ഓരോ തുരുത്തിലും ആധിപൂണ്ട മനുഷ്യർ. അവരുടെ വീടും നാൽക്കാലികളും വെള്ളക്കെട്ടിൽ കഴിയുന്നു. ചെളിവെള്ളം ചവിട്ടി വീട്ടിലേക്കു കടന്നാൽ കട്ടിലിനും അടുപ്പിനും താഴെവരെ ഉപ്പുവെള്ളം. കഞ്ഞിക്കലത്തിലും അടുപ്പിലും നിറയെ ചെളി. വീടിന്റെ പല മുറികളും തറനിരപ്പിനേക്കാൾ താഴ്ന്നു കഴിഞ്ഞിരിക്കുന്നു.
ജലസമാധിയിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുന്ന മണ്ട്രോത്തുരുത്തിൽ അധിവാസം അസാധ്യമായിരിക്കെ പലായനപ്പുറപ്പാടിലാണ് ദേശവാസികളേറെയും. ഓരോ ദിവസവും കടലും കായലും കരയെ കവർന്നെടുക്കുന്പോൾ ഇനിയൊരു തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമല്ലാതാവുകയാണ്.
വൈകുന്നേരങ്ങളിൽ കടലിരന്പൽപോലെ വേലിയേറ്റം ആർത്തലച്ചുകയറിവരും. നൊടിയിടയിൽ അടുക്കളയിലും പാത്രങ്ങളിലും ശൗചാലയത്തിലും ചെളിവെള്ളം നിറയും. പിറ്റേന്ന് വീട് ശുചീകരിച്ചാലും ഇരുൾ പരക്കുന്നതോടെ അടുത്ത വേലി അതിരു കടന്നെത്തുകയായി. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മണ്റോത്തുരുത്തിനെയും ഇവിടത്തെ തലമുറകളെയും തുടച്ചുമാറ്റാൻ ഏറെക്കാലം വേണ്ടിവരില്ല.
കൊല്ലം ജില്ലയിൽ കല്ലടയാറും അഷ്ടമുടിക്കായലും പുത്തനാറും അതിരിടുന്ന 13.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് മണ്ട്രോത്തുരുത്ത്. 1953ൽ നിലവിൽ വന്ന മണ്ട്രോത്തുരുത്ത് പഞ്ചായത്തിൽ 13 വാർഡുകളിലായി 2314 വീടുകളും 9440 ജനങ്ങളുമുണ്ടെന്നാണ് രേഖ. കിടപ്പാടം വെള്ളത്തിലായതോടെ 650 കുടുംബങ്ങൾ വീടും കൃഷിയിടവും കൈയൊഴിയുകയും അതിന്റെ ഇരട്ടിയോളം പേർ വാടകവീടുകളിൽ അഭയം തേടുകയും ചെയ്തിരിക്കുന്നു.
എട്ടു വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ ആഴ്ന്നുകഴിഞ്ഞു. കൊല്ലത്തിന് 25 കിലോമീറ്റർ വടക്കുമാറി ചിറ്റുമല ബ്ലോക്കിൽ മണ്ട്രോത്തുരുത്ത് ബ്ലോക്ക് ഉൾപ്പെടുന്ന ഈ പ്രദേശം മുൻപ് കാർഷികസമൃദ്ധിയുടെ പൊൻതുരുത്തായിരുന്നു. ഇന്നാവട്ടെ കിടപ്രം വടക്ക്, കിടപ്രം തെക്ക്, കുണ്ട്രാംകാണി, പട്ടംതുരുത്ത്, നെൻമേനി പ്രദേശങ്ങളെ വേലിയേറ്റം അനുദിനം വിഴുങ്ങുകയാണ്. അതിനേക്കാൾ വേഗത്തിൽ പ്രദേശം താഴ്ന്നുകൊണ്ടിരിക്കുന്നു.
