കടലിനക്കരെപ്പോണോരേ...
Sunday, May 21, 2023 1:16 AM IST
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവും രാജുവും ജെയിമിസും ആന്റണിയും ഫ്രാൻസിസുമൊക്കെ കടലിലേക്കുള്ള ഒരുക്കത്തിലാണ്. കൂട്ടുകാരായ വിൽസണും ക്ലീറ്റസും സെബാസ്റ്റ്യനും അവരുടെ വള്ളത്തിൽ വലയടുക്കുന്നു. ചന്ദ്രബിംബം നിഴൽചാർത്തിയ കടൽപ്പരപ്പിലേക്ക് ഒരു നിമിഷം കൈകൾ കൂപ്പി പ്രാർഥിച്ചശേഷം വള്ളം കടലിലേക്ക് തള്ളിയിറക്കി ഒറ്റ ക്കുതിപ്പ്. ഇനിയുള്ള നാലഞ്ചു മണിക്കൂറുകൾ ഇവർക്കൊപ്പം ആകാശനക്ഷത്രങ്ങളും തിരയിൽ മിന്നിമറിയുന്ന മീനുകളുമേയുള്ളു. കൈക്കരുത്തും മനക്കരുത്തും അനുഭവങ്ങളുമാണ് കടൽജീവിതത്തിലെ കരുതൽ.
കടൽ വിസ്മയങ്ങളുടേതാണ്. ശാന്തവും രൗദ്രവുമായ ഭാവങ്ങൾ ഒളിപ്പിച്ച് അനന്തമായി കിടക്കുന്ന കടൽ എക്കാലവും മനോഹര കാഴ്ചയാണ്. ശാന്തതയിൽ നീല നിറം. മഴയിൽ പച്ചനിറം. രൗദ്രതയിൽ തവിട്ടുനിറം.
സുനാമിയും ഓഖിയും വന്നപ്പോൾ പകച്ചവരും വാവിട്ടുകരഞ്ഞവരുമാണ് കടലിന്റെ മക്കൾ. അതേ സമയം മഹാപ്രളയത്തിൽ കേരളത്തിന്റെ സൈന്യമായി ഇവർ അനേകായിരങ്ങളുടെ ജീവൻ രക്ഷിച്ചു. ഇവർക്കു ജീവിതം കടലും നിക്ഷേപം തീരവുമാണ്. കടൽ അമ്മയാണ്. അന്നം തരുന്ന അമ്മ. ആഴക്കടൽ താണ്ടി വലയെറിഞ്ഞാലും കടലമ്മ ചിലപ്പോൾ വെറും കൈയോടെ തിരികെ അയയ്ക്കും. ചിലപ്പോൾ വലയും വള്ളവും നിറയെ മീൻകൊടുക്കും. ഓരോരോ കാലത്ത് ഒട്ടേറെ ജീവനുകളെ കടലെടുത്തിട്ടുണ്ട്. തിരകളിൽ വലച്ചിട്ടുണ്ട്. എന്നിരിക്കെയും തീരമക്കൾ കടലിനെ സ്നേഹിക്കുന്നു. ജീവിതസ്വപ്നങ്ങളാണ് ഓരോ വലയും വള്ളവും.
കടലമ്മേ കാത്തോളണേ.. എന്ന യാചനയോടെ വഞ്ചി കടലിലേക്ക് ഇറക്കിക്കൊണ്ടുപോകുന്നവരെ നോക്കി നിൽക്കുന്പോഴാണ് കടലനുഭവങ്ങളുടെ കഥകൾ ഒൗസേപ്പും വക്കച്ചനും പറഞ്ഞുകേൾപ്പിച്ചത്.
കരയിലെ ജീവിതമല്ല കടലിലേതെന്നു പറയുന്പോൾ നരവീണ കണ്ണുകളിൽ കടലിന്റെ ഭാവങ്ങളാണ് മിന്നിമറയുന്നത്. മത്സ്യബന്ധനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇവർക്ക് പറയാനുണ്ടായിരുന്നത്. അര നൂറ്റാണ്ടു മുൻപ് എല്ലാവരുടേതുമായ കടലിലേക്ക് വകതേടിയിറങ്ങിയതു മുതൽ തിരയും തീരവും അനുഭവങ്ങളുടെ നേർക്കാഴ്ചയായിരുന്നു. മടക്കയാത്രയുണ്ടാകുമോ എന്നുപോലും ഉറപ്പില്ലാതെ ഒറ്റത്തടിവഞ്ചി തള്ളി നാലഞ്ചുപേർ തുഴഞ്ഞു പോയതും വലയെറിഞ്ഞ് മണിക്കൂറുകൾ കാത്തിരുന്നു കിട്ടുന്ന മീനുമായി മടങ്ങിയതുമായ കാലം. ഓരോ പക്കത്തിലും കാലാവസ്ഥയിലും മീൻലഭ്യത വ്യത്യസ്തമായിരിക്കും. കർക്കിടകത്തിൽ വറുതിയിൽ പൊരിയുന്പോഴാവും ചാകര വരിക. ചാകര കൊയ്ത്താണ്. ചെമ്മീനും കൊഞ്ചും മത്തിയും അയലയും പരവയുമൊക്കെയായി നിറയെ മീൻ. വള്ളത്തിൽ കൊള്ളാതെ മീൻ കടലിൽ തിരികെക്കളഞ്ഞ അനുഭവങ്ങളുമുണ്ട്.
