അച്ഛന്റെ മുച്ചക്ര സൈക്കിളിന്റെ ഒാരം ചേർന്ന് അവളുണ്ട്, കൈയിൽ ഒരുപിടി ഭാഗ്യക്കുറികളുമായി. സ്കൂൾ വിട്ടാൽ അവൾ ഒാടി ആ മുച്ചക്ര വണ്ടിക്കരികിലേക്ക് എത്തും. കാരണം, അവൾ ഒരു കൈ സഹായിച്ചെങ്കിലേ ആ വണ്ടി ഉരുളൂ. അവധിക്കാലത്തു കൂട്ടുകാർ ടൂറിനും ഉല്ലാസത്തിനുമൊക്കെ പോയെങ്കിലും ആവണി എന്ന കൗമാരക്കാരി തനിയെ നടക്കാനാവാത്ത അച്ഛനരികിലുണ്ട്... പ്രതിസന്ധികളെ തള്ളിനീക്കി അവരുടെ അതിജീവന ചക്രം ഉരുളുകയാണ്...
നേരം പുലർന്നു കഴിഞ്ഞു. പാതകൾക്കു ചെറുതായി ജീവൻവച്ചു തുടങ്ങിയിരിക്കുന്നു. ഇടയ്ക്കിടെ ഇരന്പിയെത്തുന്ന വാഹനങ്ങളും അവിടെയും ഇവിടെയുമൊക്കെയായി നടന്നുനീങ്ങുന്ന മനുഷ്യരുമൊക്കെക്കൂടി റോഡിനു ജീവൻ പകരുന്നു. രാത്രിയിലെ ചാറ്റൽ മഴയുടെ ബാക്കിയായ വെള്ളത്തുള്ളികളെ നക്കിയെടുക്കാനുള്ള ആർത്തിയോടെ വെയിൽ മരത്തലപ്പുകൾക്കിടയിൽ റോഡിലേക്ക് എത്തിക്കഴിഞ്ഞു. റോഡിലെ തിരക്കിനെയും വെയിലിന്റെ ചൂടിനെയും വകവയ്ക്കാതെ ആ പാതയുടെ അരികു ചേർന്ന് സൈക്കിൾ റിക്ഷ പോലെയൊന്നു കടന്നുവരുന്നുണ്ട്. അല്പംകൂടി അടുത്തെത്തിയപ്പോളാണ് മനസിലായത് അതു ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന മുച്ചക്ര സൈക്കിളാണ്.
സ്നേഹമാണ് ഇന്ധനം
ആ സൈക്കിളിന്റെ സീറ്റിൽ ചുരുണ്ടുകൂടിയിരിക്കുന്ന മട്ടിൽ ഒരു മനുഷ്യൻ.. സീറ്റിന് അരികിൽ ഘടിപ്പിച്ചിരിക്കുന്ന സൈക്കിൾ പെഡൽ പോലെയുള്ള ഉപകരണം കൈകൊണ്ടു ബലംപ്രയോഗിച്ചു കറക്കി വേണം ആ സൈക്കിൾ മുന്നോട്ടു നീക്കാൻ. എന്നാൽ, ശാരീരിക പരിമിതികളുള്ള ആ മനുഷ്യന് ഒാടിക്കാൻ എളുപ്പമല്ലെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തം. കയറ്റവും ഗട്ടറുമൊന്നും തരണം ചെയ്യാൻ ആ കൈകളുടെ ബലം മതിയാവില്ല.
സൈക്കിളിന്റെ മുൻ വശത്തെ ബോർഡിൽ നിരത്തിയിരിക്കുന്ന കേരള ഭാഗ്യക്കുറികൾ വഴിയോരത്തു കാണുന്നവർക്കു നേരേ നീട്ടുകയാണ് ആ മനുഷ്യൻ. ചിലരൊക്കെ സൈക്കിളിന് അടുത്തേക്ക് എത്തുന്നു, ലോട്ടറികൾ തിരഞ്ഞുവാങ്ങുന്നു, എന്തെങ്കിലുമൊക്കെ കുശലം പറയുന്നു. ചിലർ ഇതൊന്നും ഗൗനിക്കാതെ റോഡിലൂടെ കടന്നുപോകുന്നു.
