നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ലതാനും. എന്നാൽ, ജീവിതത്തിൽ ഉയർച്ച നേടാൻ വേണ്ടി നാം നമ്മുടെ ആത്മാവിനെ മറന്നു ജീവിച്ചാലോ? അപ്പോൽ അതിൽപ്പരം താഴ്ച നമുക്കുണ്ടാകാനില്ലെന്നു വ്യക്തം.
ഇപ്പോഴത്തെ വടക്കൻ ഫ്രാൻസും ബൽജിയവും ജർമനിയുടെ പടിഞ്ഞാറൻ ഭാഗവും ഉൾപ്പെട്ടതായിരുന്നു ഫ്രാങ്കുകളുടെ രാജ്യം. 768 മുതൽ അവിടത്തെ രാജാവായിരുന്ന ചാൾസ് ഒന്നാമൻ 774ൽ ലൊന്പാർഡ് എന്ന രാജ്യം കീഴടക്കി. അതെത്തുടർന്ന്, 800-ൽ അദ്ദേഹം റോമിന്റെ അധികാരം പിടിച്ചെടുത്തു. അപ്പോൾ അദ്ദേഹത്തെ ഹോളി റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി മാർപാപ്പ ലെയോ മൂന്നാമൻ പ്രഖ്യാപിച്ചു.
രാജാവും ചക്രവർത്തിയും എന്ന നിലയിൽ ഏറെ ആദരിക്കപ്പെട്ടിരുന്ന അദ്ദേഹം ചാൾസ് ദ ഗ്രെയ്റ്റ് എന്ന് ഇംഗ്ലീഷിൽ അർഥം വരുന്ന ‘ഷാർലമെയ്ൻ’ ആയിട്ടാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. മധ്യശതകങ്ങളിൽ പാശ്ചാത്യ സംസ്കാരം സംരക്ഷിക്കുന്നതിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളെ ഒരുമിച്ചുനിർത്തുന്നതിലും വിജയിച്ച അദ്ദേഹം യൂറോപ്പിന്റെ പിതാവായി പൊതുവേ കരുതപ്പെടുന്നു.
ജനക്ഷേമതല്പരനും പ്രജാവത്സലനുമായിരുന്ന അദ്ദേഹം 814-ൽ 72ാം വയസിൽ അന്തരിച്ചപ്പോൾ ജനങ്ങൾക്കുണ്ടായ നഷ്ടബോധം അവർണനീയമായിരുന്നു. അതിന്റെ പ്രധാനകാരണം അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യമായിരുന്നു.
അദ്ദേഹം ചക്രവർത്തിയായിരുന്നപ്പോൾ ജീവിതത്തിന്റെ മായാമോഹങ്ങളിൽ ഉൾപ്പെടാതെ ജീവിതത്തെക്കുറിച്ചു വ്യക്തമായ ലക്ഷ്യബോധം വച്ചുപുലർത്തിയിരുന്നു. അതു വ്യക്തമാക്കുന്നതരത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടത്.
ഇപ്പോഴത്തെ ജർമനിയിലെ ആക്കൻ എന്ന സ്ഥലത്തായിരുന്നു ഷാർലമെയ്ൻ ചക്രവർത്തിയുടെ ആസ്ഥാനം. അവിടെയുള്ള കത്തീഡ്രലിലെ ചാപ്പലിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.
പക്ഷേ, അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത് സാധാരണ രീതിയിലുള്ള കബറിടത്തിലല്ല. പ്രത്യുത, കത്തീഡ്രലിനടിയിലൽ ഒരു വലിയ അറയിലാണ്.അറയുടെ നടുവിലായി മാർബിളിൽ തീർത്ത ഒരു സിംഹാസനമുണ്ട്.
ആ സിംഹാസനത്തിൽ ഷാർലമെയ്ൻ ചക്രവർത്തി ഇരിക്കുന്ന രീതിയിൽ മാർബിളിൽ തീർത്ത ഒരു പ്രതിമയുണ്ട്. രാജകീയ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ മടിയിൽ തുറന്നിരിക്കുന്ന രീതിയിൽ സുവിശേഷഗ്രന്ഥം കൊത്തിവച്ചിട്ടുണ്ട്. ആ സുവിശേഷഗ്രന്ഥത്തിലെ ഒരു വചനത്തിലേക്കാണ് അദ്ദേഹത്തിന്റെ ചൂണ്ടുവിരൽ ചൂണ്ടുന്നത്.
ആ ദൈവവചനം ഇതാണ്. ‘ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?’ (മത്തായി 16:26). ഒരു വ്യക്തി എന്ന നിലയിലും ചക്രവർത്തി എന്ന നിലയിലും ഷാർലമെയ്നെ വ്യതിരിക്തനാക്കിയത് ഈ തിരുവചനത്തിൽ അടിയുറച്ച ദർശനമായിരുന്നു.
