നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
Sunday, January 8, 2023 12:45 AM IST
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്തിന്റെ കൂടെ അദ്ഭുതസിദ്ധികളുള്ള ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം പട്ടണത്തിലെത്തി എന്ന വാർത്ത പരന്നതോടെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും ഉപദേശം ശ്രവിക്കാനും ആളുകൾ ഓടിക്കൂടി.
അക്കൂട്ടത്തിൽ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ചെറിയൊരു ബിസിനസ് നടത്തിയിരുന്ന അയാൾക്ക് ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. തന്മൂലം സന്യാസിയെ തനിച്ചു കാണാനായി അയാൾ കാത്തുനിന്നു. മറ്റെല്ലാവരും പോയശേഷം സന്യാസിയെ അയാൾ കണ്ടു. അപ്പോൾ, അയാൾ സന്യാസിയോടു പറഞ്ഞു, “എനിക്ക് വീട്ടിലും അതുപോലെ എന്റെ ബിസിനസിലും കുറേ പ്രശ്നങ്ങളുണ്ട്. തന്മൂലം എനിക്ക് മനസമാധാനമില്ല. എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എനിക്ക് ഒരു മാർഗം പറഞ്ഞുതരണം’’.
ഉടൻ സന്യാസി പറഞ്ഞു, “നിങ്ങളെ ഞാൻ സഹായിക്കാം. എന്നാൽ, ഇപ്പോൾ നേരം ഏറെ വൈകിയതുകൊണ്ട് നാളെ നമുക്കു സംസാരിക്കാം. പിന്നെ എനിക്കിപ്പോൾ ഒരു സഹായം വേണ്ടിയിരുന്നു. “അത് എന്താണെന്നറിയാൻ അയാൾ കാത്തുനിൽക്കുന്പോൾ സന്യാസി പറഞ്ഞു, “ഞങ്ങളുടെ യാത്രാസംഘത്തിൽ നൂറ് ഒട്ടകങ്ങളുണ്ട്. അവയുടെ ചുമതല വഹിക്കുന്ന ആൾ ക്ഷീണിതനായി കിടപ്പിലാണ്. തന്മൂലം ഇന്നു രാത്രി ആ ഒട്ടകങ്ങളുടെ കാര്യം ശ്രദ്ധിച്ചാൽ നന്നായിരുന്നു.’’
“ഞാൻ അവയ്ക്കുവേണ്ടി എന്താണു ചെയ്യേണ്ടത് ?’’ അയാൾ ചോദിച്ചു. അപ്പോൾ സന്യാസി പറഞ്ഞു, ഒട്ടകങ്ങൾക്കു നല്ല വിശ്രമം വേണം. തന്മൂലം അവ നിൽക്കുന്നതിനു പകരം ഇരുന്നു വിശ്രമിക്കുമെന്ന് ഉറപ്പുവരുത്തണം. അതിനുശേഷം പോയി ഉറങ്ങിക്കൊള്ളൂ.’’
പിറ്റേദിവസം ചെറുപ്പക്കാരൻ സന്യാസിയെ കാണാൻ പോയി. അപ്പോൾ സന്യാസി പറഞ്ഞു, “നിങ്ങ ൾ നന്നായി ഉറങ്ങിക്കാണുമെന്നു കരുതുന്നു.’’ “ഇല്ല, അല്പംപോലും ഉറങ്ങിയില്ല.’’ അയാൾ പറഞ്ഞു. “ഒട്ടകങ്ങൾ ഇരുന്നു വിശ്രമിക്കാൻവേണ്ടി ഞാൻ ഏറെ ശ്രമിച്ചു. എന്നാൽ, ഒരെണ്ണം ഇരുന്നുകഴിയുന്പോൾ വേറൊരെണ്ണം എഴുന്നേൽക്കും. പിന്നെ, അതിനെ ഇരുത്താൻ ശ്രമിക്കും. അപ്പോൾ മറ്റൊരെണ്ണം എഴുന്നേൽക്കും. തന്മൂലം രാത്രി അല്പംപോലും ഉറങ്ങാൻ എനിക്കു സാധിച്ചില്ല.’’
“ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.’’ സന്യാസി പറഞ്ഞു. “എല്ലാ ഒട്ടകങ്ങളും ഒരുമിച്ചിരുന്നു വിശ്രമിച്ച അവസരം ഒരിക്കലും ഉണ്ടായിട്ടില്ല.’’ “അപ്പോൾപിന്നെ എന്തിനാണ് എന്നെക്കൊണ്ട് ഇതു ചെയ്യിച്ചത്?’’ ചെറുപ്പക്കാരൻ ചോദിച്ചു.
