കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
Sunday, October 1, 2023 5:15 AM IST
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്നു എഡ്ഡി റിക്കൻബാക്കർ (1890-1973). ആ യുദ്ധത്തിൽ ഇരുപത്തിയാറു ശത്രുവിമാനങ്ങളെയാണ് റിക്കൻബാക്കർ വെടിവച്ചു വീഴ്ത്തിയത്. അതൊരു റിക്കാർഡ് നേട്ടമായിരുന്നു. തന്മൂലം, മെഡൽ ഓഫ് ഓണർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം ഉടമയായി. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്നതിനു മുന്പ് റിക്കൻബാക്കർ റേസ് കാർഡ് ഡ്രൈവറും കാർ മെക്കാനിക്കുമായിരുന്നു.
കാറോട്ട മത്സരം
യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയ അദ്ദേഹം ഓട്ടോമോട്ടീവ് ഡിസൈനറും കാറുകൾ നിർമിക്കുന്ന റിക്കൻബാക്കർ മോട്ടോർ കന്പനിയുടെ ഉടമയുമായി. മികച്ച ക്വാളിറ്റിയുള്ള കാറുകളായിരുന്നു അദ്ദേഹവും പങ്കാളികളും ചേർന്നു നിർമിച്ചത്. എന്നാൽ, കാർ കന്പനി വിജയിച്ചില്ല. ഇതിനിടെ, ഒന്നാം ലോകമഹായുദ്ധത്തിലെ നന്പർ വൺ ഫ്ലൈയിംഗ് എയ്ഡ് ആയി പ്രശോഭിച്ച അദ്ദേഹം അമേരിക്കക്കാരുടെ ആരാധ്യപുരുഷനായി മാറി.
തന്മൂലം, സിനിമയിൽ അഭിനയിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. അതു നിരസിച്ച അദ്ദേഹം വീണ്ടും കാറോട്ട മത്സരത്തിലേക്കു മടങ്ങി. എന്നു മാത്രമല്ല പ്രസിദ്ധമായ ഇന്ത്യനാപ്പൊളിസ് സ്പീഡ് വേയുടെ പ്രസിഡന്റുമായിത്തീർന്നു. അതിനു ശേഷം 1935ൽ അദ്ദേഹം ഈസ്റ്റേൺ എയർലൈൻസിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു. മൂന്നുവർഷംകൊണ്ട് ഈസ്റ്റേൺ എയർലൈൻസ് വൻവിജയമായി മാറി.
ആ വിമാനാപകടം
1941 ഡിസംബറിൽ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചപ്പോൾ റിക്കൻബാക്കർ മിലിട്ടറി അഡ്വൈസറും ട്രെയ്നറുമായി മിലിട്ടറി സേവനത്തിലേക്കു മടങ്ങി. ആ സേവനത്തിനിടെയാണ് 1942 ഒക്ടോബറിൽ ഒരു വിമാനാപകടത്തിൽപ്പെട്ടത്. ഹാവായിയിൽനിന്നു സൗത്ത് പസഫിക് സമുദ്രത്തിലുള്ള കാന്റൺ ദ്വീപിലേക്കു പറക്കുന്പോഴായിരുന്നു വിമാനത്തിനു ദിശ തെറ്റിയതുമൂലം ഇന്ധനം തീർന്നു സമുദ്രത്തിൽ ലാൻഡ് ചെയ്യേണ്ടിവന്നത്.
റിക്കൻബാക്കർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എട്ടു പേരും ഊതിവീർപ്പിച്ചു കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളിൽ സമുദ്രത്തിലൂടെ അലയാൻ തുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവരുടെ ഭക്ഷണവും വെള്ളവും തീർന്നു. പിന്നെ വല്ലപ്പോഴും ലഭിച്ചിരുന്ന മഴവെള്ളംകൊണ്ടാണ് ജീവൻ നിലനിർത്തിയത്.
പറന്നെത്തിയ കൊക്ക്
അപകടമുണ്ടായി എട്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചകഴിഞ്ഞ സമയത്തു വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ ചെറിയുടെ നേതൃത്വത്തിൽ അവർ സമൂഹപ്രാർഥന ചൊല്ലി. അതുകഴിഞ്ഞു റിക്കൻബാക്കർ ചങ്ങാടത്തിൽ തലചാരിയിരുന്നു കണ്ണടച്ചു വിശ്രമിക്കുന്പോൾ ഒരു കടൽകൊക്ക് എവിടെനിന്നോ പറന്നുവന്ന് അദ്ദേഹത്തിന്റെ തലയിൽ ഇരിപ്പുറപ്പിച്ചു. ഇതു കണ്ട മറ്റുള്ളവരെല്ലാം നിശബ്ദരായി അനങ്ങാതെയിരുന്നു. എങ്ങനെയെങ്കിലും അതിനെ പിടിച്ചാൽ, എല്ലാവർക്കുംകൂടി അതിനെ പങ്കുവയ്ക്കാം എന്നായിരുന്നു അപ്പോൾ എല്ലാവരുടെയും ചിന്ത.
അടുത്ത നിമിഷം കടൽകൊക്ക് റിക്കൻബാക്കറുടെ കൈപ്പിടിയിലായി. അത്ര വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം. അവർ എല്ലാവരുംകൂടി അതിനെ പങ്കിട്ടു ഭക്ഷിച്ചു. അപ്പോൾ അവർക്കു നവജീവനും പ്രതീക്ഷയുമായി. കടൽകൊക്കിന്റെ കുടലെടുത്ത് മീൻപിടിക്കാനുള്ള വഴി അവർ കണ്ടെത്തി. അങ്ങനെ വല്ലപ്പോഴും എന്തെങ്കിലും കഴിക്കാനുള്ള വക അവർക്കു കിട്ടി.
