ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേഹം 1970കളിലാണ് പ്രശസ്തിയിലേക്കുയർന്നത്. 1981ൽ അദ്ദേഹം രചിച്ച് ഡയാന റോസ് എന്ന പ്രശസത ഗായികയുമൊത്തു പാടിയ ’എൻഡ്ലസ് ലവ്’ എന്ന ഗാനം എക്കാലത്തെയും ഏറ്റവും പ്രശസ്തിയിലേക്കുയർന്ന ഇരുപതു ഗാനങ്ങളിലൊന്നാണ്.
1983ൽ അദ്ദേഹം പുറത്തിറക്കിയ കറന്റ് സ്ലോ ഡൗണ് എന്ന ആൽബത്തിന്റെ രണ്ടു കോടിയിലേറെ കോപ്പികളാണ് ലോകവ്യാപകമായി വിറ്റഴിക്കപ്പെട്ടത്. 1985ൽ മൈക്കിൾ ജാക്സണുമായി സഹകരിച്ചു രചിച്ച ’വി ആർ ദ വേൾഡ്’ എന്ന ഗാനത്തിന്റെ ആൽബവും വില്പനയിൽ രണ്ടു കോടി മറികടന്നിരുന്നു. നാല് ഗ്രാമി അവാർഡുകളും "സേ യു, സേ മീ' എന്ന ഗാനത്തിന് അക്കാഡമി അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ വിവിധ ആൽബങ്ങളുടെ പത്തു കോടിയിലേറെ കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
റിച്ചിയുടെ ആരാധകരെ ഒട്ടേറെ ആകർഷിച്ച ഗാനമാണ് "ഓൾ റൈറ്റ് ലോംഗ്.' ആ ഗാനത്തിൽനിന്നുള്ള ചില ഈരടികൾ ഇവിടെ പകർത്തട്ടെ. "വരൂ, ചേർന്ന് പാടൂ, ആഘോഷിക്കൂ രാത്രി മുഴുവനും, രാത്രി മുഴുവനും. ഗാനം തുടർന്നു കേൾക്കട്ടെ... അതു നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കട്ടെ, ആത്മാവിനെ ആനന്ദിപ്പിക്കട്ടെ...വരൂ, ആനന്ദനൃത്തമാടൂ. അതുവഴിയായി എല്ലാവരും അവളുടെ ദുഃഖങ്ങൾ ദൂരെ അകറ്റുകയാണ്.'
നമ്മുടെ ജീവിതം ഒട്ടേറെ വെല്ലുവിളികളും ദുഃഖങ്ങളും നിറഞ്ഞതാണ്. ജീവിതഭാരത്താൽ നാം ഏറെ വലയുക സ്വാഭാവികം. ഇങ്ങനെയൊരു സാഹചര്യത്തിലാണ്, "വരൂ, ചേർന്നു പാടൂ, ആനന്ദനൃത്തം ചെയ്യൂ', അങ്ങനെ നമ്മുടെ ദുഃഖങ്ങൾ ദൂരെയകറ്റാമെന്നു റിച്ചി പാടുന്നത്. റിച്ചി പറയുന്നതിൽ കുറേ കാര്യമുണ്ട്. കാരണം, നാം പാട്ടുപാടുകയും നൃത്തംചവിട്ടുകയും മറ്റുള്ളവരുമൊത്ത് ആഘോഷിക്കുകയും ചെയ്യുന്പോൾ കുറേ സമയത്തേക്കെങ്കിലും നമ്മുടെ ദുഃഖങ്ങൾ മറക്കാനാവും. അതുവഴി ആത്മാവിന് ആനന്ദം കണ്ടെത്താനും സാധിക്കും.
ആകുലരാകേണ്ട
എന്നാൽ, ആ ആത്മസന്തോഷം കുറച്ചു സമയത്തേക്കു മാത്രം മതിയോ? അതു ജീവിതത്തിൽ എപ്പോഴും നമുക്കു വേണ്ടേ? അതുകൊണ്ടല്ലേ "എപ്പോഴും സന്തോഷിക്കുവിൻ' എന്നു പൗലോസ് അപ്പസ്തോലൻ പറയുന്നത് (1 തെസ 5:16). പക്ഷേ, എങ്ങനെയാണ് എപ്പോഴും സന്തോഷിക്കാൻ സാധിക്കുക? അതിനുള്ള ഉത്തരവും പൗലോസ് പറയുന്നുണ്ട്. "നിങ്ങൾ എപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ'(ഫിലിപ്പി 4:4).
വരൂ, നമുക്കൊരുമിച്ചു പാട്ടുപാടി, നൃത്തമാടി രാത്രി മുഴുവനും സന്തോഷിക്കാം എന്നു റിച്ചി പറയുന്പോൾ, കർത്താവുമൊത്ത് നിരന്തരം നമുക്ക് സന്തോഷിക്കാമെന്നാണ്. അതായത്, രാത്രിയും പകലും കർത്താവിനോടൊത്ത് ആഘോഷിക്കാം. ആ ആഘോഷം എങ്ങനെയാണ് സാധ്യമാവുക?
