നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പത്തു തേടുന്നതായി മാറട്ടെ നമ്മുടെ ജീവിതയാത്ര
ഒരു വിറകുവെട്ടുകാരൻ. വനത്തിൽ പോയി വിറകുവെട്ടി വിറ്റുകിട്ടുന്ന പണമായിരുന്നു അയാളുടെ ഏക വരുമാനം. അതാകട്ടെ, വളരെ തുച്ഛമായിരുന്നുതാനും. അല്ലലും അലച്ചിലും കൂടാതെ ജീവിക്കാൻ സാധിക്കുന്നവരെ കാണുന്പോൾ തന്റെ ദുഃഖസ്ഥിതിയോർത്ത് അയാൾ വിലപിക്കും. അപ്പോൾ, തനിക്കും നല്ല സാന്പത്തികസ്ഥിതി ഉണ്ടായിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചിരുന്നു.
അങ്ങനെയിരിക്കുന്പോൾ, ഒരു ദിവസം ഒരു സന്യാസി അയാളുടെ ഗ്രാമത്തിലെത്തി. പ്രസന്നവദനനായിരുന്നു ആ സന്യാസി. തന്നെ സമീപിക്കുന്നവരെയെല്ലാം അദ്ദേഹം സ്നേഹപൂർവം സ്വീകരിച്ച് ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകിയിരുന്നു. ഇതു മനസിലാക്കിയപ്പോൾ വിറകുവെട്ടുകാരൻ സന്യാസിയെ കാണാൻ പോയി.
സന്യാസിയെ തനിയെ കാണുവാൻ അവസരം കിട്ടിയപ്പോൾ വിറകുവെട്ടുകാരൻ പറഞ്ഞു: ‘ഗുരുജി, ഞാൻ പരമദരിദ്രനാണ്. പണമുണ്ടാക്കുവാൻ എനിക്ക് ഒരു വഴി പറഞ്ഞുതരണം’. ഉടനെ, സന്യാസി പറഞ്ഞു: ‘നീ വനത്തിലൂടെ മുന്നോട്ടു പോവുക. അപ്പോൾ, പണമുണ്ടാക്കുവാൻ നീ വഴി കണ്ടെത്തും’.
അടുത്ത ദിവസം, സന്യാസി പറഞ്ഞിരുന്നതുപോലെ, വിറകുവെട്ടുകാരൻ വനത്തിലൂടെ ഏറെ ദൂരം മുന്നോട്ടുപോയി. കുറേക്കഴിഞ്ഞപ്പോൾ ചന്ദനമരങ്ങൾ തഴച്ചുവളരുന്ന ഒരു പ്രദേശത്ത് അയാൾ എത്തി. അന്നയാൾ ഒരു ചന്ദനമരം മുറിച്ചു മാർക്കറ്റിലെത്തിച്ചു വിറ്റു. അതിന് നല്ല വരുമാനം ലഭിച്ചു. പിന്നീട്, ചന്ദനമരം വിറ്റ് അയാൾ സാമാന്യം നല്ല പണക്കാരനായി.
താൻ സന്പാദിച്ച പണംകൊണ്ട് ജീവിതം ആസ്വദിക്കുന്നതിനിടയിൽ, സന്യാസിയുടെ വാക്കുകൾ അയാളുടെ ഓർമയിലെത്തി. വനത്തിലൂടെ മുന്നോട്ടു പോകുവാനായിരുന്നല്ലോ സന്യാസി പറഞ്ഞത്. അപ്പോൾ, ചന്ദനമരങ്ങൾക്കപ്പുറത്തേക്കു പോകുവാൻ അയാൾ തീരുമാനിച്ചു.
അങ്ങനെയാണ്, സ്വർണക്കല്ലുകൾ പെറുക്കിയെടുക്കാവുന്ന ഒരു അരുവിയിലെത്തിയത്. അപ്പോൾ, അയാളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. എന്നാൽ, അവിടെ നേരത്തെ എത്താൻ സാധിക്കാത്തതിൽ ഏറെ ദുഃഖവും തോന്നി. അന്നുമുതൽ, ഇടയ്ക്കിടെ ആ അരുവിയിലെത്തി സ്വർണക്കല്ലുകൾ പെറുക്കിയെടുത്ത് അയാൾ വലിയ പണക്കാരനായി.
പണം കൂടുതൽ കിട്ടിയതോടെ അയാളുടെ ജീവിതം ആഢംബരപൂർണമായി. തനിക്കുണ്ടായ ഭാഗ്യമോർത്ത് അയാൾ സന്തോഷിച്ചു. എന്നാൽ, അതിനിടയിൽ, വീണ്ടും വനത്തിലൂടെ മുന്നോട്ടു പോകുന്നതിനെക്കുറിച്ച് അയാൾ ആലോചിച്ചു. സന്യാസി പറഞ്ഞതുപോലെ ചെയ്തു. ഫലം കിട്ടിയതിനാൽ അയാൾ വനത്തിലൂടെ വീണ്ടും മുന്നോട്ടു പോയി. അയാൾ എത്തിയത് വിവിധ നിറത്തിലുള്ള രത്നങ്ങൾ ചിതറിക്കിടന്നിരുന്ന ഒരു താഴ്്വരയിലായിരുന്നു.
