ക്ലെമന്റ് പതിനാലാമൻ മാർപാപ്പ 1774 ജൂലൈ രണ്ടിന് രാജാവിനെഴുതിയ കത്തുമായി പൗളിനോസ്, ക്ലമന്റ് പിയാനിയസിനൊപ്പം 1780 ജൂണിൽ കൊട്ടാരത്തിലെത്തി കത്ത് സമർപ്പിച്ചു. ആ വേളയിൽ രാജാവ് മാർപാപ്പയോട് ആദരവ് അറിയിക്കാൻ പതിനൊന്ന് കതിനാവെടികൾ മുഴക്കിയതായും പൗളിനോസ് എഴുതി.
മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യപുസ്തകം സംക്ഷേപവേദാർത്ഥം പ്രസിദ്ധീകൃതമായിട്ട് 250 വർഷമാകുന്നു. ഭാഷാചരിത്രത്തിലെ ഐതിഹാസിക സംഭവം അർഹമായ പ്രാധാന്യത്തോടെ അനുസ്മരിക്കേണ്ട വേളയാണിത്.
കർമ്മലീത്താ മിഷനറി ക്ലെമന്റ് പിയാനിയസ് രചിച്ച ‘നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം’ 1772 ൽ റോമിലെ ബഹുഭാഷാ മുദ്രണാലയത്തിലാണ് അച്ചടിക്കപ്പെട്ടത്. ലത്തീൻ ഭാഷയിൽ Compendisa Legis Explanatio Omnibus Christians Scitu Necessaria. ആദ്യപദം ചുരുക്കി ക്രൈസ്തവർ ‘കുന്പേന്തി’യെന്ന് ഇതിനു വിശേഷിപ്പിച്ചു.
ഇറ്റലിയിലെ പീഡ്മോണ്ടിൽ 1731 ഏപ്രിൽ എഴിനു ജനിച്ച ക്ലെമന്റ് പിയാനിയസ് നിഷ്പാദുക കർമ്മലീത്താ സഭയിൽ അംഗമായി പൗരോഹിത്യം സ്വീകരിച്ചശേഷം റോമിൽ ഉപരിപഠനം നടത്തിയ വേളയിൽ ഗ്രീക്ക്, അറബി ഭാഷകൾ വശമാക്കി.
നാലു മാസത്തെ കപ്പൽയാത്രചെയ്ത് 1757 ഏപ്രിൽ ആറിന് കേരളത്തിലെത്തിയ പിയാനിയസ് വരാപ്പുഴ വികാരിയാത്തിനു കീഴിൽ മലബാർ മിഷനിൽ സേവനം തുടങ്ങി. അക്കാലത്ത് വരാപ്പുഴയിൽ സ്ഥാപിതമായ സെമിനാരിയിൽ താമസിച്ച് മലയാളം അക്ഷരമാല, വ്യാകരണം, നിഘണ്ടുരചന എന്നിവയിൽ പതിനൊന്നു വർഷം പഠനം നടത്തി.
വത്തിക്കാനിലെ ബഹുഭാഷാ മുദ്രണാലയം പൗരസ്ത്യഭാഷാ ലിപികൾ തയാറാക്കി വിവിധ ഭാഷാഗ്രന്ഥങ്ങൾ അച്ചടിക്കുവാൻ അക്കാലത്ത് തീരുമാനിച്ചത് മലയാളത്തിനു ഭാഗ്യോദയമായി മാറി. മലയാളലിപി നിർമാണത്തിനും അച്ചടിയുടെ മേൽനോട്ടത്തിനുമായി മുദ്രണാലയം ക്ലെമന്റ് പിയാനിയസിന്റെ സേവനം ആവശ്യപ്പെട്ടതിനാൽ 1768ൽ അദ്ദേഹം റോമിലെത്തി.
ശ്രമകരമായ ദൗത്യത്തിൽ പ്രൊപ്പഗാന്ത തിരുസംഘം വക അച്ചുകൂടത്തിൽ മലയാളം അക്ഷരങ്ങൾ ക്ലെമന്റിന്റെ മേൽനോട്ടത്തിൽ കൊത്തിയുണ്ടാക്കിയതായി അച്ചടിശാലയുടെ അന്നത്തെ മാനേജർ യോവാനീസ് ക്രിസ്തോഫറൂസ് അമദുസിയൂസ് കുറിച്ചിട്ടുണ്ട്. 51 പ്രാഥമിക വർണങ്ങളുടെയും അവ പലതരത്തിൽ സംയോജിപ്പിച്ച കൂട്ടക്ഷരങ്ങളുടെയും നിർമാണം ക്ലേശകരമായിരുന്നു.
മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യകൃതി
ശ്രമകരമായ ദൗത്യത്തിനൊടുവിൽ ക്ലെമന്റ് പിയാനിയസ് ചോദ്യോത്തര മാതൃകയിൽ തയാറാക്കിയ വേദോപദേശ ഗ്രന്ഥം സംക്ഷേപവേദാർത്ഥം അച്ചടിമഷി പുരണ്ടു. 276 പേജുകളിലായി 21 x 13 സെന്റിമീറ്റർ വലുപ്പമുള്ള പുസ്തകത്തിന്റെ ഓരോ പേജിലും 17 വരികൾ. മിനുസം കുറഞ്ഞ് ചതുരബോർഡറുള്ള കടലാസിൽ പഴയ മലയാള അക്കങ്ങളിൽ മുകളിൽ വലതുവശത്തു പേജ് നന്പർ കൊടുത്തിരിക്കുന്നു.
ഇതിലെ ലിപിവിന്യാസത്തിനു സവിശേഷതകൾ പലതാണ്. ആറാം പേജുവരെ ‘ഇ’ എന്ന ലിപിക്കു പകരം ‘ഉ’ എന്നടിച്ചിരിക്കുന്നു. വട്ടെഴുത്തിലെ ‘ം’ എന്ന ലിപിയാണു ‘ഇ’യ്ക്കും ഉപയോഗിച്ചിട്ടുള്ളത്. പൂർണവിരാമം, അർധവിരാമം ചിഹ്നങ്ങളില്ല. ങ്ക, ന്പ കൂട്ടക്ഷരങ്ങൾക്കു ലിപികളില്ല. എംകിലും, തംപുരാൻ എന്നിങ്ങനെയാണ് പദങ്ങൾ. ആ, രൂ, യ, ന്ത, ആ മുതലായ ലിപികൾക്ക് ആധുനിക ലിപികളിൽനിന്നു സാരമായ വ്യത്യാസം കാണാം.
പ്രൊപ്പഗാന്ത മുദ്രണാലയത്തിൽനിന്ന് ഇതിന്റെ പ്രതികളുമായി 1774ൽ തിരിച്ചെത്തിയ ക്ലെമന്റ്, വരാപ്പുഴ ബിഷപ്പിന്റെ വികാരി ജനറാളായി സേവനം ചെയ്തു. മട്ടാഞ്ചേരിയിൽവച്ച് 1782 ഒക്ടോബർ 19ന് അൻപത്തിയൊന്നാം വയസിൽ അന്തരിച്ച ക്ലെമന്റിന്റെ ഭൗതികശരീരം വരാപ്പുഴ സെമിത്തേരിയിലാണ് സംസ്കരിച്ചത്.
രാമവർമ്മ മഹാരാജാവ്
1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ രാമവർമ്മയെക്കുറിച്ച് കർമ്മലീത്താ മിഷനറി പൗളിനോസ് പാതിരി പൗരസ്ത്യഭാരതത്തിലെ ക്രിസ്തുമതം എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. രാമവർമ്മ രാജാവ് സംക്ഷേപവേദാർത്ഥം വായിക്കാനിടയായതോടെ അദ്ദേഹത്തിന് ക്രിസ്തുമതത്തോട് വലിയ മമതയുണ്ടായതായി പൗളിനോസ് പറയുന്നു.
ക്ലെമന്റ് പതിനാലാമൻ മാർപാപ്പ 1774 ജൂലൈ രണ്ടിന് രാജാവിനെഴുതിയ കത്തുമായി പൗളിനോസ്, ക്ലമന്റ് പിയാനിയസിനൊപ്പം 1780 ജൂണിൽ കൊട്ടാരത്തിലെത്തി കത്ത് സമർപ്പിച്ചു. ആ വേളയിൽ രാജാവ് മാർപാപ്പയോട് ആദരവ് അറിയിക്കാൻ പതിനൊന്ന് കതിനാവെടികൾ മുഴക്കിയതായും പൗളിനോസ് എഴുതി.
