മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായര്‍ എന്ന മധു പിന്നീടു മലയാള സിനിമയ്ക്കുതന്നെ ഒരു പാഠപുസ്തകമായി മാറി. എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ സൂപ്പർ താരമായി ഉയരുന്പോഴും സംസാരത്തിലും പെരുമാറ്റത്തിലും ഇടപെടലുകളിലുമെല്ലാം ഒരു കുലീനതയുടെ കൈയൊപ്പ് കാത്തുസൂക്ഷിക്കാൻ അദ്ദേഹം മറന്നിരുന്നില്ല. അഭിനയ ജീവിതത്തിന്റെ അറുപതു വർഷങ്ങൾ, ഒപ്പം 2023 സെപ്റ്റംബർ 23ന് നവതിയും. ആ ജീവിതത്തെ അടുത്തറിയുന്പോൾ ആരും മന്ത്രിക്കും, ഇത്ര മധുരിക്കുമോ... ജീവിതം!
അഭിനയമില്ലാത്ത ജീവിതത്തിന് നവതിയുടെ മധുരം, അഭിനയ ജീവിതത്തിന് ആറു പതിറ്റാണ്ടിന്റെ മധുരം... മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് 2023 സമ്മാനിക്കുന്നത് ഇരട്ടിമധുരത്തിന്റെ അമൃതവർഷം. സത്യനും പ്രേംനസീറും നായകന്മാരായി സിനിമാലോകം അടക്കിവാണിരുന്ന കാലത്ത് നനുത്ത മീശയും രണ്ടായി പകുത്ത മുടിയും തിരയിളകുന്ന കണ്ണുകളുമായി പി. മാധവന് നായര്‍ എന്ന നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരന് വന്നു കയറിയത് മലയാളത്തിന്റെ അഭ്രപാളിയിലേക്കു മാത്രമല്ല, മലയാളിയുടെ ശുഭ്രമാനസങ്ങളിലേക്കുമായിരുന്നു.
"നിണമണിഞ്ഞ കാൽപാടുകളി''ലൂടെ മധുവായി മാറിയ യുവാവിനുവേണ്ടി കാലം സുവര്‍ണാവസരങ്ങളും ഭാഗ്യവും മാത്രമല്ല സമയവും കാത്തുവച്ചു. സത്യനും പ്രേംനസീറും അഭിനയത്തിന്റെ വസന്തകാലത്തു തന്നെ കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞപ്പോഴും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മധു മലയാളിയുടെ ജീവിതത്തിനു മധുരം പകർന്നുകൊണ്ടേയിരുന്നു.
ഒരു മധുരക്കിനാവിൻ!
ചെമ്മീന്‍, ഓളവും തീരവും, ഏണിപ്പടികള്‍, ഭാര്‍ഗവീനിലയം, ഹൃദയം ഒരു ക്ഷേത്രം, ഇതാ ഒരു മനുഷ്യന്, ജീവിതം, യുദ്ധകാണ്ഡം, കുടുംബസമേതം, ചമ്പക്കുളം തച്ചന് അങ്ങനെ മധു എന്ന നായകനില്ലാതെ സിനിമാപ്രേമികൾക്കു സങ്കല്പിക്കാന് പോലും കഴിയാത്ത മധു ചിത്രങ്ങള്‍ എത്രയെത്ര....സൗമ്യതയും നന്മയുമുള്ള യുദ്ധകാണ്ഡത്തിലെ പ്രസാദും ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോ. രമേശും മുതല്‍ "ഇതാ ഇവിടെ വരെ' യിലെ പൈലിമാപ്പിളയും ‘ഞാന്‍ ഞാന്‍ മാത്രം'എന്ന ചിത്രത്തിലെ ബ്രിഗേഡിയര്‍ ചന്ദ്രന്‍പിള്ളയുമായി നീളുന്ന വൈവിധ്യം.
മധുരം ജീവാമൃതബിന്ദു
ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കല്പിച്ച് അധ്യാപകജോലി രാജിവച്ചു ഡൽഹിക്കു വണ്ടികയറി.
