ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ കുടുങ്ങിപ്പോയത്. 2300 അടി ആഴത്തിലുള്ള ഖനിയിൽ സ്വർണവും ചെന്പും മറ്റു ധാതുപദാർഥങ്ങളും കുഴിച്ചെടുക്കുന്ന ശ്രമത്തിലായിരുന്നു അവർ അപ്പോൾ.
എഴുപത്തിയേഴു ലക്ഷം ടണ് വരുന്ന ഒരു പാറക്കഷണം ഉൾപ്പെടുന്ന മല ഖനിയിലേക്ക് മറിഞ്ഞതിന്റെ ഫലമായിട്ടായിരുന്നു ഖനിമുഖം പൂർണമായി അടഞ്ഞു തൊഴിലാളികൾ കുടുങ്ങിപ്പോയത്. പാറക്കഷണം മുറിഞ്ഞുവീണതിന്റെ ആഘാതം ഖനിയുടെ അടിയിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്തുവരെ എത്തി.
അപ്പോൾ പ്രാണരാക്ഷാർഥം അവിടെയുള്ള സുരക്ഷാസങ്കേതത്തിലേക്ക് അവർ ഓടിയെത്തി അഭയം തേടി. ‘ദ റെഫ്യൂജ്’ എന്നു വിളിക്കപ്പെടുന്ന ആ സുരക്ഷാ സങ്കേതത്തിന്റെ വിസ്താരം 540 ചതുരശ്രയടി മാത്രമായിരുന്നു. പത്തു പേർക്കു രണ്ടു ദിവസത്തേക്കുമാത്രം മതിയാകുന്ന ഭക്ഷണപദാർഥവും പാനീയവും മാത്രമേ കരുതലായി ഉണ്ടായിരുന്നുള്ളൂ.
മല ഇടിഞ്ഞുവീണതിന്റെ ഫലമായി പുറംലോകവുമായുള്ള ആശയവിനിമയ സംവിധാനം തകരാറിലായി. തങ്ങൾ ജീവനോടെ ഖനിക്കടിയിലുണ്ടെന്നു പുറംലോകത്തെ അറിയിക്കുവാൻ അവർക്കു സാധിച്ചില്ല. അതുപോലെ, ഖനിയിലുള്ളവർക്ക് എന്തു സംഭവിച്ചുവെന്ന് ഖനിയുടെ പുറത്തുള്ളവർക്കും അറിയില്ലായിരുന്നു.
അപകടം ഉണ്ടായതിനു പിന്നാലെ ചിലിയൻ ഗവണ്മെന്റ് ഉണർന്നു പ്രവർത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എങ്കിലും, അപകടം ഉണ്ടായി 17 ദിവസം കഴിഞ്ഞപ്പോൾ മാത്രമേ ഖനിയിൽ കുടുങ്ങിപ്പോയവരുമായി ബന്ധപ്പെടുവാൻ അവർക്ക് സാധിച്ചുള്ളൂ.
വിദഗ്ധരുടെ കണക്കുകൂട്ടലുകളെ ആശ്രയിച്ചു സുരക്ഷാ സങ്കേതം ലക്ഷ്യമാക്കി 15 സെന്റീമീറ്റർ വ്യാസത്തിൽ ഡ്രിൽ ചെയ്താണ് ഖനിക്കുള്ളിൽ അകപ്പെട്ടവരുമായി ബന്ധപ്പെടാൻ പുറത്തുള്ളവർക്ക് സാധിച്ചത്. ഡ്രില്ലിംഗ് മെഷീൻ പാറ തുരന്നു രക്ഷാസങ്കേതത്തിന് മുകളിലെത്തിയപ്പോൾ തങ്ങൾ സുരക്ഷിതരാണ് എന്ന സന്ദേശം അവർ ഡ്രില്ലിംഗ് മെഷീനിൽ ഒട്ടിച്ചുവച്ചു.
ആ സന്ദേശം പുറംലോകത്ത് എത്തിയപ്പോഴാണ് ഖനിത്തൊഴിലാളികളുടെ ബന്ധുജനങ്ങളുടെയും രക്ഷാപ്രവർത്തകരുടെയുമൊക്കെ ശ്വാസം നേരെ ആയത്. എങ്കിലും അവരെ ഖനിക്കുള്ളിൽനിന്നും പുറത്തുകൊണ്ടുവരേണ്ട വെല്ലുവിളി അവശേഷിച്ചു. ഇതിനിടയിൽ അവർക്കു ഭക്ഷണം എത്തിക്കാൻ സാധിച്ചത് വലിയ ആശ്വാസമായി.
ഖനിത്തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ മൂന്നു സ്ഥലത്തായി മൂന്നു കന്പനികൾ ആളുകളെ പുറത്തെടുക്കുവാൻ പറ്റിയ വ്യാസത്തിൽ ഡ്രില്ലിംഗ് ആരംഭിച്ചു. ഈ ശ്രമം വിജയിച്ചതിന്റെ ഫലമായി ഖനിയിൽനിന്ന് എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. അപ്പോഴേയ്ക്ക് അപകടമുണ്ടായിട്ട് 69 ദിവസങ്ങൾ കഴിഞ്ഞിരുന്നു.