ഇംഗ്ലീഷ് പഠിക്കാൻ പൗളിനോസിനെ ലഭിച്ചാൽ നന്നായിരുന്നുവെന്നു തന്റെ ദ്വിഭാഷിയും ആംഗ്ലിക്കൻ സൊസെറ്റിയിലെ അംഗവുമായിരുന്ന എമ്മാനുവൽ റൊഡ്രിഗ്സ് മുഖേന രണ്ടു തവണ രാജാവ് ആഗ്രഹം ഉന്നയിച്ചു.
ഇക്കാര്യം തന്റെ സദസ്യരിൽനിന്ന് മറച്ചുവയ്ക്കണമെന്ന് അദ്ദേഹം നിഷ്കർഷിക്കുകയും ചെയ്തു. പൗളിനോസിന്റെ അധ്യാപനം അറിഞ്ഞ ചിലർ ക്രിസ്തുമതത്തിനെതിരേ അവജ്ഞയും വെറുപ്പും രാജാവിൽ കുത്തിനിറച്ചുവത്രെ. സംക്ഷേപവേദാർത്ഥവുമായുള്ള ബന്ധം ഒഴിവാക്കാൻ അവർ രാജാവിനെ ഉപദേശിച്ചതായും പൗളിനോസ്് രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രനിമിഷം
സുറിയാനി മല്പാനായിരുന്ന യൗസേപ്പ് കരിയാറ്റിയും ഭാഷാധ്യാപകനായിരുന്ന ക്ലെമന്റ് പിയാനിയസും സഹപ്രവർത്തകരായിരുന്നു. കരിയാറ്റിയുടെ റോമാ-ലിസ്ബണ് യാത്രയിലാണ് റോമായിൽനിന്നു മൂന്നും ലിസ്ബണിൽനിന്നു നാലും ഉൾപ്പെടെ സംക്ഷേപവേദാർത്ഥത്തിന്റെ ഏഴു പെട്ടി നിറയെ പ്രതികൾ മലങ്കരയിലേക്ക് കൊണ്ടുവരാൻ സാധിച്ചത്.
കരിയാറ്റി മല്പാന്റെ റോമായാത്രയെക്കുറിച്ച് പാറേമാക്കൽ തോമ്മാക്കത്തനാർ എഴുതിയ യാത്രാവിവരണം ‘വർത്തമാനപ്പുസ്തക’ത്തിൽ ഇങ്ങനെ പരാമർശമുണ്ട്: ‘റോമിൽനിന്നു പോരുന്പോൾ ഞങ്ങൾ പറഞ്ഞൊത്തിരുന്നതുപോലെ പ്രൊപ്പഗാന്തായിൽനിന്നു ലിസ്ബണിലേക്കു കൊടുത്തയച്ചിരുന്ന മലയാളത്തിൽ അച്ചടിച്ച വേദാർത്ഥഗ്രന്ഥങ്ങൾ (സംക്ഷേപവേദാർത്ഥം) അടങ്ങിയ മൂന്നു പെട്ടി ഞങ്ങൾക്കു തരണമെന്ന് അവിടത്തെ പേപ്പൽ പ്രതിനിധിക്കു കത്തു വന്നു.
നാലു പെട്ടികൾകൂടി റോമിൽനിന്നു പുത്തനായി കൊടുത്തയയ്ക്കുകയും ചെയ്തു. ഇങ്ങനെ കുർബാന തക്സകളുടെയും സംക്ഷേപവേദാർത്ഥങ്ങളുടെയും ഏഴു പെട്ടികളും ഞങ്ങൾക്കു കിട്ടി. ഈ ഉപകാരത്തിനു നന്ദി പറഞ്ഞുകൊണ്ടു ഞങ്ങൾ കർദിനാളിന് എഴുത്തയച്ചു.’