24 ദിവസത്തിനു ശേഷം
സമുദ്രത്തിൽ ഒഴുകിനടക്കുന്നതിനിടെ അവരിലൊരാൾ സമുദ്രജലം കുടിച്ചു മരിച്ചു. ആഴ്ചകൾ നീണ്ടുനിന്ന അമേരിക്കൻ നേവിയുടെ തെരച്ചിലിന്റെ ഫലമായി റിക്കൻബാക്കർ ഉൾപ്പെടെയുള്ള ഏഴുപേരെയും രക്ഷപ്പെടുത്താൻ സാധിച്ചു. അപ്പോഴേക്കും വിമാനാപകടമുണ്ടായിട്ട് ഇരുപത്തിനാലു ദിവസം കഴിഞ്ഞിരുന്നു.
ജീവൻ തിരിച്ചുകിട്ടിയ റിക്കൻബാക്കർ വീണ്ടും യുദ്ധസേവനം തുടർന്നു. യുദ്ധം അവസാനിച്ച ശേഷം അദ്ദേഹം ഈസ്റ്റേൺ എയർലൈൻസിൽ മടങ്ങിയെത്തി അതിന്റെ പ്രസിഡന്റായും ബോർഡ് ചെയർമാനായും പ്രവർത്തിച്ചു. റിക്കൻബാക്കർ റിട്ടയർചെയ്ത ശേഷം മരിക്കുന്നതുവരെ പല സ്ഥലങ്ങളിൽ താമസിച്ചെങ്കിലും ഫ്ളോറിഡയിലെ മയാമിക്ക് അടുത്തുള്ള കീ ബിസ്കെയിൻ എന്ന ചെറിയ ദ്വീപിൽ അദ്ദേഹത്തിനൊരു വീടുണ്ടായിരുന്നു.
ചെമ്മീൻ സദ്യ
റിക്കൻബാക്കർ അവിടെ താമസിച്ചിരുന്നപ്പോഴൊക്കെ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിൽ ഒരു ബക്കറ്റ് നിറയെ ചെമ്മീനുമായി അവിടെയുള്ള കടൽപ്പാലത്തിലേക്കു പോകുമായിരുന്നു. അവിടെ എത്തിയാൽ കടൽകൊക്കുകൾ അദ്ദേഹത്തെ വട്ടമിട്ടു പറക്കും. എന്തിനാണെന്നോ? അദ്ദേഹം നൽകുന്ന ചെമ്മീൻ കൊത്തിത്തിന്നാൻ.
ഒരു കടൽകൊക്കാണ് റിക്കൻബാക്കർക്കും കൂട്ടുകാർക്കും സ്വയം ആത്മബലിയായി അവരുടെ ജീവൻ രക്ഷിച്ചത്. ആകാശത്തുനിന്നു വീണുകിട്ടിയ മന്നാപോലെയായിരുന്നു ആ കടൽകൊക്ക് അപ്പോൾ. റിക്കൻബാക്കർ ആ കടൽകൊക്കിന്റെ ആത്മത്യാഗം മറന്നില്ല. അതിനുള്ള പ്രതിനന്ദിയായിട്ടായിരുന്നു പിന്നീടുള്ള തന്റെ ജീവിതകാലത്തു കടൽകൊക്കുകളെ ഇടയ്ക്കിടെ പോറ്റാൻ ശ്രമിച്ചത്.
നന്ദിയുള്ള ഹൃദയം
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത്തരമൊരു ഹൃദയമായിരുന്നു റിക്കൻബാക്കറുടേത്. ഒരു കടൽകൊക്ക് തന്റെയും കൂട്ടുകാരുടെയും ജീവൻ നിലനിർത്താൻ സഹായിച്ചതുകൊണ്ട് റിക്കൻബാക്കർ ശിഷ്ടായുസ് മുഴുവൻ അതേക്കുറിച്ചു നന്ദിയുള്ളവനായിരുന്നു. സാധാരണഗതിയിൽ വിസ്മൃതിയിലേക്ക് മറഞ്ഞുപോകാനിടയുണ്ടായിരുന്ന ഒരു സംഭവമാണ് അദ്ദേഹം തന്റെ സജീവസ്മരണയിൽ എന്നും നിലനിർത്തിയത്.
നമ്മുടെ ഹൃദയം നന്ദിയുള്ള ഹൃദയമാണോ? നമുക്ക് അനുദിനം ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും ലഭിക്കുന്ന അനുഗ്രഹങ്ങൾക്കു നമുക്കു നന്ദിയുണ്ടോ? നമ്മുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ചു നമുക്കു നന്ദിയുണ്ടോ? നാം ശ്വസിക്കുന്ന വായുവിനെക്കുറിച്ചും നാം കുടിക്കുന്ന ശുദ്ധജലത്തെക്കുറിച്ചും നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമൊക്കെ നമുക്ക് നന്ദിയുണ്ടോ?
നമുക്കു ലഭിക്കുന്ന ഓരോ പുതിയ ദിവസത്തെക്കുറിച്ചും നമുക്കു നന്ദിയുണ്ടോ? എങ്കിൽ നമ്മുടെ ഹൃദയം നന്ദിയുള്ള ഹൃദയമാണ്. അതിൽ നമുക്കു സന്തോഷിക്കാം. എന്നാൽ നമ്മുടെ ഹൃദയത്തിൽ നന്ദിയില്ലെങ്കിൽ അതു വളർത്തിയെടുക്കാനായിരിക്കട്ടെ നമ്മുടെ ശ്രദ്ധ എപ്പോഴും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