ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്പിലുമാണ്. തന്മൂലമാണ്, വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഴുതിയത്: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു’’ (1 കോറിന്തോസ് 15:17).
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലത്ത് ഒരു അമേരിക്കൻ അന്തർവാഹിനി ന്യൂയോർക്ക് തുറമുഖത്തിനടുത്തായി കടലിന്റെ അടിത്തട്ടിൽ കുടുങ്ങിപ്പോകാനിടയായി. അന്തർവാഹിനിയുടെ വൈദ്യുതി സംവിധാനം നിലച്ചുപോയിരുന്നു. അതുപോലെ, അന്തർവാഹിനിയിലെ ഓക്സിജൻ ശേഖരവും കുറവായിരുന്നു. ഏതു നിമിഷവും ആ അന്തർവാഹിനിയിലെ ജീവനക്കാരെ മുഴുവൻ മരണം വിഴുങ്ങാവുന്ന അവസ്ഥ.
അന്തർവാഹിനിയിൽനിന്ന് അപകടസന്ദേശം ലഭിച്ചപ്പോൾ അമേരിക്കൻ നേവി ഉടൻ രക്ഷാദൗത്യത്തിലേർപ്പെട്ടു. നാവികരായ മുങ്ങൽവിദഗ്ധർ ഉൾപ്പെട്ട നാവികസംഘം അന്തർവാഹിനി കടലിനടിത്തട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തിനടുത്തെത്തി.
മുങ്ങൽവിദഗ്ധരിലൊരാൾ അതിവേഗം അന്തർവാഹിനിയുടെ അടുത്തെത്തി. അപ്പോൾ അയാളുടെ സാന്നിധ്യം മനസിലാക്കാനിടയായ അന്തർവാഹിനിയിലുള്ളവർ അകന്നുനിന്നു മോഴ്സ് കോഡ് ഉപയോഗിച്ച് ടാപ്പ് ചെയ്തുകൊണ്ടു ചോദിച്ചു: “പ്രതീക്ഷയ്ക്ക് എന്തെങ്കിലും സാധ്യതയുണ്ടോ?’’
അന്തർവാഹിനിയുടെ അകത്ത് അപ്പോൾ കനത്ത അന്ധകാരമായിരുന്നു. ആർക്കും ഒന്നും കാണാൻ വയ്യാത്ത അവസ്ഥ. എല്ലാവരുംതന്നെ പ്രതീക്ഷ നശിച്ച അവസ്ഥയിലായിരുന്നു. തന്മൂലമാണ്, പ്രതീക്ഷയ്ക്കു വകയുണ്ടോ എന്ന് അവർ ആദ്യം ചോദിച്ചത്.
അപ്പോൾ മുങ്ങൽവിദഗ്ധൻ പുറത്തുനിന്നു മോഴ്സ് കോഡ് ഉപയോഗിച്ചു ടാപ്പു ചെയ്തുകൊണ്ടു പറഞ്ഞു: “ഉണ്ട്. പ്രതീക്ഷയ്ക്ക് വകയുണ്ട്!’’ ഇതു കേട്ടപ്പോൾ അന്തർവാഹിനിയിലുള്ളവരുടെ വികാരവിചാരങ്ങൾ നമുക്കു ഭാവന ചെയ്യാൻ സാധിക്കുമോ? കനത്ത അന്ധകാരത്തിൽ അവർ ഒരു പൊൻപ്രകാശം കണ്ടതുപോലെയായിരുന്നില്ലേ അപ്പോൾ? നിരാശയുടെ അടിത്തട്ടിൽനിന്നു പ്രതീക്ഷയുടെ മുകൾത്തട്ടിലേക്ക് അവർ എത്രവേഗം എത്തിയിട്ടുണ്ടാവണം!
രണ്ടായിരം വർഷങ്ങൾക്കു മുൻപ് ദൈവപുത്രനായ യേശുനാഥൻ മരിച്ചതിന്റെ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റപ്പോൾ സംഭവിച്ചതും ഇതുതന്നെ ആയിരുന്നില്ലേ? പാപത്തിന്റെയും മരണത്തിന്റെയും കനത്ത അന്ധകാരത്തിൽ മനുഷ്യകുലം കഴിഞ്ഞിരുന്നപ്പോഴല്ലേ മരണത്തിൻറെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് അവിടുന്ന് ഉത്ഥാനം ചെയ്തത്!
മരണാനന്തര ജീവിതത്തെക്കുറിച്ച് ഏറെപ്പേർക്കും നേരിയൊരു പ്രതീക്ഷപോലും ഇല്ലാതിരുന്നപ്പോഴല്ലേ തന്നിൽ വിശ്വസിക്കുന്ന സകലർക്കും നിത്യജീവൻ വാഗ്ദാനം ചെയ്ത ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റത്? അന്ന് യേശുനാഥൻ ലോകത്തിനു നല്കിയ പ്രതീക്ഷപോലെ മറ്റേതെങ്കിലും സംഭവം ലോകചരിത്രത്തിലുണ്ടായിട്ടുണ്ടോ? ഇല്ലെന്നതല്ലേ വാസ്തവം.