പരിമിതികളുടെ റിക്ഷയിലാണ് സഞ്ചാരമെങ്കിലും ആ മനുഷ്യന്റെ മുഖത്ത് ഒരു തെളിഞ്ഞ പുഞ്ചിരിയുണ്ട്. മുന്നിൽ കയറ്റവും കുഴികളുമൊക്കെ വന്നാലും തരണം ചെയ്തു മുന്നോട്ടുപോകാനാവുമെന്ന ആത്മവിശ്വസമുണ്ട്. വഴിയിലെ തിരക്കും വണ്ടികളുടെ ബഹളവുമൊന്നും അദ്ദേഹത്തെ പരിഭ്രമത്തിലാഴ്ത്തുന്നുമില്ല.
എന്താണ് ഈ ആത്മവിശ്വാസത്തിന്റെ രഹസ്യമെന്ന മട്ടിൽ ആ മുഖത്തേക്കു നോക്കിയപ്പോഴാണ് അദ്ദേഹം പുഞ്ചിരിക്കുന്ന മുഖം പിന്നിലേക്കു തിരിച്ചത്. അപ്പോഴാണ് കണ്ടത് ആകർഷകമായി വേഷം ധരിച്ച, മിടുക്കിയായ ഒരു പെൺകുട്ടി ആ മുച്ചക്ര സൈക്കിനു പിന്നിൽ. അവളാണ് ആ സൈക്കിളിന്റെ ഇന്ധനം. തിരക്കിനിടയിലൂടെ മുച്ചക്ര സൈക്കിളിനെ മുന്നോട്ടുതള്ളുന്നത് അവളുടെ കൈകളാണ്.
അവളുടെ കൈയിലുമുണ്ട് ഏതാനും ലോട്ടറി ടിക്കറ്റുകൾ. വണ്ടിക്ക് അരികിലേക്കു വന്നു ലോട്ടറിയെടുക്കാൻ സാധിക്കാത്തവർക്കും വാഹനത്തിൽ ഇരിക്കുന്നവർക്കും കടത്തിണ്ണകളിലും മറ്റും നിൽക്കുന്നവർക്കും അവളാണ് ലോട്ടറി ടിക്കറ്റ് നൽകുന്നത്. അച്ഛന്റെ മുച്ചക്ര സൈക്കിളിനെ തള്ളി ഭാവഭേദമില്ലാതെ ആ കൗമാരക്കാരി. ശാരീരിക പരിമിതിയിൽ മുച്ചക്ര വണ്ടിയിൽ ലോട്ടറിക്കച്ചവടം നടത്തുന്ന അച്ഛന്റെ അരികുചേർന്നു നടക്കാൻ അവൾക്കു മടിയില്ല. കോട്ടയം ചെങ്ങളം കുന്നുംപുറം ഭാഗത്തുനിന്നുള്ള ഈ പ്രഭാത കാഴ്ച ആരുടെയും മനസു നിറയ്ക്കും. സന്തോഷവും അഭിമാനവും ആദരവും തോന്നുന്ന കാഴ്ച. ഒരച്ഛന്റെയും മകളുടെയും അതിജീവനയാത്ര.
മാറിമറിഞ്ഞ ജീവിതം
ചെങ്ങളം കൊച്ചുകോതമനശേരിയിൽ അജന്തേഷ് ആണ് ഈ അച്ഛൻ. ഉന്തുവണ്ടിയുടെ ഒാരം ചേർന്ന് അച്ഛനെ സഹായിക്കാനെത്തുന്ന ആവണിയാണ് ആ കൊച്ചുമിടുക്കി. അച്ഛന്റെ പരിമിതികളെ നാണക്കേടോ ലജ്ജയോ ആയി കരുതാത്ത കൗമാരക്കാരി. കൂട്ടുകാരൊക്കെ അവധിക്കാലം ട്രിപ്പുകൾ പോകാനും കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കാനും സിനിമ കാണാനുമൊക്കെ ചെലവഴിക്കുന്പോൾ അവൾ അച്ഛനൊപ്പം നടക്കുകയാണ്.
വീട്ടിലെ അടുപ്പു പുകയാൻ ആകെയുള്ള ആശ്രയം ഈ ഉന്തുവണ്ടിയുടെ യാത്രയാണ്. അതൊരു ദിവസം മുടങ്ങിയാൽ വീട്ടിൽ പലതും മുടങ്ങും. അതുകൊണ്ടു വെയിലും മഴയുമൊന്നും ഗൗനിക്കാതെ ആ ഉന്തുവണ്ടിയും അതിനെ മുന്നോട്ടുതള്ളുന്ന പെൺകുട്ടിയും മിക്ക ദിവസങ്ങളിലും ഈ പാതയിലെ കാഴ്ചയാണ്.