പല വീടുകളുടെയും അടിത്തറ നാലടിവരെ വെള്ളത്തിൽ ആഴ്ന്നിട്ടുണ്ട്. നാലഞ്ചു തലമുറകൾ അധിവസിച്ച ഗ്രാമത്തുരുത്തുകളുടെ പല ഭാഗങ്ങളിലും ആളൊഴിഞ്ഞ വെള്ളം കയറിക്കിടക്കുന്ന വീടുകളേ കാണാനുള്ളു. പ്രതാപകാലത്ത് പണിത ബംഗ്ലാവുകളും ഇതിൽപ്പെടും. ഉപ്പുവെള്ളം കുടിച്ചു വിണ്ടുകീറിയ ഭിത്തിയും മേൽക്കൂരയും പൊടിഞ്ഞും വാതിലും ജനാലകളും ദ്രവിച്ചും നിലംപൊത്തുകയാണ്. വിജനമായ ഗ്രാമപാതകളും കൃഷിയിടങ്ങളുമൊക്കെ വെള്ളക്കെട്ടുകളാണ്.
1810ൽ തിരുവിതാംകൂറിൽ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരൻ കേണൽ ജോണ് മണ്റോയുടെ കാലത്ത് മണ്റോത്തുരുത്ത് കോട്ടയത്തെ ചർച്ച് മിഷൻ സൊസൈറ്റിക്ക് പാട്ടത്തിന് കൊടുത്തിരുന്നു. ചർച്ച് മിഷൻ സൊസൈറ്റിയാണ് ഈ തുരുത്തിന് മണ്റോയുടെ പേര് നൽകിയത്. ഏറെ വികസനപദ്ധതികൾ നടപ്പാക്കിയ മണ്റോ സായിപ്പാണ് കാർഷിക സൗകര്യങ്ങൾക്കായി കല്ലടയാറിനെ മുതിരപ്പറന്പിൽനിന്ന് വഴിപിരിച്ച് പുത്തനാറ് വെട്ടിയുണ്ടാക്കിയത്. അഷ്ടമുടിക്കായലിൽ ചേരുന്ന കല്ലടയാറും കൈവഴിയായി ഇതേ കായലിൽത്തന്നെ പതിക്കുന്ന പുത്തനാറും ചേർന്നുള്ള എട്ടു തുരുത്തുകൾ ഉൾപ്പെട്ട പ്രദേശമാണ് മണ്ട്രോത്തുരുത്ത്. കലികാലമെന്നേ പറയേണ്ടൂ, ഓരോ തുരുത്തിലെയും മനുഷ്യരും നാൽക്കാലികളും നടന്നല്ല, തുഴഞ്ഞാണ് ജീവിതപാതകൾ തള്ളിനീക്കുന്നത്.
പരിസ്ഥിതി
വേലിയേറ്റവും വെള്ളപ്പൊക്കവും തുരുത്തുവാസികൾക്ക് പുതുമയല്ല. പോയ നൂറ്റാണ്ടുകളിലെ മഹാപ്രളയങ്ങൾ ആണ്ടിൽ ആറേഴു തവണ മൺട്രോത്തുരുത്തിനെ മുക്കിയിരുന്നു. 121 കിലോമീറ്റർ നീളമുള്ള കല്ലടയാറ്റിലെയും കുളത്തൂപ്പുഴ, ചെന്തുരുണിപ്പുഴ, കൽത്തുരുത്തിപ്പുഴ കൈവഴികളിലെയും പ്രളയങ്ങൾ നിക്ഷേപിച്ച എക്കലാണ് മണ്റോത്തുരുത്തിന്റെ അടിത്തറ. ഒഴുകിയെത്തിയ കണ്ടൽ വിത്തുകൾ കിളിർത്ത് വേരും ഇലയുമായി പന്തലിച്ച് കോട്ടപോലൊരു ജൈവവേലി തീർത്തു. കരിമണ്ണും തരിമണലും നിറഞ്ഞ സമൃദ്ധിയിൽ നെല്ലും തെങ്ങും മാവും കശുമാവും പ്ലാവും മറ്റ് കൃഷികളും തഴച്ചുവളർന്നു.
