ജീവിതത്തിന്റെ ബാലൻസ് വീലുകൾ
Sunday, July 16, 2023 4:51 AM IST
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമായ ജോലിയായിരുന്നു അത്. എങ്കിലും കൂടുതൽ മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള മാർഗം അയാൾ ആലോചിച്ചു. അങ്ങനെയാണ് സായാഹ്നക്ലാസുകളിൽ ചേർന്നു ബിരുദപഠനം ആരംഭിച്ചത്.
പഠിക്കാൻ അയാൾക്ക് ഏറെ താത്പര്യമായിരുന്നു. തന്മൂലം ജോലി കഴിഞ്ഞാൽ ക്ലാസുകൾക്കും ഹോംവർക്കിനുമാണ് ഏറെ സമയം ചെലവഴിച്ചത്. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതു സാധിക്കാതെവന്നു. കുടുംബാംഗങ്ങളുടെ ഉന്നമനത്തിനാണല്ലോ താൻ ഇങ്ങനെ ചെയ്യുന്നുവെന്ന് ഓർമിച്ചപ്പോൾ അതൊരു നല്ല കാര്യമാണല്ലോ എന്നായിരുന്നു അയാൾ ചിന്തിച്ചത്.
കുടുംബത്തിലുള്ള അയാളുടെ അഭാവത്തെക്കുറിച്ച് ഭാര്യയും കുട്ടികളും പരാതി പറഞ്ഞു. അപ്പോൾ തന്റെ പഠനം വേഗം തീരുമെന്നും അതു കഴിയുന്പോൾ കൂടുതൽ സമയം അവരോടൊത്തു ചെലവഴിക്കാമെന്നും അയാൾ വാക്കുകൊടുത്തു. അയാൾ പറഞ്ഞതുപോലെ ബിരുദപഠനം വേഗം തീർന്നു. പരീക്ഷാഫലം വന്നപ്പോൾ അയാൾക്ക് പ്രതിക്ഷിച്ചതിലധികം മാർക്കും കിട്ടി.
കൂടുതൽ നല്ല ഒരു ജോലി കണ്ടെത്താനായിരുന്നു അടുത്ത ശ്രമം. അതും വിജയിച്ചു. മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോൾ വരുമാനം വർധിച്ചു. ജീവിതത്തിൽ അത്യാവശ്യം വേണ്ട സുഖസൗകര്യങ്ങൾ ഉറപ്പുവരുത്താൻ പുതിയ ജോലി സഹായിച്ചു. എങ്കിലും കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കുന്ന കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല.
സൂപ്പർവൈസർ തസ്തികയിലാണ് അയാളുടെ ജോലി. തന്മൂലം കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കേണ്ടിവന്നു. ഇതിനിടെ അയാളിൽ മറ്റൊരു മോഹമുദിച്ചു. എങ്ങനെയെങ്കിലും മാനേജർ തസ്തികയിലെത്തണം എന്നതായിരുന്നു ആ മോഹം. തന്മൂലം ഓഫീസിൽ കൂടുതൽ ജോലി ചെയ്യുന്നത് ഒരു പ്രശ്നമായി അയാൾ കണ്ടില്ല.
കുടുംബത്തിലെ അയാളുടെ അസാന്നിധ്യത്തെക്കുറിച്ച് ഭാര്യയും മക്കളും ഇടയ്ക്കിടെ അയാളെ ഓർമിപ്പിക്കാറുണ്ടായിരുന്നു. അപ്പോൾ അയാൾ പറയും അയാളുടെ ആഗ്രഹവും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനാണെന്ന്. എങ്കിലും പ്രവൃത്തിയിൽ അതുണ്ടായില്ല. എന്നു മാത്രമല്ല, കുടുംബാംഗങ്ങളോടൊത്തു ചെലവഴിക്കുന്ന സമയത്തിൽ വീണ്ടും കുറവ് സംഭവിക്കുകയാണു ചെയ്തത്.
അതിനു മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. മാനേജർ ജോലി ലഭിക്കുന്നതിനായി ഒരു ബിരുദാനന്തര കോഴ്സിനുള്ള പഠനവും ഇതിനിടെ അയാൾ ആരംഭിച്ചിരുന്നു. അപ്പോഴേക്കും അയാളുടെ തിരക്ക് വർധിച്ചു. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കാത്തതിലുള്ള പരാതിക്കു പരിഹാരം എന്നതുപോലെ കുടുംബാംഗങ്ങളുടെ ജീവിതസൗകര്യം അയാൾ വർധിപ്പിച്ചു. അവരുടെ എല്ലാ ആവശ്യങ്ങൾക്കും അയാൾ പണം കൊടുത്തുകൊണ്ടിരുന്നു.
ബിരുദാനന്തര ബിരുദം നേടിയതിനു പിന്നാലെ മാനേജർ പദവിയിലേക്ക് അയാൾക്കു പ്രമോഷൻ ലഭിച്ചു. അതിനുപിന്നാലെ കൊട്ടാരസദൃശ്യമായ ഒരു വീട്ടിലേക്ക് അയാളും കുടുംബവും താമസം മാറ്റി. വീട്ടിലെ ജോലികൾക്ക് സഹായിക്കാനായി ഒരു വേലക്കാരിയെയും നിയമിച്ചു. എന്നാൽ, കുടുംബത്തിലെ അയാളുടെ അസാന്നിധ്യം കൂടിയതല്ലാതെ അല്പംപോലും കുറഞ്ഞില്ല.
