പ്രശാന്ത വിസ്മയം
Sunday, January 16, 2022 6:56 AM IST
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊണ്ട് കീഴടക്കി. സെറിബ്രൽ പാൾസി മാത്രമല്ല കാഴ്ചയും കേൾവിയും സംസാരവും പരിമിതമായ പ്രശാന്തിന് സ്വന്തമായത് മുന്നൂറിലേറെ റിക്കാർഡുകളും ബഹുമതികളുമാണ്. പത്തുകോടി വർഷത്തെ കലണ്ടർ മനപാഠം. അന്തരീക്ഷ താപനില കൃത്യമായി പറയും. വിസ്മയം ജനിപ്പിക്കുന്ന വിശേഷങ്ങൾ ഏറെയാണ്.
ചെറുപ്പം മുതൽ പ്രശാന്ത് ചന്ദ്രന്റെ മാതാപിതാക്കൾക്ക് ഒരു കാര്യം വ്യക്തമായിരുന്നു. ശാരീരിക ന്യൂനതകൾ ഏറെയുള്ള മകനിൽ അസാധാരണമായ സിദ്ധികളുണ്ട്. എന്നാൽ ശാരീരിക വെല്ലുവിളികൾക്കു നടുവിൽ അതൊക്കെ കണ്ടെത്തുക ദുഷ്കരം. പരിഭവിക്കാതെയും തളരാതെയും ഭിന്നശേഷിക്കാരിൽ ഭിന്നശേഷിക്കാരനായ പ്രശാന്തിനെ ഉയരങ്ങളിലെത്തിക്കണമെന്ന് മാതാപിതാക്കൾ ഉറച്ച തീരുമാനമെടുത്തു. മൂന്നുമാസം തികയ്ക്കില്ലെന്ന് ജനനവേളയിൽ വിധിയെഴുതപ്പെട്ട പ്രശാന്ത് ഇരുപത്തിമൂന്നാം വയസിലെത്തുന്പോൾ ലോകത്തിന് വിസ്മയം ജനിപ്പിക്കുന്ന അപാരമായ റിക്കാർഡുകളുടെ ഉടമയാണ്. ഇരുപതിലധികം ലോക റിക്കാർഡുകളും മുപ്പത് ദേശീയ റിക്കാർഡുകളും കുറിച്ച തിരുവനന്തപുരം കരമന സ്വദേശി ഡോ. പ്രശാന്ത് ചന്ദ്രനെക്കുറിച്ച് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി ഫ്രാങ്ക്ളിൻ ഹെർബർട്ട് പറഞ്ഞത് പ്രശാന്ത് ഒരു ലോകാത്ഭുതമാണെന്നാണ്.
അവ്യക്തമായ ഒന്നോ രണ്ടോ വാക്കുകൾക്കപ്പുറം പ്രശാന്തിനു സംസാരശേഷിയില്ല, എന്നാൽ എല്ലാം ഗ്രഹിക്കുന്നു, പ്രതികരിക്കുന്നു. പത്തു കോടി വർഷത്തെ കലണ്ടർ മനഃപാഠമാക്കുകയെന്നതു മുതൽ ഈ പ്രതിഭയുടെ ഉൾക്കാഴ്ചയുടെ പ്രതിഫലനം കേവലം അക്ഷരങ്ങളിൽ ഒതുക്കാവുന്നതല്ല. ചോദിക്കേണ്ട താമസം, ഓരോ നിമിഷത്തെയും അന്തരീക്ഷ താപനില കൃത്യമായി പ്രശാന്ത് പറയും. കീ ബോർഡ് വായനയിലും അപാരവൈദഗ്ധ്യം. വിദേശ സർവകലാശാലകളിൽ നിന്നുവരെ പ്രശാന്തിനെക്കുറിച്ച് അന്വേഷണങ്ങൾ വരുന്നതിൽ അഭിമാനിക്കുകയാണ് അച്ഛൻ ചന്ദ്രനും അമ്മ സുഹിദയും സഹോദരി പ്രിയങ്കയും.
ഗണിതശാസ്ത്രത്തിലെ അതിവേഗം, കീബോർഡ് വായന, മനസിൽ പതിയുന്നവ ഏറെക്കാലത്തിനുശേഷം അതേപടി ഓർമിച്ചെടുക്കാനുള്ള കഴിവ്, അന്തരീക്ഷ താപനില കൃത്യമായി ഗണിക്കാനുള്ള സിദ്ധി എന്നിവയെല്ലാം പ്രശാന്തിനെ വേറിട്ടു നിർത്തുന്നു. 55 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പ്രശാന്തിന് കേഴ്വിക്കുറവും സംസാര വൈകല്യവും പൂർണമായ കാഴ്ചക്കുറവുമുണ്ടെന്നാണ് വൈദ്യശാസ്ത്രത്തിന്റെ സർട്ടിഫിക്കറ്റ്. കാഴ്ചയില്ലെങ്കിലും നേരിയ പ്രകാശത്തിൽ അപാരമായ ഉൾക്കാഴ്ച പ്രശാന്തിനുണ്ടെന്നു വ്യക്തം. ശാരീരിക ന്യൂനതകൾ വേറെയുമുണ്ടെങ്കിലും ഒരു നിമിഷം പോലും വെറുതേയിരിക്കാൻ പ്രശാന്ത് ഇഷ്ടപ്പെടുന്നില്ല.

