ജനല്‍ ദേഹത്തേക്ക് വീണ് അപകടം; ഒന്നരവയസുകാരി മരിച്ചു
Thursday, December 12, 2024 3:10 PM IST
മലപ്പുറം: കിഴിശേരിയില്‍ ജനല്‍വാതില്‍ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു. പുഞ്ഞാറക്കോടന് അബ്ദുറഹ്മാന്റെ മകള്‍ നൂറൂല്‍ ഐമന് ആണ് മരിച്ചത്.
രാവിലെ പത്തോടെ കുട്ടിയുടെ അമ്മയുടെ വീട്ടില്‍വച്ചാണ് സംഭവം. നിര്‍മാണം നടക്കുന്ന വീടിന്റെ ചുവരില്‍ ചാരി വച്ചിരുന്ന ജനല്‍ കുഞ്ഞിന്റെ ദേഹത്തേത്ത് പതിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
Thursday, December 12, 2024 3:03 PM IST
ചെന്നൈ: പകര്‍പ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനും നിർമാതാവുമായ ധനുഷ് നൽകിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. നയന്‍താര, ഭര്‍ത്താവ് വിഗ്നേഷ് ശിവന്, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച നെറ്റ്ഫ്ലിക്സ് എന്നിവരില്‍ നിന്ന് കോടതി മറുപടി ആവശ്യപ്പെട്ടത്.
നയന്‍താരയുടെ ജീവിതകഥ പറയുന്ന "നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയില്‍ തമിഴ് ചിത്രമായ "നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് നയന്‍താരയ്ക്കെതിരേ ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്.
ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിക്കായി നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെതിരെ നയൻതാര തുറന്ന കത്തിലൂടെ ആഞ്ഞടിച്ചിരുന്നു.
പിന്നീട് ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി റീലീസ് ചെയ്തത്. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന പേരിലുള്ള ഡോക്യുമെന്ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്.
തമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് മലയാളികള്‍ മരിച്ചു
Thursday, December 12, 2024 2:57 PM IST
കോയമ്പത്തൂര്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി ജേക്കബ്, ഭാര്യ ഷീബ, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന് അരോണ്‍ എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂരിനടുത്ത് മധൂക്കരയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഓള്‍ട്ടോ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോടതിയലക്ഷ്യമെന്ന അതിജീവിതയുടെ പരാതി: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് നോട്ടീസ്
Thursday, December 12, 2024 2:56 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് നോട്ടീസയച്ച് വിചാരണക്കോടതി. കേസിലെ അതിജീവിത സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി.
നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് അടക്കമുള്ള ശ്രീലേഖയുടെ പരാമർശങ്ങൾ വിവാദമായിരുന്നു.
ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം, തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.
വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം തുടരണമെന്ന് സ്റ്റാലിൻ; കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്ന് പിണറായി
Thursday, December 12, 2024 2:18 PM IST
വൈക്കം: സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എല്ലാ വേർതിരിവും നിയമം കൊണ്ടു മാറ്റാനാകില്ല. ജനങ്ങളുടെ മനസും മാറണം. എന്തു വില കൊടുത്തും സമത്വ സമൂഹം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1924 ൽ പെരിയാറെ അറസ്റ്റ് ചെയ്ത അതേ വൈക്കത്തു തന്നെ പെരിയാറിന്റെ പ്രതിമ ഉയർന്നിരിക്കുകയാണ്. ഇതാണ് പെരിയാറിന്റെ വിജയം. ഇത് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട ദിവസമാണ്. ഈ കാഴ്ച കാണാൻ കലൈജ്ഞർ കരുണാനിധി ഇല്ല എന്ന വിഷമം ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
തന്തൈ പെരിയാറിന്റെ സ്മാരകം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് കേരളവും തമിഴ്നാടും ഒരുമിച്ചുനിന്നാണ്. സ്മാരകത്തിന്റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്നും നന്ദി അറിയിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു.
