ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
Sunday, August 6, 2023 1:08 AM IST
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്. ദിവാകർ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് വ്രതം.
തമ്മനപ്പ എന്ന ഒരു സാധാരണക്കാരനാണ് കഥയിലെ നായകൻ. അയാളുടെ മകൻ കൃഷ്ണയ്ക്ക് ഒൻപതു വയസുള്ളപ്പോൾ ഭാര്യ മഹാലക്ഷ്മി മരിച്ചുപോയി. അഞ്ചുവർഷം മഹാലക്ഷ്മി വയറുവേദനയ്ക്ക് ചികിത്സ ചെയ്തത് അവളുടെ താമസസ്ഥലമായ ഭുവനഗിരിയിലായിരുന്നു. പക്ഷേ, രോഗം വർധിച്ചതല്ലാതെ ശമിച്ചില്ല. അങ്ങനെയാണ് മഹാലക്ഷ്മിയെ ബാംഗളൂർക്കു കൊണ്ടുപോകാൻ തമ്മനപ്പ തീരുമാനിച്ചത്.
എന്നാൽ, ട്രെയിൻയാത്ര തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മഹാലക്ഷ്മി മരിച്ചു. തമ്മനപ്പയുടെ ദുഃഖം താങ്ങാവുന്നതിലധികമായിരുന്നു. ഭാര്യ മരിച്ചതിനുശേഷം തമ്മനപ്പ ഊണും ഉറക്കവുമില്ലാതെ നടന്നു. അയൽക്കാർക്കെല്ലാം അയാളോടു വലിയ അനുകന്പയായിരുന്നു.
‘ഒരു നല്ല ഡോക്ടർ അവളെ കണ്ടിരുന്നുവെങ്കിൽ അവൾ മരിക്കുകയില്ലായിരുന്നു’ ഒരു ദിവസം രാത്രി ഉറങ്ങാൻ കിടക്കുന്പോൾ തമ്മനപ്പ സ്വയം പറഞ്ഞു. പിന്നീട്, അയാൾ കരയാൻ തുടങ്ങി. അപ്പോഴാണ്, മകൻ തന്റെ ഉറക്കത്തിനിടയിൽ അമ്മേ എന്നു നിലവിളിച്ചത്. പെട്ടന്ന്, അയാളിൽ ഒരു ചിന്ത ഉദിച്ചു - തന്റെ മകനെ ഒരു ഡോക്ടറാക്കുക. മകൻ ഒരു ഡോക്ടറായാൽ അതു വലിയ ഒരു സേവനമായിരിക്കുമെന്ന് അയാൾ കരുതി.
അയാൾ വേഗം എഴുന്നേറ്റ് തന്റെ ഇഷ്ടദേവന്റെ ചിത്രത്തിനു മുന്പിൽനിന്ന് ഇപ്രകാരം ഒരു ശപഥം ചെയ്തു: ‘നാളെ മുതൽ ഇനി എല്ലാ കാര്യങ്ങളും ഞാൻ ഒറ്റക്കാലിൽ നിന്നു മാത്രമേ ചെയ്യൂ. എന്റെ മകനിൽ ദയ തോന്നി എന്റെ ഏക മകനെ ഒരു ഡോക്ടറാക്കണം’.
പിറ്റേ ദിവസം ഉറക്കമുണർന്നതു മുതൽ എല്ലാ കാര്യങ്ങളും അയാൾ ഒറ്റക്കാലിൽ ചെയ്യാൻ തുടങ്ങി. പറന്പിൽ പണി ചെയ്യുന്നതും ഭക്ഷണം പാകം ചെയ്യുന്നതും മാർക്കറ്റിൽ പോകുന്നതുമെല്ലാം ഒറ്റക്കാലിൽ നടന്നുകൊണ്ടായിരുന്നു. തന്റെ വ്രതത്തിനു ഭംഗം വരാതിരിക്കാൻവേണ്ടി തന്റെ വലതുകാൽ പിന്നിലേക്കു മടക്കി തുണികൊണ്ടു ബന്ധിച്ചിരുന്നു. മരത്തിൽ കയറേണ്ടിവന്ന അവസരങ്ങളിൽപോലും അയാൾ വലതുകാൽ ഉപയോഗിച്ചില്ല.