ഒട്ടേറെ ന്യൂനതകളുമായി ജനിച്ച പ്രശാന്ത് ആറു മാസത്തോളം എസ്.എ.ടി ആശുപത്രിയിൽ കഴിഞ്ഞു. വീട്ടിലെത്തിയശേഷവും മകന്റെ ജീവനെ കാത്തുപരിപാലിക്കാൻ മാതാപിതാക്കൾ ഏറെ ക്ലേശിച്ചു. ഹൃദയത്തിലെ രണ്ടു സുഷിരങ്ങളും സെറിബ്രൽ പാൾസിയും തലച്ചോറിന്റെ വളർച്ചക്കുറവുമൊക്കെയായി പരിമിതികളും ദുരിതങ്ങളും തുടരെ അലട്ടിക്കൊണ്ടിരുന്നു. വലിയ ചെവികളും ചെറിയ കണ്ണുകളും സംസാര വൈകല്യവും. ഒപ്പം ഞരന്പ് സംബന്ധമായ അസുഖങ്ങൾ. അച്ഛനമ്മമാർ മാനസികമായി ഏറെ ദുരിതപ്പെട്ടുപോയ ദിനങ്ങൾ. അന്നു മുതൽ ചന്ദ്രനും സുഹിദയ്ക്കും വാശിയായിരുന്നു. ലോകം തള്ളിക്കളഞ്ഞേക്കാവുന്ന മകനെ വെല്ലുവിളികളെ അതിജീവിച്ച് അഭിമാനത്തോടെ വളർത്തുകയെന്ന വാശി.
കലണ്ടർക്കാഴ്ച
മ്യൂസിക് സിസ്റ്റത്തിലെ എൽഇഡി ഡിസ്പ്ലേയിൽ നിന്നുള്ള പ്രകാശമായിരുന്നു പ്രശാന്തിന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞത്. കണ്ണുകൾ ഡിസ്പ്ലേയോടു ചേർത്തു വയ്ക്കും. കുട്ടിക്കാലത്ത് ദീർഘനേരം അതിൽ നോക്കിയിരിക്കുക പതിവായിരുന്നു. പിന്നീടാണ് തൊട്ടടുത്ത് ഭിത്തിയിൽ തൂക്കിയിരുന്ന കലണ്ടറിലേക്ക് പ്രശാന്തിന്റെ നോട്ടം പതിഞ്ഞത്. ആദ്യമൊക്കെ വളരെ കൗതുകത്തോടെ കലണ്ടർ കണ്ണിനോടു ചേർത്തു വയ്ക്കുമായിരുന്നു. കുറച്ചുനാൾ ശ്രദ്ധാപൂർവം നോക്കിയശേഷം അത് തൂക്കിയിട്ട ചരട് അവൻ പൊട്ടിച്ചുകളഞ്ഞു. പിന്നീടത് വീട്ടിൽ കാണുന്നതേ ഇഷ്ടമല്ലാതായി.
പുതിയ കലണ്ടറുകൾ കിട്ടാൻ നിർബന്ധബുദ്ധിയായി. കിട്ടുന്ന കലണ്ടറൊക്കെ ഒരു തവണ നിരീക്ഷിച്ചു കഴിഞ്ഞാൽ പിന്നെ പ്രശാന്ത് അസ്വസ്ഥനായി പുതിയത് ആവശ്യപ്പെടും. കലണ്ടർ കിട്ടാതെ വന്നാൽ പ്രശാന്തിനെ പനിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ കലണ്ടറുകൾക്ക് അയൽ വീടുകൾ കയറിയിറങ്ങി. സഹോദരി പ്രിയങ്ക മൊബൈൽ ഫോണിൽ 150 വർഷത്തെ കലണ്ടർ ഡൗണ്ലോഡ് ചെയ്തു കൊടുത്തതോടെ ദിവസങ്ങൾക്കുള്ളിൽ പ്രശാന്ത് അത് മനഃപ്പാഠമാക്കി. 150 വർഷത്തെ ഏതു തീയതി ചോദിച്ചാലും ദിവസവും വിശേഷങ്ങളും കൃത്യമായി പറയുംവിധം കലണ്ടറുകൾ ഹൃദിസ്ഥമാക്കി. പിന്നീട് പതിനായിരം വർഷത്തെ കലണ്ടർ മൊബൈലിൽ ഡൗണ്ലോഡ് ചെയ്ത് മനഃപാഠമാക്കി. ആ ശ്രമത്തിനൊടുവിൽ പത്തു കോടി വർഷത്തെ തീയതി ദിവസങ്ങൾ പ്രശാന്തിന് മനഃപാഠമാണ്.