അതേസമയം, ത്യാഗോജ്വലമായ ജീവിതമാണ് തന്തൈ പെരിയാറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിൽ തുടങ്ങിയ സഹവർത്തിത്വമാണ് കേരളവും തമിഴ്നാടും ഇന്നും തുടരുന്നതെന്നും പിണറായി അധ്യക്ഷപ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ നടക്കാൻ അവകാശമില്ലാതിരുന്നത് ഇന്നാട്ടുകാരായ മലയാളികൾക്കായിരുന്നു. ഈ പ്രശ്നത്തെ കേവലം മലയാളികളുടെയോ തിരുവിതാംകൂറിന്റെയോ ഒക്കെ പ്രശ്നമായി ചുരുക്കിക്കാണുകയല്ല പെരിയാറും മറ്റ് സമരനേതാക്കളും കണ്ടത്. രാജ്യത്തിലെ ജനങ്ങളുടെയാകെ പ്രശ്നമായാണ് അവർ കണ്ടത്. അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യാഗ്രഹത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടുപോവുകയാണ് കേരളവും തമിഴ്നാടുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്ക് മേൽ നിരന്തര കൈകടത്തലുകള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം. കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണ ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് ഇരുസംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും ഇരു മുഖ്യമന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പിന്നാലെ ഇരുവരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.
തമിഴ്നാട്ടിൽ നിന്നും ദ്രാവിഡ കഴകം അധ്യക്ഷൻ കെ. വീരമണി, തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ.വി. വേലു, എം.പി. സ്വാമിനാഥൻ, വിസികെ അധ്യക്ഷൻ തീരുമാവളവൻ എംപി, കേരള മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, സി.കെ. ആശ എം എൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വയനാട് ദുരന്തം: കണക്കുകൾ സമ്മർപ്പിച്ച് കേരളം, സർക്കാരുകൾക്കിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് ഹൈക്കോടതി
Thursday, December 12, 2024 2:12 PM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച് സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങളാണ് സർക്കാർ സമർപ്പിച്ചത്.
എസ്ഡിആർഎഫിൽ 782.99 കോടി രൂപയാണ് ഒക്ടോബർ ഒന്ന് വരെ ഉണ്ടായിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഡിസംബർ പത്ത് വരെ എസ്ഡിആർഎഫിൽ ഉണ്ടായിരുന്നത് 700.5 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള തുകയാണ്. ഇത് ഉരുൾപൊട്ടൽ മേഖലയിൽ മാത്രം ചെലവഴിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു.
700 കോടിയിൽ 471 കോടി സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്കായി കൊടുത്തുതീർക്കാനുള്ളതാണ്. 121 കോടി രൂപ കൂടി മറ്റ് ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കേണ്ടതുണ്ട്. കണക്കിൽ 700 കോടി രൂപയുണ്ടെങ്കിലും ഇത് വയനാടിനായി മാത്രം ഉപയോഗിക്കാൻ കഴിയില്ല. പുനരധിവാസത്തിന് ഭൂമി വാങ്ങാൻ എസ്ഡിആർഎഫ് തുക ഉപയോഗിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ടൗണ്‍ഷിപ്പ് അടക്കം നിർമിക്കാൻ അധികം തുക വേണം. സ്പോണ്‍സർഷിപ്പിലൂടെ അടക്കം സിഎംഡിആർഎഫിൽ എത്തിയത് 682 കോടി രൂപയാണ്. എല്ലാ ചെലും കഴിഞ്ഞാൽ എസ്ഡിആർഎഫിൽ ഉള്ളത് 61 കോടി രൂപ മാത്രമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അമിക്കസ്ക്യൂറിയും റിപ്പോർട്ട് നൽകി.
എസ്ഡിആർഎഫ് തുക കടലാസിൽ മാത്രമേ ഉള്ളുവെന്നാണ് ഇതിലൂടെ മനസിലാക്കുന്നതെന്ന് കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്രസർക്കാരിനെ കൂടി ബോധ്യപ്പെടുത്തി സംസ്ഥാന സർക്കാർ സഹായം ഉറപ്പാക്കണം.