രണ്ടാം പതിപ്പ്
സംക്ഷേപവേദാർത്ഥത്തിന്റെ രണ്ടാം പതിപ്പ് 1980ൽ കോട്ടയം ഡി.സി. ബുക്സും തിരുവനന്തപുരം കാർമൽ പബ്ലിഷിംഗ് സെന്ററും ചേർന്ന് സംയുക്തമായി പ്രസിദ്ധീകരിച്ചു. ഡി.സി. കിഴക്കേമുറിയും ബ്രദർ ഫിദേലിസും ചേർന്നെഴുതിയ പ്രസാധകക്കുറിപ്പിൽ അതിന്റെ പ്രത്യേകതകൾ വ്യക്തമാക്കിയിട്ടുണ്ട്.
മൂലഗ്രന്ഥം ഫോട്ടോസ്റ്റാറ്റ് എടുത്ത് അതേപടിയാണ് രണ്ടാം പതിപ്പ് അച്ചടിച്ചത്. ആദ്യപ്രതിയുടെ പേജുകൾ അടുത്ത വശത്ത് ആധുനിക ഭാഷയിലുള്ള പരാവർത്തനം ഉൾപ്പെടെ പുതിയ മലയാളം ലിപിയിൽ വായിക്കാവുന്ന രീതിയിലായിരുന്നു. പ്രഥമ കോപ്പി 276 പേജായിരുന്നത് രണ്ടാം പതിപ്പിൽ 600 പേജിലെത്തി. ആധുനിക മലയാള ഭാഷയിലേക്കു പരാവർത്തനം നടത്തിയതു പ്രഫ. മാത്യു ഉലകംതറയും ഉപോദ്ഘാതം എഴുതിയത് ഡോ. ചുമ്മാർ ചൂണ്ടലുമായിരുന്നു.
മറ്റു കൃതികൾ
Alphabetum Grandonico Mabaricum sive Sam crudonicum
(മലയാള പ്രാചീന ലിപിമാല)
മലയാളലിപികളെക്കുറിച്ചും വ്യാകരണ നിയമങ്ങളെക്കുറിച്ചും ക്ലെമന്റ് പിയാനിയസ് തയാറാക്കിയ ഭാഷാശാസ്ത്ര ഗ്രന്ഥമാണിത്. 1772ൽ റോമിൽ അച്ചടിക്കപ്പെട്ട ഈ ലത്തീൻ ഗ്രന്ഥം അടിക്കുറിപ്പുകളും ആമുഖപഠനവും ഉൾപ്പെടെ മലയാളത്തിൽ ഡോ. എമ്മാനുവൽ ആട്ടേൽ ‘പ്രാചീന മലയാള ലിപിമാല പാഠവും പഠനവും’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റോമിലെ പ്രസിന്റെ മാനേജരായിരുന്ന യോവാനീസ് ക്രിസ്തോഫറൂസ് അമദുസിയൂസിന്റെ അവതാരികയിലും പിയാനിയസിന്റെ ആമുഖപഠനത്തിലും കേരളചരിത്രവും ഭാഷാചരിത്രവും സംബന്ധിച്ച് നിരവധി പരാമർശങ്ങളുണ്ട്.
Dictionarium hoc Linguae Vulgaris Malabaricae (ലത്തീൻ മലയാളം നിഘണ്ടു )
ക്ലെമന്റ് പിയാനിയസ് തയാറാക്കിയ ലത്തീൻ - മലയാളം നിഘണ്ടുവാണിത്. പൗളിനോസ് അദ്ദേഹത്തിന്റെ ‘എക്സാമെൻ ഹിസ്തോറിക്കോ ക്രിട്ടിക്കും’ എന്ന ഗ്രന്ഥത്തിൽ ‘സിക്സിയൊനാരിയും വുൾഗാരിസ് ലിൻഗ്വേ മലബാറിച്ചേ’ (സരള മലയാള ഭാഷാ നിഘണ്ടു) എന്ന പേരിൽ വിവരിക്കുന്ന രേഖ ഇതാണ്.
അർണോസ് പാതിരിയുടെയും പിമെന്റായുടെയും നിഘണ്ടു കഴിഞ്ഞാൽ ആദ്യം എഴുതപ്പെട്ട നിഘണ്ടുവാണിതെന്നു ഗവേഷകനായ ഡോ. ആന്റണി വള്ളവന്ത്ര സിഎംഐ അഭിപ്രായപ്പെടുന്നു.