കലണ്ടർ മാത്രമല്ല, അക്കങ്ങളും തീയതികളുമായി ബന്ധപ്പെട്ടതെന്തും കാണാതെ പറയും. കല്യാണക്കുറി കിട്ടിയാൽ തീയതി കൃത്യമായി ഓർമിച്ചുവയ്ക്കുക മാത്രമല്ല ആ ദിവസത്തിന്റെ പ്രത്യേകതകളും ചരിത്രവിശേഷങ്ങളും ഓർമിപ്പിക്കുകയും ചെയ്യും. പ്രശാന്ത് ഒരു വസ്തു കണ്ണിനോടു ചേർത്തു വച്ചാൽ അതു സ്കാൻ ചെയ്യുന്നതിനു തുല്യമാണ്. പിന്നീട് കംപ്യൂട്ടറിനെ തോൽപിക്കുന്ന വേഗത്തിലാകും കാര്യങ്ങൾ ഓർമിച്ചെടുക്കുക. കുട്ടിക്കാലത്ത് മാതാപിതാക്കൾ നൽകിയ കലണ്ടറുകളും വായനാക്ഷമമായതൊക്കെയും അക്ഷരങ്ങളും അക്കങ്ങളുമാണെന്നു മനസിലാക്കാൻ അധികനേരം വേണ്ടിവന്നില്ല. അവ്യക്തവും മൂകവുമായ ലോകത്ത് അക്ഷരങ്ങളും അക്കങ്ങളും ചേർത്ത് സ്വന്തമായ ഒരു വിസ്മയലോകം പ്രശാന്ത് സൃഷ്്ടിച്ചെടുക്കുകയായിരുന്നു.

ഇഷ്ടാനിഷ്ടങ്ങൾ
മൊബൈൽ ഫോണ് വഴിയാണ് പ്രശാന്തിന്റെ നീക്കങ്ങളെല്ലാം. അടുത്തയിടെ മൊബൈൽ ഫോണിന്റെ സ്ക്രീൻ കേടായതോടെ നിരാശനായി പനിച്ചു കിടപ്പായി. മൊബൈലിൽ ഡൗൺലോഡ് ചെയ്തിരുന്ന കലണ്ടറിന്റെ ആപ്ലിക്കേഷനും നഷ്ടപ്പെട്ടിരുന്നു. പെട്ടന്നുതന്നെ ഫോണ് കേടുപാടു തീർത്തു നഷ്ടമായ ആപ്ലിക്കേഷൻ ഡൗണ്ലോഡ് ചെയ്തതോടെയാണ് പ്രശാന്തിൽ പുഞ്ചിരി വിരിഞ്ഞത്. നാലാം ക്ലാസ് വരെ സാധാരണ സ്കൂളിൽ പഠിപ്പിക്കാൻ അയച്ചശേഷമാണ് വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രീ വൊക്കേഷണൽ കോഴ്സിന് ചേർത്തത്. അതിനുശേഷം തൊഴിൽ പരിശീലനം നൽകണമെന്ന് ചന്ദ്രൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. സഹോദരി പ്രിയങ്കയാണ് പ്രശാന്തിന്റെ അടുത്ത സുഹൃത്ത്. ദുഃഖമോ ദേഷ്യമോ വന്നാൽ പ്രശാന്ത് കമഴ്ന്നു കിടക്കും. കൈകൾ ഉടൻ നീല നിറത്തിലാകും. എന്ത് ആവശ്യം സാധിച്ചു കിട്ടണമെങ്കിലും കമഴ്ന്നു കിടക്കുകയാണ് പതിവ്. അച്ഛനോ അമ്മയോ അക്കാര്യം മനസിലാക്കി സാധിച്ചുകൊടുക്കുംവരെ കിടപ്പു തുടരും.