ഈ പോക്കുപോയാൽ കടലും മീനും ഇല്ലാതെ വരുന്ന കാലമുണ്ടാകുമോ എന്നാണ് ഇവരുടെ ഭീതി. വള്ളക്കാർക്കും ബോട്ടുകാർക്കും ചൂണ്ടക്കാർക്കുമൊന്നും ഇനി ഭാവിയില്ല. വലിയ കന്പനികപ്പലുകൾ ചെറുകണ്ണി വലയെറിഞ്ഞ് ആഴക്കടൽവരെ കോരിയെടുക്കുകയാണ്. വിദേശ കപ്പലുകളും നമ്മുടെ കടലിൽ നങ്കൂരമിട്ടിരിക്കുന്നു. മാസങ്ങൾ കടലിൽ തങ്ങി അവർ മീൻകുഞ്ഞുങ്ങളെവരെ കൊണ്ടുപോവുകയാണ്. ഒരു മൈൽ ചുറ്റളവിലെ മീനുകളെ അപ്പാടെ വളഞ്ഞുകോരാൻ അവർക്ക് ഒന്നോ രണ്ടോ ദിവസം മതി. ഇതാണ് മീൻക്ഷാമത്തിന് കാരണം. ഈ കൊള്ളസംഘത്തിനിടെയിലേക്കാണ് തീരത്തെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളും പ്രതീക്ഷ കൈവിടാതെ മീൻ തേടിപ്പോകുന്നത്.
ഞങ്ങളുടെ ചെറുപ്പത്തിൽ സാഹസികമായിരുന്നു മീൻപിടിത്തമെങ്കിലും ഒരിക്കലും നഷ്ടമുണ്ടായിട്ടില്ല. ഇന്നു മീൻ കിട്ടിയില്ലെങ്കിൽ നാളെ കിട്ടും. അതല്ലെങ്കിൽ മീൻ കിട്ടിയവർ കടം തരും. കടൽ ക്ഷോഭിക്കുന്പോൾ ഉൾക്കടലിൽ ദിക്കറിയാതെ വട്ടംകറങ്ങിയ ദിവസങ്ങളുണ്ട്. ഭക്ഷണം തീർന്നാൽ കുടത്തിൽ കരുതിയ പച്ചവെള്ളം മാത്രമേയുണ്ടാകൂ. പണ്ടൊക്കെ മീൻപിടിക്കാൻ ഇത്രയും മുതൽമുടക്കില്ലായിരുന്നു. ഇപ്പോഴോ ലക്ഷങ്ങൾ ലോണെടുത്ത് വള്ളവും വലയും വാങ്ങിയാലും തീരില്ല. ഡീസലിനും മണ്ണെണ്ണയ്ക്കും ഐസിനുമൊക്കെ തീവിലയായി. എങ്ങനെയും മീനുമായി തീരത്തെത്തിയാൽ ഇടനിലക്കാർക്കും കച്ചവടക്കാർക്കുമാണ് കൊള്ളലാഭം. കിലോയ്ക്ക് ഇരുപതു രൂപയ്ക്ക് തൊഴിലാളികളിൽനിന്ന് മത്തി വാങ്ങി ഇടനിലക്കാർ അൻപതിനും എണ്പതിനും വിൽക്കും. കടകളിൽ എത്തുന്പോൾ മത്തിയുടെ വില 150 നു മുകളിലെത്തും. അധ്വാനം ഞങ്ങൾക്കും ലാഭം മറ്റുള്ളവർക്കും.