1959ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു മധു. ഒരിക്കലും ഇമേജിന്റെ തടവറയിൽ തന്റെ അഭിനയശേഷിയെ തളച്ചിടാൻ അദ്ദേഹം തയാറായില്ല. നായക പരിവേഷം കണക്കിലെടുക്കാതെ പ്രതിനായകനായും വില്ലനായുമെല്ലാം അഭിനയിച്ചുതകർത്തു. നടനായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമയ്ക്കു നൽകാൻ കഴിയുന്നതെല്ലാം നൽകി.
ഡല്‍ഹിയിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടകാഭിനയം പഠിക്കാന്‍ പോയ മധുവിനെ ആകസ്മികമായാണ് രാമു കാര്യാട്ട് "മൂടുപട’ത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്. അപ്പോൾ വയസ് മുപ്പത്. ആദ്യം അഭിനയിച്ചതു മൂടുപടത്തിൽ ആണെങ്കിലും പുറത്തുവന്നത് "നിണമണിഞ്ഞ കാൽപ്പാടുകൾ' ആണ്. മേക്കപ്പ് ടെസ്റ്റിനു വേണ്ടി "നിണമണിഞ്ഞ കാൽപ്പാടുകളു'ടെ സെറ്റില്‍ എത്തിയ മധു, നിര്‍മാതാവ് ശോഭന പരമേശ്വരന് നായര്‍ വഴിയാണ് ചിത്രത്തിലെ സ്റ്റീഫനായി മാറിയത്.
മധുരിക്കും ഓർമകളേ...
നാനൂറില്പരം സിനിമകളില്‍ അഭിനയിച്ചതില്‍ വലിയൊരു ഭാഗം പ്രമുഖ സാഹിത്യ സൃഷ്ടികളെ ആധാരമാക്കിയുള്ള സിനിമകളിലെ നായകവേഷമാണ്. ലോകസിനിമയില്‍ത്തന്നെ ഇത്രത്തോളം എഴുത്തുകാരുടെ സൃഷ്ടികളിലെ നായക കഥാപാത്രങ്ങളെ സിനിമയിലൂടെ സാക്ഷാത്കരിച്ച മറ്റൊരു നടനുണ്ടോ എന്നു സംശയമാണ്. ആറ് അന്യഭാഷാ ചിത്രങ്ങളിലും മധു അഭിനയിച്ചു. മൂന്നു ഹിന്ദി ചിത്രങ്ങളും മൂന്നു തമിഴും.
1933 സെപ്റ്റംബര്‍ 23നു തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്ത് കീഴതില്‍ വീട്ടിലാണ് ജനനം. അച്ഛന് മുന്‍ മേയര്‍ ആര്. പരമേശ്വരന് പിള്ള, അമ്മ തങ്കമ്മ. മകനെ എന്‍ജിനിയര്‍ ആക്കാന്‍ ആഗ്രഹിച്ച അച്ഛന്റെ കഠിനമായ എതിര്‍പ്പ് ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് മധു സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയത്. സഹധര്‍മിണി ജയലക്ഷ്മിയുടെ വേര്‍പാടിനു ശേഷം ഏക മകള്‍ ഉമ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് താമസം.
നവതി നിറവിലേക്കെത്തുന്പോൾ തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനിലിരുന്നു മധു സൺഡേ ദീപികയോടു മനസു തുറക്കുന്നു.
നവതിനിറവിൽ എന്താണ് മനസില്‍?
ഇത്രയൊക്കെ ആയുസ് വേണമോ എന്ന സംശയമാണ് (പുഞ്ചിരി മുഖത്ത്).
1963 ഫെബ്രുവരി 17നാണ് നിണമണിഞ്ഞ കാൽപ്പാടുകള്‍ പ്രേക്ഷകരിലേക്കെത്തിയത്. മധു എന്ന നടന്റെ ആദ്യ കഥാപാത്രമായ സ്റ്റീഫനെ മലയാളം നെഞ്ചേറ്റിയിട്ട് അറുപതു വര്‍ഷം തികഞ്ഞ വര്‍ഷമാണ് 2023. അതോടൊപ്പം നവതിയും. ജീവിതം സഫലമായെന്ന തോന്നലുണ്ടോ?
