ഹൃദയപൂർവം...
Saturday, September 2, 2023 11:41 PM IST
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻസിസ് മാർപാപ്പ. തലശേരി അതിരൂപതാംഗം അകാലത്തിൽ വിടപറഞ്ഞ ഫാ. മനോജ് ഒറ്റപ്ലാക്കൽ വരച്ച തിരുഹൃദയചിത്രം സ്വീകരിക്കാൻ പാപ്പ കാണിച്ച വലിയ മനസ് വിവരണാതീതമാണ്.
ഈ ചിത്രവുമായി റോമിലെത്തിയ സിസ്റ്റർ ട്രീസ പാലയ്ക്കലിനെയും ഒപ്പമുണ്ടായിരുന്നവരെയും വലിയ പിതാവ് ആദരവോടെ സ്വീകരിച്ചു. ഇരുപതു മിനിറ്റോളം സംസാരിച്ചു, സമ്മാനങ്ങൾ നൽകി. ഫാ. മനോജിന്റെ വേർപാടിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിക്കുകയും ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയുടെ കരുതലും സ്നേഹവും ഹൃദയത്തിന്റെ ആഴങ്ങളിൽ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. തലശേരി അതിരൂപതയിലെ യുവവൈദികൻ ഫാ. മനോജ് ഒറ്റപ്ലാക്കൽ വരച്ച തിരുഹൃദയചിത്രം സ്വീകരിക്കാൻ മാർപാപ്പ കാണിച്ച താത്പര്യം.
ആ ചിത്രം സമർപ്പിക്കാനെത്തിയ കന്യാസ്ത്രീയോടും ഒപ്പമുണ്ടായിരുന്നവരോടും കാണിച്ച അതിരറ്റ വാത്സല്യം. പ്രോട്ടോക്കോളുകൾ മറന്നു കേരളത്തിൽനിന്നുള്ള സംഘത്തെ തന്റെ സ്വകാര്യമുറിയിൽ സ്വീകരിച്ച് സമ്മാനങ്ങൾ നൽകിയതിനൊപ്പം ഒപ്പംനിന്ന് ഫോട്ടോകളെടുക്കാൻ കാണിച്ച തുറവിയുടെ മനസ്.
രണ്ടു മിനിറ്റു മാത്രമാ ണ് സന്ദർശനത്തിന് അനുവദിച്ചിരുന്നതെങ്കിലും ഇരുപതു മിനിറ്റോളം സമയം കത്തോലിക്കാ സഭയുടെ വലിയ ഇടയൻ അവർക്കൊപ്പം ചെലവഴിക്കുകയും ഏറെ കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തതിന്റെ ഓർമകൾ.
അസാധ്യമെന്നു തോന്നാവുന്ന സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും ശുഭകരമായ പര്യവസാനമായിരുന്നു റോമിൽ ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യമുറിയിൽ സംഭവിച്ചത്.
അവിസ്മരണീയമായ ആ സംഭവം ഇങ്ങനെയാണ്:
തലശേരി അതിരൂപതയിലെ യുവവൈദികനായിരുന്ന ഫാ. മനോജ് ഒറ്റപ്ലാക്കൽ. ആത്മീയതയുടെ നിറവിൽ പൗരോഹിത്യ വിശുദ്ധിയുടെ പരിമളം പരത്തിയ യുവവൈദികൻ. ഗായകൻ, വാഗ്മി, ചിത്രകാരൻ, സംഘാടകൻ, അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ബഹുമുഖപ്രതിഭ.
ജർമനിയിലേക്കും റോമിലേക്കും സന്ദർശനത്തിനു പോകുന്പോൾ മാർപാപ്പയ്ക്കു സമ്മാനിക്കാൻ ഈശോയുടെ തിരുഹൃദയത്തിന്റെ ഒരു പെയിന്റിംഗ് നൽകണമെന്ന ആഗ്രഹം തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ തലശേരി സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഡോ. സിസ്റ്റർ ട്രീസ പാലയ്ക്കൽ ഫാ. മനോജിനെ അറിയിച്ചു.