അതിനു കാരണമുണ്ട്. യേശുനാഥൻ നമുക്കു നല്കുന്നത് ഒരു വെറും പ്രതീക്ഷ മാത്രമല്ല. അതൊരു ഗാരന്റി അല്ലെങ്കിൽ ഉറപ്പ് കൂടിയാണ്. ആ ഉറപ്പ് നൽകിയിരിക്കുന്നതാകട്ടെ ദൈവം തന്നെയായ യേശുനാഥനും. മരിച്ചുപോയ തന്റെ സുഹൃത്തായിരുന്ന ലാസറിനെ ഉയിർപ്പിക്കുന്നതിനു മുൻപ് അവിടന്ന് പറഞ്ഞു: “പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും’’ (യോഹന്നാൻ 11:25).
മറ്റൊരിക്കൽ അവിടന്നു പറഞ്ഞു: “എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവൻ മരണത്തിൽനിന്നു നിത്യജീവനിലേക്കു കടന്നിരിക്കുന്നു’’ (യോഹന്നാൻ 5:24). നമ്മുടെ മരണാനന്തര ജീവിതവും ഉത്ഥാനവും ഉറപ്പുതരുന്ന മറ്റൊരു തിരുവചനം ഇപ്രകാരമാണ്: “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്’’ (യോഹന്നാൻ 6:54). വിശുദ്ധ കുർബാനയിലൂടെ സ്വീകരിക്കുന്ന കർത്താവിന്റെ തിരുശരീരവും തിരുരക്തവും വിശ്വാസികളെ യോഗ്യരാക്കുന്നത് അവിടന്ന് നൽകുന്ന നിത്യജീവൻ സ്വീകരിക്കാനാണെന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്പിലുമാണ്. തന്മൂലമാണ്, വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഴുതിയത്: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു’’ (1 കോറിന്തോസ് 15:17).
കുരിശിൽ മരിച്ച് അടക്കപ്പെട്ടതിനുശേഷം ഉയിർത്തെഴുന്നേറ്റ യേശുനാഥന്റെ സ്വരം കേട്ടാണ് പൗലോസിനു മാനസാന്തരമുണ്ടായത് (നടപടി 9:1-19). അവിടത്തെ അപ്പസ്തോലന്മാർ സ്വന്തം ജീവൻപോലും ബലികഴിക്കാൻ തയാറായി സുവിശേഷം പ്രസംഗിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടത് ഉത്ഥാനം ചെയ്ത യേശുവിനെ ദർശിച്ചതുമൂലവും നിത്യജീവനിൽ അവിടന്ന് നല്കിയ വാഗ്ദാനം മൂലവുമായിരുന്നു.
ഷിക്കാഗോ ട്രിബ്യൂണ് എന്ന പത്രത്തിന്റെ റിപ്പോർട്ടറായിരുന്നു ലി സ്ട്രോബൻ. നിരീശ്വരവാദിയായിരുന്ന അയാൾ തന്റെ ഭാര്യ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഏറെ കുപിതനായി. അങ്ങനെയാണ്, യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് ഗവേഷണം ചെയ്യാൻ അയാൾ തീരുമാനിച്ചത്. ആ ഗവേഷണത്തിന്റെ ലക്ഷ്യമാകട്ടെ, അവിടന്ന് ഉത്ഥാനം ചെയ്തില്ല എന്നു സ്ഥാപിക്കാനുമായിരുന്നു.
എന്നാൽ, വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിലൂടെയും പഠനത്തിലൂടെയും സ്ട്രോബലിന് ഒരു കാര്യം വ്യക്തമായി. ആർക്കും നിഷേധിക്കാനാവാത്ത വിധത്തിലുള്ള തെളിവുകളാണത്രേ യേശുവിന്റെ ഉത്ഥാനത്തിനുള്ളത്. അതെത്തുടർന്ന് യെയിൽ യൂണിവേഴ്സിറ്റിയിൽനിന്നു നിയമബിരുദം നേടിയിട്ടുള്ള സ്ട്രോബൻ “ദ കെയ്സ് ഫോർ ക്രൈസ്റ്റ്’’ എന്ന ഒരു പുസ്തകമെഴുതി. പിന്നീട്, പുസ്തകത്തെ ആധാരമാക്കി അതേപേരിലുള്ള സിനിമയും നിർമിക്കപ്പെട്ടു.
ഇതിനിടയിൽ സ്ട്രോബൻ ഒരു വിശ്വാസിയായി മാറിയിരുന്നു. അതിനു കാരണം, യേശുനാഥന്റെ ഉത്ഥാനത്തെ സംബന്ധിച്ച ഉറപ്പും അവിടന്നു നമുക്കു നല്കുന്ന നിത്യജീവന്റെ ഗാരന്റിയുമായിരുന്നു. ഇതുതന്നെയാണ്, യേശുനാഥനിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിശ്വാസത്തിന്റെ അടിസ്ഥാനം. ഈ വിശ്വാസമാണ് നമ്മുടെ ഈസ്റ്റർ ആഘോഷത്തെ പ്രഭാപൂർണവും പ്രതീക്ഷാപൂർണവുമാക്കുന്നത്. എല്ലാവർക്കും ഈസ്റ്ററിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