വിശുദ്ധ പൗലോസ് എഴുതുന്നു, "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളിലൂടെയും നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുക. അപ്പോൾ, നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയത്തെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും (ഫിലിപ്പി 4:6-7).
വിശുദ്ധ പൗലോസ് തടവറയിൽ ആയിരിക്കുന്പോഴാണ് ഈ വചനങ്ങൾ പരിശുദ്ധാത്മാവിനാൽ പ്രേരിതമായി എഴുതിയത്.
ദുഃഖദുരിതങ്ങളുടെ അഭാവമല്ല, പ്രത്യുത ദൈവത്തിന്റെ സാന്നിധ്യമാണ് തന്റെ ആത്മസന്തോഷത്തിനു കാരണമെന്ന് അദ്ദേഹം സ്വന്തം അനുഭവത്തിൽനിന്നു മനസിലാക്കിയിരുന്നു. ആ ദൈവസാന്നിധ്യം അദ്ദേഹത്തിനു ലഭിച്ചതാകട്ടെ പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളിലൂടെയും യാചനകൾ ദൈവത്തിനു സമർപ്പിച്ച അവസരത്തിലും.
പിതാവിന്റെ ലോകം
നമ്മളും ചെയ്യേണ്ടത് ഇതുതന്നെ. ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ഏതു തരത്തിലുള്ളതുമാകട്ടെ, അവയൊക്കെ നേരിടാൻ കർത്താവിൽ സന്തോഷിക്കണം. കാരണം, എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കാൻ അവിടന്ന് കൂടെയുണ്ട്. അവിടന്ന് പറയുന്നു, "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം' (മത്തായി 11:28).
ജീവിതപ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കണമെങ്കിൽ നാം അവിടത്തെ പക്കൽ പോകണം. അതിനുള്ള പ്രധാന വഴി പ്രാർഥനയാണ്. അതുപോലെ, നിരന്തരമായി ദൈവത്തോടുള്ള നന്ദിപ്രകടനവും. വിശുദ്ധ പൗലോസ് എഴുതുന്നു, "എപ്പോഴും സന്തോഷിക്കുവിൻ. നിരന്തരം പ്രാർഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ' (1 തെസ 5:16-17). ഇതാണ് യേശുക്രിസ്തുവിൽ നമ്മെ സംബന്ധിച്ച ദൈവഹിതമെന്നും അദ്ദേഹം പറയുന്നു.നാം നന്ദിയുള്ളവരാണെങ്കിൽ ഏതവസരത്തിലും ദൈവത്തിനു നന്ദിപറയാൻ ഒട്ടേറെ കാരണങ്ങളുണ്ടാകും. ആ നന്ദിപ്രകടനംതന്നെ നമ്മുടെ ആത്മാവിൽ അതീവ സന്തോഷം പകരും.
"ദിസ് ഈസ് മൈ ഫാദേഴ്സ് വേൾഡ്’' എന്ന പേരിൽ ഇംഗ്ലീഷിൽ ഒരു ഭക്തിഗാനമുണ്ട്. ആ ഭക്തിഗാനത്തിലെ ചില ഈരടികൾ ഇപ്രകാരമാണ്, "ഇത് എന്റെ പിതാവിന്റെ ലോകമാണ്. അതു ഞാൻ മറക്കാതിരിക്കട്ടെ. തിന്മകൾ ശക്തമാണെന്നു തോന്നിയാലും ദൈവംതന്നെയാണ് സർവത്തിന്റെയും ഭരണാധിപൻ. ഇത് എന്റെ പിതാവിന്റെ ലോകമാണ്. എന്റെ ഹൃദയം എന്തുകൊണ്ട് ദുഃഖപൂരിതമാകണം? കർത്താവ് രാജാവാണ്. സ്വർഗം സന്തോഷിക്കട്ടെ. ദൈവം ഭരിക്കുന്നു. ലോകം സന്തോഷിക്കട്ടെ.'
അതേ, നിങ്ങളും ഞാനും നമ്മളെല്ലാവരും ഉൾപ്പെടുന്ന ഈ ലോകം നമ്മുടെ പിതാവായ ദൈവത്തിന്റെ ലോകമാണ്. അവിടത്തോടൊപ്പം രാത്രിയും പകലും നമുക്കായിരിക്കാം. പാട്ടുപാടാം, നൃത്തം ചെയ്യാം. അപ്പോൾ നമ്മുടെ ഹൃദയം അല്പനേരത്തേക്കു മാത്രമല്ല, എപ്പോഴും സന്തോഷപൂരിതമായിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