തലശേരി മൈനർ സെമിനാരിയിൽ സേവനം ചെയ്തിരുന്ന ഫാ. മനോജിനെ സന്ദർശിച്ച് ചിത്രത്തെ സംബന്ധിച്ച് ചർച്ചയും നടത്തി. യേശുവിന്റെ തിരുഹൃദയത്തോടു ചേർന്നുള്ള വിശ്വാസവും അവിടത്തെ അളവറ്റ കാരുണ്യവും കാൽവരിയിൽ അർപ്പിക്കപ്പെട്ട രക്ഷാബലിയുമൊക്കെ സിസ്റ്റർ ട്രീസയും ഫാ. മനോജും തമ്മിൽ നടത്തിയ ആത്മീയഭാഷണത്തിൽ വിഷയമായി.
ചിത്രം പൂർത്തിയായാൽ സെമിനാരിയിലെത്തി വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞെങ്കിലും, തൊണ്ടിയിലുള്ള പ്രൊവിൻഷ്യൽ ഹൗസിൽ ചിത്രം എത്തിച്ചുതരാമെന്ന സ്നേഹപൂർവമായ മറുപടിയാണ് ഫാ. മനോജ് നൽകിയത്.
ജർമനിയിലേക്ക് സിസ്റ്റർ നിശ്ചയിച്ചിരുന്ന യാത്രയ്ക്കു മുന്നോടിയായി കഴിഞ്ഞ മേയ് ആദ്യവാരംതന്നെ ചിത്രം പൂർത്തിയാക്കി മനോജ് അച്ചൻ തൊണ്ടിയിലെ മഠത്തിലെത്തി.
ചിത്രം മാർപാപ്പയ്ക്കു സമ്മാനിക്കുന്പോൾ അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഓരോ ഭാവത്തെയും അടയാളങ്ങളെയുംകുറിച്ച് പരിശുദ്ധ പിതാവിനോടു പറഞ്ഞുകൊടുക്കാൻവിധം വിശദീകരണവും അച്ചൻ നൽകി.
വത്തിക്കാനിൽ മാർപാപ്പയുടെ വിശ്വാസികൾക്കായുള്ള ഒൗദ്യോഗിക ദർശനവേളയിൽ ഇതിനുള്ള സമയം അനുവദിക്കില്ലെന്നും ഇത്തരം അർഥതലങ്ങൾ വിശദീകരിക്കണമെങ്കിൽ മനോജ് അച്ചൻ നേരിട്ടു പോകേണ്ടിവരുമെന്നും തമാശയായി സിസ്റ്റർ പറഞ്ഞു. സിസ്റ്റർ ട്രീസ ഇതു മാർപാപ്പയ്ക്കു സമ്മാനിക്കുന്ന നിമിഷം ഞാൻ അവിടെയുണ്ടാകുമെന്ന മറുപടിയാണ് മനോജ് അച്ചൻ നൽകിയത്.
തൊണ്ടിയിലെ പ്രൊവിൻഷ്യൽ ഹൗസിന്റെ സ്വീകരണമുറിയിലേക്ക് ഇതുപോലൊരു ചിത്രം വരച്ചു നൽകാമെന്ന് ഉറപ്പുനൽകുകയും അതു സ്ഥാപിക്കാൻ ചുവരിന്റെ അളവെടുക്കുകയും ചെയ്ത ശേഷമാണ് അച്ചൻ മടങ്ങിയത്.
അകാലവിയോഗം
മേയ് ഏഴിന് സിസ്റ്റർ ട്രീസ ജർമനിയിലേക്കു പുറപ്പെട്ടു. റോമിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിന് അനുമതി ലഭിക്കാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കത്തുമായാണ് പോയത്. സിസ്റ്റർ ജർമനിയിലെത്തിയതിനു പിന്നാലെ മേയ് 29നു പുലർച്ചെ ഫാ. മനോജ് ഒറ്റപ്ലാക്കൽ വടകരയ്ക്കുസമീപം കാറപകടത്തിൽ മരണമടഞ്ഞു. തലശേരി അതിരൂപതയിൽ മാത്രമല്ല അച്ചനെ ഒരിക്കലെങ്കിലും അടുത്തറിഞ്ഞവർക്കെല്ലാം തീരാനൊന്പരമായിരുന്നു ആ അകാലവിയോഗം.
ഏറെ ദുഃഖഭാരത്തിലായ സിസ്റ്റർ ട്രീസ പാലയ്ക്കലിനു ഫ്രാൻസിസ് മാർപാപ്പയെ കാണാൻ അവസരം കിട്ടി. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നടുത്തളത്തിൽ സന്ദർശനത്തിനായി എത്തിയെങ്കിലും മാർപാപ്പയുടെ അനാരോഗ്യം മൂലം അദ്ദേഹത്തെ അടുത്തു കാണാനോ മനോജ് അച്ചൻ വരച്ച ചിത്രം കൈമാറാനോ കഴിഞ്ഞില്ല.
