അച്ഛൻ സമ്മതിക്കില്ലെന്നുറപ്പായതോടെ അമ്മയുടെയും അമ്മാവന്റെയും അനുമതിയോടെയാണ് ചിത്രകല പഠിക്കാൻ മദ്രാസ് ഫൈൻ ആർട്സ് കോളജിലെത്തിയത്. അവിടെ ചോളമണ്ഡലം കലാഗ്രാമത്തിലെ വര കുഞ്ഞിരാമന്റെ തലേവര തെളിയിക്കുകയും ചെയ്തു. കെ.സി.എസ്.പണിക്കരായിരുന്നു അവിടെ ഗുരു. വരയിലും ശിൽപനിർമിതിയിലും കഴിവു തെളിയിച്ച് 1960ൽ
ഒന്നാംറാങ്ക് നേടിയ കുഞ്ഞിരാമൻ ശിൽപനിർമാണത്തിൽ മാത്രം ശ്രദ്ധകൊടുത്താൽ മതിയെന്ന് ഉറപ്പിച്ചത് പണിക്കർ സാറായിരുന്നു.
കൃഷിപ്പണികളിൽ സഹായിക്കാൻ അച്ഛൻ രാമൻ വയലിലേക്ക് പറഞ്ഞയച്ചതായിരുന്നു സ്കൂൾ വിദ്യാർഥിയായ കുഞ്ഞിരാമനെ. കുറേനേരം തൊഴിലാളികൾക്കൊപ്പം ജോലിചെയ്തു ക്ഷീണിച്ചപ്പോൾ അവൻ വരന്പത്ത് പോയിരുന്നു.
നേരന്പോക്കിന് അവിടെ കുഴഞ്ഞുകിടന്ന പാടത്തെ പശപ്പുള്ള മണ്ണ് വാരിയെടുത്ത് ചെറിയൊരു ക്ലേ മോഡലിംഗ് പരീക്ഷിച്ചു. പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ രൂപം അവൻ കളിമണ്ണിൽ മെനഞ്ഞുതുടങ്ങി. കുറേനേരം കഴിഞ്ഞ് ചെക്കനെന്താ ചെയ്യുന്നതെന്നറിയാൻ തൊഴിലാളികൾ അടുത്തുവന്ന് നോക്കി. കുഞ്ഞിരാമന്റെ കുഞ്ഞിക്കൈകളിൽ വിരിഞ്ഞ ചെറുശില്പങ്ങൾ കണ്ട് നിന്റെ വിരുതു കൊള്ളാമല്ലോടാ എന്നുപറഞ്ഞ് അവർ അഭിനന്ദിച്ചു.
അതായിരുന്നു തനിക്കു കിട്ടിയ ആദ്യത്തെ ആദരമെന്ന് പറയാൻ കാനായി കുഞ്ഞിരാമനെന്ന രാജശിൽപിക്ക് ഇന്നും മടിയില്ല. കേരളത്തിലെ ഏറ്റവും പ്രതിഭാധനനും പ്രശസ്തനുമായ ശിൽപിയാരെന്നതിന് ഉത്തരം ഒന്നു മാത്രം- 85-ാം വയസിലെത്തിനിൽക്കുന്ന കാനായി കുഞ്ഞിരാമൻ. കലാസൃഷ്ടികൾ ആസ്വദിച്ച് ജനം ആത്മാർഥതയോടെ പറയുന്ന നല്ല വാക്കുകളാണ് എല്ലാ അവാർഡുകളെയുംകാൾ വിലയേറിയതെന്നാണ് പകരം വയ്ക്കാനില്ലാത്ത ഈ കലാകാരന്റെ പക്ഷം.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരളശ്രീ പുരസ്കാരം നിരസിച്ചത് വലിയ വാർത്തയായെങ്കിലും താൻ വിവാദങ്ങൾക്കില്ലെന്നാണ് കാനായിയുടെ നിലപാട്. ശിൽപത്തിന്റെ വലിപ്പം നോക്കിയാൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചതാണ് ശംഖുമുഖത്തെ ജലകന്യക.
