റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണായി നിരവധി വർഷം സേവനമനുഷ്ഠിച്ചശേഷം ബിസി 182ൽ അദ്ദേഹം കോണ്സുൽ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒരുവർഷം മാത്രമുള്ള ആ പദവിയിലേക്കു ബിസി 168ലാണ് പോളസ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.
മൂന്നാം മാസിഡോണിയൻ യുദ്ധത്തിൽ റോം പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കോണ്സുലായിരുന്ന അദ്ദേഹത്തെ യുദ്ധത്തിന്റെ ചുമതല ഏല്പിക്കുന്നത്. യുദ്ധത്തിൽ വൻവിജയം നേടിയ പോളസിനു രാജകീയ വരവേല്പാണ് റോമൻ ജനത നൽകിയത്.
ചരിത്രകാരനായ പ്ലുട്ടാർക്ക് രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, പോളസിനുള്ള സ്വീകരണം മൂന്നു ദിവസമാണ് നീണ്ടുനിന്നത്. പോളസും പടയാളികളും കവർന്നെടുത്ത കലാവസ്തുക്കൾ പ്രദർശിപ്പിക്കുകയാണ് ആദ്യദിവസം ചെയ്തത്. രണ്ടാംദിവസം റോമിൽ പ്രദർശിപ്പിച്ചത് അവർ ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത ആയുധശേഖരമായിരുന്നു.
മൂന്നാം ദിവസം 250 കാളവണ്ടികളിലായി, 7500ലേറെ കിലോഗ്രാം സ്വർണനാണയങ്ങൾ ഉൾപ്പെടെ കൊള്ളയടിച്ച സ്വർണശേഖരം റോമിലേക്കു കൊണ്ടുവന്നു. അതിനു പിന്നാലെയാണ് സ്വർണംകൊണ്ട് അലങ്കരിച്ച രഥത്തിൽ പോളസ് നഗരത്തിൽ പ്രവേശിച്ചത്. റോമാനഗരം അന്നുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ രാജകീയ വരവേല്പായിരുന്നു കോണ്സുൽ സ്ഥാനത്തോടൊപ്പം ജനറൽസ്ഥാനവും അലങ്കരിച്ചിരുന്ന പോളസിന് അന്നു ലഭിച്ചത്.
പോളസ് ഒരു രാജാവല്ലായിരുന്നു. എങ്കിലും ഒരു ചക്രവർത്തിക്കു ലഭിക്കുന്നതിലും ഗംഭീര വരവേല്പായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. ഈ സംഭവം നടന്നു കുറേയേറെ വർഷങ്ങൾ കഴിഞ്ഞ് രാജാധിരാജനും ദൈവപുത്രനുമായ യേശുക്രിസ്തുവിന് ജറൂസലെം നഗരത്തിൽ വലിയൊരു വരവേല്പ് ലഭിച്ചു. എന്നാൽ, അവിടന്ന് നഗരത്തിൽ പ്രവേശിച്ചത് സ്വർണരഥത്തിലായിരുന്നില്ല. പ്രത്യുത, അതിവിനീതനായി ഒരു കഴുതപ്പുറത്താണ് ദൈവപുത്രൻ പ്രവേശിച്ചത്.
യേശുനാഥൻ ആഘോഷപൂർവം ജറൂസ േലെമിൽ പ്രവേശിച്ചപ്പോൾ ജനങ്ങൾ അവിടത്തെ സ്വീകരിച്ചുകൊണ്ടു പാടി, “ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന.” അന്ന് ജറൂസലെം നഗരവീഥികളിൽ മുഴങ്ങിക്കേട്ട ഹോസാന എന്ന അഭിവാദ്യസ്വരം ഓശാന ഞായറാഴ്ചയായ ഇന്നു ലോകമെന്പാടും മുഴങ്ങിക്കേൾക്കുകയാണ്.
ജനങ്ങൾ അന്ന് യേശുവിനു ഹോസാന പാടിയത് എന്തിനാണ്? അത് അവിടത്തെ ആദരിക്കാനും അവിടത്തെ ദൈവത്വം ഉച്ചൈസ്തരം പ്രഖ്യാപിക്കാനുമായിരുന്നു. എന്നാൽ, അത് ഒരു പ്രാർഥനയുംകൂടിയായിരുന്നു.
ഹോസാന എന്ന വാക്കിന്റെ അർഥം ഞങ്ങളെ രക്ഷിക്കണേ എന്നാണ്. യേശുവിനു ഹോസാന പാടി ജനം അവിടത്തെ സ്വീകരിച്ചപ്പോൾ അവർ അർഥമാക്കിയത് റോമൻ ഭരണത്തിൽനിന്നുള്ള മോചനമായിരുന്നു. എന്നാൽ, അവിടന്ന് ആ പ്രാർഥനയ്ക്ക് ഉത്തരം നൽകിയത് സന്പൂർണ മോചനം നൽകിക്കൊണ്ടായിരുന്നു-പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള മോചനം. അത് അവിടന്ന് നൽകിയതാകട്ടെ സ്വന്തം കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും.
ഓശാന ഞായർ ആഘോഷിച്ചു വലിയ ആഴ്ചയിലേക്കു നാം കടക്കുന്പോൾ അന്ത്യാത്താഴസമയത്ത് യേശു നൽകിയ സ്നേഹത്തിന്റെ പുതിയ കല്പനയും വിശുദ്ധ കുർബാനയുടെ സ്ഥാപനവും അവിടത്തെ പീഡാസഹനവും കുരിശുമരണവുമെല്ലാം നമ്മുടെ പ്രാർഥനാപൂർണമായ പരിചിന്തനത്തിനും അനുസ്മരണത്തിനും വിധേയമാകുന്നു. അതിനുശേഷമാണ് മഹത്വപൂർണമായ ഉയിർപ്പുതിരുനാൾ നാം ആഘോഷിക്കുക.
അന്ത്യാത്താഴത്തിനിടെ ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം അവിടന്ന് അവരോടു പറഞ്ഞ വചനം നമുക്ക് മറക്കാനാവുമോ? അവിടന്ന് പറഞ്ഞു, “നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങൾ പരസ്പരം പാദങ്ങൾ കഴുകണം.” അതായത് പരസ്പരം ഏറ്റവും വിനീതമായ സേവനംപോലും നാം ചെയ്യണമെന്നു സാരം.
ഇക്കാര്യം കൂറേക്കൂടി വ്യക്തമാക്കാൻ അവിടന്ന് പറഞ്ഞു, “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.” ഈശോ എങ്ങനെയാണു സ്നേഹിച്ചത്? ഏറ്റവും വിനീതമായ സേവനംപോലും ചെയ്തുകൊണ്ടും അതിന്റെ പിന്നാലെ മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി കുരിശിൽ മരിക്കാൻ സന്നദ്ധനായിക്കൊണ്ടും.
പെസഹാവ്യാഴവും ദുഃഖവെള്ളിയുമൊക്കെ ആചരിക്കുന്പോൾ അതു വെറും അനുസ്മരണമായി നാം തരംതാഴ്ത്തരുത്. പ്രത്യുത, ഈശോ കാണിച്ചുതന്ന സ്നേഹത്തിന്റെ മാതൃക നമ്മുടെ ജീവിതത്തിൽ പകർത്താനും മറ്റുള്ളവരുടെ നന്മയ്ക്കായി നമ്മെ സ്വയം സമർപ്പിക്കാനുമുള്ള അവസരമായി നമുക്കതു മാറ്റാം. അങ്ങനെ ചെയ്താൽ ഉയിർപ്പുതിരുനാൾ ആഘോഷം നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും അർഥവത്തായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