ഉടൻ സന്യാസി പറഞ്ഞു, “നിങ്ങൾക്കുണ്ടായ അനുഭവം ശ്രദ്ധിച്ചോ? നിങ്ങൾ എത്ര ശ്രമിച്ചിട്ടും എല്ലാ ഒട്ടകങ്ങളും ഒരുമിച്ചിരുന്നു വിശ്രമിച്ചില്ലല്ലോ. ഒരെണ്ണത്തിനെ ഇരുത്തുന്പോൾ മറ്റൊരെണ്ണം എഴുന്നേൽക്കും. അതായിരുന്നില്ലേ അവസ്ഥ? ’’
ചെറുപ്പക്കാരൻ തലകുലുക്കി സമ്മതിച്ചപ്പോൾ സന്യാസി തുടർന്നു, “അതുപോലെ, നിങ്ങൾ ഒരു പ്രശ്നം പരിഹരിക്കുന്പോൾ മറ്റൊരെണ്ണം നിങ്ങളുടെ മുന്നിലെത്തും. നിങ്ങളുടെ ജീവിതാവസാനംവരെ ഇതായിരിക്കും സ്ഥിതി. അവയിൽ ചിലത് വലിയ പ്രശ്നങ്ങളായിരിക്കാം. മറ്റു ചിലത് ചെറിയവയും. “അപ്പോൾ ഞാൻ എന്താണു ചെയ്യേണ്ടത്? ’’അയാൾ ചോദിച്ചു. “പ്രശ്നങ്ങളെ വിജയപൂർവം നേരിടാൻ ദൈവാനുഗ്രഹം യാചിച്ചു സമാധാനമായി ജീവിക്കുക.’’ സന്യാസി പറഞ്ഞു. “ഇന്നലെ രാത്രി നിങ്ങൾ ഒരുകാര്യം ശ്രദ്ധിച്ചിരിക്കും. അതായത്, ചില ഒട്ടകങ്ങൾ തനിയെ നിലത്തിരുന്നു വിശ്രമിച്ചു. എന്നാൽ ചില ഒട്ടകങ്ങൾ നിങ്ങളുടെ ശ്രമം മൂലമാണ് ഇരുന്നത്. മറ്റു ചില ഒട്ടകങ്ങളാകട്ടെ നിങ്ങൾ എത്ര ശ്രമിച്ചിട്ടും നിലത്തിരുന്നു വിശ്രമിക്കാൻ തയാറായില്ല. അവ എഴുന്നേറ്റുതന്നെ നിന്നു.’’
ഇത്രയും പറഞ്ഞശേഷം സന്യാസി ചോദിച്ചു, “ഈ അനുഭവത്തിൽനിന്ന് നിങ്ങൾ പഠിപ്പിച്ച പാഠം എന്താണ്?’’ മറുപടിയൊന്നും പറയാതെ അയാൾ കാത്തുനിൽക്കുന്പോൾ സന്യാസി പറഞ്ഞു, “നമ്മുടെ പ്രശ്നങ്ങൾ ഈ ഒട്ടകങ്ങളെപ്പോലെയാണ്. ചില പ്രശ്നങ്ങൾ താനെ പരിഹരിക്കപ്പെടും. മറ്റു ചിലത് നമ്മുടെ പരിശ്രമം മൂലവും. എന്നാൽ, വേറേ ചിലതാകട്ടെ നാം എത്ര ശ്രമിച്ചാലും പരിഹരിക്കപ്പെടുകയില്ല. തന്മൂലം അവ പൂർണമായി ദൈവത്തിനു വിട്ടുകൊടുത്തേക്കുക. അവിടുത്തെ പരിപാലനയിൽ എല്ലാം നന്മയ്ക്കായി ഭവിച്ചുകൊള്ളും.’’ അന്നു പ്രതീക്ഷാനിർഭരമായ പുതിയൊരു വീക്ഷണത്തോടെയാണ് ആ ചെറുപ്പക്കാരൻ വീട്ടിലേക്കു മടങ്ങിയത്.
സന്യാസി ആ ചെറുപ്പക്കാരനെ അനുസ്മരിപ്പിച്ചതുപോലെ, നമ്മുടെ ജീവിതത്തിൽ ഓരോരോ പ്രശ്നങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. അവയെ നാം എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതാണ് നാം പ്രധാനമായും ചിന്തിക്കേണ്ടത്. സന്യാസി പറഞ്ഞതുപോലെ ചില പ്രശ്നങ്ങൾ നമ്മുടെ വലിയ പരിശ്രമം കൂടാതെ പരിഹരിക്കപ്പെട്ടുകൊള്ളും. എന്നാൽ, ചില പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ നാം അവയ്ക്കു ശരിയായ പ്രതിവിധി തേടേണ്ടതുണ്ട്. അതു ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് നാം തേടുകയും വേണം.
എന്നാൽ, ചില പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെട്ടുവെന്നു വരില്ല. ഉദാഹരണമായി മാരകമായ ഒരു രോഗം നമ്മെ ബാധിച്ചുവെന്നു കരുതുക. ആ രോഗത്തിന് എന്തു പ്രതിവിധി തേടിയാലും അത് അവസാനം മരണത്തിലാകും കലാശിക്കുക. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവത്തിന്റെ അനന്തപരിപാലനയ്ക്ക് നമ്മെ വിട്ടുകൊടുക്കുക എന്നതാണ് പ്രധാന കാര്യം. അപ്പോൾ നമുക്ക് പ്രസ്തുത പ്രതിസന്ധിക്കിടയിലും ഹൃദയസമാധാനം ഉണ്ടാകും.
അതോടൊപ്പം ജീവിതത്തിലെ അനുഗ്രഹങ്ങൾ എണ്ണാനും അവയെക്കുറിച്ചു ദൈവത്തിനു നന്ദി പറയാനും മടിക്കരുത്. നമ്മുടെ ജീവിതത്തിൽ എത്രവലിയ പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ ജീവിതവും വിവിധ രീതികളിൽ അനുഗ്രഹസന്പന്നമാണെന്നത് എപ്പോഴും ഓർമയിലുണ്ടാകണം. അപ്പോൾ, ദുഃഖങ്ങൾക്കിടയിലും ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമുക്കു സാധിക്കും.
പുതിയൊരു വർഷം നാം ആരംഭിക്കുന്നതു നന്ദി നിറഞ്ഞ ഹൃദയത്തോടെയാകട്ടെ. അപ്പോൾ പുതിയ വർഷത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിൽ നമുക്ക് അപൂർവനേട്ടംതന്നെ ഉണ്ടാകുമെന്നതു തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