ഏറെ മനഃക്ലേശത്തോടെ ജർമനിലേക്കു മടങ്ങിയെങ്കിലും പാപ്പായെ കണ്ട് ചിത്രം എങ്ങനെ കൈമാറുമെന്ന ചിന്തയായിരുന്നു മനസിൽ. പലതരത്തിലായി അതിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.
മാർപാപ്പയ്ക്ക് ചിത്രത്തിന്റെ വിവരണങ്ങളും അതോടൊപ്പം മനോജ് അച്ചന്റെ വിയോഗവും അദ്ദേഹത്തിനുണ്ടായിരുന്ന പ്രാഗത്ഭ്യവുമൊക്കെ ഉൾപ്പെടുത്തി ഒരു കത്തെഴുതിയാൽ മാർപാപ്പ സന്ദർശനത്തിനു സമയം അനുവദിച്ചേക്കുമെന്ന പ്രതീക്ഷ സിസ്റ്റർ ട്രീസ സഹസന്യാസിനികളോടും വൈദികരോടും പങ്കുവച്ചു. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജൂലൈ 30 വരെ സന്ദർശനം അനുവദിക്കുന്നില്ലെന്ന് അറിഞ്ഞു.
വീണ്ടും ശ്രമം
ഓഗസ്റ്റ് രണ്ടിനു പോർച്ചുഗലിൽ ലോക യുവജന സമ്മേളനത്തിലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ മാർപാപ്പ ലിസ്ബണിലേക്ക് പോകുന്നതായി അറിഞ്ഞതോടെ ചിത്രം കൈമാറാമെന്ന പ്രതീക്ഷ തീരെ നഷ്ടമായി. എന്നിരിക്കെയും ഇങ്ങനെയൊരു നിയോഗം എങ്ങനെയും സാധിക്കാനുള്ള ആഗ്രഹത്തിൽ തിരുഹൃദയത്തെ ധ്യാനിച്ച് തീവ്രമായി പ്രാർഥിച്ചുകൊണ്ടിരുന്നു.
ഒപ്പം മനോജ് അച്ചനുണ്ടായിരുന്ന ആത്മീയവിശുദ്ധിക്കു മുന്നിൽ യേശുവിന്റെ ഇടപെടലുണ്ടാകുമെന്ന് സിസ്റ്റർ ആത്മാർഥമായി വിശ്വസിച്ചു.
റോമിൽ പാപ്പായുടെ കൂരിയയിലുള്ള ഒരു സെക്രട്ടറിയെ വിവരം ധരിപ്പിച്ചപ്പോൾ സിസ്റ്റർക്ക് മറ്റൊരവസരത്തിൽ റോമിലേക്കു വരാനാകുമോയെന്നും അതല്ലെങ്കിൽ ചിത്രം മറ്റാരുടെയെങ്കിലും കൈവശം കൊടുത്തുവിടാനാകുമോ എന്നും ചോദിച്ചു. മാർപാപ്പ ശസ്ത്രക്രിയയ്ക്കു ശേഷം ജൂലൈ 31 വരെ വിശ്രമത്തിലാണെന്നും ഓഗസ്റ്റ് രണ്ടിനു ലിസ്ബണിലേക്കു പോകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അതോടെ മാർപാപ്പയെ കാണുകയെന്നത് അപ്രാപ്യമായി മാറി. പ്രതീക്ഷ കൈവിടാതെ വീണ്ടും പാപ്പായുടെ ഓഫീസിനെ സമീപിച്ചപ്പോൾ തിരുഹൃദയ വിശ്വാസ സംസ്കാരവും കൂടിക്കാഴ്ചയുടെ ആവശ്യകതയും ഉൾപ്പെടുത്തി ഒരു കത്തു നൽകാൻ ആവശ്യപ്പെട്ടു. ആ കത്ത് സെക്രട്ടറി മാർപാപ്പയെ കാണിക്കുകയും ആവശ്യം ഉന്നയിക്കുകയും ചെയ്തതോടെ ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു.