ഒറ്റത്തടി വഞ്ചിയിൽ തുടക്കം
1965 കാലഘട്ടത്തിൽ ഒറ്റത്തടിയിലുള്ള മരവഞ്ചിയിലായിരുന്നു മീൻതേടി പോയിരുന്നത്. വഞ്ചിയിലുള്ള പത്തുപേരും തണ്ടുവലിച്ച് തുഴഞ്ഞായിരുന്നു ഓളപ്പരപ്പിലേക്കെത്തുന്നത്. അക്കാലത്ത് തീരത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലായിരുന്നു മത്സ്യബന്ധനം. മീൻവല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ നെയ്തെടുക്കും. അയൽക്കാർ അവയെല്ലാം യോജിപ്പിച്ച് വലിയൊരു ഒറ്റ വലയാക്കി മാറ്റും. വലയുടെ കണ്ണിയടുപ്പം പോലെ ഓരോ തൊഴിലാളിയും തമ്മിലുള്ള അടുപ്പവും ഐക്യവുമായിരുന്നു കരുത്ത്. സങ്കടങ്ങളിലും സന്തോഷത്തിലും ലാഭത്തിലും നഷ്ടത്തിലും കടലിന്റെ മക്കൾ പരസ്പരം പങ്കുപറ്റിയിരുന്നു.
പിൽക്കാലത്ത് പലകവഞ്ചികളെത്തി. ആറു പലക, ഏഴു പലക എന്നിങ്ങനെ തടിപ്പലക കൊണ്ടു തീർത്ത വഞ്ചികൾ. പിന്നീടാണ് എൻജിൻ വള്ളങ്ങളുടെ വരവ്. ആധുനിക സൗകര്യങ്ങളോടെയുള്ള ഇൻബോർഡ് വള്ളങ്ങളും ഫിഷിംഗ് ബോട്ടുകളും മത്സ്യബന്ധനത്തിന് ആവേശം പകർന്നു. പേഴ്സിൻ ബോട്ടുകൾ, ഗിൽനെറ്റ് ബോട്ടുകൾ, ഫിഷിംഗ് ബോട്ട്, ട്രോളിംഗ് ബോട്ടുകൾ എന്നിങ്ങനെ മത്സ്യബന്ധന യാനങ്ങളിലും പുതുമകൾ പലതുണ്ടായി. മുന്പ് രണ്ടായിരം രൂപയ്ക്ക് വാങ്ങിയിരുന്ന വഞ്ചിക്ക് ഇക്കാലത്തു നാലു ലക്ഷം രൂപ വരെ നൽകണം.
അൻപതുകളുടെ അവസാനത്തോടെ യന്ത്രവൽകൃതബോട്ടുകളും പുതിയ മീൻപിടിത്തരീതികളും സംവിധാനങ്ങളും വന്നതോടെ മത്സ്യബന്ധനം വ്യവസായമായി വളർന്നു. എണ്പതുകളിൽ ആവശ്യാനുസരണം വള്ളങ്ങളിൽ ഘടിപ്പിക്കാവുന്നതും എടുത്തു മാറ്റാവുന്നതുമായ ഒൗട്ട് ബോർഡ് മോട്ടറുകൾ ലഭ്യമായതോടെ പരന്പരാഗത മത്സ്യബന്ധനരംഗത്ത് മാറ്റങ്ങൾ വന്നു.
കടൽപ്പരപ്പിലെ ചലനങ്ങൾ നിരീക്ഷിച്ച് വലയിടാൻ പഴമക്കാർക്ക് പ്രത്യേക ഉപകരണങ്ങളൊന്നും വേണ്ടായിരുന്നു. ചാകര മത്തിയാണെങ്കിൽ വെളുത്ത മുണ്ട് വെള്ളത്തിൽ ഒഴുകി നടക്കുംപോലെ തോന്നുമായിരുന്നു. കടലിളക്കം നോക്കി തിരണ്ടിയും മോതയുമൊക്കെ കണ്ടെത്തിയിരുന്നു. പണ്ടൊക്കെ മത്തി പിടിച്ചിരുന്നത് കൊല്ലിവല ഉപയോഗിച്ചാണ്. ചെമ്മീൻ പിടിക്കാൻ ചെമ്മീൻ കൊല്ലി.