അതിന്റെ കാഴ്ചതന്നെ മറയ്ക്കും വിധത്തിലാണ് തൊട്ടടുത്ത് ഹെലിപാഡ് പണിതിരിക്കുന്നത്. മുൻപ് ആർക്കും വേണ്ടാതെ കിടന്ന സ്ഥലത്ത് വളരെ കഷ്ടപ്പെട്ടാണ് വേളി ടൂറിസം വില്ലേജ് നിർമിച്ചത്. അവിടെ പുതിയ നിർമിതികൾ കൂട്ടിച്ചേർത്ത് നിന്നുതിരിയാൻ ഇടമില്ലാതാക്കി ആസ്വാദ്യത നശിപ്പിച്ചു.
കണ്ണൂർ പയ്യാന്പലത്ത് ചെയ്ത അമ്മയും കുഞ്ഞും സൃഷ്ടിയുടെ നോട്ടം വികലമാക്കും വിധം ഒരു ടവർ നിർമിച്ചു. മാസങ്ങളുടെയും വർഷങ്ങളുടെയും ശ്രമകരമായ അധ്വാനത്തിൽ ശില്പങ്ങൾ തീർത്ത് സർക്കാരിനു കൈമാറിക്കഴിഞ്ഞാൽ അവ അനശ്വരമായി നിലനില്ക്കണമെന്ന് ഏതൊരു ശില്പിയും ആഗ്രഹിക്കും. കലാസൃഷ്ടികളെ സംരക്ഷിക്കാനുള്ള നടപടി ചെയ്യാതെ അതിന്റെ ശില്പിക്ക് അവാർഡ് നൽകുന്നതിൽ അർഥമില്ലെന്ന ബോധ്യത്തിലാണ് സർക്കാരിന്റെ ആദരം വേണ്ടെന്നുവച്ചത്.
മുൻപൊരിക്കൽ പത്മശ്രീ ലഭിച്ചതായി മാധ്യമപ്രവർത്തകർ വിളിച്ചറിയിച്ചു. ഒൗദ്യോഗിക പ്രഖ്യാപനം വരാതെ പ്രതികരിക്കുന്നില്ലെന്ന് അവരോടു മറുപടി പറഞ്ഞു. വൈകുന്നേരം പത്മ അവാർഡ് പ്രഖ്യാപനമുണ്ടായപ്പോൾ അതിൽ കാനായിയുടെ പേരുണ്ടായിരുന്നില്ല.
അടുത്തറിയാവുന്ന ചില രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ഒഴിവാക്കിയതാണെന്ന് പിന്നീട് അറിയാനിടയായി. അവാർഡുകൾക്കും അംഗീകാരങ്ങൾക്കും വേണ്ടി ഒരിടത്തും ആർക്കും മുന്നിൽ കാത്തുകെട്ടിക്കിടക്കുന്ന ശീലം ഇല്ലാത്തതുകൊണ്ട് അക്കാര്യത്തിലൊരിക്കലും പരിഭവിച്ചിട്ടില്ല.
1982ൽ അമേരിക്കൻ സർക്കാരിന്റെ വിശിഷ്ടാതിഥിയായി ഒൗദ്യോഗിക ആദരം ഏറ്റുവാങ്ങിയിട്ടുണ്ട്. 1965ൽ കോമണ്വെൽത്ത് സ്കോളർഷിപ്പ് നേടി മൂന്നുവർഷം ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ലോകോത്തര സ്ഥാപനമായ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ പഠനം നടത്താൻ അവസരം ലഭിച്ചിട്ടുണ്ട്.