എസ്ഡിആർഎഫിലെ തുകയുടെ മുൻകൂടി നിശ്ചയിച്ച വിനിയോഗം, തുടർന്നുള്ള വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക ഇവയെല്ലാം വിശദീകരിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡിസംബർ 18ന് കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ കണക്കുകൾ കേന്ദ്രത്തിന് കൈമാറാമെന്നും ക്രിസ്മസിനുശേഷം കണക്കുകളിൽ വ്യക്തത വരുത്തി സർക്കാരുകൾക്കിടയിൽ മധ്യസ്ഥത വഹിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വീഡിയോ ചിത്രീകരണത്തിനിടെ അപകടം; വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Thursday, December 12, 2024 1:39 PM IST
കോഴിക്കോട്: പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സാബിത് റഹ്മാന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
മറ്റൊരു വാഹനം ഓടിച്ച റഹീസിന്റെ ലൈസന്‍സ് ആറ് മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. യുവാവിനെ ഇടിച്ച ബെന്‍സ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബെന്‍സ് കാറിന്റെ ആര്‍സിയും റദ്ദാക്കും. സാബിത്തിനും റഹീസിനുമെതിരെ കേസെടുക്കും.
വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം. ഇടിയുടെ ആഘാതത്തിൽ ആന്തരിക ക്ഷതവുമുണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.സ്ഥാപന ഉടമ സാബിത്, ജീവനക്കാരൻ റഹീസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോയാണ് ആൽവിൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ ആൽവിനെ ഇടിക്കുകയായിരുന്നു.
ഗവര്‍ണറുടെ കാറിന് പിന്നില്‍ വാഹനമിടിച്ചു; സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി ലോ ഓഫീസർ
Thursday, December 12, 2024 1:17 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി കേരളാ ഹൗസ് ലോ ഓഫീസറുടെ കാര്‍ ഗവര്‍ണറുടെ വാഹനത്തില്‍ ഇടിച്ചു. കൊച്ചിന് ഹൗസ് ഭാഗത്ത് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ നിര്‍ത്തിയിട്ട സമയത്താണ് അപകടം.
കാറിന്റെ മുന്‍ഭാഗത്ത് കേടുപാടുണ്ട്. രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. വാഹനമിടിച്ചതിന് പിന്നാലെ ലോ ഓഫീസര്‍ ഗവര്‍ണറുടെ സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി.
ഗവര്‍ണറുടെ കാര്‍ ഇവിടെയല്ല പാര്‍ക്ക് ചെയ്യേണ്ടതെന്ന് പറഞ്ഞാണ് ഇവര്‍ ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചത്. സംഭവത്തില്‍ കേരളാ പോലീസും സിആര്‍പിഎഫും റസിഡന്റ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നൽകും.
തീവ്രന്യൂനമർദം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Thursday, December 12, 2024 1:14 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മധ്യ, തെക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
മന്നാർ കടലിടുക്കിന് മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസവും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ച ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി; മാധ്യമ വിഭാഗം പാനലിൽനിന്ന് ഒഴിവാക്കി
Thursday, December 12, 2024 1:00 PM IST
തിരുവനന്തപുരം: ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിലിനെതിരെ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്ന് അഖിലിനെ ഒഴിവാക്കി.
ചാണ്ടി ഉമ്മൻ വിഷയത്തിൽ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് നടപടി. ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം. കെപിസിസി അംഗമാണ് അഖിൽ.
അതേസമയം ഇത് പ്രതികാര നടപടിയാണെന്ന് അഖിൽ പറഞ്ഞു. പരാതി കെപിസിസിയെ അറിയിക്കും. ചാണ്ടി ഉമ്മൻ ഉന്നയിച്ച വിഷയത്തിൽ പരിഹാരം വേണമെന്നും അഖിൽ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് ചുമതല തന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ തുറന്ന് പറച്ചിൽ. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.
ദളിത് യുവാവ് വിനായകന്റെ മരണം: പോലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് കോടതി
Thursday, December 12, 2024 12:53 PM IST
തൃശൂർ: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പോലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ ഉത്തരവിട്ട് തൃശൂർ എസ്സി എസ്ടി കോടതി.
പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരേ കുടുംബവും ദളിത് സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2017 ജൂലൈയിലാണ് വിനായകൻ മരിച്ചത്. പോലീസ് മർദനത്തെ തുടർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നായിരുന്നു പരാതി.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരേയാണ് വിനായകന്റെ പിതാവ് കൃഷ്ണനും ദളിത് സമുദായ മുന്നണിയും കോടതിയിൽ ഹർജി നല്‍കിയത്.
സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെ മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തത്. കസ്റ്റഡിയിലിരിക്കെ മർദിച്ചു എന്ന കേസും ആത്മഹത്യാകേസുമാണ് എടുത്തിട്ടുള്ളത്.
അച്ചടക്കം പാലിച്ചില്ല: മൂന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മർദിച്ചെന്ന് പരാതി
Thursday, December 12, 2024 12:49 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്കൂൾ വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂരമർദനം. വിളപ്പിൽശാല ഗവ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ബദ്രിനാഥിന് മർദനമേറ്റെന്നാണ് പരാതി. കുട്ടിയെ പേർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിന്‍ എതിരെയാണ് ആരോപണം. ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് വരിയിൽ നടക്കുന്നതിനിടെ കുട്ടി പിറകിൽ കൈകെട്ടിയില്ലെന്ന് ആരോപിച്ചാണ് മർദനം ഉണ്ടായതെന്ന് ബദ്രിനാഥിന്റെ അമ്മ ആരോപിച്ചു. കുടുംബം അധ്യാപികക്കെതിരേ പോലീസിൽ പരാതി നൽകി.
സൈബർ ആക്രമണത്തെ നിയമപരമായി നേരിടും: ചിന്താ ജെറോം
Thursday, December 12, 2024 12:39 PM IST
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം.
സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ബിയർ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ വ്യാജ പ്രചാരണത്തെപ്പറ്റിയായിരുന്നു ചിന്തയുടെ പ്രതികരണം. കൊല്ലം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്ക് തവിട്ടു നിറത്തിലുള്ള ചില്ലുകുപ്പിയിലാണ് വെള്ളം നൽകിയത്.
വിതരണം ചെയ്ത കുപ്പികളിൽ മദ്യമാണെന്ന തരത്തിലായിരുന്നു സൈബറിടങ്ങളിൽ വ്യാപക പ്രചാരണം നടന്നത്. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയെ വക്രീകരിച്ചാണ് സോഷ്യൽ മീഡിയയിൽ ആക്രമണം നടന്നത്.
സിപിഎമ്മിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണമെന്നും ഇത്തരക്കാരുടെ മനോനില പരിശോധിക്കണമെന്നും ചിന്ത ജെറോം പറഞ്ഞു.
കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം
Thursday, December 12, 2024 12:26 PM IST
കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. കോളജില്‍ കെഎസ്യു കൊടി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ഇരൂകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് കെഎസ്യുവും, കെഎസ്യൂക്കാരാണ് ആക്രമിച്ചതെന്ന് എസ്എഫ്ഐയും ആരോപിച്ചു.
കെഎസ്യൂ കാമ്പസില്‍ സ്ഥാപിച്ച കൊടികള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. നിലവില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെഎസ്യുക്കാര് പ്രിന്‍സിപ്പാളിന്റെ ഓഫീസ് ഉപരോധിക്കുകയാണ്.
പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കമില്ലെന്ന് കെ. മുരളീധരൻ
Thursday, December 12, 2024 12:13 PM IST
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പടയൊരുക്കമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് മാറണമെന്ന ഒരു ചർച്ച നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഈ കഥ ഉണ്ടാക്കിയതെന്ന് അറിയില്ല. നേതൃമാറ്റമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
താഴേത്തട്ടിലുള്ള പുനഃസംഘടന ഏത് രീതിയിൽ വേണമെന്ന് കെപിസിസി തീരുമാനിക്കും. പാർട്ടി മുന്നോട്ടു പോകണമെങ്കിൽ യുവാക്കൾ വേണം. യുവാക്കളോടൊപ്പം പ്രായമായവരുടെ നേതൃത്വവും സഹകരണവും ആവശ്യമാണ്.
പ്രായമായെന്ന് കരുതി മാതാപിതാക്കളെ ആരും മാറ്റില്ലല്ലോ എന്ന് ചോദിച്ച മുരളീധരൻ പ്രായം എല്ലാവർക്കും വരുമെന്നും ചൂണ്ടിക്കാട്ടി.