അന്നയാൾ, തനിക്കാവുന്നിടത്തോളം രത്നങ്ങൾ വാരിക്കൂട്ടി വീട്ടിലെത്തിച്ചു. അപ്പോൾ, താൻ അതിസന്പന്നനായി മാറിയെന്ന് സ്വയം തിരിച്ചറിഞ്ഞു. എന്നാൽ, തന്റെ സന്പത്ത് ആസ്വദിക്കുന്നതിനിടയിൽ ഒരു ചോദ്യം അയാളുടെ മനസിലെത്തി. പണമുണ്ടാക്കുന്ന വഴിയും സ്ഥലവും അറിയാമായിരുന്നിട്ടും എന്തേ സന്യാസി അതു തേടിപ്പോയില്ല?
ഈ ചോദ്യം സന്യാസിയോടു നേരിട്ടു ചോദിക്കുവാൻ അയാൾ ഇറങ്ങിത്തിരിച്ചു. കുറെനാൾ നീണ്ടുനിന്ന അന്വേഷണത്തിനു ശേഷം സന്യാസിയെ കണ്ടപ്പോൾ അയാൾ ചോദിച്ചു: ‘സന്പന്നനാകാനുള്ള വഴി അങ്ങ് എനിക്കു പറഞ്ഞുതന്നു. പക്ഷെ, എന്തുകൊണ്ടാണ് അങ്ങ് ആ വഴി തെരഞ്ഞെടുക്കാതിരുന്നത്? അങ്ങേയ്ക്ക് വലിയ സന്പന്നനാകാമായിരുന്നല്ലൊ.’
ഉടനെ സന്യാസി പറഞ്ഞു: ‘നിങ്ങൾ പറഞ്ഞതുപോലെ, എനിക്കു സ്വർണത്തിന്റെയും രത്നത്തിന്റെയും പിന്നാലെ പോകാമായിരുന്നു. എന്നാൽ, ഞാൻ അവയുടെ അപ്പുറത്തേക്കാണ് പോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സ്വർണവും രത്നങ്ങളും വെറും മണ്ണും ചെളിയുമാണ്. മറ്റൊന്നിനോടും താരതമ്യപ്പെടുത്താൻ പറ്റാത്ത അതിവിശിഷ്ടമായ ഒന്നിനെ തേടിയാണ് എന്റെ യാത്ര.’
അപ്പോൾ അയാൾ ചോദിച്ചു: ‘സ്വർണത്തെയും രത്നങ്ങളെയുംകാൾ വിശേഷമായ എന്താണ് അങ്ങ് അന്വേഷിക്കുന്നത്?’ ഉടനെ സന്യാസി പറഞ്ഞു: ‘ദൈവം! നമുക്കു ദൈവമുണ്ടെങ്കിൽ എല്ലാമുണ്ട്. നമുക്കു ദൈവമില്ലെങ്കിൽ നമുക്കുള്ളവയെല്ലാം അർഥശൂന്യം!’
സന്പത്തു തേടിയുള്ള നമ്മുടെ അന്വേഷണം പൂർത്തിയാകുന്നതു ദൈവത്തെ നാം കണ്ടെത്തുന്പോഴാണ്. കാരണം, ദൈവമാണ് നമ്മുടെ യഥാർഥ സന്പത്ത്. ദൈവത്തെ കണ്ടെത്താത്തിടത്തോളം കാലം നാം എന്നും പരമദരിദ്രൻമാർ തന്നെയായിരിക്കും. ഈ സത്യമായിരുന്നു സന്യാസി വിറകുവെട്ടുകാരനെ പഠിപ്പിച്ചത്.
നാം എപ്പോഴും ഓർമിക്കേണ്ട ഒരു യാഥാർഥ്യമാണിത്. അതായത്, നമുക്ക് എന്തുമാത്രം സന്പത്തും പ്രതാപവുമുണ്ടെങ്കിലും നമ്മുടെ ജീവിതത്തിൽ ദൈവമില്ലെങ്കിൽ നാം യഥാർഥ ദരിദ്രർ തന്നെയായിരിക്കും. കാരണം, നമുക്കുള്ളവയൊന്നും ശാശ്വതമായ സന്തോഷവും സമാധാനവും നൽകില്ല. അവ ലഭിക്കണമെങ്കിൽ നമുക്കു ദൈവം തന്നെ വേണം.
എന്നാൽ, എത്രയോ കുറച്ചുപേർ മാത്രം ഈ സത്യം മനസിലാക്കുന്നു! ചതിയും കൊലയും ചെയ്തുപോലും പലരും സന്പന്നരാകാൻ ശ്രമിക്കുന്നത് നാം കാണുന്നില്ലേ? അങ്ങനെ ചെയ്തതുവഴി ആരെങ്കിലും യഥാർഥ സന്പന്നരായിട്ടുണ്ടോ? അവർ പണവും പ്രതാപവും നേടിയെന്നിരിക്കാം. പക്ഷെ, അവയ്ക്ക് അല്പായുസ് മാത്രമേയുള്ളൂ എന്നു ആർക്കാണറിയാത്തത്?
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പത്തു തേടുന്നതായി മാറട്ടെ നമ്മുടെ ജീവിതയാത്ര.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