ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
Sunday, January 22, 2023 1:49 AM IST
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്കണക്കിന് ആരാധകരെ! ഒന്നുണ്ട്., ക്ഷണനേരംകൊണ്ട് വൈറലായി പിന്നീടു കാണാതാകുന്ന സോഷ്യൽമീഡിയ താരങ്ങളല്ല ഇവർ. ചെറുപ്രായത്തിൽതന്നെ പ്രതിഭ ഇവർക്കു കൂട്ടായുണ്ട്...
രണ്ടര ദശലക്ഷത്തിലേറെ വ്യൂസ് നേടിയ ഒരു പാട്ടുവീഡിയോ. ഒരു കുഞ്ഞു ഗാനമേള എന്ന തലക്കെട്ടോടെ വന്ന വീഡിയോയിൽ കുരുന്നുകളായ ചേട്ടനും അനിയത്തിയുമാണ് സ്റ്റേജിലുള്ളത്. ശ്രുതിയോ താളമോ വരികളോ തരിപോലും തെറ്റാതെ സിൽ സിൽ സിൽ സില്ലല എന്ന തമിഴ് പാട്ടു പാടുകയാണ് ഇരുവരും. വീഡിയോയ്ക്കു താഴെ വന്ന കമന്റുകളിൽ ചിലതു കാണാം:
ഞാനൊക്കെ ഈ പ്രായത്തിൽ മര്യാദയ്ക്കു സംസാരിക്കാൻ പഠിച്ചിരുന്നോ എന്നറിയില്ല. അപ്പൊ ട്രാക്ക് ഒപ്പിച്ചു പാടിയ ആ കുട്ടി!!,പേടിച്ച മുഖത്തോടെ നിന്ന് ഒരു വരിപോലും നോക്കാതെ.. ട്രാക്ക് തെറ്റാതെ പാടുന്ന ആ മോളുണ്ടല്ലോ... അവൾ ആണെന്റെ ഹീറോ...
ഈ വീഡിയോ എത്രതവണ കണ്ടു എന്നറിയില്ല. രണ്ടുപേരും സൂപ്പർ ആയി പാടിയിട്ടുണ്ട്..
രണ്ടിനേം എടുത്തോണ്ട് വീട്ടിൽ കൊണ്ടുപോകാൻ തോന്നുന്നു. എന്നിട്ട് കൊതിയാകുന്പോ ഇങ്ങനെ പാടിപ്പിക്കും. മോൻ ഭാവിയിലെ താരമാണ്.. മോളും ഉഷാർ...
ഒരു ചാനലിൽ മാത്രം ഈവിധം പതിനൊന്നായിരം കമന്റുകൾ. 18,000 ഷെയറുകൾ! ഇതൊക്കെ കണ്ട് ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ കോഴിക്കോട്ട് ഇരിപ്പുണ്ട് ചേട്ടനും അനിയത്തിയും- നിച്ചു എന്ന നിവേദ്കൃഷ്ണ, ലച്ചു എന്ന നവമിലക്ഷ്മി. കഴിഞ്ഞ ഡിസംബറിൽ നടന്ന കുടുംബസംഗമത്തിനു പാടിയ പാട്ടാണ് അക്ഷരാർഥത്തിൽ ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നത്.
പാട്ടു പിച്ചവച്ചനാൾ
കോഴിക്കോട് കുരുവട്ടൂർ സ്വദേശി പ്രവീണ്‍ രാജിന്റെയും ദ്യുതിയുടെയും മക്കളാണ് നിവേദും നവമിയും. നിവേദ് അഞ്ചാംവയസിൽ പാട്ടുമൂളിത്തുടങ്ങി. ചേട്ടന്റെ പാട്ടുകേട്ട് നവമി രണ്ടാം വയസിലും! മ്യൂസിക് പ്ലെയറിൽ പാട്ടുകൾ കേൾപ്പിച്ചാൽ കൂടെപ്പാടുമായിരുന്നു കുഞ്ഞു ലച്ചു.
അവൾക്ക് രണ്ടര വയസുള്ളപ്പോഴാണ് ഇരുവരും ചേർന്ന് മലരേ മൗനമാ എന്ന പ്രശസ്തമായ പാട്ടുപാടി പ്രവീണിന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. അന്നുതന്നെ ആസ്വാദകർ ഈ സഹോദരങ്ങളിലെ പ്രതിഭ തിരിച്ചറിഞ്ഞു. പതിനായിരക്കണക്കിനുപേരാണ് പാട്ടുകേട്ട് അഭിപ്രായങ്ങൾ അറിയിച്ചത്.