രാജ്യസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; രണ്ട് വരെ സഭ പിരിഞ്ഞു
Thursday, December 12, 2024 12:09 PM IST
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ 14-ാം ദിവസവും രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. അദാനി ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ രാജ്യസഭ നടപടികൾ ഇന്ന് രണ്ട് വരെ നിർത്തിവച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻഖർ നിരസിച്ചതോടെയാണ് സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചത്.
അതേസമയം കോൺഗ്രസും ജോർജ് സൊറോസും തമ്മിൽ ബന്ധമുണ്ടെന്ന് ബിജെപിയും ആരോപണം ഉന്നയിച്ചു.
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും യുഎസ് കോടീശ്വരൻ ജോർജ് സൊറോസും തമ്മിലുള്ള ബന്ധം അറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്ന് രാജ്യസഭയിൽ പറഞ്ഞു.
ദിലീപിന്റെ വിഐപി ദര്‍ശനം; ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്ന് ഹൈക്കോടതി
Thursday, December 12, 2024 11:49 AM IST
കൊച്ചി: ശബരിമലയില്‍ നടന് ദിലീപിന് വിഐപി പരിഗണന നല്‍കിയത് ഗൗരവകരമെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്ന് കോടതി ചോദിച്ചു.
ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞു. ഒന്നാം നിരയിലുള്ള ആളുകളെ കടത്തിവിട്ടില്ല. തീര്‍ഥാടകരെ അങ്ങനെ തടയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കോടതി പറഞ്ഞു. ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി നിരീക്ഷണം. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു.
ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട. ദേവസ്വം ബോർഡും പോലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി താക്കീത് നൽകി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
ശബരിമലയിൽ ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനിറ്റിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും കൂട്ടാളികളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന് ആധാരം.
കുമരകത്ത് പിണറായി - സ്റ്റാലിൻ കൂടിക്കാഴ്ച; മുല്ലപ്പെരിയാർ ചർച്ചയായില്ല
Thursday, December 12, 2024 11:49 AM IST
വൈക്കം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കൂടിക്കാഴ്ച നടത്തി. അതേസമയം, കുമരകത്ത് നടന്ന 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ചയായില്ല. കൂടിക്കാഴ്ചയിൽ മന്ത്രി വി.എൻ വാസവനും തമിഴ്നാട് മന്ത്രി ദുരൈ മുരുകനും പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം കുമരകത്തെ റിസോർട്ടിൽ ഇരുമുഖ്യമന്ത്രിമാരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വൈക്കം വലിയ കവലയിലെ പെരിയോർ സ്മാരകം ഉദ്ഘാടനം ചെയ്തു. പെരിയോർ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ മുഖ്യമന്ത്രിമാർ പെരിയാർ മ്യൂസിയത്തിലും സന്ദർശനം നടത്തി.
തുടർന്ന് തമിഴ്നാട് സര്‍ക്കാര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി പ്രമാണിച്ച് നടത്തിവന്ന പരിപാടികളുടെ സമാപന ചടങ്ങുകൾ ആരംഭിച്ചു. എം.കെ. സ്റ്റാലിനാണ് ഉദ്ഘാടകൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദ്രാവിഡ കഴക അധ്യക്ഷൻ കെ.വീരമണി മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും.
തന്തൈ പെരിയോർ സ്മാരകം നാടിന് സമർപ്പിച്ചു
Thursday, December 12, 2024 11:37 AM IST
വൈക്കം: തന്തൈ പെരിയോർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും. പെരിയോർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.
കേരള മന്ത്രിമാരായ വി.എൻ. വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ.വി. വേലു, എം.പി. സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.1985-ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയോർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്നാട് മന്ത്രി ഡോ. നാവലർ വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994-ൽ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതൽമുടക്കിയാണ് തമിഴ്നാട് സർക്കാർ സ്മാരകം നവീകരിച്ചത്.
ആരാധികയുടെ മരണം: എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് അല്ലു അര്ജുന് കോടതിയില്‍
Thursday, December 12, 2024 11:20 AM IST
ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തനിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. കേസിൽ കോടതി ഉടൻ വാദം കേൾക്കും.
ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്നും അല്ലു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ അല്ലു, തീയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങൾ ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നതായും ഹർജിയില്‍ ചൂണ്ടിക്കാട്ടി.
വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കി. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്ജുന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ താരത്തെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (ഒമ്പത്) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഡിസംബർ അഞ്ചിന് അല്ലു അർജുനും സുരക്ഷാ സംഘത്തിനും തീയറ്റർ മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) 105, 118 (1) വകുപ്പുകൾ പ്രകാരമാണ് ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തീയറ്ററിന്റെ ഉടമകളില്‍ ഒരാള്‍, സീനിയർ മാനേജർ, ലോവർ ബാൽക്കണിയിലെ സുരക്ഷ ജീവനക്കാരന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മണിയാര്‍ വൈദ്യുത പദ്ധതി: കരാർ നീട്ടിക്കൊടുത്ത് സർക്കാർ കന്പനിയെ സഹായിക്കുന്നെന്ന് ചെന്നിത്തല
Thursday, December 12, 2024 11:08 AM IST
ന്യൂഡൽഹി: മണിയാര്‍ വൈദ്യുത പദ്ധതിയില്‍ കാർബൊറണ്ടം കമ്പനിക്കായി സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നെന്ന് രമേശ് ചെന്നിത്തല. ബിഒടി വ്യവസ്ഥ മറികടന്ന് കാലാവധി നീട്ടികൊടുക്കാനാണ് നീക്കം. 30 വര്‍ഷത്തെ കരാര്‍ അവസാനിച്ച പദ്ധതി 25 വര്‍ഷത്തേക്ക് കൂടി നീട്ടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
നായനാർ സർക്കാരിന്റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്റെ ഭാഗമായി കാർബൊറണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം ലഭിച്ചു. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്.
30 വർഷത്തേക്ക് ഒപ്പിട്ട കരാർ നീട്ടാനുള്ള സർക്കാർ ശ്രമം അഴിമതിയാണ്. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുന്‍പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയാറാകുന്നില്ല.
2023ൽ കാർബൊറണ്ടം ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും വൈദ്യുത പദ്ധതിക്ക് ഉണ്ടായില്ല. നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോയെന്നും ചെന്നിത്തല ചോദിച്ചു.
കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്നും പദ്ധതി കെഎസ്ഇബി ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മൂന്നുദിവസത്തെ കുതിപ്പിനു ശേഷം വിശ്രമിച്ച് സ്വർണവില; 58,000ന് മുകളില്‍ തന്നെ
Thursday, December 12, 2024 10:37 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നുദിവസത്തെ കുതിപ്പിനു ശേഷം വിശ്രമിച്ച് സ്വർണവില. ഒരു പവന് സ്വര്‍ണത്തിന് 58,280 രൂപയിലും ഗ്രാമിന് 7,285 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,015 രൂപയും പവന് 48,120 രൂപയുമാണ്.
തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്ച 600 രൂപയും ബുധനാഴ്ച 640 രൂപയും വർധിച്ച ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. മൂന്നു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 1,360 രൂപയുടെ വര്‍ധനയാണ്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
നിലവിൽ ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,708 ഡോളർ എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസം വ്യാപാരം പുരോഗമിക്കവെ വില 2721 വരെ കുതിച്ച ശേഷം താഴുകയായിരുന്നു.
സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ - യുക്രെയ്ന് സംഘര്‍ഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്.
അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
പയ്യന്നൂരിൽ എം.കെ. രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ
Thursday, December 12, 2024 10:35 AM IST
കണ്ണൂർ: പയ്യന്നൂരിൽ എം.കെ. രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ. രാഘവൻ ഒറ്റുകാരനെന്നും മാപ്പില്ലെന്നുമാണ് പോസ്റ്ററിലെ പരാമർശം. കോൺഗ്രസ് ഓഫീസിന്റെ ചുവരിലും പയ്യന്നൂർ നഗരത്തിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
രാഘവൻ ചെയർമാനായ മാടായി കോളജ് ഭരണസമിതി കോഴ വാങ്ങി രണ്ട് സിപിഎം പ്രവർത്തകർക്ക് ജോലി നൽകിയെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. രാഘവനെതിരെ പ്രവർത്തകർ തെരുവിലിറങ്ങിയതോടെ വിവാദം കൈവിട്ടു.
രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവൻ രംഗത്തുവന്നതോടെ നേതാക്കൾക്കിടയിലും തർക്കം രൂക്ഷമായി. ഇതോടെ പ്രശ്നപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു.