ഭാഗ്യനിമിഷം
ഓഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞു മാർപാപ്പയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച അനുവദിച്ചത്. പല കാരണങ്ങളാൽ ഇത്തരമൊരു സ്വകാര്യ സന്ദർശനത്തിനു സാധ്യതയില്ലായിരുന്നു. ദൈവിക ഇടപെടലിൽ മനോജ് അച്ചന്റെ ആഗ്രഹപൂർത്തീകരണത്തിനായി ഇങ്ങനെയൊരു സാഹചര്യം ഒരുക്കപ്പെടുകയായിരുന്നു.
2.30നാണ് കൂടിക്കാഴ്ച അനുവദിച്ചതെങ്കിലും ഫ്രാൻസിസ് മാർപാപ്പ പത്തു മിനിറ്റുമുൻപേ സന്ദർശനമുറിയിൽ എത്തി. രണ്ടുമിനിറ്റു സന്ദർശനമാണ് അനുവദിച്ചിരുന്നതെങ്കിലും 20 മിനിറ്റോളം പാപ്പ സിസ്റ്റർ ട്രീസയും ഒപ്പമുണ്ടായിരുന്നവരുമായി ഹൃദ്യമായി സംസാരിച്ചു. മനോജ് അച്ചൻ വരച്ച ചിത്രം കാണുക മാത്രമല്ല അതിന്റെ അർഥസൂചനകൾ പാപ്പ വിസ്മയത്തോടെ ഉൾക്കൊള്ളുകയും അച്ചന്റെ വേർപാടിൽ അനുശോചനം പറയുകയും ചെയ്തു. സമ്മാനങ്ങൾ കൈമാറിയതിനൊപ്പം മനോജ് അച്ചൻ വരച്ച ഫോട്ടോ വെഞ്ചരിച്ചു നൽകുകയും അതിന്റെ കോപ്പി സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഇവിടെനിന്നുള്ള സമർപ്പിതരുടെ ആഗോളസഭാ ശുശ്രൂഷകളെക്കുറിച്ചുമൊക്കെ പാപ്പ നന്ദിപൂർവം സ്മരിച്ചു. സ്വകാര്യസന്ദർശനങ്ങളിൽ പതിവില്ലാത്തവിധം അവർക്കൊപ്പം പാപ്പ ഫോട്ടോയെടുക്കാൻ അവസരം നൽകുകയും ചെയ്തു. സ്വപ്നതുല്യമായ കൂടിക്കാഴ്ച എന്നാണ് സിസ്റ്റർ ട്രീസ ആ നിമിഷങ്ങളെ വിശേഷിപ്പിക്കുന്നത്.
അന്നു വൈകുന്നേരം ഫ്രാൻസിസ് മാർപാപ്പ കൂരിയയിലെ സെക്രട്ടറി അച്ചനോട് ഇന്ത്യയിൽനിന്നു വന്ന സിസ്റ്റർക്കും ഒപ്പമുണ്ടായിരുന്നവർക്കും സന്തോഷമായില്ലേ എന്നു ചോദിക്കുകയും ചെയ്തു.
ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ തീവ്രമായ ആഗ്രഹം അങ്ങനെ പൂവണിഞ്ഞു. നന്മകളുടെ വിളനിലമായിരുന്ന യുവവൈദികനോടുള്ള കരുതലായിരുന്നു പാപ്പായുടെ അപ്രതീക്ഷിതമായ ഇടപെടലിലൂടെ വ്യക്തമായത്. ഒപ്പം ആ മരണം പരിശുദ്ധ പിതാവിനെയും വേദനിപ്പിച്ചു എന്നതിന്റ തെളിവും.
ചെറിയവരോടും വലിയവരോടും ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള വലിയ മതിപ്പും ആദരവും വ്യക്തമാക്കുന്നതായി ഈ സന്ദർശനം. സംഭവിക്കില്ല, സാഹചര്യമില്ല എന്നു ചിന്തിച്ചപ്പോഴും ദൈവിക ഇടപെടലെന്നോണം പാപ്പയെ നേരിൽകണ്ട് സംസാരിച്ച് അനുഗ്രഹം തേടാനും മനോജ് അച്ചന്റെ ചിത്രം സമ്മാനിക്കാനുമായതിന്റെ ധന്യതയിലാണ് സിസ്റ്റർ ട്രീസ പാലയ്ക്കൽ.
എം.ജെ. റോബിൻ