തുടർന്ന് നിവേദ് പാട്ടുകളുമായി മുന്നോട്ടുപോയെങ്കിലും നവമിയെ പാടാനൊന്നും കിട്ടില്ലായിരുന്നു. കഷ്ടിച്ച് ആറുമാസമേ ആയുള്ളൂ അവൾ വീണ്ടും പാടിത്തുടങ്ങിയിട്ട്. പഞ്ചപാവത്തെപ്പോലെ നിന്ന് കിറുകൃത്യം പിച്ചിൽ പാടുന്നു എന്നതാണ് നവമിയുടെ ഏറ്റവും വലിയ പ്രത്യേകത. ശ്രോതാക്കൾ ഏറെ ശ്രദ്ധിച്ചതും അതുതന്നെ.
നിവേദ് മൂന്നു വർഷമായി ശാസ്ത്രീയ സംഗിതം അഭ്യസിക്കുന്നു. കോഴിക്കോടുള്ള ഹരിശ്രീ മനോജ് ആണ് ഗുരു. അമ്മ ദ്യുതിയുടെ കുടുംബംവഴി സംഗീതപാരന്പര്യം ലഭിച്ചിട്ടുണ്ട് ഇരുവർക്കും. ദ്യുതിയും അച്ഛനും സഹോദരനും പാടും. അച്ഛൻ പി.കെ. ബാലൻ ഒട്ടേറെ പാട്ടുകൾക്ക് ഈണമൊരുക്കിയിട്ടുണ്ട്.
എറണാകുളം വാഴക്കുളത്തു നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ മലയാളം ലളിതഗാനത്തിന് നിവേദ് ഒന്നാംസ്ഥാനം നേടിയിരുന്നു.
ടോം ആൻഡ് ജെറി സ്റ്റൈൽ
വീട്ടിൽ കളികൾക്കിടെ അടികൂടുമെങ്കിലും പാട്ടിന്റെ കാര്യംവന്നാൽ ചേട്ടനും അനിയത്തിയും ഒന്നാണെന്ന് അച്ഛൻ പ്രവീണ്‍ രാജ് പറയുന്നു. പാട്ടുപാടാൻ അനിയത്തിക്ക് ഏറ്റവും വലിയ പ്രോത്സാഹനം നിവേദ് തന്നെയാണ്. മടിപിടിച്ചാൽ നിർബന്ധിച്ചു പാടിക്കാനും ശ്രുതി ശുദ്ധമാക്കാനും സഹായിക്കും.
കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ഇരുവരുടെയും പഠനം. സ്കൂൾ അധ്യാപകരും സഹപാഠികളും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ബംഗളൂരുവിൽ ടിസിഎസ് ഉദ്യോഗസ്ഥനാണ് അച്ഛൻ പ്രവീണ്‍ രാജ്. അമ്മ ദ്യുതി അധ്യാപികയാണ്. ഇരുവരുടെയും കുടുംബങ്ങൾ കുട്ടികളുടെ പാട്ടിന് ഒപ്പംനിൽക്കുന്നു.
പാട്ടുകാരൻ റൊണാൾഡോ!
പാട്ടിലാണ് ജീവനെങ്കിലും നിവേദിനെ പാട്ടിലാക്കുന്നത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഫുട്ബോൾ പാഷനാണ് നിവേദിന്. ഇന്ത്യയ്ക്കു വേണ്ടി ഫുട്ബോൾ കളിക്കണം, ഭാവിയിൽ ബാലെൻ ഡി ഓർ പുരസ്കാരം നേടണം.. ഇങ്ങനെ പോകുന്നു നിവേദിന്റെ സ്വപ്നങ്ങൾ. ചേട്ടൻ റൊണാൾഡോയെപ്പോലെ ആകുന്നെങ്കിൽ താനും അതുപോലെയാവുമെന്നാണ് നവമിയുടെ സ്റ്റാൻഡ്. അത്യാവശ്യം പടംവരയുമുണ്ട് നവമിക്ക്.
ചെറിയ സ്കിറ്റുകൾ ഒരുക്കലും പൂന്തോട്ട നിർമാണവുമാണ് ഇരുവരുടെയും ഹോബി. നാടകത്തിൽ അഭിനയിക്കാനും നിവേദിന് ഇഷ്ടം.
പാട്ടിനെക്കുറിച്ചു ചോദിക്കാൻ വിളിച്ചപ്പോൾ കൊച്ചിയിൽ സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കാത്തുനിൽക്കുകയായിരുന്നു ചേട്ടനും അനിയത്തിയും. ഇവരിൽ പാട്ടിന്റെ പൂക്കാലം ഭദ്രം.
ഹരിപ്രസാദ്