ഷെയ്ക്സ്പിയർ നൽകുന്ന സന്ദേശം
Sunday, September 26, 2021 12:51 AM IST
എന്തു കാരണത്താലാണു നാം കുറ്റം ചെയ്യുന്നതെങ്കിലും നമ്മുടെ കുറ്റത്തെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്താൽ അതിനു ഫലമുണ്ടാകുമെന്നു തീർച്ച. ആ ഫലം ഈ ലോകത്തിൽ നമുക്കു പ്രധാനമായും നൽകുന്നതു പാപമോചനവും മനശാന്തിയുമാണെങ്കിൽ വരാനിരിക്കുന്ന ലോകത്തിൽ അതു നമുക്കു നൽകുന്നതു നിത്യജീവനായിരിക്കും.
സിസിലിയിലെ രാജാവായിരുന്ന ലിയോന്റസും ബൊഹീമിയയിലെ രാജാവായിരുന്ന പോളിക്സിനെസും ആത്മമിത്രങ്ങളായിരുന്നു. അവർ ഒരുമിച്ചാണു പഠിച്ചതും വളർന്നതും. അവർ ഒരേ പ്രായത്തിൽത്തന്നെ അവരവരുടെ രാജ്യത്തു രാജാക്കൻമാരായി സ്ഥാനമേറ്റു. അധികം താമസിയാതെ അവർ ഇരുവരും വിവാഹിതരുമായി.
കുറെനാൾ കഴിഞ്ഞപ്പോൾ പോളിക്സിനെസും ഭാര്യയുംകൂടി ലിയോന്റസിനെ സന്ദർശിക്കാൻ സിസിലിയിലെത്തി. അപ്പോൾ ലിയോന്റസിന്റെ ഭാര്യയായ ഹെർമിയോണ്‍ അവരെ സന്തോഷപൂർവം സ്വീകരിച്ചു സൽക്കരിച്ചു. പോളിക്സനെസിന് ഒരു കുറവും വരരുതെന്നു ഹെർമിയോണ്‍ കരുതി.
പക്ഷേ, അത് ഉപകാരത്തിനു പകരം ഉപദ്രവമാണു വരുത്തിവച്ചത്. ഹെർമിയോണ്‍ തന്നെക്കാൾ അധികമായി പോളിക്സ്നെസിനെ സ്നേഹിക്കുന്നുവോ എന്ന ഒരു സംശയം ലിയോന്റസിന്റെ മനസിൽ ഉടലെടുത്തു. ദിവസം ചെല്ലുംതോറും ആ സംശയം വർധിച്ചു. ഇതുമ·ൂലം, പോളിക്സ്നെസിനെ ഇല്ലായ്മ ചെയ്യാൻ ലിയോന്റസ് തീരുമാനിച്ചു.
അങ്ങനെയാണു പോളിക്സിനെസിനു നൽകുന്ന വീഞ്ഞിൽ വിഷം കലർത്താൻ ലിയോന്റസ് കൊട്ടാരത്തിലെ അംഗമായ കമീല്ലോയോട് ആവശ്യപ്പെട്ടത്. കമീല്ലോ രാജാവിനെ പിന്തിരിപ്പിക്കാൻ നോക്കി. എന്നാൽ, വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ രാജാവിനോടു സമ്മതം മൂളിയിട്ട് കമീല്ലോ വിവരം രഹസ്യമായി പോളിക്സിനെസിനെ അറിയിച്ചു. അന്നു രാത്രി പോളിക്സ്നെസും ഭാര്യയും കൊട്ടാരം വിട്ടു സിസിലിയിലേക്കു തിരികെപ്പോയി. അപ്പോൾ കമീല്ലോയും അവരെ അനുഗമിച്ചു.