നടക്കേണ്ട അവസരം വന്നപ്പോഴൊക്കെ അയാൾ തവള ചാടുന്നതുപോലെ ചാടിച്ചാടി നടന്നു. ഇതിനിടയിൽ മകന്റെ പഠനകാര്യം അയാൾ പ്രത്യേകം ശ്രദ്ധിച്ചു. അവൻ നന്നായി പഠിച്ചു. ഹൈസ്കൂൾ നല്ല നിലയിൽ പാസായി. ബാംഗളൂരിലെ ഒരു മെഡിക്കൽ സ്കൂളിൽ മെഡിസിൻ പഠിച്ചു കൃഷ്ണ എംബിബിഎസ് പാസായി. അപ്പോൾ തമ്മനപ്പയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. സ്ഥലത്തെ എംഎൽഎയുടെ സഹായത്തോടെ തമ്മനപ്പ മകനു ഭുവനഗിരിയിലെ ആശുപത്രിയിൽ ജോലിയും നേടിക്കൊടുത്തു.
ഒറ്റക്കാലിൽ നടക്കുമെന്ന വ്രതം അവസാനിപ്പിക്കാൻവേണ്ടി മകനെയും കൂട്ടി അയാൾ തിരുപ്പതിക്കു പോയി. അവിടെയെത്തി അയാൾ ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചു കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു: ‘അച്ഛാ, ദൈവത്തോട് ചെയ്ത വാഗ്ദാനം അങ്ങ് പൂർത്തിയാക്കി. ഇനി രണ്ടു കാലിലും നടന്നു തുടങ്ങാം.’
തമ്മനപ്പ തന്റെ വലതുകാൽ നിവർത്താൻ നോക്കി. പക്ഷേ, കാല് നിവർന്നില്ല. ഡോക്ടറായ മകൻ അപ്പന്റെ കാല് നിവർത്താൻ നോക്കി. അതും ഫലിച്ചില്ല. തന്മൂലം, ഒറ്റക്കാലിൽതന്നെ തമ്മനപ്പ വീട്ടിലേക്കു മടങ്ങി. അച്ഛൻ വീണ്ടും ഒറ്റക്കാലിൽ നടക്കുന്നതു ഡോക്ടർജോലി നോക്കുന്ന മകനു കുറച്ചിലായി തോന്നി. ആളുകളുടെ ഇടയിൽ തമ്മനപ്പയുടെ നിവരാത്ത കാലിന്റെ കാര്യം ചർച്ചാവിഷയമായി.
ഒരു ദിവസം മകൻ തമ്മനപ്പയോട് പറഞ്ഞു: ‘നമുക്കു ബാംഗളൂർക്കു പോകാം. ഒരു ഓപ്പറേഷൻകൊണ്ട് കാല് ശരിയാക്കാനാകും.’ ഈ നിർദേശം തമ്മനപ്പയ്ക്ക് അല്പംപോലും സ്വീകാര്യമല്ലായിരുന്നു. എന്നാൽ, മകന്റെ നിർബന്ധത്തിനു വഴങ്ങി അയാൾ ബാംഗളൂർക്കു പോയി.
തമ്മനപ്പയെ പരിശോധിച്ച ഡോക്ടർ നിർദേശിച്ച പരിഹാരം കാലിനു താഴെ മുട്ട് മുറിച്ചുകളയുക എന്നതായിരുന്നു. അതിനുശേഷം കൃത്രിമ കാൽ വച്ചുപിടിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കൃഷ്ണ കുറേനേരം ആലോചിച്ചു. തന്റെ അച്ഛൻ ഒറ്റക്കാലിൽ നടക്കുന്നതു മാനക്കേടായി അയാൾക്കു തോന്നി. കാല് മുറിച്ചുകളയുന്നതാണ് ഏറ്റവും നല്ല പ്രതിവിധിയെന്ന് അയാൾ തീരുമാനിച്ചു.