ചിറകളിലെ ചെമ്മീനും കരിമീനും കർഷകർക്ക് കരുതലായിരുന്നു. സമീപകാലത്തെ അനിയന്ത്രിതമായ മണലൂറ്റ് കല്ലടയാറിന്റെ അസ്ഥിവാരം തോണ്ടിയതോടെ പുഴയുടെ ആഴം അടിയ്ക്കടി കൂടുകയാണ്. അടിമണ്ണ് പുഴയിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്യുന്നു. ചതുപ്പുകളുടെയും തോടുകളുടെയും നികത്തലും അശാസ്ത്രീയ നിർമാണങ്ങളും സ്ഥിതി കൂടുതൽ വഷളാക്കി. കണ്ടൽക്കാടുകളുടെ വൻതോതിലുള്ള നാശം തുരുത്തിന്റെ അതിരാവരണത്തെ മാത്രമല്ല ജൈവസന്പത്തിനെയും പരിസ്ഥിതി സംതുലിതാവസ്ഥയെയും താറുമാറാക്കി.
അന്യാധീനപ്പെടലിന്റെ തുടക്കം കല്ലടയാറ്റിലെ തെൻമല അണക്കെട്ട് നിർമാണത്തോടെയാണെന്ന് ദേശവാസികൾ പറയുന്നു. ഡാം വന്നപ്പോൾ കല്ലടയാറ്റിലേക്കുള്ള ഒഴുക്കും എക്കൽവരവും നാമമാത്രമായി. ഇതിനൊപ്പമാണ് കായലിന്റെയും കല്ലടയുടെയും അടിത്തട്ടിളക്കി മണ്ണും മണലും കവരുന്നത്. മുൻപൊക്കെ തുടരെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ മനുഷ്യർ വാരിയെടുക്കുന്ന മണ്ണിന്റെ ഇരട്ടി അളവിൽ നികത്തികൊടുക്കുമായിരുന്നതിനാൽ എത്രവേണമെങ്കിലും മണൽ കോരിയെടുക്കാമായിരുന്നു. ഒഴുക്ക് നിലച്ചതോടെ പുഴയുടെയും കായലിന്റെയും ആഴം വർധിക്കുകയും ചെയ്തു.
ഈ തിരിച്ചടികളുടെ തുടർച്ചയായാണ് 2004ൽ തെങ്ങോളം ഉയരത്തിൽ സുനാമി മൺട്രോത്തുരുത്തിനെ നക്കിത്തുടച്ചത്. അന്നു മുതൽ പാരിസ്ഥിതിക ആഘാതത്തിന്റെ രൂക്ഷമായ പിടിയിലമർന്നിരിക്കുകയാണ് കൊല്ലം തുരുത്ത്.
സുനാമിക്കുശേഷം അഷ്ടമുടിക്കായലിലെ ജലനിരപ്പ് താഴ്ന്ന് വെള്ളം കല്ലടയാറ്റിലേക്ക് തള്ളിയതാണ് ഋതുഭേദമില്ലാതെ വേലിയേറ്റം ശക്തിപ്രാപിക്കാൻ കാരണമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണം. വർഷത്തിൽ ഏഴും എട്ടും മാസങ്ങൾ ആവർത്തിക്കുന്ന വേലിയേറ്റം പൂർണമായി ഒഴിഞ്ഞുപോകുന്നില്ല. ഓളപ്പരപ്പിലൂടെ വീടുകളിലെ പാത്രങ്ങളും കുട്ടികളുടെ പഠനസാമഗ്രികളും വസ്ത്രങ്ങളും ഒഴുകിനടക്കും. പാന്പും പഴുതാരയും തേളും അട്ടയുമൊക്കെ ഒഴുകിയെത്തുന്നതിനാൽ ക്ഷുദ്രജീവികളുടെ കടിയേൽക്കുക പതിവാണ്. വീടുകളിൽ ഇഷ്ടികയും കല്ലുകളും ഉയർത്തി തട്ടുകളുണ്ടാക്കിയാണ് കിടപ്പും പാചകവും.