സന്ദീപ് വാര്യരെ സിപിഎമ്മിൽ ചേർക്കാൻ ശ്രമിച്ചു; കൊല്ലം ജില്ലാ സമ്മേളനത്തിൽ എ.കെ. ബാലന് വിമർശനം
Thursday, December 12, 2024 10:20 AM IST
കൊല്ലം: സന്ദീപ് വാര്യരെ സിപിഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിലും ആത്മകഥാ വിവാദത്തിലും ഇ.പി. ജയരാജന് എതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
ഒന്നാം പിണറായി സർക്കാരിന്റെ നിഴലിലാണ് രണ്ടാം സർക്കാരെന്നും വിവാദങ്ങളിൽ മുഖ്യമന്ത്രി അപ്പപ്പോൾ പ്രതികരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സന്ദീപ് വാര്യർ ബിജെപി വിട്ട് വന്നാൽ സ്വീകരക്കുമെന്നായിരുന്നു ബാലൻ പറഞ്ഞത്. ഒരു വ്യക്തിയെന്ന നിലയില്‍ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ് വാര്യരെന്നായിരുന്നു ബാലന്റെ പുകഴ്ത്തൽ.
സന്ദീപ് വാര്യർ തങ്ങളെ നല്ല രീതിയില്‍ വിമര്‍ശിക്കുന്നയാളാണ്. എങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നും ബാലന് പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസ്; വിചാരണ തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത
Thursday, December 12, 2024 10:05 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്.
വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നുമാണ് ആവശ്യം. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്.
വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും.
കഴിഞ്ഞ ദിവസമാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ നടക്കുന്നത്. നടൻ ദിലീപ് ഉൾപ്പെടെ ഒന്‍പത് പേരാണ് കേസിലെ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
നാഗപട്ടണത്ത് ഭിത്തി ഇടിഞ്ഞുവീണ് അപകടം; വിദ്യാര്‍ഥി മരിച്ചു
Thursday, December 12, 2024 9:50 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ ഒരു മരണം. നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥി കവിയഴകന്‍ ആണ് മരിച്ചത്.
രാത്രി ഉറക്കത്തിനിടെയാണ് അപകടം. കവിയഴകന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പിണറായി - സ്റ്റാലിൻ കൂടിക്കാഴ്ച കുമരകത്ത്; മുല്ലപ്പെരിയാർ ചർച്ചയായേക്കും
Thursday, December 12, 2024 9:26 AM IST
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു കുമരകത്ത് നടക്കും. രാവിലെ പ്രഭാത ഭക്ഷണ സമയത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ചയാകുമെന്നാണ് സൂചന.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച പെരിയോര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനായാണ് സ്റ്റാലിൻ എത്തിയത്. ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കായൽ സൗന്ദര്യം ആസ്വദിച്ചു. വൈകിട്ടോടെ പിണറായി വിജയനും കുമരകത്ത് എത്തി. തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എം.പി. സ്വാമിനാഥൻ എന്നിവരും കുമരകത്തുണ്ട്.
വൈക്കം വലിയ കവലയിലെ നവീകരിച്ച പെരിയോർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദ്രാവിഡ കഴക അധ്യക്ഷൻ കെ.വീരമണി മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും.
അർബുദ രോഗത്തിന്റെ പിടിയിൽ; ഹരീന്ദ്രനെ സഹായിക്കുമോ ?
Thursday, December 12, 2024 9:22 AM IST
സാധാരണ പനി ലക്ഷണങ്ങളോടെ തൊണ്ടവേദന. എന്നാൽ വേദന കലശലായതോടെ ഡോക്ടറെ കണ്ടു. ഡോക്ടർ സ്കാനിംഗിന് നിർദ്ദേശിച്ച് ഫലം വന്നപ്പോൾ തൊണ്ടയിൽ മുഴ വളരുന്നതായി കണ്ടെത്തി. തുടർന്ന് ബയോപ്സിക്ക് കൂടി ഡോക്ടർ നിർദ്ദേശിച്ചു. ഫലം വന്നപ്പോൾ അർബുദവും സ്ഥിരീകരിച്ചു.