അവിടെത്തന്നെ ശിൽപിയായി തുടരാനും നിർമിതികളുടെ മഹാനഗരിയായ പാരീസിലേക്കോ ഇതര യൂറോപ്യൻ കലാകേന്ദ്രങ്ങളിലേക്കോ പോകാനും അവസരമുണ്ടായിട്ടും ഒരു മലയാളിയായി ജീവിക്കാൻ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
അമ്മയുടെ കരുതൽ
കാസർഗോഡ് കുട്ടമത്തെ ബാല്യം മുതൽ വരയ്ക്കാനും ശിൽപങ്ങൾ മെനയാനും ജൻമസിദ്ധമായ കഴിവു പ്രകടിപ്പിച്ചിരുന്ന കുഞ്ഞിരാമന് ഏറ്റവും എതിർപ്പ് നേരിടേണ്ടിവന്നത് അച്ഛൻ കാനായി രാമനിൽ നിന്നായിരുന്നു.
കലാലോകത്തെത്തിയാൽ മദ്യപനും ഉൗരുതെണ്ടിയുമൊക്കെയായി താൻ നശിച്ചുപോകുമെന്നായിരുന്നു അച്ഛന്റെ ആശങ്ക. ചുവരായ ചുവരുകൾ നിറയെ സൃഷ്ടികൾ വരച്ചുകൊണ്ടിരുന്ന എന്നെ അച്ഛൻ വഴക്കു പറയുന്പോൾ ‘അതവന്റെ കലയല്ലേ’ എന്നു സമാധാനം പറഞ്ഞിരുന്ന അമ്മ മാധവിയുടെ പ്രോത്സാഹനമായിരുന്നു കരുതൽ. അമ്മയാവട്ടെ പഠിപ്പുള്ള ആളുമായിരുന്നില്ല.
അക്കാലത്ത് കുഞ്ഞിരാമന്റേത് തരക്കേടില്ലാത്ത സാന്പത്തികശേഷിയുള്ള കുടുംബമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പഠിക്കുന്പോൾ ചിത്രകലാധ്യാപകനായിരുന്ന കൃഷ്ണക്കുട്ടൻ ചിത്രകലയിലെ കുഞ്ഞിരാമന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോൾ വര പഠിക്കാൻ കുഞ്ഞിരാമനെ അയയ്ക്കണമെന്ന് ശുപാർശ ചെയ്യാൻ മാഷ് വീട്ടിലെത്തിയെങ്കിലും അച്ഛന്റെ മനസ് മാറിയില്ല.
അച്ഛന്റെ സുഹൃത്തുക്കൾക്കിടയിലും കുഞ്ഞിരാമന് ചെറുപ്പത്തിൽ നല്ല പേരുണ്ടായിരുന്നു. അതിലൊരാളായിരുന്നു ടെയ്ലേഴ്സ് അസോസിയേഷൻ നേതാവ് കാവേരി കൃഷ്ണൻ. അസോസിയേഷൻ സംഘടിപ്പിച്ച തൊഴിലാളി ജാഥയിലേക്ക് ജവഹർലാൽ നെഹ്റുവിന്റെ കട്ടൗട്ടുണ്ടാക്കാൻ ഏല്പിച്ചത് കുഞ്ഞിരാമനെയാണ്.
അവർ വാങ്ങിക്കൊടുത്ത മരപ്പലകയും പെയിന്റുംകൊണ്ട് മനോഹരമായ ഒരു കട്ടൗട്ടുണ്ടാക്കി. ജാഥയ്ക്കു പിന്നാലെ കട്ടൗട്ട് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം കാവേരി കൃഷ്ണന്റെ കടയുടെ മുന്നിൽ സ്ഥാപിക്കുകയും ചെയ്തു.
കുറച്ചു ദിവസങ്ങൾക്കു ശേഷം കൊച്ചിയിൽ ഒരു പരിപാടിക്കെത്തിയ ജവഹർലാൽ നെഹ്റു മംഗലാപുരത്തേക്കു പോകുന്പോൾ ചെറുവത്തൂരിൽ ട്രെയിൻ നിർത്തി. നെഹ്റുവിന്റെ കംപാർട്മെന്റ് നിന്നത് കട്ടൗട്ട് സ്ഥാപിച്ചിരുന്ന കടയുടെ മുന്നിലായിരുന്നു.