അച്ചടിച്ചിട്ടില്ലാത്ത ഈ നിഘണ്ടു വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നതിന്റെ ഡിജിറ്റൽ സ്കാൻ ഇപ്പോൾ ലഭ്യമാണ് (https://digi.vatlib.it/view/MSS_Borg.ind.1). ഒന്നാം കോളത്തിൽ ലത്തീൻ വാക്കുകളും രണ്ടാം കോളത്തിൽ അർഥവും നല്കുന്നു. 285 പേജുകളിൽ എണ്ണായിരത്തോളം ലത്തീൻ വാക്കുകളും അവയുടെ മലയാള അർഥവും ഇതിലുണ്ട്.
Notizie Date dal P. Clemente di Gesu, Ex-missionariao, sulla Missionae de Malabar
ക്ലെമന്റ് പിയാനിയസ് റോമിലെത്തുന്നതു വരെ മലബാറിനെക്കുറിച്ചു ശേഖരിച്ചു ലത്തീനിൽ എഴുതിയ വിവരങ്ങളാണ് ഇതിന്റെ ഉള്ളടക്കം. റോമിലെ പ്രൊപ്പഗാന്താ ആർക്കൈവ്സിൽ ഈ അപ്രകാശിത കൃതി സൂക്ഷിച്ചിരിക്കുന്നു.
റോമിൽ മടങ്ങിയെത്തിയപ്പോൾ അധികാരികൾക്കു ക്ലെമന്റ് നല്കിയെന്നു യോവാനീസ് ക്രിസ്തോഫറൂസ് അമദുസിയൂസ് പറയുന്ന വിവരണം ഇതാവാം.
ക്ലെമന്റ്ിന്റെ ‘ക്രിസ്ത്യാനേ ലേജിസ് ബ്രേവിസ എക്സപ്ലിക്കാസിയോ’ (ക്രൈസ്തവ ജീവിതത്തിന്റെ ഒരു ചെറുവ്യാഖ്യാനം) എന്ന ഗ്രന്ഥം 1773ൽ റോമിൽ അച്ചടിച്ചതായി പൗളിനോസ് പറയുന്നു.
ചരിത്രനിമിഷം
സംക്ഷേപവേദാർത്ഥത്തിന്റെ ഇരുനൂറാം വാർഷികം 1972ലായിരുന്നു. അതേക്കുറിച്ച് ഡി.സി. കിഴക്കേമുറി ഇങ്ങനെ എഴുതി: ‘1972 എന്ന വർഷം നമ്മുടെ മുന്പിൽക്കൂടി വെറുതെ കടന്നുപോയി. മലയാളികളുടെ ആദ്യത്തെ പുസ്തകത്തിന്റെ ഇരുന്നൂറാം വാർഷികം.
ഈ സംഭവം പാശ്ചാത്യരാജ്യങ്ങളിലായിരുന്നെങ്കിൽ എത്ര വലിയ തോതിൽ ആഘോഷിക്കുമായിരുന്നു. റഷ്യക്കാർ 1963ൽ അച്ചടിയുടെ നാനൂറാം വാർഷികം ആഘോഷിച്ചത് ഓർമ്മിക്കുന്നില്ലേ.’
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അച്ചടിയ്ക്കും നാഴികക്കല്ലായ സംഭവത്തിന്റെ വാർഷികാഘോഷം അർഹമായ പ്രാധാന്യത്തോടെ നടത്താനുള്ള ഉത്തരവാദിത്വം സർക്കാരിനും സാംസ്കാരിക സ്ഥാപനങ്ങൾക്കുമുണ്ട്. ക്രിസ്തുമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ പ്രതിപാദിക്കുന്ന അച്ചടിക്കപ്പെട്ട ആദ്യ മലയാളം കൃതിയെന്ന നിലയിൽ ക്രൈസ്തവ മതവിജ്ഞാനശാഖയ്ക്ക് അമൂല്യരേഖയുമാണിത്.