സന്തോഷമുണ്ട്. ജീവിതമായാലും അഭിനയമായാലും വലിയ വലിയ അഭിലാഷങ്ങളോ മോഹങ്ങളോ ഒന്നുമുണ്ടായിരുന്നില്ല എനിക്ക്. നല്ലൊരു നടനാകുക എന്ന മോഹം ചെറുപ്പം മുതല്‍ ഒപ്പമുണ്ട്. നാടകങ്ങളായിരുന്നു തുടക്കം. ഭാഗ്യംകൊണ്ടോ ഈശ്വരാനുഗ്രഹം കൊണ്ടോ യാദൃച്ഛികമായി സിനിമയിലെത്തി. സ്ഥിരം നായകവേഷങ്ങളില്നിന്നു മാറി വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതും ലക്ഷ്യമായിരുന്നു. അതും സാധിച്ചു.
ഞാന്‍ പലപ്പോഴും പറയാറുണ്ട്. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം കരുതിയതിലും നേരത്തേതന്നെ സഫലീകരിച്ചു. വ്യത്യസ്ത കഥാപാത്രങ്ങളും പ്രേക്ഷകരുടെ സ്നേഹവും അംഗീകാരങ്ങളും ചെറുപ്പത്തില്‍ത്തന്നെ ലഭിച്ചു. ചിലരുടെ ജീവിതത്തില്‍ മധ്യഘട്ടം ആകുമ്പോഴാകും അവസരങ്ങളും അംഗീകാരവുമൊക്കെ ലഭിക്കുന്നത്. എന്റെ വിജയാഭിലാഷങ്ങൾ നേരത്തേ നിറവേറ്റപ്പെട്ടതുകൊണ്ടാകും സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പെന്ഷന് പറ്റിയവരെപ്പോലെയായി പിന്നീടുള്ള അവസ്ഥ. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരു നടന് എന്ന നിലയില്‍ എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ സാധിച്ചു. അതില്‍ സംതൃപ്തിയുണ്ട്.
നവതി ആഘോഷം...
പിറന്നാളുകള്‍ പൊതുവേ ആഘോഷമാക്കുന്ന പതിവില്ല. കന്നിമാസത്തിലെ ചോതി നാളിലാണ് നക്ഷത്ര പ്രകാരമുള്ള പിറന്നാള്‍. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ജന്മദിനത്തില് വീടിന് അടുത്തുള്ള ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തില്‍ അമ്മൂമ്മ (കല്യാണി അമ്മ) പടച്ചോര് വഴിപാട് നടത്തും.
ഈ ചോറ് ക്ഷേത്രത്തില്‍ എത്തുന്ന ഏതെങ്കിലുമൊരു സാധാരണക്കാരനായ ഭക്തനോ ഭക്തയ്ക്കോ നല്‍കും. അപ്പോള്‍ ഒരു അന്നദാനത്തിന്റെ ഫലംകൂടി ഈ വഴിപാടിനുണ്ട്. മുതിര്‍ന്നപ്പോഴും സിനിമാ നടനായപ്പോഴും പിറന്നാളുകള്‍ ഞാന്‍ ആഘോഷമാക്കിയിട്ടില്ല. പിറന്നാള്‍ ദിനത്തില്‍ സാധാരണ വീടുകളില്‍ ഉള്ളതുപോലെ പായസമുണ്ടാകും. ഇപ്പോള്‍ ജന്മദിന ആശംസകളുമായി അതിഥികള്‍ എത്തുകയാണെങ്കില്‍ ലഡുവോ മധുരപലഹാരമോ നല്‍കും. ഉച്ചയ്ക്കാണെങ്കില്‍ വീട്ടിലുണ്ടാകുന്ന ഊണും പായസവും.
ഗൗരീശപട്ടം മഹാദേവര്‍ ക്ഷേത്രവും മധുവും തമ്മിൽ...
കുട്ടിക്കാലം മുതല്‍ ഏതാണ്ട് എല്ലാ ദിവസവും തൊഴാന്‍ പോയിരുന്നു. ഞങ്ങള്‍ കുട്ടികള്‍ കുളത്തിന്റെ ചുറ്റു മതിലില്‍ കയറി ആഴമുള്ള ക്ഷേത്രക്കുളത്തിലേക്കു ചാടി നീന്തിക്കുളിച്ചാണ് തൊഴാൻ പോകുന്നത്. സിനിമയില്‍ തിരക്കുള്ള കാലത്തും ഞാന്‍ തിരുവനന്തപുരത്തുണ്ടെങ്കില്‍ എല്ലാ പക്കനാളിലും ഗൗരീശപട്ടം ക്ഷേത്രത്തില്‍ പോയിരുന്നു. നടക്കാന്‍ അല്പം ബുദ്ധിമുട്ട് വന്നതു മുതലാണ് ക്ഷേത്രദര്‍ശനം മുടങ്ങിയത്.