കട്ടൗട്ട് കണ്ടു പുറത്തിറങ്ങിയ നെഹ്റു അതിനൊപ്പം നിന്നു ചിത്രങ്ങളെടുത്താണ് മടങ്ങിയത്. അതൊക്കെ അറിഞ്ഞിട്ടും അച്ഛന്റെ മനസ് മാറിയില്ല.
അച്ഛൻ സമ്മതിക്കില്ലെന്നുറപ്പായതോടെ അമ്മയുടെയും അമ്മാവന്റെയും അനുമതിയോടെയാണ് ചിത്രകല പഠിക്കാൻ മദ്രാസ് ഫൈൻ ആർട്സ് കോളജിലെത്തിയത്. അവിടെ ചോളമണ്ഡലം കലാഗ്രാമത്തിലെ വര കുഞ്ഞിരാമന്റെ തലേവര തെളിയിക്കുകയും ചെയ്തു.
കെ.സി.എസ് പണിക്കരായിരുന്നു അവിടെ ഗുരു. വരയിലും ശിൽപനിർമിതിയിലും കഴിവു തെളിയിച്ച് 1960ൽ ഒന്നാംറാങ്ക് നേടിയ കുഞ്ഞിരാമൻ ശിൽപനിർമാണത്തിൽ മാത്രം ശ്രദ്ധകൊടുത്താൽ മതിയെന്ന് ഉറപ്പിച്ചത് പണിക്കർ സാറായിരുന്നു. തകരപ്പാളികളിലായിരുന്നു ശിൽപനിർമിതിയുടെ ഹരിശ്രീ. അവിടെ അധ്യാപകനായി പ്രവർത്തിച്ചതിനു ശേഷമാണ് കോമണ്വെൽത്ത് ഫെലോഷിപ്പിന് പോയത്.
മലന്പുഴയിലെ യക്ഷി
1965ൽ ലണ്ടനിൽ പരിശീലനം പൂർത്തിയാക്കി മടങ്ങിയെത്തിയ വേളയിലാണ് മലന്പുഴയിലെ പ്രശസ്തമായ യക്ഷി ശിൽപത്തിന്റെ നിർമാണം. മലന്പുഴ അണക്കെട്ടിന്റെ സൗന്ദര്യവത്കരണത്തിന് ജലസേചന വകുപ്പ് ഒരു ശില്പം നിർമിക്കാൻ തീരുമാനിച്ചപ്പോൾ കാനായി കുഞ്ഞിരാമന്റെ പേര് നിർദേശിച്ചത് കെ.സി.എസ് പണിക്കർ തന്നെയായിരുന്നു.
കാടുകയറി കിടന്ന ആ ഇടത്ത് എന്തു ശിൽപം വേണമെന്ന ആലോചന ഒരു മാസത്തോളം നീണ്ടു. കരിന്പനകൾ നിറഞ്ഞ, പാലമരങ്ങളുടെ നാടായ പാലക്കാട്ട് യക്ഷിയാണു വലിയ മിത്ത്. ഒരു രാത്രി മാനം നോക്കി കിടക്കുന്ന നേരത്താണ് ആ രൂപം ആദ്യം തെളിഞ്ഞതെന്നു കുഞ്ഞിരാമൻ ഓർമിക്കുന്നു. സഹ്യപർവതത്തിന് അഭിമുഖമായി കുത്തിയിരിക്കുന്ന, പൂങ്കുലപോലെ മുടിയുള്ള യക്ഷി. കുഞ്ഞിരാമന് ആ യക്ഷി പ്രകൃതിദേവിയായിരുന്നു.
ആശയം പറഞ്ഞപ്പോൾ സ്ഥലം ഉടമകളായ ജലസേചന വകുപ്പിൽനിന്ന് എതിർപ്പുകൾ. എങ്കിൽ താൻ മടങ്ങുകയാണെന്നു വ്യക്തമാക്കിയതോടെ അവർ അയഞ്ഞു. പണി തുടങ്ങിയപ്പോൾ വന്നു നാട്ടുകാരുടെ എതിർപ്പ്. ഒരു രാത്രി ഏതാനുംപേർ വഴിയിൽ തല്ലി വീഴ്ത്തിയെങ്കിലും പിൻമാറാതെ കുഞ്ഞിരാമൻ 30 അടി ഉയരമുള്ള നഗ്നയക്ഷിയെ പൂർത്തിയാക്കി. കേരളം അന്നോളം കണ്ടതിൽ ഏറ്റവും വലിയ ശിൽപം.