മാനേജർജോലി ഏറ്റെടുത്തതോടുകൂടി ജോലിഭാരം ഏറെ വർധിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക് പലപ്പോഴും യാത്രകൾ വേണ്ടിവന്നു. ഓഫീസിലെ ജോലിഭാരം കൂടിയപ്പോൾ പല ഞായറാഴ്ചകളിലും ജോലി ചെയ്യേണ്ടി വന്നു. അപ്പോഴൊക്കെ അയാൾ കുടുംബാംഗങ്ങളോടു പറയും: ""ഞാൻ അധ്വാനിച്ച് ഇത്രയുമൊക്കെ നേടിയില്ലേ? കുറച്ചുനാൾകൂടി ക്ഷമിക്കൂ. അപ്പോൾ, നമുക്ക് ആവശ്യത്തിനു പണമാകും. അതോടുകൂടി എന്റെ ജോലിസമയം പരിമിതപ്പെടുത്താം. അപ്പോൾ നമുക്കൊരുമിച്ചു ചെലവഴിക്കാൻ കൂടുതൽ സമയമുണ്ടാകും.''
എന്തെങ്കിലും പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് അയാളുടെ ഭാര്യക്ക് അറിയാമായിരുന്നു. തന്മൂലം അവർ മൗനം ഭജിച്ചതേയുള്ളൂ. മക്കളാകട്ടെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനേ പോയില്ല. അവർ അവരുടെ സമയം പഠനത്തിനും കൂട്ടുകാരുടെ കൂടെ ചെലവഴിക്കാനും വിനിയോഗിച്ചു.
ഒരു ദിവസം ജോലികഴിഞ്ഞ് വൈകി വീട്ടിലെത്തിയപ്പോൾ അയാൾ ഭാര്യയോടും മക്കളോടുമായി പറഞ്ഞു: ""വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടി എന്റെ ജോലിഭാരം കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു. നാളെ മുതൽ എല്ലാ ദിവസവുംതന്നെ അത്താഴത്തിനെത്താൻ ഞാൻ പരിശ്രമിക്കും.'' കുടുംബാംഗങ്ങൾ കൈയടിയോടെയാണ് അത് സ്വീകരിച്ചത്.
പക്ഷേ, പിറ്റേദിവസം അയാൾ ഉറക്കമുണർന്നില്ല. ഭാര്യയെയും മക്കളെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് അയാളുടെ ജീവൻ ആ രാത്രിയിൽ പറന്നുപോയിരുന്നു.
ഇതൊരു സംഭവകഥയല്ല. ആരുടെയോ ഭാവന കെട്ടിച്ചമച്ച ഒരു കഥയാണിത്. എന്നാൽ, ഈ കഥ മെനഞ്ഞെടുത്തിരിക്കുന്നതു യാഥാർഥ്യങ്ങളിലധിഷ്ഠിതമായിട്ടാണുതാനും.
ജീവിതത്തിൽ എല്ലാത്തിനും ഒരു ബാലൻസ് വേണം. അല്ലെങ്കിൽ ജീവിതം പാളിപ്പോകാനാണ് സാധ്യത. ഉത്സാഹിച്ചു പഠിച്ച് ഉന്നത വിദ്യാഭ്യാസയോഗ്യത നേടുന്നതും നല്ല ജോലി നേടുന്നതുമൊക്കെ നല്ലതുതന്നെ. എന്നാൽ, വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും അവഗണിച്ചും നഷ്ടപ്പെടുത്തിക്കൊണ്ടുമായിരിക്കാം നാം അങ്ങനെ ചെയ്യുന്നത്.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മനുഷ്യൻ ജീവിച്ചത് കുടുംബാംഗങ്ങൾക്കുവേണ്ടിത്തന്നെ എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. എന്നാൽ, അതിന് അയാൾ ഉപയോഗിച്ചത് പണത്തിന്റെയും ജീവിതസൗകര്യങ്ങളുടെയും മാത്രം അളവുകോലായിരുന്നു. കുടുംബത്തിൽ ഉണ്ടായിരിക്കേണ്ട വ്യക്തിപരമായ സാന്നിധ്യത്തെക്കുറിച്ചോ മക്കളുടെ നല്ല വളർച്ചയെക്കുറിച്ചോ ഒന്നും അയാളുടെ ശ്രദ്ധപോയില്ല. അയാൾ അതിൽ ശ്രദ്ധിച്ചപ്പോഴേക്കും അയാളുടെ സമയം കഴിഞ്ഞുപോയി.
പ്രചോദനഗ്രന്ഥകാരനായ ഓറിഗൺ സ്വെറ്റ് മാർഡൻ പറയുന്നതനുസരിച്ച് ജോലിയും സുശക്തമായ കുടുംബബന്ധങ്ങളും ഉല്ലാസവുമാണ് ജീവിതത്തിനു ബാലൻസ് നൽകുന്ന ചക്രങ്ങൾ. അദ്ദേഹം വിട്ടുപോയ ഒരു ചക്രമുണ്ട് - പ്രാർഥന. ഇവയിലേതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ ജീവിതം തകരാറിലാകും. തന്മൂലം ഈ നാലു കാര്യങ്ങളിലും നാം ശ്രദ്ധിച്ചേ മതിയാകൂ. എങ്കിൽ മാത്രമേ സമയമാം രഥത്തിലുള്ള തങ്ങളുടെ ജീവിതയാത്ര സുഗമമായി മുന്നോട്ടുപോകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