അങ്ങയുടെ നായികമാരായിരുന്ന ശാരദ, ഷീല, ജയഭാരതി, അംബിക (പഴയകാല നായിക), ശ്രീവിദ്യ, വിധുബാല, സീമ, ലക്ഷ്മി എന്നിവരെക്കുറിച്ച്...
ഓരോ നടിമാര്‍ക്കും അവരുടെതായ അഭിനയശൈലിയുണ്ട്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഷീലയും ശാരദയും ജയഭാരതിയും ഉള്‍പ്പെടെയുള്ളവർ അവര്‍ക്കു ലഭിച്ച റോളുകള്‍ നന്നായി കൈകാര്യം ചെയ്തവരാണ്. ശ്രീവിദ്യയാണെങ്കില് ശാസ്ത്രീയമായി സംഗീതവും നൃത്തവും അഭ്യസിച്ചിട്ടുള്ള നടി. മലയാളം, തമിഴ്, തെലുങ്ക്. കന്നട തുടങ്ങി അഭിനയിച്ച എല്ലാ ഭാഷാചിത്രങ്ങള്‍ക്കു വേണ്ടിയും സ്വയം ഡബ് ചെയ്യാനും അവർക്കു കഴിഞ്ഞിരുന്നു.
സിനിമയില്‍ വളരെ വൈകാരിക കഥാപാത്രങ്ങളാണ് ഏറെയും അവതരിപ്പിച്ചത്. മധു എന്ന വ്യക്തി അങ്ങനെയാണോ?
ഒരു പരിധിക്കപ്പുറമുള്ള അറ്റാച്ച്മെന്റില് പെട്ടുപോയിട്ടില്ല. സിനിമക്കാര്‍ക്കും എഴുത്തുകാര്‍ക്കും സാധാരണക്കാരേക്കാള്‍ കൂടുതല്‍ സഹനശക്തി ഉണ്ടെന്നാണ് അനുഭവത്തില്‍ കാണുന്നത്. കാരണം ഒട്ടേറെ ജീവിതങ്ങള്‍ അവര്‍ കണ്മുന്നില് കാണുന്നു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി അഭിനയിക്കുന്ന നടനോ നടിയോ ഒരര്‍ഥത്തില്‍ ഒരു ജന്മത്തില്ത്തന്നെ പല ജീവിതങ്ങള്‍ അനുഭവിക്കുകയല്ലേ. അതുപോലെ തന്നെയാണ് വൈവിധ്യമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാരും. ജീവിതം, മരണം, വേര്‍പാട് അങ്ങനെയെല്ലാം നമുക്കൊപ്പം തന്നെയുണ്ടെന്ന ചിന്ത എപ്പോഴും അവരുടെ ഉപബോധ മനസിലുണ്ട്.
മധു സാറിനു മിമിക്രി കലാകാരന്മാ രോട് അല്പം അസഹിഷ്ണുത ഉണ്ടെന്നു പൊതുവേ പലരും പറയാറുണ്ട്. ഇപ്പോള്‍ പ്രമുഖമായ ഒരു ടെലിവിഷന്‍ ചാനലില്‍ നടന് ജയറാം അവതരിപ്പിക്കുന്ന മിമിക്രിക്കു മുമ്പ് അങ്ങു നടത്തിയ പ്രതികരണം വൈറല്‍ ആണല്ലോ...
ഈ വീഡിയോ ക്ലിപ്പ് എനിക്കും പലരും അയച്ചുതരുന്നുണ്ട്. ജയറാമിന്റെ അപരന് എന്ന ആദ്യ സിനിമയെ സംബന്ധിച്ചാണ് ജയറാമിന്റെ സിനിമയിലെ ആദ്യ അച്ഛന് ഞാനാണ് എന്ന രീതിയില്‍ തമാശയായി പ്രതികരിച്ചത്. എനിക്കു മനസിലാകാത്ത ഒരു കാര്യം ഒരു വലിയ ഷോയില്‍നിന്ന് ഇങ്ങനെയുള്ളവ മാത്രം അടര്‍ത്തിയെടുക്കുന്നതിന്റെ പൊരുളാണ്. വിവാദം ഉണ്ടാക്കാനായി ഇങ്ങനെ ചില ഭാഗങ്ങൾ അടര്‍ത്തിമാറ്റി ഹൈലൈറ്റ് ചെയ്യാറുണ്ട്.