സാധാരണപോലെ ഒരു ജീവിതമായിരുന്നു അജന്തേഷിന്റേതും. എന്നാൽ, 14 വർഷങ്ങൾക്കു മുന്പ് ചില ശാരീരിക അസ്വസ്ഥതകൾ തോന്നിയപ്പോഴാണ് ചികിത്സ തേടിയത്. പലവിധ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ അക്കാര്യം കണ്ടെത്തി. തലച്ചോറിലേക്കുള്ള ഞരന്പ് ചുരുങ്ങുന്ന രോഗമാണ്. ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെങ്കിലും ആറാം ക്ലാസിൽ പഠിക്കുന്പോൾ മരത്തിൽനിന്നു വീണ ഒരു സംഭവം അജന്തേഷിന്റെ ജീവിതത്തിലുണ്ടായിരുന്നു. മാങ്ങ പറിക്കാനായി മാവിൽ കയറിയതായിരുന്നു. ഇതിനിടെ, പിടിവിട്ട് താഴേക്കു വീണു. അന്നു ചില പരിക്കുകൾ പറ്റിയെങ്കിലും അജന്തേഷ് അതു കാര്യമാക്കിയില്ല. പിന്നീടു കാലം മുന്നോട്ടുപോയി.
എന്നാൽ, വിവാഹം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ അജന്തേഷ് കിടപ്പിലായി. സംസാരശേഷി നഷ്ടപ്പെട്ടു. തനിയെ ഭക്ഷണം കഴിക്കാൻ സാധിക്കാതെയായി. കുടുംബം ആകെ പ്രതിസന്ധിയിലായ ദിവസങ്ങളായിരുന്നു അത്. വിദഗ്ധ പരിശോധനയിലാണ് തലയിലേക്കുള്ള ഞരന്പുകൾ ചുരുങ്ങുന്ന അവസ്ഥയാണെന്നു കണ്ടെത്തിയത്. പല ആശുപത്രികളിലും ചികിത്സിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. രോഗത്തിന്റെ തീവ്രതകൾ ശരീരത്തിൽ പ്രതിഫലിച്ചുതുടങ്ങി. ഒടുവിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. ഇതോടെ സംസാരശേഷി തിരിച്ചുകിട്ടി. ഭക്ഷണം കഴിക്കാനും സാധിക്കുന്ന അവസ്ഥയായി. തനിയെ നടക്കാൻ കഴിയില്ലെങ്കിലും എവിടെയെങ്കിലും പിടിച്ചുനിൽക്കാനാകും.
അരികിലുണ്ടവർ
രോഗം ബാധിച്ചതോടെ അധ്വാനമുള്ള ജോലികൾ ചെയ്യാൻ കഴിയാതെയായി. ശരിക്കൊന്നു നേരേ നിൽക്കാൻ കഴിയാത്ത ആൾ എന്തു ജോലി ചെയ്യാൻ.. ഭർത്താവ് കിടപ്പിലായതോടെ മക്കളെ പഠിപ്പിക്കാനും ജീവിതച്ചെലവുകൾക്കുമായി ഭാര്യ മിനി ലോട്ടറി കച്ചവടം ആരംഭിച്ചു. കുമരകം ഭാഗത്താണ് മിനി ലോട്ടറി കച്ചവടം നടത്തുന്നത്. മിനിക്കു ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയുന്നില്ലെന്നു വന്നതോടെ ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ അജന്തേഷും ലോട്ടറിക്കച്ചവടത്തിന് ഇറങ്ങാൻ തീരുമാനിച്ചു.
വീട്ടിലെ കിടക്കയിലേക്ക് ഒതുങ്ങിയാൽ ജീവിതം വഴിമുട്ടുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ അജന്തേഷും ലോട്ടറിക്കച്ചവടത്തിലേക്കു തിരിഞ്ഞു. എന്നാൽ, പ്രതിസന്ധികൾ പലതായിരുന്നു. ഏറെ ദൂരം നടക്കാനാവാത്തതിനാൽ ആളുകൾ നിൽക്കുന്ന ഇടങ്ങളിലേക്കു പോകാൻ കഴിയില്ല. അതുപോലെ അധികനേരം നിൽക്കാനും കഴിയില്ല. ഈ സമയത്താണ് മുച്ചക്ര സൈക്കിൾ കിട്ടിയത്.