1969ൽ പണിത യക്ഷിയായി പിൽക്കാലത്ത് മലന്പുഴയുടെ വിലാസം. ആസ്വാദകരുടെ മനസാണ് അശ്ലീലമെന്തെന്നും അല്ലാത്തതെന്തെന്നും നിശ്ചയിക്കുന്നതെന്നാണ് കുഞ്ഞിരാമന്റെ പക്ഷം. ഇപ്പോൾ 53 വയസുള്ള യക്ഷി ശിൽപത്തിൽ കാലം കാര്യമായി അശ്ലീലമൊന്നും കാണുന്നില്ല എന്നതിൽ കുഞ്ഞിരാമന് ആശ്വാസം.
ശംഖ് (വേളി), ജലകന്യക (ശംഖുമുഖം), അമ്മയും കുഞ്ഞും (പയ്യാന്പലം), മുക്കട പെരുമാൾ (കൊച്ചി), നന്ദി (മലന്പുഴ), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശിൽപം, ദുരവസ്ഥയുടെ ശിൽപം (തോന്നക്കൽ ആശാൻ സ്മാരകം), അക്ഷരശിൽപം (കോട്ടയം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീചിത്തിര തിരുനാൾ, പട്ടം താണുപിള്ള, മന്നത്ത് പത്മനാഭൻ, വിക്രം സാരാഭായി (ബംഗളുരു) ഡോ. പല്പു, കണ്ടത്തിൽ മാമൻ മാപ്പിള, കുമാരനാശാൻ (തോന്നയ്ക്കൽ), ഇ.എം.എസ്. നന്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോർ, കെ. ഹനുമന്തയ്യ(ബംഗളുരു) തുടങ്ങിയവരുടെ വെങ്കല പ്രതിമകൾ നിർമിച്ച് അതിൽ കൈയൊപ്പുചാർത്തി.
കേരള സർക്കാർ നൽകിവരുന്ന എല്ലാ പ്രധാന അവാർഡുകളുടെയും രൂപകല്പനയിലും ഈ കരവിരുതു പതിഞ്ഞിട്ടുണ്ട്.
ഗിന്നസ് ബുക്കിൽ സാഗരകന്യക
ഗിന്നസ് ബുക്കിൽ ഇടം നേടിയ സാഗരകന്യകയും മലന്പുഴയിലെ യക്ഷിയുമാണ് കാനായിക്ക് ഏറെ പെരുമ സമ്മാനിച്ചത്. അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന ശംഖുമുഖത്തെ സാഗരകന്യക തറയിൽ ആറടി താഴ്ത്തി ഇരുന്പ് ചട്ടക്കൂടൊരുക്കി കോണ്ക്രീറ്റിലാണ് നിർമിച്ചത്. രണ്ടു വർഷമെടുത്തു പൂർത്തിയാക്കിയ ശിൽപത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്.
ഇടക്കാലത്ത് കാനായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ അധ്യാപകനും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിരുന്നു. സ്വന്തം ജില്ലക്കാരിയായ നളിനി ജീവിതത്തിലേക്ക് കടന്നുവരുന്നത് ഇക്കാലത്താണ്. അന്നു മുതൽ ഓരോ സൃഷ്ടികൾ തയാറാക്കാൻ നടത്തിയ ദേശാടനങ്ങളിൽ നളിനിയും ഒപ്പമുണ്ട്. ശില്പനിർമാണത്തിൽ ഈ സഹയാത്രികയുടെ സ്നേഹസ്പർശം കരുത്തും കരുതലുമാണ്.