വിവരമറിഞ്ഞ രാജാവ് അരിശം തീർക്കാൻ ഹെർമിയോണ്‍ രാജ്ഞിയെ ജയിലിലടച്ചു പീഡിപ്പിച്ചു. ഇതു കണ്ടു സങ്കടം സഹിക്കാതെ രാജാവിന്റെ പിഞ്ചുമകൻ രോഗിയായി മാറി. എങ്കിലും രാജാവിനു മനംമാറ്റമുണ്ടായില്ല. ജയിലിൽവച്ചു രാജ്ഞിയൊരു പെണ്‍കുട്ടിയെ പ്രസവിച്ചു. ആ കുഞ്ഞിനെ കാണാൻപോലും രാജാവ് തയാറായില്ല. എന്നു മാത്രമല്ല, ആ കുഞ്ഞിനെ ദൂരെക്കൊണ്ടുപോയി ഉപേക്ഷിക്കാൻ രാജ്ഞിയുടെ തോഴിയായ പൗളീനായുടെ ഭർത്താവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അയാളാവട്ടെ മറ്റു മാർഗമില്ലാതെ, രാജാവു കല്പിച്ചതുപോലെ കുഞ്ഞിനെ അയൽരാജ്യത്തു കൊണ്ടുപോയി ഉപേക്ഷിച്ചു. അതെത്തുടർന്നു രാജാവ് രാജ്ഞിയെ വിചാരണ ചെയ്തു ശിക്ഷിക്കാൻ തീരുമാനിച്ചു. രാജ്ഞിയുടെ വിചാരണ നടന്നുകൊണ്ടിരിക്കുന്പോൾ രോഗിയായിരുന്ന രാജകുമാരൻ മരിച്ചു എന്ന വാർത്ത രാജസന്നിധിയിലെത്തി. വാർത്ത കേട്ട രാജ്ഞി ബോധംകെട്ടു വീണു. ഉടനെ രാജ്ഞിയെ എടുത്തുകൊണ്ടുപോകാൻ പൗളീനായോടും മറ്റു സ്ത്രീകളോടും രാജാവ് ആവശ്യപ്പെട്ടു.
കുറെ കഴിഞ്ഞപ്പോൾ, രാജ്ഞി മരിച്ചു എന്നു പൗളീന രാജാവിനെ അറിയിച്ചു. ഇതിനിടയിൽ, രാജ്ഞി നിരപരാധിയാണെന്ന് ഒരു വെളിച്ചപ്പാട് രാജാവിനെ അറിയിച്ചു. അപ്പോൾ രാജാവിനു സങ്കടവും പശ്ചാത്താപവുമായി. ഭാര്യയെയും മകനെയും മകളെയും നഷ്ടപ്പെട്ടതിലുള്ള ദുഃഖം. ഭാര്യയോടും മക്കളോടും ചെയ്ത കുറ്റങ്ങൾക്കുള്ള പശ്ചാത്താപം.
രാജാവ് പശ്ചാത്താപവും പ്രായശ്ചിത്തവും തുടർന്നു. വർഷങ്ങൾ പലതു കടന്നുപോയി. അപ്പോഴേക്കും രാജാവിന്റെ ഉപേക്ഷിക്കപ്പെട്ട പുത്രി ഒരു ഇടയദന്പതികളുടെ മകളായി വളർന്നു വലുതായി. അതീവസുന്ദരിയായിരുന്ന പെർഡിറ്റ എന്ന രാജകുമാരിയെ പോളിക്സിനെസിന്റെ പുത്രനായ ഫ്ളോറിസൽ കാണാനിടയായി. അപ്പോൾത്തന്നെ രാജകുമാരൻ അവളിൽ അനുരക്തനായി. എന്നു മാത്രമല്ല, പെർഡിറ്റയെ അതിവേഗം വിവാഹം കഴിക്കാൻ ഫ്ളോറിസൽ തീരുമാനിക്കുകയും ചെയ്തു.
വിവരമറിഞ്ഞ പോളിക്സ്നെസ് ആ വിവാഹം മുടക്കി. എന്നു മാത്രമല്ല, വെറും ഒരു ഇടയ യുവതിയായ പെർഡിറ്റയുമായുള്ള വിവാഹാലോചനയിൽനിന്നു പിൻമാറുന്നില്ലെങ്കിൽ പെർഡിറ്റയെയും അവളുടെ മാതാപിതാക്കളെയും വധിക്കുമെന്നു ഭീഷണിയും മുഴക്കി. വിവരമറിഞ്ഞ കമീല്ലോ രാജകുമാരനോടും പെർഡിറ്റയോടും സിസിലിയിൽപ്പോയി ലിയോന്റസിനടുത്ത് അഭയം പ്രാഋപിക്കാൻ ഉപദേശിച്ചു. ലിയോന്റസിന്റെ മാനസാന്തര കഥ ഇതിനോടകം കമീല്ലോ അറിഞ്ഞിരുന്നു.