അജന്തേഷിന്റെ കഷ്ടപ്പാടുകൾ കണ്ട് ചില സന്നദ്ധ സംഘടനകൾ മുച്ചക്ര സൈക്കിൾ നൽകിയതോടെ കച്ചവടം ചെങ്ങളം കുന്നുംപുറം റോഡിലേക്കു മാറ്റി. ഇപ്പോൾ ഈ വണ്ടിയിലാണ് ലോട്ടറിക്കച്ചവടം. കൈകൊണ്ടു കറക്കി മുന്നോട്ടു നീക്കുന്ന വണ്ടി ആയതിനാൽ നല്ല ആയാസമാണ്. കയറ്റം കയറാനും ഗട്ടറുകളിലൂടെ നീങ്ങാനുമൊക്കെ തനിയെ കഴിയില്ല.
അവിടെയാണ് ആവണി ഒരു തിങ്കൾ പോലെ ഉദിക്കുന്നത്. അച്ഛന്റെ കഷ്ടപ്പാടുകളിൽ ഒരു കൈ സഹായമാണ് ആവണി. അജന്തേഷും ഭാര്യ മിനിയും ആവണിയും സഹോദരി ആരതിയും ചേർന്നതാണ് ഇവരുടെ കുടുംബം. വലിയ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാനുള്ള പ്രായമായില്ലെങ്കിലും അച്ഛന്റെ സങ്കടങ്ങളിൽ ചേർന്നു നടക്കാനും കുടുംബത്തിന്റെ ബുദ്ധിമുട്ടുകളിൽ തന്നാൽക്കഴിയുന്ന സഹായം നൽകാനും ആവണിക്കും ആരതിക്കും മടിയില്ല.
കാവലുണ്ട് ടിപ്പു
രാവിലെ ആറിനു വീട്ടിൽനിന്ന് അജന്തേഷ് വണ്ടിയുമായി ഇറങ്ങും. ഭാര്യ മിനി ലോട്ടറി കച്ചവടത്തിനായി കുമരകത്തിനു വണ്ടി കയറും. മകൾ ആവണിയും അജന്തേഷിനൊപ്പം ഉണ്ടാകും. കുമരകം ചെങ്ങളം ജംഗ്ഷിനലാണ് പ്രധാനമായും കച്ചവടം. എട്ടാകുന്പോൾ അടുത്തുള്ള കെഎസ്ഇബി ഓഫീസിനു സമീപമുള്ള മതിലിനോടു ചേർത്തു മുച്ചക്രവണ്ടിയിൽ അച്ഛനെയാക്കി ആവണി സ്കൂളിലേക്കു പോകും. ഒളശ സിഎംഎസ് ഹൈസ്കൂളിലാണ് ആവണിയുടെ പഠനം.
വീട്ടിലെ ജോലി തീർത്ത് ചേച്ചി ആരതിയും ഈ സമയം സ്കൂളിൽ പോകാനായി എത്തും. വൈകുന്നേരം സ്കൂൾ വിട്ടു കഴിഞ്ഞാൽ ആവണി അച്ഛന്റെയടുത്തേക്ക് ഒാടിയെത്തും. പിന്നെ അച്ഛനോടൊപ്പം സന്ധ്യ വരെ കച്ചവടം. തുടർന്നു വീട്ടിലേക്കു മടക്കം. വീട്ടിലെത്തുന്പോഴേക്കും അമ്മയും ലോട്ടറിക്കച്ചവടം കഴിഞ്ഞ് എത്തിയിട്ടുണ്ടാവും. പിന്നെ ഒരുമിച്ചുള്ള ഭക്ഷണം, പ്രാർഥന, പഠനം, ഉറക്കം.
ചെങ്ങളം ജംഗ്ഷനിൽ കെഎസ്ഇബി ഓഫീസിനു സമീപം അച്ഛനെയാക്കി ആവണി സ്കൂളിൽ പോകുന്പോൾ അച്ഛനു കാവലായി രണ്ടു മൂന്നു നായ്ക്കളും സമീപത്തുണ്ടാകാറുണ്ട്.
