ്ചിമബംഗാൾ സർക്കാർ ഏറ്റെടുത്തു. ഇതിനോട് ചേർന്നുണ്ടായിരുന്ന ഒരു സെമീന്ദാറുടെ ബംഗ്ലാവുകൂടി ലൈബ്രറിയോട് കൂട്ടിച്ചേർത്ത് റീഡിംഗ് റൂമാക്കി. ഈ വിജ്ഞാനപ്പുരയുടെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് കുട്ടികൾക്കു മാത്രമായി ഒരു ലൈബ്രറിയും സർക്കാർ സ്ഥാപിച്ചിരുന്നു. ഹൂഗ്ലി ജില്ലാ ലൈബ്രറി ഓഫീസർ ഇന്ദ്രജിത്ത് പാൻ ആണ് ഉത്തർപാര പബ്ലിക് ലൈബ്രറിയുടെ ഇപ്പോഴത്തെ ലൈബ്രറേറിയൻ ഇൻ ചാർജ്. പ്രതിദിന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ലൈബ്രറേറിയൻ അർപിത ചക്രവർത്തിയാണ്. വായനക്കാർക്കും വിദ്യാർഥികൾക്കുമായി സൗജന്യ വൈഫൈ സൗകര്യവും ശീതീകരിച്ച മുറികളും ഒരുക്കിയിട്ടുണ്ട്.
ലൈബ്രറിയുടെ സ്ഥാപകൻ ജയകൃഷ്ണ മുഖർജിയായിരുന്നു പ്രദേശത്ത് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വ്യക്തി. അദ്ദേഹം ഉർദുവിലും പാണ്ഡിത്യം നേടി. 1840 ൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും ഒരുമിച്ചിരുന്നു പഠിക്കാൻവേണ്ടി അദ്ദേഹം തത്വബോധിനി പാഠശാല ആരംഭിച്ചു. ഭൂവുടമയായിരുന്ന മുഖർജി റോഡുകളും പാലങ്ങളും ആരോഗ്യ കേന്ദ്രങ്ങളും നിർമിക്കുന്നതിനും മുൻകൈ എടുത്തിരുന്നു.
1854 ൽ ഉത്തർപാരയിൽ ഒരു ലൈബ്രറി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ബുർദ്വാൻ ഡിവിഷണൽ കമ്മീഷണർക്ക് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. പിന്നീട് സ്വന്തം നിലയിൽ ലൈബ്രറി സ്ഥാപിക്കുകയായിരുന്നു. 1888ൽ അദ്ദേഹം അന്തരിച്ചശേഷം മക്കൾ ലൈബ്രറി നോക്കി നടത്തി. ഉത്തർപാര ലൈബ്രറിയുടെ പുസ്തകപ്രൗഢിയെക്കുറിച്ച് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽവരെ വിശദമായ പരാമർശമുണ്ട്.
സെബി മാത്യു