ഷാർലമെയ്ൻ ഒരു ചക്രവർത്തി ആയിരിക്കുന്പോഴും തന്റെ ആത്മാവിനെ മറന്ന് ഒന്നും പ്രവർത്തിച്ചിരുന്നില്ല. മാത്രമല്ല, ലോകകാര്യങ്ങളിൽ എപ്പോഴും വ്യാപൃതനായിരുന്നിട്ടും തന്റെ ആത്മാവിന്റെ കാര്യങ്ങൾ അദ്ദേഹം മറന്നില്ല. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും.
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ലതാനും. എന്നാൽ, ജീവിതത്തിൽ ഉയർച്ച നേടാൻ വേണ്ടി നാം നമ്മുടെ ആത്മാവിനെ മറന്നു ജീവിച്ചാലോ? അപ്പോൽ അതിൽപ്പരം താഴ്ച നമുക്കുണ്ടാകാനില്ലെന്നു വ്യക്തം.
ഇന്നു ലോകത്തിൽ ജീവിക്കുന്ന ആളുകൾ മുൻതലമുറകളേക്കാൾ ഏറെ പ്രബുദ്ധരാണെന്നാണു സ്വയം അഭിമാനം കൊള്ളുന്നത്. ശാസ്ത്ര- സാങ്കേതിക രംഗങ്ങളിലും മറ്റുമുള്ള വളർച്ച നമ്മെ അഭിമാനപൂരിതരാക്കുന്നുമുണ്ട്. എന്നാൽ, മഹത്തായ ഈ നേട്ടങ്ങൾക്കെല്ലാമിടയിലും നമ്മുടെ ആത്മാവിന്റെ പരിപോഷണം നാം മറന്നുപോകുന്നതായി ചിലപ്പോഴെങ്കിലും നമുക്കു തോന്നാറില്ലേ?
ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ ആത്മകാര്യങ്ങളിൽ അവർക്ക് ഒരു ശ്രദ്ധയുമില്ലെന്നു നമുക്കു തോന്നിപ്പോകുന്നു. കാരണം, അത്തരത്തിലുള്ള ഒരു ജീവിതമാണ് അവർ നയിക്കുന്നത്.
എന്നാൽ, അവരും നാമും ഒക്കെ ഓർമിക്കേണ്ട ഒരു കാര്യമുണ്ട്. അതായത്, നമ്മുടെ ജീവിതാന്ത്യത്തിൽ ദൈവത്തിനു മുൻപാകെ നമുക്കു കണക്കുകൊടുക്കേണ്ടിവരുമെന്ന വസ്തുത. വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഴുതുന്നു: നാമെല്ലാവരും ന്യായാസനത്തിൻ മുൻപാകെ നിൽക്കേണ്ടവരാണല്ലോ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുൻപിൽ മടങ്ങും. എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും. ആകയാൽ, നാം ഓരോരുത്തരും ദൈവത്തിന്റെ മുൻപിൽ കണക്കു ബോധിപ്പിക്കേണ്ടിവരും (റോമാ 14: 11-12)
ദൈവത്തിന്റെ മുൻപിൽ കണക്കു കൊടുക്കേണ്ടിവനാണെന്ന ബോധ്യത്തോടെയാണു ഷാർലമെയ്ൻ ചക്രവർത്തി ജീവിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്നു വിവക്ഷയില്ല. മറ്റേതൊരു വ്യക്തിയെയുംപോലെ, ആ തെറ്റുകുറ്റങ്ങൾക്കു പരിഹാരം ചെയ്യുവാനുള്ള സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലമാണ്, കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ടവനായി അദ്ദേഹം ഇന്നും ആദരിക്കപ്പെടുന്നത്.
ഈ ലോകത്തിലെ നേട്ടങ്ങൾ മാത്രം ലക്ഷ്യംവച്ചു നാം ജീവിക്കുന്പോഴാണ് നമ്മുടെ ആത്മാവിനെ നാം മറന്നുപോകുന്നത്; നമ്മുടെ ആത്മാവിനു ഹാനികരമാകുന്ന രീതിയിൽ നാം ജീവിക്കാനിടയാകുന്നത്. തന്മൂലം, മരണശേഷവും നമുക്കൊരു ജീവിതമുണ്ടെന്നും അതിനായി നമ്മുടെ ആത്മാവിനെ കളങ്കരഹിതമായി കാക്കണമെന്നതും നമുക്കു മറക്കാതിരിക്കാം.
സുവിശേഷത്തിൽ കർത്താവ് പറയുന്നതുപോലെ, ലോകം മുഴുവൻ നാം നേടിയാലും നമ്മുടെ ആത്മാവിനെ നാം നഷ്ടപ്പെടുത്തിയാൽ നമുക്കെന്തു പ്രയോജനം?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