പിന്നെ മിമിക്രി കലാകാരന്മാരോട് എനിക്കു യാതൊരു അസഹിഷ്ണുതയുമില്ല. മറ്റ് കലകളെപ്പോലെ ഉത്തമമായത് തന്നെയാണ് അനുകരണകലയും. എനിക്ക് എതിരഭിപ്രായം ഉള്ളത് മിമിക്രി എന്ന പേരില്‍ ചിലരെങ്കിലും ഇപ്പോള്‍ നടത്തുന്ന നിലവാരം കുറഞ്ഞ പ്രകടനങ്ങളോടു മാത്രമാണ്. ഒരു നടനെ അനുകരിക്കുമ്പോള്‍ ആ നടനെ നന്നായി പഠിക്കണം. അതായത്, പ്രേംനസീറിനെ ആണ് അനുകരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ സവിശേഷതകളും ദൗര്‍ബല്യങ്ങളും അറിയുക. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു വച്ചാല്‍, നസീറിനെ മനസിലാക്കി അനുകരിക്കുകയല്ല, പകരം മുമ്പു പ്രേംനസീറിനെ മിമിക്രിയിലൂടെ അവതരിപ്പിച്ച കലാകാരനെ അനുകരിക്കുകയാണ് പലരും ചെയ്യുന്നത്.
മിമിക്രിയില്‍ കുറെ പെരുപ്പിച്ചുകാട്ടല്‍ ഉണ്ടല്ലോ. ഈ പെരുപ്പിക്കൽ നടത്തുന്ന കലാകാരനെ പുതുതായി വരുന്ന ആള് അനുകരിക്കുമ്പോള്‍ ചിലപ്പോള്‍ വൈകൃതമായി മാറും. ഈ വൈകൃതമാകും പിന്നെ മൂന്നാമതെത്തുന്ന മിമിക്രി ആര്‍ട്ടിസ്റ്റ് അനുകരിക്കുന്നത്. ഇതാണ് വലിയ അപചയം സംഭവിക്കുന്നതിനു കാരണം. സത്യന് സാറിന്റെ സിനിമയോ മുഖമോ കാണാതെ, മനസിലാക്കാതെ അദ്ദേഹത്തെ അവതരിപ്പിക്കുമ്പോഴാണ് ഇന്നത്തെ രീതിയിൽ അധഃപതിച്ചു പോകുന്നത്. ഇതിനു മാറ്റം വരണമെന്നു തന്നെയാണ് ഞാന്‍ പറയുന്നത്.
രാത്രി, അങ്ങയുടെ സുഹൃത്താണെന്നു പറയാറുണ്ടല്ലോ...
അതെ. രാത്രി വളരെ സജീവമാണ്. വൈകുവോളം വായനയും യു ട്യൂബ് ഉള്‍പ്പെടെയുള്ള ചാനലുകളിലെ സിനിമ കാണലുമായി ചെലവഴിക്കാറുണ്ട്. ചെറുപ്പകാലത്തു രാത്രി കാലങ്ങളിലായിരുന്നു എന്റെ അഭിനയസ്വപ്നങ്ങള് സാക്ഷാത്കരിച്ചിരുന്നത്.
പഠനം മുടങ്ങും എന്നു കരുതി അച്ഛന് എന്റെ നാടകപ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. അതിനാല്‍ രാത്രി പത്തിനു ശേഷം വീടിനു പിറകിലുള്ള തീപ്പെട്ടി ഓഫീസിലായിരുന്നു നാടക പരിശീലനം. ഇപ്പോള്‍ രാത്രി കാലങ്ങളില്‍ പഴയകാല സിനിമകള്‍ മുതല്‍ കാണുന്നതാണ് ഹരം. മുമ്പ് ഷൂട്ടിംഗ് തിരക്കുകള്‍ മൂലം കാണാന്‍ കഴിയാതിരുന്ന എന്റെതന്നെ ധാരാളം ചിത്രങ്ങളും കാണാറുണ്ട്. അങ്ങനെ സന്തോഷമായി മുന്നോട്ട്.