അവ്യക്തവും അജ്ഞാതവുമായ ഏതോ ഒരു പ്രകാശം മാത്രമാണ് പ്രശാന്തിന് കാഴ്ച. സ്വന്തം മുറിയിലെ ചെറിയ ടിവിയിലാണ് കണ്ണുകൾ അടുപ്പിച്ചുവച്ച് വാർത്തളും വിവരങ്ങളും അറിയുന്നത്. കീ ബോർഡ് വായിക്കുന്നത് വളരെ സന്തോഷം. കാതൽ റോജാവേ.. എന്ന തമിഴ് ഗാനവും അല്ലിയാന്പൽകടവിൽ.... എന്നു തുടങ്ങുന്ന മലയാള ഗാനവും ഇടയ്ക്കിടെ വായിക്കും. പതിമൂന്നാം വയസിൽ അച്ഛൻ സമ്മാനിച്ച ചെറിയൊരു കീ ബോർഡായിരുന്നു സംഗീതലോകത്തെത്തിച്ചത്. പ്രശാന്തിന്റെ താൽപര്യം മനസിലാക്കിയ മാതാപിതാക്കൾ കീ ബോർഡ് പഠിപ്പിക്കാനയച്ചു. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും വൈകാതെ കീ ബോർഡ് വൈകാതെ അതിവേഗത്തിൽ ഹൃദിസ്ഥമാക്കി.
പ്രശാന്തിന്റെ ഭക്ഷണരീതിയിലുമുണ്ട് കൗതുകം. ദോശ, പഴം, പാൽ, ചായ, ചോറ് എന്നിവയാണ് ഇഷ്ടഭക്ഷണം. ചെറിയ ഉരുളകളാക്കി ഭക്ഷണം പാത്രത്തിൽ വച്ചശേഷം ആരും കാണാതെ കഴിക്കുന്നതാണ് രീതി. ചവച്ച് കഴിക്കാനാകില്ലാത്തതിനാൽ വിഴുങ്ങും. ആരെങ്കിലും അടുത്തുനിന്നാൽ ഒന്നും കഴിക്കില്ല. ഇറച്ചിയും മീനും മുട്ടയും താൽപര്യമില്ല.

അംഗീകാരപ്പെരുമ
നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ പ്രശാന്ത് ഏറ്റവും വിലമതിക്കുന്നത് 2016ൽ രാഷ്ട്രപതി പ്രണാബ് മുഖർജിയിൽ നിന്നും സ്വീകരിച്ച നാഷണൽ അവാർഡ് ഫോർ ദ എംപവർമെന്റ് ഓഫ് പേഴ്സണ്സ് വിത്ത് ഡിസെബിലിറ്റീസ് ആണ്. ഇതുൾപ്പെടെ മുന്നൂറിലേറെ അംഗീകാരങ്ങളും റെക്കോർഡുകളുമാണ് പ്രശാന്തിനു സ്വന്തമായിരിക്കുന്നത്. യൂണിവേഴ്സൽ റിക്കാർഡ് ഫോറം നാഷണൽ അവാർഡ് ആൻഡ് ഹോൾ ഓഫ് ഫെയിം അവാർഡ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് തുടങ്ങിയവ ചിലതു മാത്രം. ഭിന്നശേഷിക്കാരുടെ കഴിവു വിലയിരുത്താൻ കളേഴ്സ് ചാനൽ നടത്തിയ ടാലന്റ് മത്സരത്തിൽ പങ്കെടുത്ത ഏക മലയാളി പ്രശാന്ത് ആയിരുന്നു. ഒരു ലക്ഷം വർഷത്തെ കലണ്ടർ തീയതിയും ദിവസവും തെറ്റില്ലാതെ പറഞ്ഞാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ചത്. പതിനായിരം വർഷത്തെ കലണ്ടർ മനഃപാഠമാക്കിയതിനാണ് 2016ൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിലെത്തിയത്.
ലണ്ടൻ ആസ്ഥാനമായ വേൾഡ് റെക്കോർഡ്സ് യൂണിവേഴ്സിറ്റി പ്രശാന്തിന്റെ കഴിവുകൾ അംഗീകരിച്ച് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. 2017 മാർച്ചിൽ ഫരീദാബാദിൽ വേൾഡ് റിക്കാർഡ്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വില്യം തോമസ് ബ്രെയിൻസിൽ നിന്നാണ് ഡോക്ടറേറ്റ് സ്വീകരിച്ചത്. അന്ന്് പ്രശാന്തിന് 19 വയസ്.
കോവിഡ് കാലത്തും രണ്ടു ലോക റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചു. പ്രശാന്തിന്റെ അച്ഛൻ കെ.ചന്ദ്രൻ കരമനയിൽ വയറിംഗ് ആന്ഡ് പ്ലംബിംഗ് ഷോപ്പ് നടത്തുന്നു. മാതാവ് സുഹിദ വീട്ടമ്മയാണ്. സഹോദരി പ്രിയങ്ക വിവാഹിത.
എന്റെ വലിയ കുറവുകളെയോർത്ത് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പോരാട്ടങ്ങളിലൂടെ ഞാൻ എന്റെ ജീവിതത്തെ ആഘോഷിക്കുന്നു. പ്രശാന്ത് പറയാതെ.. പറഞ്ഞു !!
റിച്ചാർഡ് ജോസഫ്