“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, അക്കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടെന്നാണ് പ്രദ്ന്യ പറയുന്നത്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇന്ത്യ ചീറ്റപ്പുലികളുടെ സ്വന്തം നാടാണെന്നു തിരിച്ചറിയാം.’’
അക്ബർ ചക്രവർത്തിയുടെ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലേറെ ചീറ്റപ്പുലികൾ ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് രാജാക്കൻമാരുടെ വേട്ടക്കന്പം കൂടിയതോടെ ഭൂമിയിലെ ഏറ്റവും വേഗമുള്ള മൃഗം വംശനാശത്തിലേക്ക് നിപതിക്കുകയും ചെയ്തു.
യുദ്ധക്കൊതി തീരാത്ത ഭരണാധികാരികൾ വേട്ടയാടി നശിപ്പിച്ചത് രാജ്യത്തെ ചീറ്റപ്പുലികളുടെ വംശപരന്പരകളെക്കൂടിയായിരുന്നു. ഒടുവിൽ 1947ൽ മധ്യപ്രദേശിലെ മഹാരാജാ സുർഗുജ ഇന്ത്യയിലെ അവസാനത്തെ രണ്ടു ചീറ്റപ്പുലികളെക്കൂടി വെടിവെച്ചു വീഴ്ത്തി രാജ്യത്ത് ആ വംശത്തിന്റെ അന്ത്യം കുറിച്ചു.
വിശപ്പിനുവേണ്ടിയല്ലാതെ വേട്ടയാടുന്ന മനുഷ്യന്റെ ക്രൂരവിനോദം രാജ്യത്തിന്റെ ഭൂപടത്തിൽ നിന്നുതന്നെ ഒരു വംശത്തെ മായ്ച്ചുകളഞ്ഞതിന്റെ കറുത്ത ചരിത്രം കൂടിയായിരുന്നു അത്.
കഴിഞ്ഞ സെപ്റ്റംബർ പതിനേഴിനാണ് കുനോ ദേശീയ ഉദ്യാനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനത്തിൽ എട്ടു ചീറ്റപ്പുലികളെ എത്തിച്ചത്. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ പ്രധാനമന്ത്രി നേരിട്ടു സ്വീകരിക്കുകയും ചെയ്തു.
മോദി സ്വീകരിച്ചു എന്നതുകൊണ്ടു മാത്രമല്ല, പല തരത്തിൽ അതൊരു ചരിത്ര വരവായിരുന്നു. ലോകത്തിൽതന്നെ ആദ്യമായി മാംസഭുക്കായ ഒരു ജീവിവർഗത്തിന്റെ പുനരധിവാസമോ സ്ഥലംമാറ്റമോ ഒക്കെയായിരുന്നു അത്. ഈ സംഭവത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച വിസ്മരിക്കാനാവാത്ത ഒരു പേരാണ് പ്രദ്ന്യ ഗിരാദ്കറുടേത്.
വൈൽഡ് ലൈഫ് കണ്സർവേഷൻ ആന്റ് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ സ്ഥാപകയാണിവർ. 1952ൽ പ്രഖ്യാപിച്ച പ്രൊജക്ട് ചീറ്റ പദ്ധതി സാക്ഷാത്കരിക്കപ്പെട്ടത് എഴുപത് വർഷത്തിന് ശേഷമാണെങ്കിൽ അതിനു പിന്നിൽ ഈ വനിതയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ട്.
മുംബൈയിലെ കെ.ജെ. സോമയ്യ കോളജിൽ സുവോളജി ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡി ഗവേഷകയായിരിക്കുന്പോഴാണ് പ്രാദ്ന്യ വൈൽഡ് ലൈഫ് പ്രത്യേക വിഷയമായി പഠിക്കുന്നത്. പ്രാദ്ന്യയുടെ ഗവേഷണ വിഷയം തന്നെ ടൈഗർ കണ്സർവേഷൻ ആയിരുന്നു.
പഠനത്തിന്റെ ഭാഗമായി കടുവകളുടെ പാതകളും കാൽപ്പാടുകളും പിൻതുടർന്നു കണ്ടുപിടിക്കുന്നതിൽ മിടുക്കിയായിരുന്ന അവരെ പ്രഫസർമാർ പെണ്കടുവയെന്നാണ് കളിയാക്കി വിളിച്ചിരുന്നത്. തഡോബ നാഷണൽ പാർക്കിലായിരുന്നു അക്കാലത്ത് അവർ പഠനവും ഗവേഷണവും നടത്തിയിരുന്നത്.
ചീറ്റ കണ്സർവേഷൻ ഫണ്ടിൽ (സിസിഎഫ്) പരിശീലനം നേടിയ ആദ്യ ഇന്ത്യക്കാരിയാണ് പ്രാദ്ന്യ. ചീറ്റകളുടെ സംരക്ഷണത്തിനുവേണ്ടി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. 2011ലാണ് സിസിഎഫിന്റെ ഭാഗമായി പ്രാദ്ന്യ നമീബിയയിൽ എത്തുന്നത്.
സിസിഎഫിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ലൗറി മാർക്കർക്കൊപ്പമായിരുന്നു പരിശീലനം. അഞ്ചു ഡസനോളം ചീറ്റപ്പുലികൾക്കൊപ്പം നീണ്ട ദിവസങ്ങൾ ചെലവഴിച്ചാണ് പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ പതിമൂന്നു വർഷമായി ഇന്ത്യയുടെ ചീറ്റ റീ ലൊക്കേഷൻ പദ്ധതിയുടെ ഉപദേശകയും ഡോ. ലൗറി മാർക്കർ ആയിരുന്നു.
2009 മുതൽ പ്രൊജക്ട് ചീറ്റയുമായി ഡോ. ലൗറി സഹകരിച്ചു പ്രവർത്തിക്കുന്നു. വിവിധ ശാസ്ത്രജ്ഞരെ ഏകോപിപ്പിക്കുന്നതിലും ചീറ്റകളെ പാർപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലും ഇവർ നിർണായക പങ്കു വഹിച്ചു. അങ്ങനെയാണ് നമീബിയയിൽ നിന്നെത്തുന്ന ചീറ്റകളെ പാർപ്പിക്കാൻ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് തെരഞ്ഞെടുക്കുന്നത്.
ഇന്ത്യയുടെ കാടകങ്ങളിലേക്ക് ചീറ്റയുടെ തിരിച്ചു വരവിനു മുന്നിൽ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒരുവേള പരാതിയെത്തുടർന്ന് സുപ്രീംകോടതി തന്നെ പ്രോജക്ട് ചീറ്റ സ്റ്റേ ചെയ്തു. വിദേശത്തു നിന്നെത്തുന്ന ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിലെ മറ്റു ജീവി വർഗങ്ങളുടെ ആവാസ, പ്രത്യുത്പാദന വ്യവസ്ഥകളെ തകിടം മറിക്കുമെന്നായിരുന്നു പരാതി. മാത്രമല്ല, ഏഷ്യൻ ചീറ്റകളിൽ നിന്ന് ഒട്ടേറെ വ്യത്യസ്തതകളുള്ള ആഫ്രിക്കൻ ചീറ്റകൾ ഇവിടുത്തെ കാലാവസ്ഥയെയും മറ്റും അതിജീവിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊരു നിയമക്കുരുക്കിൽ ചീറ്റകളുടെ വരവ് കുടുങ്ങിക്കിടക്കുന്പോഴാണ് പ്രദ്ന്യ നമീബിയയിലെ പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തുന്നത്. ഇന്ത്യയിലെ കാലാവസ്ഥയോട് ആഫ്രിക്കൻ ചീറ്റകൾ അതിവേഗം ഇണങ്ങിച്ചേരുമെന്നുറപ്പുണ്ടായിരുന്ന പ്രദ്ന്യക്ക് പക്ഷേ, അക്കാര്യം കോടതിയിൽ തെളിയിക്കുകയെന്ന ചുമതല കൂടിയുണ്ടായിരുന്നു.
അതിനായി മറ്റു വൈൽഡ് ലൈഫ് വിദഗ്ധർക്കൊപ്പം അവർ തെളിവുകൾ ശേഖരിക്കാൻ ആരംഭിച്ചു. അതോടൊപ്പം റഷ്യൻ ജെനറ്റിസിസ്റ്റ് ഡോ. സ്റ്റീഫൻ ഒബ്രിയന്റെ സാക്ഷ്യപത്രവും അവർക്കു ലഭിച്ചു. പ്രദ്ന്യക്ക് അയച്ച കത്തിൽ ഇന്ത്യൻ ചീറ്റകളും ആഫ്രിക്കൻ ചീറ്റകളും തമ്മിൽ സുപ്രധാനമായ വ്യത്യാസങ്ങളുണ്ടെന്നത് അവഗണിക്കാൻ കഴിയില്ലെന്ന കാര്യം ഡോ. സ്റ്റീഫൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇരലഭ്യതയും മെച്ചപ്പെട്ട ആവാസവ്യവസ്ഥയും ഒരുക്കിയാൽ അവ ഇന്ത്യൻ കാലാവസ്ഥയുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഇത്രയും ആയതോടെ പ്രദ്ന്യയും ഒപ്പം മറ്റു വൈൽഡ് ലൈഫ് വിദഗ്ധരും ചേർന്ന് സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകി. അതോടെ 2020ൽ ആഫ്രിക്കയിൽ നിന്നു ചീറ്റകളെ കൊണ്ടുവരാൻ സുപ്രീംകോടതി അനുമതി നൽകി.
ഡോ. സ്റ്റീഫൻ ഒബ്രിയന്റെ കത്തുതന്നെയായിരുന്നു ഇക്കാര്യത്തിൽ നിർണായകമായത്. ചീറ്റപ്പുലി എന്ന വന്യജീവി ഒരിക്കൽ കൂടി ഇന്ത്യയുടെ ഭാഗമായതിൽ ഡോ. ലൗറി മാർക്കർക്കുള്ള പങ്കും നിർണായകമാണെന്ന് പ്രദ്ന്യ പറയുന്നു.
ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, അക്കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടെന്നാണ് പ്രദ്ന്യ പറയുന്നത്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇന്ത്യ ചീറ്റപ്പുലികളുടെ സ്വന്തം നാടാണെന്നു തിരിച്ചറിയാം.
അവയുടെ അതിജീവനം അപകടത്തിലാക്കിയത് ഇവിടുത്തെ മനുഷ്യർ തന്നെയാണെന്നും പ്രദ്ന്യ പറയുന്നു. വന്യമൃഗങ്ങളുടെ സ്വഭാവരീതികളെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചും ആഴത്തിൽ പഠിച്ചിട്ടുള്ള ഇവർ പറയുന്നത് ചീറ്റകളും കടുവകളും എളുപ്പത്തിൽ കൂട്ടുകാരായി മാറുമെന്നും അവർക്ക് ഒരേ ഭാഷയിൽ സംവദിക്കാൻ കഴിയുമെന്നുമാണ്.
വന്യമൃഗങ്ങളും മനുഷ്യരും പരസ്പരം അപകടകാരികൾ ആകുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിൽ പ്രദ്ന്യ ഇപ്പോൾ വ്യാപൃതയാണ്. വനത്തോടുചേർന്നുള്ള ഇന്ത്യൻ ഗ്രാമങ്ങളിൽ കയറിയിറങ്ങി അവർ അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
വന്യജീവികളിൽ നിന്നു കന്നുകാലികളെ രക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അവർ ആദിവാസി, ഗോത്രവർഗ വിഭാഗങ്ങൾക്കിടയിലും ബോധവത്കരണം നടത്തുന്നു. മനുഷ്യനും മൃഗങ്ങൾക്കും പരിക്കില്ലാത്ത പരിഹാര മാർഗങ്ങളാണ് അവർ പകർന്നുകൊടുക്കുന്നതും വീണ്ടും തേടിക്കൊണ്ടിരിക്കുന്നതും.
ഇന്ത്യയിലെ മിക്ക വനപ്രദേശങ്ങളും മാവോയിസ്റ്റുകളുടെ അധീനതയിലാണ്. അതുകൊണ്ടു തന്നെ തുകലിനും നഖത്തിനും പല്ലിനും വേണ്ടി ഇവയെ കൊല്ലാൻ അവർ ആദിവാസികളെ പ്രേരിപ്പിക്കുന്നു. മാവോയിസ്റ്റുകൾ ഇതിനെ ഒരു വരുമാന മാർഗമായി മാറ്റിക്കഴിഞ്ഞുവെന്നും പ്രദ്ന്യ വിമർശിക്കുന്നു.
ആദിവാസികൾക്ക് ഖാദി ഗ്രാം ഉദ്യോഗിലൂടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റിലൂടെയും മറ്റ് ജീവനമാർഗം കണ്ടെത്താനും പ്രാദ്ന്യ പരിശീലനം നൽകുന്നുണ്ട്.
നാഗ്പൂരിലെ ഗിരാദ്കർ വാദയിൽ വനാതിർത്തിയോടു ചേർന്നായിരുന്നു പ്രദ്ന്യ ജനിച്ചു വളർന്ന വീടും. അച്ഛൻ ഗോപാലറാവു തികഞ്ഞ പ്രകൃതി സംരക്ഷകനും. പ്രദ്ന്യ ബയോ കെമിസ്ട്രിയിൽ എംഫിൽ പൂർത്തിയാക്കിയ ശേഷം ടൈഗർ കണ്സർവേഷനിൽ പിച്ച്ഡിയും ചെയ്തു.
വന്യജീവി സംരക്ഷണത്തിനായി ഉറച്ചു നിൽക്കണമെന്നുണ്ടെങ്കിൽ അതിന്റെ നിയമവശങ്ങൾ കൂടി അറിഞ്ഞിരിക്കണമല്ലോ. അതിനായി നാഗ്പൂരിലെ എൻവയോണ്മെന്റൽ ആൻഡ് ഇന്റർനാഷണൽ ലോ യൂണിവേഴ്സിറ്റിയിൽനിന്ന് നിയമ ബിരുദവും നേടി.
പ്രദ്ന്യയ്ക്ക് 2017ൽ യുണൈറ്റഡ് നേഷൻസ് എൻവയോണ്മെന്റ് പ്രോഗ്രാമിന്റെ ഇക്കോ-ഹീറോ അവാർഡും ലഭിച്ചു. കൂടാതെ ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്സർവേഷൻ ഓഫ് നേച്ചറിന്റെ ആഗോള പുരസ്കാരം, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ വൈൽഡ് ലൈഫ് കണ്സർവേഷൻ റിസർച്ച് യൂണിറ്റിന്റെ ഫെലോഷിപ്പ്, എഡിൻബർഗ് യൂണിവേഴ്സിറ്റിയുടെ ബ്രിട്ടീഷ് കൗണ്സിൽ സ്കോളർഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.
സെബി മാത്യു