റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാരനായ അയാൾ ജീവപര്യന്തം ശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടത്. അയാളുടെ പരോളിനുള്ള അപേക്ഷ രണ്ടുതവണ തള്ളപ്പെട്ടു. ജയിലിൽ 40 വർഷം പൂർത്തിയായപ്പോഴാണ് പരോളിനുള്ള അപേക്ഷ മൂന്നാം തവണ അയാൾ സമർപ്പിച്ചത്. അത്തവണ അയാൾക്ക് പരോളിൽ പോകാൻ അനുവാദം ലഭിച്ചു.
ആ അനുവാദം എങ്ങനെ ലഭിച്ചു എന്നു വിവരിക്കുന്നതിനു മുന്പായി റെഡ് ആരാണെന്നു പറയട്ടെ. ഷഷാങ്ക് റിഡംപ്ഷൻ (1994) എന്ന ഹോളിവുഡ് സിനിമയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് റെഡ്. ഈ സിനിമയിൽ ഇടയ്ക്കിടെ കഥ വിവരിക്കുന്നതും അയാൾതന്നെയാണ്. ഈ കഥയിലെ ഒന്നാമത്തെ പ്രധാന കഥാപാത്രമായ ആൻഡി എന്ന നിരപരാധിയായ തടവുകാരന്റെ ഉറ്റമിത്രവുമാണയാൾ.
ചെയ്യാത്ത കുറ്റത്തിനാണ് ആൻഡി ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെങ്കിൽ ചെയ്ത കുറ്റത്തിനായിരുന്നു റെഡ് ജയിലിൽ അടയ്ക്കപ്പെട്ടത്. സന്പന്ന കുടുംബത്തിൽ പിറന്ന ഒരു സ്ത്രീയായിരുന്നു റെഡ്ഡിന്റെ ഭാര്യ. തന്റെ ഭാര്യയുടെ പേരിൽ വലിയൊരു തുകയുടെ ഇൻഷുറൻസ് പോളിസി ഉണ്ടെന്നറിഞ്ഞപ്പോൾ അതു കരസ്ഥമാക്കാൻവേണ്ടി ഭാര്യ ഡ്രൈവ് ചെയ്തിരുന്ന കാറിന്റെ ബ്രേക്ക് മനപ്പൂർവം അയാൾ കട്ട് ചെയ്തു. അത് ആ സ്ത്രീയുടെയും മറ്റു രണ്ടു പേരുടെയും മരണത്തിനു വഴിതെളിച്ചു. അതേത്തുടർന്നാണ് റെഡ് അറസ്റ്റിലായതും ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും.
ഇനി, റെഡ്ഡിനു പരോൾ ലഭിച്ച കഥയിലേക്ക് മടങ്ങിവരട്ടെ. പരോൾ ബോർഡ് കൂടി റെഡ്ഡിനെ ഇന്റർവ്യൂ ചെയ്തപ്പോൾ ബോർഡ് ചെയർമാൻ ചോദിച്ചു: ‘പുനരധിവസിക്കപ്പെടുവാൻ തക്കവണ്ണം നിങ്ങൾക്കിവിടെ ശിക്ഷണം ലഭിച്ചുവോ?’
ഉടനെ റെഡ് പറഞ്ഞു: ‘എന്തു പുനരധിവസിപ്പിക്കപ്പെടൽ? നിങ്ങൾ പറയുന്നത് എന്താണെന്നു എനിക്കു മനസിലാകുന്നതേയില്ല’. അപ്പോൾ ചെയർമാൻ ഇങ്ങനെ വിശദീകരിച്ചു: ‘പൊതുസമൂഹത്തിലേക്ക് മടങ്ങിപ്പോകാൻ നിങ്ങൾക്ക് വേണ്ടത്ര ഒരുക്കം ലഭിച്ചോ എന്നാണതിന്റെ അർഥം.’
ഇതു കേട്ടപ്പോൾ റെഡ് പറഞ്ഞു: ‘നിങ്ങൾ വിചാരിക്കുന്ന അർഥം എന്താണെന്ന് എനിക്കറിയാം. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു പൊള്ളവാക്കാണ്. ഒരു രാഷ്ട്രീയക്കാരന്റെ വാക്ക്. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ജോലി. നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? ഞാൻ ചെയ്ത കുറ്റത്തെക്കുറിച്ച് എനിക്കു ഖേദമുണ്ടോയെന്നാണോ?’
ഉടനെ ചെയർമാൻ ചോദിച്ചു: ‘അതെ, നിങ്ങൾക്ക് യഥാർഥത്തിൽ പശ്ചാത്താപമുണ്ടോ?’ അപ്പോൾ റെഡ് പറഞ്ഞു: ‘ഞാൻ ചെയ്ത കുറ്റത്തെക്കുറിച്ച് ദുഃഖിക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. ഞാൻ ഇവിടെ ജയിലിൽ ആയിരിക്കുന്നതുകൊണ്ടോ അല്ലെങ്കിൽ ഞാൻ ഇവിടെ കഴിയണമെന്നു നിങ്ങൾ വിചാരിക്കുന്നതുകൊണ്ടോ അല്ല അത്.’
റെഡ് പറയുന്നതു ചെയർമാനും മറ്റ് അംഗങ്ങളും ശ്രദ്ധിച്ചു കേട്ടിരിക്കുന്പോൾ അയാൾ തുടർന്നു: ‘ഞാൻ തിരിഞ്ഞുനോക്കുന്പോൾ, ചെറുപ്പക്കാരനും എന്നാൽ വിഡ്ഢിയുമായ ഒരാൾ അതിഹീനമായ ഒരു കുറ്റം ചെയ്തതു ഞാൻ കാണുന്നു. എനിക്ക് അവനോട് സംസാരിക്കണമെന്നുണ്ട്. എന്നാൽ, എനിക്കത് സാധിക്കില്ല.’