വത്തിക്കാൻ ബഹുഭാഷാ മുദ്രണാലയം
വെനീസിൽ ഒരു പ്രസുടമയുടെ പുത്രനായി ജനിച്ച പൗളോ മനുസ്യോയെ 1561ൽ നാലാം പീയൂസ് മാർപാപ്പ റോമിലേക്കു ക്ഷണിച്ചുവരുത്തി. വത്തിക്കാനിൽ ചെറിയതോതിൽ പ്രവർത്തിച്ചിരുന്ന പ്രസ് വിപുലീകരിച്ചു ശക്തിപ്പെടുത്തുകയായിരുന്നു പൗളോയുടെ ജോലി. പ്രതിവർഷം 500 ഡക്കറ്റ് ശന്പളം. 1563ൽ പ്രവർത്തനമാരംഭിച്ച ഈ അച്ചുകൂടമാണ് വത്തിക്കാൻ ബഹുഭാഷാ മുദ്രണാലയത്തിന്റെ പ്രാഗ്രൂപം.
സിക്സ്റ്റസ് അഞ്ചാമൻ പാപ്പാ (1585-90) ‘എയാം സേന്പർ’ എന്ന വിളംബരം വഴി 1587ലാണ് വത്തിക്കാൻ പ്രസ് സ്ഥാപിച്ചത്. വിശുദ്ധ ഗ്രന്ഥത്തിന്റെ ലത്തീൻഭാഷാ വിവർത്തനങ്ങൾ (വുൾഗാത്ത), സഭാ പിതാക്കന്മാരുടെ കൃതികൾ, യാമപ്രാർഥനാഗ്രന്ഥങ്ങൾ മുതലായവയാണ് മുഖ്യമായി ഇവിടെ അച്ചടിച്ചിരുന്നത്.
1622 ൽ ഉൗർബ്ബൻ എട്ടാമൻ പാപ്പാ പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കീഴിൽ ഒരു ബഹുഭാഷാ (പോളിഗ്ലോട്ട്) മുദ്രണാലയം സ്ഥാപിച്ചു. വിദൂരദേശങ്ങളിൽ പ്രേഷിതപ്രവർത്തനം നടത്തുന്നവർക്കും അന്നാട്ടുകാർക്കും വേണ്ടി തദ്ദേശീയ ഭാഷകളിൽ മതഗ്രന്ഥങ്ങൾ അച്ചടിക്കുകയായിരുന്നു അതിന്റെ ഒരു ലക്ഷ്യം.
വത്തിക്കാൻ പ്രസിൽനിന്നും റോമിൽ പ്രവർത്തിച്ചിരുന്ന മെദിച്ചെയൻ ഓറിയന്റൽ പ്രസിൽനിന്നും ശേഖരിച്ച വിവിധ ഭാഷകളിലുള്ള അച്ചുകൾ ബഹുഭാഷാ മുദ്രണാലയത്തിനു മുതൽക്കൂട്ടായി. വ്യത്യസ്ത ലിപികളുള്ള 23 ഭാഷകളിൽ അച്ചടി നടത്താൻ ഇവിടെ സൗകര്യമുണ്ടായിരുന്നു. അതിലൊന്നാണു മലയാളം. മതഗ്രന്ഥങ്ങൾക്കു പുറമേ വ്യാകരണങ്ങളും നിഘണ്ടുക്കളും മറ്റും ആ ഭാഷകളിൽ ധാരാളമായി അച്ചടിച്ചിരുന്നു.
1908ൽ വത്തിക്കാൻ നഗരാതിർത്തിക്കകത്തുതന്നെ പുതിയ കെട്ടിടം പണിത് വത്തിക്കാൻ പ്രസും ബഹുഭാഷാ മുദ്രണാലയവും സംയോജിപ്പിച്ചു പുതിയ വത്തിക്കാൻ പ്രസ് സ്ഥാപിച്ചു. ഒന്പതാം പീയൂസ് പാപ്പാ 1937ൽ വത്തിക്കാൻ പ്രസിന്റെയും ദിനപത്രമായ ഒസ്സർവത്തോരെ റൊമാനോയുടെയും നടത്തിപ്പ് സലേഷ്യൻ സന്യാസവൈദികരെ ഏല്പിച്ചു. ഇപ്പോൾ അവരുടെ നേതൃത്വത്തിൽ റോമിലെ ഏറ്റവും മികച്ച അച്ചടിശാലകളിലൊന്നായി വത്തിക്കാൻ അച്ചുകൂടം പ്രവർത്തിക്കുന്നു.
മാത്യു ആന്റണി