മധുരഭാഷണം
ജീവിതത്തിൽ ഞാൻ കണ്ട ഒരേയൊരു സൂപ്പർ സ്റ്റാർ മധുവാണ്. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേക്കു ഞാൻ കത്തുകൾ എഴുതി അയയ്ക്കുമായിരുന്നു.
-മമ്മൂട്ടി
ഒരു കൊച്ചുകുട്ടി കടൽ കണ്ട് അദ്ഭുതപ്പെടുന്നതുപോലെ ആ വലിയ മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കി ആ സ്നേഹം ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
- മോഹൻലാൽ
അതിരുകടന്ന വാചാലത ഒഴിവാക്കി അഭിനയിക്കുന്ന നടനാണ് മധു. വാക്കുകള്‍ ഉച്ചരിക്കുന്നതിനു മുന്‍പുതന്നെ മുഖത്തു ഭാവമുദിക്കും.
- ശ്രീകുമാരൻ തന്പി
ഞാന്‍ പരിചയപ്പെട്ട കാലം മുതല്‍ പരാതിയോ പരിഭവങ്ങളോ ഇല്ലാത്ത ഒരാളാണ് മധു. തന്റെ കൂടെ അഭിനയിക്കുന്നവരെക്കുറിച്ചോ മുതിര്ന്നവരെപ്പറ്റിയോ ഒരു ദോഷവും പറയാറില്ല.
-എം.ടി. വാസുദേവൻനായർ
പ്രതിഫലം ഉറപ്പിക്കാതെയും പലപ്പോഴും അതിനെപ്പറ്റി മിണ്ടാതെ പോലും കന്നിക്കാരുമായി സഹകരിക്കാന്‍ കാണിച്ച സന്മനോഭാവം അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കി.
- അടൂർ ഗോപാലകൃഷ്ണൻ
സഹപ്രവര്‍ത്തകരുടെ സന്തോഷത്തിലും വേദനയിലും എപ്പോഴും അദ്ദേഹമുണ്ടാവും. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളില്‍ ഒരകല്‍ച്ച അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല.
- ഷീല
എംടിയെയും പത്മരാജനെയും പോലെ സിനിമയുടെ മര്‍മമറിഞ്ഞ രചനാശൈലിയുടെ ഉടമയാണ് അദ്ദേഹം. മധുസാര്‍ സ്വന്തം പേരില്‍ എഴുതാത്തതെന്തുകൊണ്ടാണെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്.
- സത്യൻ അന്തിക്കാട്
ഞാനറിഞ്ഞ മധു ഏതു കഥാപാത്രമായാലും നന്നായി പഠിച്ചേ അവതരിപ്പിക്കൂ. ഇന്നും അദ്ദേഹം ഒരു വിദ്യർഥിയാണെന്നു തോന്നും. അത്രമാത്രം ഡെഡിക്കേഷനോടെയാണ് അദ്ദേഹം സിനിമയെ സമീപിച്ചിരുന്നത്.
- ശാരദ
ഇണങ്ങുമ്പോഴും പിണങ്ങുമ്പോഴും വഴങ്ങുമ്പോഴും നയിക്കുമ്പോഴും ഒരുപോലെ പുലര്‍ത്തിപ്പോന്ന പ്രതിപക്ഷ ബഹുമാനവും പരിഗണനയും കരുതലും ഈ വലിയ മനുഷ്യന്റെ പ്രത്യേകതയാണ്.
- ഐ.വി. ശശി
അക്കാഡമിക് ആയി അഭിനയം പഠിച്ചെടുത്തതുകൊണ്ടു മാത്രമല്ല മധുസാർ മറ്റു നടന്മാരിൽനിന്നു വ്യത്യസ്തനാകുന്നത്. എന്നും കാലത്തോടൊപ്പം സഞ്ചരിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു എന്നതുകൊണ്ടുകൂടിയാണ്.
- കെ.ആർ. വിജയ
എസ്. മഞ്ജുളാദേവി