കെട്ടിക്കിടക്കുന്ന ഉപ്പുവെള്ളം മണ്ണിനെ മാത്രമല്ല ജൈവസമൃദ്ധിയെ അപ്പാടെ നാശോത്മുഖമാക്കിക്കൊണ്ടിരിക്കുകയാണ്. കൃഷി താറുമാറായി പച്ചപ്പിന്റെ പ്രഭ മങ്ങിയതോടെ ജീവിതം ക്ലേശകരമായി. പെരിങ്ങാലം, കിടപ്രം, പെരിങ്ങാലം, പട്ടംതുരുത്ത് നിവാസികൾക്ക് പുറംലോകത്തെത്തണമെങ്കിൽ പല ഗ്രാമങ്ങളിലെ റോഡുകൾ വട്ടംചുറ്റണം. ഗതാഗതം നിലച്ച ഗ്രാമങ്ങളും പലതാണ്.
കൃഷിപ്പെരുമ
മണ്ട്രോത്തുത്തിലെ നെല്ലിനും നാളികേരത്തിനും കയറിനും കശുവണ്ടിക്കും പ്രമാണിത്തമുള്ള കാലമുണ്ടായിരുന്നു. ഓരോ തെങ്ങിലും ഒരേറ്റിൽ നൂറും ഇരുന്നൂറും തെങ്ങ ലഭിച്ചിരുന്നപ്പോൾ കയറും വെളിച്ചെണ്ണ വ്യവസായവും നേട്ടങ്ങൾ സമ്മാനിച്ചിരുന്നു. രുചിയേറിയ മുണ്ടകനും ചെന്പാവും പുന്നെല്ലും പാടങ്ങളിൽ ഇവർ വിളവെടുത്തു. റാട്ടിന്റെ സംഗീതത്തിലും തൊണ്ടുതല്ലിന്റെ താളത്തിലും ഉത്സവത്തിമർപ്പിലായിരുന്നു ഗ്രാമങ്ങൾ. മണ്ട്രോത്തുരുത്തിന്റെ സ്വന്തം ഉത്പന്നമായ കൊട്ടേക്കയറിനും മങ്ങാടൻ കയറിനും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നിന്ന് ആവശ്യക്കാരെത്തിക്കൊണ്ടിരുന്നു. തമിഴ് നാട്ടിലെ മുന്തിരിപ്പാടങ്ങളിൽ പന്തൽവിരിക്കാനും ഈ കയറിന് ആവശ്യക്കാരുണ്ടായിരുന്നു. പുഴയിലും കായലിലും മീൻപിടിച്ച് കുടുംബങ്ങൾ ജീവിതം കരുപ്പിടിപ്പിച്ചു. അക്കാലങ്ങളിൽ പട്ടിണിയില്ലാത്തവരുടെ നാടായിരുന്നു മണ്ട്രോത്തുരുത്ത്.
ഇന്നത്തെ കാഴ്ചകളാവട്ടെ പരമ ദയനീയം, അതിഭയാനകം. മണ്ഡരി ബാധിച്ചും മണ്ട പോയും ചുവടറ്റും തെങ്ങുകളുടെ നിര. റാട്ടും കയറും അന്യംനിന്നു. കശുവണ്ടി ഫാക്ടറികൾ നിശ്ചലമായി. മഞ്ഞളിച്ച തെങ്ങോലകളും തലയറ്റ തെങ്ങിൻകുറ്റികളും അശാന്തമായ ജീവിതങ്ങളുടെ ചൂണ്ടടയാളങ്ങളാണ്. നാൽക്കാലികൾ ഒന്നാകെ ചത്തൊടുങ്ങി. ആയുർദൈർഘ്യം ഏറെ കുറയുക മാത്രമല്ല അകാലമരണം വാർത്തയല്ലാതായി. ചീയലിന്റെ മണമാണ് അന്തരീക്ഷം നിറയെ. സമൃദ്ധി വിളഞ്ഞിരുന്ന നെൽപ്പാടങ്ങൾ പുല്ലും പോളയും മൂടിക്കഴിഞ്ഞു.