സ്വന്തം നാടായ കാഞ്ഞങ്ങാട്ട് കാനായി വീട് പണിതത് വർഷങ്ങൾക്കു മുന്പാണ്. വിവിധയിടങ്ങളിൽ മാറിമാറി താമസിച്ചു നടത്തുന്ന നിർമാണങ്ങൾക്കിടയിൽ ഒരിക്കലും സ്വന്തം വീട്ടിൽ സ്ഥിരമായി താമസിച്ചിട്ടില്ലെന്നു മാത്രം. ഇപ്പോൾ നാലു മാസമായി കാസർഗോഡ് ജില്ലാ പഞ്ചായത്ത് മന്ദിരത്തിനു മുന്നിൽ ശിൽപങ്ങളുടെ മൂശയിൽ അക്ഷീണം ഭാവന ഉരുക്കുന്ന തിരക്കിലാണു കാനായി.
കാസർഗോട്ട് എൻഡോസൾഫാന്റെ ദുരിതഫലങ്ങൾ ഏറ്റുവാങ്ങിയവർക്കുള്ള സമർപ്പണമായി ഒരു അമ്മയും കുഞ്ഞും ശില്പവും ആദ്യകാല കമ്യൂണിസ്റ്റ് സമരങ്ങളുടെ പ്രതീകമായ മറ്റൊരു ശില്പവുമാണ് നിർമിക്കുന്നത്. 2006ൽ ശില്പങ്ങളുടെ നിർമാണം തുടങ്ങിയെങ്കിലും തടസങ്ങൾ മൂലം മുടങ്ങിയ പ്രവൃത്തി അടുത്തയിടെ പുനരാരംഭിച്ചതാണ്. ഈ തിരക്കിനിടയിലും പിന്നിട്ട ജീവിത വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടവും ജീവിതം പഠിപ്പിച്ച പാഠങ്ങളും ഇഴചേർത്ത് ഓർമക്കുറിപ്പിന്റെ രചനയും ശിൽപി നടക്കുന്നു.
മറ്റൊരു കലാകാരനും ലഭിക്കാത്ത ഒരപൂർവ ഭാഗ്യമാണ് രാജാ രവിവർമ്മ പുരസ്കാരത്തിലൂടെ കാനായിക്ക് കിട്ടിയത്- താൻ രൂപകൽപന ചെയ്ത ശിൽപം പുരസ്കാരമായി ലഭിക്കുക എന്ന ബഹുമതി.
മുട്ടയിട്ട് ആഴ്ചകൾ അടയിരുന്നു വിരിയിച്ച് ആഹാരസാധനങ്ങൾ ദൂരസ്ഥലങ്ങളിൽനിന്നും കൊത്തിക്കൊണ്ടുവന്നു കൊടുത്താണ് പക്ഷികൾ കുഞ്ഞുങ്ങളെ വളർത്തുന്നത്.
പറക്കമുറ്റിയാലുടൻ കുഞ്ഞുങ്ങളെ അനന്തവിഹായസിലേക്ക് അമ്മക്കിളി പറത്തിവിടും. ഈ പ്രകൃതിപാഠം ഉൾക്കൊള്ളാൻ മനുഷ്യനും കഴിയണമെന്ന് കാനായി പറയുന്നു. കല, സാഹിത്യം, ശാസ്ത്രം, സാങ്കേതികം എന്നിങ്ങനെ വിവിധ മേഖലകളിൽ ഓരോ വ്യക്തിയിലും ജന്മസിദ്ധമായ കഴിവുകളുണ്ട്.
ആ അഭിരുചിയുടെ വഴിയിൽ അവരെ പറക്കാൻ പ്രാപ്തരാക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ലോകത്തിന്റെ ഏതു കോണിലേക്കും പറന്നുപോയി കഴിവുകൾ തെളിയിക്കുന്നതിനുള്ള സിദ്ധിയും ബുദ്ധിയും പ്രാപ്തിയും നമ്മുടെ കുട്ടികൾക്കുണ്ടെന്നും അവരെ സ്വതന്ത്രരായി വിടണമെന്നുമാണ് കാനായിയുടെ നിലപാട്.
ശ്രീജിത് കൃഷ്ണൻ