അടുത്ത നാളിൽ ഈ നായ്ക്കളിലൊരുവനെ ഇവർ കൂടെ കൂട്ടി. ടിപ്പു എന്നു പേരിട്ടിരിക്കുന്ന ഈ നായയും ഇപ്പോൾ ഇവരുടെ കുടുംബാംഗമായി മാറിയിരിക്കുന്നു. വീട്ടിൽനിന്നു ലോട്ടറിവണ്ടി ഉരുണ്ടുതുടങ്ങുന്പോൾ ഒരു വശത്ത് ആവണിയും മറുവശത്തു ടിപ്പുവുമുണ്ടാകും. ആവണി സ്കൂളിലേക്കു പോകുമ്പോൾ ടിപ്പുവിനെ ഒന്നു നോക്കും. ആ നോട്ടത്തിൽ അവനെല്ലാം മനസിലാകും. പിന്നെ ആവണി തിരികെ വരുന്നതുവരെ ടിപ്പു അജന്തേഷിന്റെ അടുത്തുനിന്നു മാറില്ല.
ടിപ്പുവിന്റെ കൂറ് തെളിയിച്ച മറ്റൊരു സംഭവംകൂടി അടുത്ത കാലത്തുണ്ടായി. ഒരു ദിവസം ഒരു ആക്രിക്കച്ചവടക്കാരന്റെ ഉന്തുവണ്ടി അജന്തേഷിന്റെ മുചക്ര വാഹനത്തിൽ ചെറുതായൊന്നു മുട്ടി. അതോടെ ടിപ്പു ചാടിവീണു. ഭയങ്കരമായി കുരച്ചു ബഹളമുണ്ടാക്കി ആളുകളെ കൂട്ടി അജന്തേഷിന്റെ സംരക്ഷകനായി നിന്നു. അവന്റെ സ്നേഹം കണ്ട് അജന്തേഷും നാട്ടുകാരും അന്ന് അദ്ഭുതപ്പെട്ടുനിന്നു. ഇന്ന് അജന്തേഷും ആവണിയും വീട്ടിലേക്കു മടങ്ങുന്പോൾ ഒപ്പം ടിപ്പുവുമുണ്ടാകും.
മോഹമുണ്ട്, പക്ഷേ
വികലാംഗക്ഷേമ കോർപറേഷൻ വഴി ലഭിച്ച മുച്ചക്ര വണ്ടിക്ക് ഏറെ കാലപ്പഴക്കമായി എന്നതാണ് ഇപ്പോൾ അജന്തേഷിന്റെ സങ്കടം. പുതിയ ഒരു വണ്ടി വാങ്ങണമെന്നു മോഹമുണ്ട്. പക്ഷേ, അതിനുള്ള സാന്പത്തികമില്ല. അജന്തേഷിനോടും ആവണിയോടുമുള്ള സ്നേഹത്താൽ പതിവായി ലോട്ടറി വാങ്ങുന്നവരുമുണ്ട്. ചില ദിവസങ്ങളിൽ നൂറിനു മുകളിൽ ലോട്ടറി വില്ക്കും. ഇടയ്ക്കു ചെറിയ സമ്മാനങ്ങളും അടിക്കാറുണ്ട്. എന്നാൽ, ബംബർ സമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ല.
ആരതി ഇനി പത്താം ക്ലാസിലേക്കാണ്. ആവണി ഒന്പതാം ക്ലാസിലേക്കും. മക്കളെ രണ്ടുപേരെയും പഠിപ്പിച്ചു മിടുക്കരാക്കണമെന്നാണ് അജന്തേഷിന്റെ ആഗ്രഹം. ആവണിക്ക് ഡോക്ടറാകാനും ആരതിക്കു സിവിൽ സർവീസിലെത്താനുമാണ് ആഗ്രഹം. പ്രതിസന്ധികളെ തള്ളിനീക്കിയുള്ള ഒരു അച്ഛന്റെയും മക്കളുടെയും അതിജീവനയാത്ര ഇപ്പോൾ കോട്ടയത്തിന്റെ നല്ല പ്രഭാതകാഴ്ചകളിലൊന്നാണ്. അവരുടെ സ്വപ്നങ്ങളിലേക്ക് ഈ യാത്ര മുന്നേറട്ടെ.
ജിബിൻ കുര്യൻ