കയ്ച്ചും പുളിച്ചും ജൈവാംശം നഷ്ടമായ മണ്ണിൽ നെല്ലെന്നല്ല പുല്ലുപോലും വളരാതായി. ചെമ്മീൻപാടങ്ങളെ വേലിയേറ്റങ്ങൾ വിഴുങ്ങുകയും ചെയ്തു. നാരൻചെമ്മീനും കൊഞ്ചും വാങ്ങാൻ കൊച്ചിക്കാർവരെ തുരുത്തിലേക്ക് വള്ളം തുഴഞ്ഞുവന്ന കാലമൊക്കെ വിസ്മൃതിയിലാണ്ടിരിക്കുന്നു. വർഷം 150 ടണ് ചെമ്മീൻ വിറ്റിരുന്ന നിവാസികൾക്ക് കൈയൊഴിഞ്ഞ പ്രതാപത്തിന്റെ കദനകഥകളേ പറയാനുള്ളു.
നിലംപൊത്താൻ നേരം നോക്കി നിൽക്കുകയാണ് ദുരന്തസ്മാരകംപോലത്തെ വീടുകൾ. നടപ്പാതകളും നാൽക്കവലകളുമൊക്കെ വേനലിലും വറ്റാത്ത ചെളിക്കുളമാണ്. കിടപ്പാടവും വീടും കൃഷിയിടവും ഉപ്പുവെള്ളത്തിൽ ആഴ്ന്നുപോകുന്പോൾ ഈ ജനതയുടെ പ്രതീക്ഷകൾ കൂന്പടിയുകയാണ്. കഷ്ടനഷ്ടങ്ങളുടെ ചേറിൽ ആഴ്ന്നുപോയവർ അതിജീവനത്തിനായി നാടുവിടാൻ ഓരോ ദിവസവും നിർബന്ധിതരാവുകയാണ്. സർപ്പത്തിന്റെ ഫണം പോലെതോന്നും വാതിൽപ്പടിവരെ വെള്ളം മൂടിയ വീടുകളുടെ നിൽപ്. ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലേക്ക് തലതാഴ്ത്തി ഇഴഞ്ഞും നീന്തിയും തുഴഞ്ഞും കടന്നുവരുന്ന കുറെ മനുഷ്യരും.
ജനജീവിതം
മണ്ട്രോത്തുരുത്തിൽ സാധ്യതകളുടെ കതിരുകൾ കൂന്പടയുകയാണ്. വെള്ളത്തിനു നടുവിൽ പകച്ചു നിൽക്കുകയാണ് ജനതതി. വെള്ളം സർവത്ര വെള്ളം, കുടിക്കാൻ തുള്ളിയില്ല എന്നതാണ് അനുഭവം. ദുർഗന്ധം വമിക്കുന്ന മുട്ടറ്റം ചെളിയിലൂടെ തെന്നിനടന്ന് കഴുത്തോളം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പിൽ നിന്ന് വെള്ളം സംഭരിക്കുന്ന സ്ത്രീജീവിതങ്ങൾ. പ്രതിരോധം തീർക്കാൻ പണിപ്പെട്ട് പരാജിതരായവരേറെയും എല്ലാം ഉപേക്ഷിച്ച് നിരാശയോടെ വീടും നാടും വിട്ടുപോവുകയാണ്. വിവാഹങ്ങൾപോലും മുടങ്ങുന്ന സാഹചര്യം. ഏറെപ്പേരും കിടപ്പാടം വിൽക്കാൻ ഒരുക്കമാണ്, പക്ഷെ വാങ്ങാൻ ആരും വരുന്നില്ല.