ഫ്ളോറിസൽ പെർഡീറ്റയോടും അവളുടെ മാതാപിതാക്കളോടുമൊപ്പം ലിയോന്റസിന്റെ സന്നിധിയിലെത്തി. അപ്പോൾ പെർഡീറ്റയുടെ മാതാപിതാക്കൾ കാണിച്ച രത്നങ്ങളും രേഖകളും കണ്ടപ്പോൾ ആ യുവതി തനിക്കു നഷ്ടപ്പെട്ടുപോയ മകളാണെന്ന് അതിവേഗം മനസിലാക്കി. അപ്പോൾ തന്റെ ഭാര്യയുംകൂടി തന്റെ സന്തോഷം പങ്കിടാൻ ഉണ്ടായിരുന്നെങ്കിലെന്നു രാജാവ് ഉറക്കെ ആത്മഗതം ചെയ്തു.
അപ്പോൾ അവിടെ ഉണ്ടായിരുന്ന പൗളീന രാജാവിനെ തന്റെ വസതിയിലേക്കു ക്ഷണിച്ചു. രാജ്ഞിയുടെ അതിമനോഹരമായ ഒരു പ്രതിമ കാണിക്കാം എന്നു പറഞ്ഞാണ് പൗളീന രാജാവിനെ അവിടേക്കു കൊണ്ടുപോയത്. രാജ്ഞിയുടെ പ്രതിമ കണ്ടപ്പോൾ രാജാവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. തന്റെ ഭാര്യയുടെ അതേ രൂപത്തിലുള്ള ജീവൻ തുടിക്കുന്ന പ്രതിമ!
അല്പം കഴിഞ്ഞപ്പോൾ പ്രതിമ ചലിക്കാൻ തുടങ്ങി. അപ്പോഴാണു ഹെർമിയോണ്‍ രാജ്ഞി മരിച്ചിട്ടില്ലെന്നും അത്രയും കാലം പൗളീനായുടെ വസതിയിൽ രഹസ്യജീവിതം നയിക്കുകയായിരുന്നെന്നും രാജാവ് അറിഞ്ഞത്. രാജാവ് രാജ്ഞിയോടു മാപ്പിരുന്നു. രാജ്ഞി അദ്ദേഹത്തോടു ക്ഷമിച്ചു. അധികം വൈകാതെ ഫ്ളോറിസൽ- പെർഡിറ്റ വിവാഹവും നടന്നു.
വിശ്വപ്രസിദ്ധ നാടകകൃത്തായ ഷെയ്ക്സ്പിയർ രചിച്ച ’ദ വിന്റേഴ്സ് ടെയ്ൽ’ എന്ന നാടകത്തിലെ കഥയാണിത്. ഒന്നിനു പുറകെ മറ്റൊന്നായി ദുരന്തങ്ങൾ പ്രത്യക്ഷപ്പെടുന്ന ഈ നാടകം സന്തോഷ പര്യവസാനം ആയി മാറുന്പോൾ കാഴ്ചക്കാർ സന്തോഷിച്ചു കൈയടിക്കും. എന്നാൽ, ഇത് എത്രമാത്രം യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കും.
അടിസ്ഥാനരഹിതമായ അസൂയയും സംശയവുമാണ് ലിയോന്റസ് രാജാവിനെ തിൻമയുടെ വഴിയിലേക്കു നയിച്ചത്. എന്നാൽ, സത്യം തെളിവായപ്പോൾ രാജാവ് അനുതപിച്ചു ദീർഘകാലം പ്രായശ്ചിത്തം ചെയ്തു. അതിന്റെ ഫലമായിട്ടായിരുന്നുവോ രാജാവിനു തന്റെ ഭാര്യയെയും പുത്രിയെയും തിരിച്ചുകിട്ടിയത്?
എന്തു കാരണത്താലാണു നാം കുറ്റം ചെയ്യുന്നതെങ്കിലും നമ്മുടെ കുറ്റത്തെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്താൽ അതിനു ഫലമുണ്ടാകുമെന്നു തീർച്ച. ആ ഫലം ഈ ലോകത്തിൽ നമുക്കു പ്രധാനമായും നൽകുന്നതു പാപമോചനവും മനശാന്തിയുമാണെങ്കിൽ വരാനിരിക്കുന്ന ലോകത്തിൽ അതു നമുക്കു നൽകുന്നതു നിത്യജീവനായിരിക്കും.
നമുക്ക് ഏറെ സന്തോഷം നൽകുന്ന വസ്തുതയാണിത്. തന്മൂലം, നാം ഏതെങ്കിലും കുറ്റം ചെയ്യാനിടവന്നാൽ നമ്മുടെ ശ്രദ്ധ പശ്ചാത്താപത്തിലും പ്രായശ്ചിത്തത്തിലുമായിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