കാല് മുറിക്കുന്നത് തമ്മനപ്പയ്ക്ക് സ്വീകാര്യമല്ലായിരുന്നു. എന്നാൽ, മകൻ തീരുമാനിച്ചതനുസരിച്ചു കാര്യങ്ങൾ നടന്നു. മുറിവ് കരിഞ്ഞപ്പോൾ മകൻ അപ്പനു കൃത്രിമക്കാല് നൽകി. അതുപയോഗിച്ച് അയാൾ നടക്കാൻ നോക്കി. പക്ഷേ, എത്ര ശ്രമിച്ചിട്ടും അതു വിജയിച്ചില്ല. ഒരു ദിവസം ക്ഷമ നശിച്ച്, കൃത്രിമക്കാല് അയാൾ വലിച്ചെറിഞ്ഞു. പിന്നീട്, ‘എന്റെ കാല് പോയേ... എന്റെ കാല് പോയേ’ എന്ന വിലാപം മാത്രമായി മാറി തമ്മനപ്പയുടെ ജീവിതം.
മക്കളെ നല്ല നിലയിലാക്കാൻവേണ്ടി തമ്മനപ്പ ചെയ്തതുപോലുള്ള വ്രതം ആരെങ്കിലും ചെയ്യുമോ? തമ്മനപ്പയുടെ വ്രതം അസാധാരണം എന്നു സമ്മതിക്കുന്പോഴും മക്കളുടെ ഉന്നമനത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ മാതാപിതാക്കൾ തയാറാണെന്നതും നാം ഓർമിക്കണം.
എന്നാൽ, തമ്മനപ്പയുടെ സ്വയം മറന്നുള്ള ത്യാഗമല്ല ഈ കഥയുടെ കേന്ദ്രബിന്ദു. അതു ഡോക്ടറായിത്തീർന്ന മകൻ ദുരഭിമാനത്തിന്റെ പേരിൽ സ്വന്തം അച്ഛന്റെ കാല് മുറിപ്പിച്ചുകളഞ്ഞതാണ്. മകനെ ഡോക്ടറാക്കാൻവേണ്ടി തമ്മനപ്പ സഹിച്ച ത്യാഗം മുഴുവൻ മകൻ ഡോക്ടറായപ്പോൾ മറന്നുപോയി. സ്വന്തം അപ്പന്റെ സന്തോഷത്തെക്കാളേറെ തന്റെ ദുരഭിമാനമായിരുന്നു അയാൾക്ക് പ്രധാനപ്പെട്ടത്.
അർധപ്പട്ടിണിയും മറ്റു പല ത്യാഗങ്ങളും സഹിച്ചാണ് പല മാതാപിതാക്കളും മക്കളെ നല്ല നിലയിൽ എത്തിക്കുന്നത്. എന്നാൽ, പല മക്കളും അത് അതിവേഗം മറന്നുപോകുന്നു. തന്മൂലമല്ലേ, പല കുടുംബങ്ങളിലെയും മാതാപിതാക്കളെ അന്വേഷിക്കാൻ ആരുമില്ലാതെ കഴിയുന്നത്.
മക്കൾക്കുവേണ്ടി ജീവിതം ബലികഴിച്ച പല മാതാപിതാക്കളെയും അനുഗ്രഹമായിട്ടല്ല പല മക്കളും കാണുന്നത്. പ്രത്യുത, അവരെ ഒരു ഭാരമായിട്ടാണ് കണക്കാക്കുന്നത്. തന്മൂലമല്ലേ, പല മാതാപിതാക്കളും വൃദ്ധസദനങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലും അഭയം തേടുന്നത്? എന്നാൽ, മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന മക്കളും ഏറെയുണ്ട് എന്നതു വിസ്മരിക്കുന്നില്ല. തങ്ങൾ ചെയ്യേണ്ടതു ചെയ്യുന്നു എന്ന് അവർക്ക് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാം.
മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ പിൻബലത്തിൽ പഠിച്ചു വലിയവരാകുന്ന മക്കൾ തമ്മനപ്പയുടെ ഈ കഥ വിസ്മരിക്കാതിരുന്നാൽ അത് അവരുടെ നന്മയ്ക്ക് ഉപകരിക്കുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