ചിതയൊരുക്കാനും മണ്ണിലടക്കാനും ഇടമില്ലാത്ത നാട്. രോഗാതുരമായ തുരുത്തുകളിൽ അർബുദവും ശ്വാസകോശരോഗങ്ങളും ഏറിവരികയാണ്. യൂണിഫോം നനയാതെ ബാഗിനൊപ്പം ചെരുപ്പും കൈകളിലേന്തി നടന്നു നീങ്ങുന്ന കുട്ടികൾ. ഇവരേറെയും ഒരു ജോഡി വസ്ത്രങ്ങൾ അധികം കരുതും. സ്കൂളിൽ കയറുംമുൻപ് നനഞ്ഞ വസ്ത്രം മാറിയേ തീരൂ. ദുരിതക്കയങ്ങൾ പലതു താണ്ടിയാണ് കുട്ടികളും അധ്യാപകരും സ്കൂളുകളിലെത്തുക. കരിങ്കല്ലിൽ പണിത വീടുകളുടെ വരെ അസ്ഥിവാരം ഇളകി ദ്രവിച്ചുക്കൊണ്ടിരിക്കുന്നു. തറനിരപ്പിനേക്കാൾ താഴ്ചയിലാണ് മിക്ക വീടുകളുടെയും മുറികൾ.
ഓരോ തുരുത്തിലും ആധിപൂണ്ട മനുഷ്യരും വീടും നാൽക്കാലികളും വെള്ളക്കെട്ടിൽ കഴിയുന്നു. ചെളിവെള്ളം ചവിട്ടി വീട്ടിലേക്കു കടന്നാൽ കട്ടിലിലും അടുപ്പിനും താഴെ വരെയാണ് വെള്ളം. കഞ്ഞിക്കലത്തിലും അടുപ്പിലും വരെ ചെളിനിറഞ്ഞിട്ടുണ്ടാകും. പല മുറികളും തറനിരപ്പിനേക്കാൾ താഴ്ച്ചയിലുമാണ്. ദുരിതവർഷങ്ങളുടെ താളുകൾ മറിയുംതോറും വേലിയേറ്റം കരുത്തുപ്രാപിക്കുകയാണ്. നടപ്പുവഴികളും മുറ്റവും വെള്ളക്കെട്ടിലായതോടെ ഗോവണിപ്പാലം താണ്ടിയാണ് പലർക്കും വീടുകളിൽ കയറിപ്പറ്റാനാവുക.
ഓരോ വർഷവും അര സെന്റിമീറ്റർ, ഒരു സെന്റിമീറ്റർ എന്ന തോതിൽ തുരുത്തുകൾ താഴുകയാണ്. ആഗോളതാപനം സൃഷ്ടിക്കുന്ന ഉയർന്ന താപനില കടൽജലനിരപ്പ് ഉയരവും വ്യാപ്തിയും വർധിപ്പിക്കുന്നതിനാൽ മണ്ട്രോത്തുരുത്തിനെ അറബിക്കടലും അഷ്ടമുടിക്കായലും വിഴുങ്ങാൻ ഏറെക്കാലം വേണ്ടിവരില്ല. കായൽവലുതാകുന്പോൾ കര ചെറുതായി വരുന്നു. ഒപ്പം ഇവരുടെ കദനം കടൽപോലെ അലയടിക്കുന്നു.
പാർലമെന്റിലും നിയമസഭയിലും മൺട്രോത്തുരുത്ത് പലപ്പോഴും ചർച്ചാവിഷയമായിട്ടുണ്ട്. നാലഞ്ചു തലമുറകൾ കഠിനാധ്വാനികളായി ജീവിച്ച പല പ്രദേശങ്ങളും വിജനമായിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനത്താൽ നാശോന്മ·ുഖമാകുന്ന തീരദേശങ്ങളുടെ സംരക്ഷണത്തിനായി ലോകബാങ്ക് സഹായത്തോടെ ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോണ് മാനേജ്മെന്റ് പ്ലാൻ നടപ്പാക്കുമെന്നും അത്തരം പ്രദേശങ്ങളുടെ സമഗ്രസംരക്ഷണത്തിന് പരിഗണനയുണ്ടാകുമെന്നും കേന്ദ്രസർക്കാർ ഉറപ്പുനൽകിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ല. എന്നുവരെയുണ്ടാകും മണ്ട്രോത്തുരുത്തും ജനവാസവും എന്ന ആവർത്തിക്കുന്ന ചോദ്യമാണ് ഈ ജനതയിൽനിന്ന് കേൾക്കാനാവുക.
റെജി ജോസഫ്