തെല്ലിട മൗനത്തിനുശേഷം റെഡ് തുടർന്നു: ‘ആ ചെറുപ്പക്കാരൻ പണ്ടേ അപ്രത്യക്ഷനായി. അവന്റെ സ്ഥാനത്തു കിഴവനായ ഒരുവനാണ് ഇപ്പോഴുള്ളത്. എന്റെ ജീവിതകാലം മുഴുവൻ ഈ കുറ്റത്തിന്റെ പാപഭാരം ഞാൻ ചുമക്കണം. ഞാൻ പുനരധിവസിക്കപ്പെടാറായെന്നോ? അതു വെറും പൊള്ളയായ വാക്കുമാത്രം!’
റെഡ്ഡിന്റെ വാക്കുകൾ ഹൃദയത്തിൽനിന്നാണ് ഒഴുകിയത്. അതു ബോർഡ് അംഗങ്ങളെ സ്പർശിച്ചതുപോലെ തോന്നി. ‘നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. വെറുതെ നിങ്ങൾ എന്റെ സമയം എന്തിനു പാഴാക്കുന്നു.’ ഇത്രയും പറഞ്ഞിട്ട് റെഡ് എഴുന്നേറ്റ് നടന്നകന്നു.
ഇത്തവണ റെഡ്ഡിനു പരോൾ ലഭിച്ചു. റെഡ് അതു പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും, അയാൾ ശരിക്കും പശ്ചാത്താപവിവശനാണെന്നു ബോർഡിനു ബോധ്യപ്പെട്ടതുകൊണ്ടാണ് അയാൾക്കു പരോൾ ലഭിച്ചത്.
ഇതു സിനിമയിലെ കഥയാണ്. യഥാർഥ സംഭവമല്ല. എന്നാൽ, പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നതിന്റെ നേർസാക്ഷ്യവുമാണിത്. റെഡ് ഏറ്റുപറഞ്ഞതുപോലെ, അയാൾ ചെയ്തത് അതിഹീനമായ ഒരു കുറ്റമായിരുന്നു. പണത്തിനുവേണ്ടി സ്വന്തം ഭാര്യയെ മരണത്തിലേക്കു തള്ളിവിടാൻ അയാൾ തയാറായി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?
ജീവിതത്തിലെ മൂല്യബോധം അയാൾക്കു നഷ്ടപ്പെട്ടിരുന്നു. പണത്തിലായിരുന്നു അയാളുടെ കണ്ണ്. തന്മൂലം, മറ്റെല്ലാം അയാൾ മറന്നു. അതാണു വലിയൊരു ദുരന്തത്തിലേക്ക് അയാളെ തള്ളിയിട്ടത്. അയാൾ അല്പമൊന്നു ആലോചിച്ചിരുന്നുവെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നോ?
നന്മതിന്മകൾ നോക്കാതെ ഓരോ കാരണത്തിന്റെ പേരിൽ പലരും പല ഹീനകൃത്യങ്ങളും ചെയ്യാറുണ്ട്. വാശിയും വൈരാഗ്യവും അസൂയയും അതിമോഹവുമൊക്കെ അതിന്റെ കാരണങ്ങളാകാം. കാരണം എന്തുതന്നെ ആയാലും നാം പറയുന്നതിനും പ്രവർത്തിക്കുന്നതിനും വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. ചിലപ്പോൾ അതു മറ്റുള്ളവരുടെയും നന്മയുടെയും വൻനാശത്തിനുതന്നെ വഴിതെളിച്ചെന്നും വരാം. റെഡ്ഡിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണല്ലോ.
തന്മൂലം, നാം പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുന്പ് അവ നന്മയ്ക്കാണെന്ന് ഉറപ്പുവരുത്തണം. എങ്കിൽ നമുക്കു പിന്നീട് ഖേദിക്കേണ്ടിവരികയില്ല. ചിലപ്പോൾ, നമ്മുടെ പ്രവൃത്തികളെക്കാളേറെ നമ്മുടെ വാക്കുകളായിരിക്കാം നമുക്കു ഏറെ ദുഃഖത്തിനു കാരണമാവുക.
ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു റോമൻ എഴുത്തുകാരനായിരുന്നു പുബ്ളീലിയൻ സൈറസ്. സിറിയയിൽ ജനിച്ച് അടിമയായി റോമിലെത്തിയ അദ്ദേഹം ഇപ്രകാരം എഴുതി : ‘ഞാൻ പറഞ്ഞുപോയ പല കാര്യങ്ങളെക്കുറിച്ചാണ് എനിക്കു ഖേദമുള്ളത്, പറയാത്തവയെക്കുറിച്ചല്ല.’
നാം നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കിയാൽ നമുക്കു ഖേദം തോന്നുന്ന പല കാര്യങ്ങളുമുണ്ടാകും. അവയെക്കുറിച്ച് പശ്ചാത്തപിക്കുന്നതോടൊപ്പം സാധിക്കുമെങ്കിൽ അവയ്ക്കു പരിഹാരം ചെയ്യുകയും വേണം. എന്നാൽ, അതുപോലെ പ്രധാനപ്പെട്ടതാണ് നാം അവ ആവർത്തിക്കുകയില്ല എന്നു ഉറപ്പുവരുത്തുന്നതും. അപ്പോൾ മാത്രമേ നമ്മുടെ പശ്ചാത്താപവും പരിഹാരവും പൂർണമാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