ചിലിയിലെ ഖനി അപകടം ലോകവ്യാപകമായ വാർത്തയായി തീർന്നു. 2010 ഒക്ടോബർ 13ന് മുപ്പത്തിമൂന്ന് തൊഴിലാളികളും ഖനിയിൽനിന്നു പുറത്തുവന്നപ്പോൾ ആഗോളതലത്തിൽ നൂറുകോടിയിലേറെ ആളുകൾ ആ രംഗങ്ങൾ ടെലിവിഷനിൽ വീക്ഷിക്കുകയുണ്ടായി. അന്ന് ലോകം ഒത്തൊരുമിച്ച് ദൈവത്തിന് നന്ദിയുടെ സ്തുതിഗീതം പാടി.
ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ 17 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞു. എങ്ങനെയാണ് അന്ധകാരത്തിന്റെ ആ ദിവസങ്ങൾ അവർ തള്ളിനീക്കിയത്. പ്രാർഥനയുടെയും പ്രതീക്ഷയുടെയും സമയമായിരുന്നു അപ്പോൾ അവർക്ക്. അവർ ഉള്ളുരുകി പ്രാർഥിച്ചു. അതോടൊപ്പം തങ്ങൾ രക്ഷപ്പെടുമെന്നു പ്രതീക്ഷയും അവർക്കുണ്ടായി. തൻമൂലം, അവർ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചു. രണ്ടു ദിവസത്തേക്ക് പത്തു പേർക്കു മാത്രം തികയുമായിരുന്ന ഭക്ഷണവും പാനീയവുംകൊണ്ട് അവർ മുപ്പതുപേർ 17 ദിവസം തള്ളി നീക്കി, അപ്പോഴും അവർക്ക് ഭക്ഷണം മിച്ചമുണ്ടായിരുന്നു!
തൊഴിലാളികളുടെ സൂപ്പർവൈസറായിരുന്ന ലൂയി ഉർസയുടെ സമർഥമായ നേതൃത്വവും അവരെ ഒരു ചരടിൽ ഇണക്കിച്ചേർത്തുകൊണ്ടുപോയി. അങ്ങനെ അന്ധകാരത്തിൽ അവർ പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കി.
ഈ സമയം ബന്ധുജനങ്ങളും സുഹൃത്തുക്കളും ലോകം മുഴുവനുംതന്നെ അവരുടെ രക്ഷയ്ക്കായി പ്രാർഥിച്ചു. അവരും പ്രതീക്ഷയോടെ പ്രാർഥിച്ചു. സാൻ ഹൊസെ ഖനിയുടെ പരിസരത്തു വലിയൊരു ജനാവലി എപ്പോഴും തന്പടിച്ചിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലത്തെ പ്രതീക്ഷയുടെ ക്യാന്പ് എന്നാണ് ആളുകൾ വിളിച്ചിരുന്നത്.
അപകടമുണ്ടായപ്പോൾ ഖനിയിൽ കുടുങ്ങിയവർ രക്ഷപ്പെടാനുള്ള സാധ്യത രണ്ടു ശതമാനത്തിലും കുറവായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, പ്രാർഥനയും പ്രതീക്ഷയോടെയുള്ള സംഘടിതമായ പ്രവർത്തനവും അത്ഭുതകരമായ ഫലം പുറപ്പെടുവിച്ചു. ഭൂമിക്കടിയിൽ ഖനിത്തൊഴിലാളികൾ കുടുങ്ങിപ്പോയപ്പോൾ അവർ പതറിപ്പോയിട്ടുണ്ടാകുമോ? ആദ്യം അവരിൽ പലരും പതറിപ്പോയി എന്നതാണ് വസ്തുത. എന്നാൽ അവർ അതിവേഗം പ്രാർഥനയിലേക്കും പരസ്പര സഹകരണത്തിലേക്കും തിരിഞ്ഞു. അപ്പോൾ അവരിൽ പ്രതീക്ഷ വളരെ ശക്തമായി. ആ പ്രതീക്ഷയാണ് അന്ധകാരത്തിനിടയിലും പിടിച്ചുനിൽക്കുവാൻ അവരെ സഹായിച്ചത്.
നമ്മുടെ ജീവിതത്തിൽ ഭൂകന്പങ്ങൾ ഉണ്ടാകുന്പോൾ നാമും വിട്ടുപോകരുതാത്ത കാര്യങ്ങളാണ് പ്രാർഥനയും പ്രതീക്ഷയും. ഏതു പ്രതിബന്ധത്തിൽനിന്നും കരകയറ്റുവാൻ സർവശക്തനായ ദൈവത്തിനു സാധിക്കും. അപ്പോൾ, നാം ആദ്യം തിരിയേണ്ടത് പ്രാർഥനയിലേക്കാണ്. അപ്പോൾ, അതിന്റെ ഫലമായി പ്രതീക്ഷ നമ്മിൽ വേരുറയ്ക്കും. എന്നു മാത്രമല്ല, അപ്പോൾ മറ്റുള്ളവരുടെ സഹായത്തോടെ നാം ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും. അതിന്റെ ഫലം അദ്ഭുതകരമായിരിക്കും എന്നതിൽ സംശയം വേണ്ട. ചിലിയിലെ ഖനിത്തൊഴിലാളികളുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