ട്രോൾ വലയുടെ വരവ് വലിയ മാറ്റമുണ്ടാക്കി. നൈലോണ് വലയാണ് പിന്നീടെത്തിയത്. ചെമ്മീൻ, ഞണ്ട്, മാന്തൾ, കുട്ടൻ, പരവ, ഏട്ട, വറ്റ, കലവ മീനുകളെ അടിത്തട്ടുവലകൾ ഉപയോഗിച്ചാണ് പിടിക്കുന്നത്. ചാള, നത്തോലി, മുള്ളൻ, പാന്പാട, പാര തുടങ്ങി കടലിന്റെ മധ്യതലങ്ങളിലുള്ള മീനുകളെ പിടിക്കാൻ ഇടത്തട്ടുവലകൾ എത്തി. നീട്ടുവല, ഒഴുക്കുവല, ലൂപ്പുവല എന്നിങ്ങനെ അറിയപ്പെടുന്ന ഗിൽനെറ്റുകളുപയോഗിച്ചുള്ള മീൻ പിടുത്തമാണ് ഇക്കാലത്ത് പ്രധാനപ്പെട്ട രീതി. ആയിരം ചൂണ്ട എന്ന പേരിലറിയുന്ന ലോങ്ങ് ലൈൻ സ്രാവ്, ഏട്ട, നെയ്മീൻ, ചൂര തുടങ്ങി വേഗതയുള്ളതും ഇരയെ ഓടിച്ചു പിടിക്കുന്നതുമായ മത്സ്യങ്ങളെ പിടിക്കാനാണ് ഉപയോഗിക്കുന്നത്.
ഇപ്പോൾ പരുത്തി നൂലിന് പകരം നൈലോണ് നൂലും പോളി എത്തിലീൻ നൂലുമാണ് വലകളിൽ ഉപയോഗത്തിലുള്ളത്.
തീരത്തുനിന്നു പുറപ്പെടുന്പോൾ തന്നെ വലകൾ ബോട്ടിൽ സജ്ജമാക്കിയിരിക്കും. മീൻകളം കണ്ടാലുടൻ ആഴം, ഒഴുക്ക്, കാറ്റ് എന്നിവ നിരീക്ഷിച്ച് വല കുറേശെയായി കടലിലിറക്കുന്നു. വലയുടെ ഒരറ്റം നീളമുള്ള റോപ്പുപയോഗിച്ച് ബോട്ടുമായി ബന്ധിച്ചിരിക്കും. ഫ്ളോട്ടിന്റെ എണ്ണവും സിങ്കറിന്റെ ഭാരവും ക്രമപ്പെടുത്തിയാണ് വല ഉദ്ദേശിക്കുന്ന തലത്തിൽ വിന്യസിക്കുന്നത്. മത്സ്യങ്ങളുടെ സഞ്ചാരം, ലഭ്യത എന്നിവയനുസരിച്ച് അടിത്തട്ടിലോ മുകൾപരപ്പിലോ ഇതിനിടയ്ക്കുള്ള ഏതെങ്കിലും തലത്തിലോ വല വിന്യസിച്ച് മീനുകളെ വലയിലാക്കും. ഒഴുക്കിനൊപ്പം നീങ്ങുന്ന വിധത്തിലോ സ്ഥിരമായി നിൽക്കുന്ന വിധത്തിലോ വല ക്രമീകരിക്കാം. ഏകദേശം ഒന്നര മണിക്കൂറിനുശേഷം വല വലിച്ചുകയറ്റി കുടുങ്ങിയ മത്സ്യങ്ങളെ ശേഖരിക്കുന്നു.
പുലർച്ചെ ഇൻബോർഡ് വള്ളങ്ങളിൽ കടലിലേക്ക് പോകുന്നവർ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ തിരിച്ചെത്തും. ഇന്നത്തെ വഞ്ചികളിൽ എക്കോ സൗണ്ട് സംവിധാനം ഉള്ളതിനാൽ ഓരോ ഇനത്തിൽപ്പെട്ട മീനിനെ കാണുന്പോഴും ഇക്കോ സൗണ്ടിൽ നിറങ്ങൾ മാറിവരും. അതു നിരീക്ഷിച്ച് വലവിരിച്ചാണ് മീൻ പിടിക്കുന്നത്. 15 കിലോ മീറ്റർവരെ ഉൾക്കടലിലേക്ക് പോകാറുണ്ട്. വഞ്ചിയിൽ ജിപിഎസ് സംവിധാനമുണ്ട്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാതായാലും വയർലെസ് സന്ദേശങ്ങൾ കേട്ടാണ് സഞ്ചാരം. അടിയന്തിര സാഹചര്യത്തിൽ അയൽ വള്ളക്കാർ സഹായത്തിനെത്തും. വഞ്ചിയിലും ബോട്ടിലുമൊക്കെ പാചകത്തിന് ഒരാൾ ഉണ്ടാകും. അതിനു സൗകര്യമില്ലെങ്കിൽ ഭക്ഷണം കൈയിൽ കരുതും.
ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം പോകുന്ന കരിയർ വഞ്ചികളിലാണ് മത്സ്യങ്ങൾ കരയിൽ എത്തിക്കുന്നത്. കൂടുതൽ മീൻ കിട്ടിക്കഴിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ അടുത്തുള്ള ഹാർബറിൽ എത്തിക്കും. ഐസ് ഇടാതെയുള്ള മീനുകളാണ് ഹാർബറിൽ വില്പനയ്ക്കായി എത്തിക്കുന്നത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒന്പത് കടലോര ജില്ലകളിലായി 590 കിലോമീറ്റർ തീരം. തീരത്തുനിന്ന് തുടങ്ങി ആഴക്കടൽ വരെ കടലിനെ മൂന്നായി തിരിച്ചിരിക്കുന്നു. 50 മീറ്റർ വരെ തീരക്കടൽ. 50 മീറ്റർ മുതൽ 200 മീറ്റർ വരെ പുറംകടൽ. 200 മീറ്ററിനപ്പുറം ആഴക്കടൽ.
കണ്ണീർക്കടൽ
കടലമ്മ ചതിക്കില്ലെന്നാണ് വിശ്വാസമെങ്കിലും ഇടയ്ക്കൊക്കെ കരയിപ്പിക്കുമെന്ന് 38 വർഷമായി കടലിൽ പോകുന്ന വിൽസൻ പറയുന്നു. മിന്നൽപ്പിണറും ഇടിവെട്ടും കൊടുങ്കാറ്റും കൊടുംചൂടും കടലിൽ നേരിട്ടിട്ടുണ്ട്. കണ്ണീരോർമകൾ പലതും പറയാനുണ്ടുതാനും. 1988 ജൂണിൽ എട്ടു കിലോമീറ്റർ അകലെ തൈക്കലിൽ ചെമ്മീൻ വലയിടുന്പോഴാണ് അപ്രതീക്ഷിതമായി കാറ്റും കോളുമെത്തിയത്. വഞ്ചിയിലുണ്ടായിരുന്ന 21 പേരും കഠിനപ്രയത്നത്തിൽ വല വലിച്ചു കയറ്റി. കരിങ്കല്ലു വീഴുന്പോലെ മഴയും ഇടിവെട്ടും. ആർത്തലയ്ക്കുന്ന തിരയിലൂടെ സ്രാങ്ക് അതിസാഹസികമായാണ് 42 കിലോമീറ്റർ അകലെ കൊച്ചി ഹാർബറിൽ വഞ്ചി എത്തിച്ചത്.
12 ദിവസംവരെ കടലിൽ കഴിയാറുണ്ടെന്ന് മാല്യങ്കരയിലെ സ്രാങ്ക് രാജു പറഞ്ഞു. 25 നോട്ടിക്കൽ മൈൽവരെ സഞ്ചരിച്ചാണ് ഇവരുടെ മത്സ്യബന്ധനം. മീൻ സൂക്ഷിക്കാൻ ഐസും പെട്ടിയും ബോട്ടിലുണ്ടാകും. സുനാമിക്കുശേഷം ഓരോ തവണ കടലിൽ പോകുന്പോഴും ഉള്ളിൽ ഭയമുണ്ടെന്ന് കാൽനൂറ്റാണ്ടിലെ അനുഭവങ്ങളുള്ള രാജു. ഓരോ മീൻനുള്ളും നാവിൽ രുചി പകരുന്പോൾ അധികമാരും അറിയുന്നില്ല ഉൾക്കടലിൽനിന്ന് ഇവയെ പിടിച്ചു തീരത്തെത്തിക്കുന്ന തൊഴിലാളികളുടെ അധ്വാനഭാരം.
അനേകരുടെ ജീവനോപാധിയാണ് മീൻപിടിത്തം. കടൽ ഇവർക്ക് നിധിയാണ്. പന്ത്രണ്ട് മാസവും അന്നം നൽകുന്ന ഇടമാണ്. വൻകിട യാനങ്ങൾ മീൻസന്പത്ത് അപ്പാടെ കോരിയെടുക്കുന്നത് മാത്രമല്ല ഭീഷണി. കടൽ ഓരോ ദിവസവും മലിനമാവുകയാണ്. എണ്ണയും പ്ലാസ്റ്റിക്കും വ്യവസായ മാലിന്യങ്ങളും തള്ളുന്ന കുപ്പത്തൊട്ടി. കൂടാതെ കാലാവസ്ഥാ വ്യതിയാനം കടലിന്റെ ഘടന മാറ്റിമറിക്കുന്നു. ഓരോ വള്ളവും ബോട്ടും ഒരുപാടുപേരുടെ ജീവിതമാണ്. ഓരോ വലയും അനേകരുടെ അധ്വാനത്തിലെ കണ്ണികളാണ്.
സീമ മോഹൻലാൽ