കോട്ടയം ജില്ലയിലെ മാങ്ങാനം കുറ്റിക്കൽ വീട്ടിൽ പി. ഹരീന്ദ്രനാണ് അപ്രതീക്ഷിതമായി രോഗത്തിന്റെ പിടിയിലായത്. സാധാരണ പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് പോയ ഹരീന്ദ്രന്‍ അർബുദം സ്ഥിരീകരിച്ചതോടെ ഡോക്ടർ കീമോ ചെയ്യാനുള്ള നിർദ്ദേശം നൽകി.
ഡ്രൈവർ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ഹരീന്ദ്രന്റെ കുടുംബത്തിൽ ആദ്യമായല്ല അർബുദം വില്ലനായി എത്തുന്നത്. ഇതേ രോഗവസ്ഥയിലൂടെ കടന്നുപോയാണ് രണ്ടുവർഷം മുൻപ് ഹരീന്ദ്രന്റെ ഭാര്യ ഗീത മരണത്തിന് കീഴടങ്ങിയത്. ഭാര്യയുടെ ചികിത്സയുടെ പേരിലുണ്ടായ കടങ്ങൾ വീട്ടാൻ ഓടിനടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹരീന്ദ്രനെയും രോഗം പിടികൂടിയത്.
നിലവിലെ കടങ്ങൾക്കൊപ്പം സ്വന്തം ചികിത്സകൾക്ക് കൂടി പണം സ്വരൂപിക്കേണ്ട ഗതികേടിലാണ് ഈ ഗൃഹനാഥൻ. കീമോയ്ക്കും മരുന്നുകൾക്കുമായി വലിയ തുക രണ്ട് മക്കൾ അടങ്ങിയ ഹരീന്ദ്രന്റെ കുടുംബം കണ്ടെത്തേണ്ടതുണ്ട്. ഈ സാമ്പത്തിക സാഹചര്യമാണ് കുടുംബത്തെ തളർത്തുന്നത്.
കോട്ടയം കാരിത്താസ് ആശുപത്രിയിൽ തുടരുന്ന ചികിത്സകൾക്ക് ഒരു കൈത്താങ്ങായി സുമനസുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഹരീന്ദ്രൻ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്നത്. ഒരു കൈ സഹായം നൽകിയാൽ ഈ കുടുംബനാഥന് രോഗം ഭേദമായി നിറചിരിയോടെ വീണ്ടും എത്താം!
ഹരീന്ദ്രനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് കാത്തിരുന്നവരെ കണ്ണീരിലാഴ്ത്തി ആര്യൻ മടങ്ങി; കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരൻ മരിച്ചു
Thursday, December 12, 2024 10:18 AM IST
ധൗസ: രാജസ്ഥാനിലെ ധൗസയിൽ 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെ അഞ്ചുവയസുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. ഉടൻതന്നെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഈസമയം, ഒരു പൈപ്പിലൂടെ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജനും നല്‍കിയിരുന്നു. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലോക ചെസ് ചാമ്പ്യൻഷിപ്പ്; അവസാന പോരാട്ടം ഇന്ന്
Thursday, December 12, 2024 7:51 AM IST
സിംഗപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ അവസാന പോരാട്ടം ഇന്ന്. ഇന്ത്യൻ താരം ഗുകേഷ് നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെയാണ് നേരിടുന്നത്.
ആറര പോയിന്റുകളുമായി ഇരുവരും നിലവിൽ സമനിലയിലാണ്. 14 മത്സരങ്ങളുള്ള ചാമ്പ്യൻഷിപ്പിലെ ഇന്ന് നടക്കുന്ന അവസാന പോരാട്ടം അതീവ നിർണായകമാണ്.
ഇന്ന് നടക്കുന്ന മത്സരവും സമനിലയിൽ പിരിഞ്ഞാൽ നാളെ ടൈ ബ്രേക്കായിരിക്കും. ഇന്നലെ നടന്ന 13 ആം മത്സരവും സമനിലയിലാണ് പിരിഞ്ഞത്.
തൊട്ടട ഐടിഐ സംഘർഷം; എസ്ഫ്ഐ, കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്
Thursday, December 12, 2024 7:24 AM IST
കണ്ണൂർ: തോട്ടട ഐടിഐ സംഘർഷവുമായി ബന്ധപ്പെട്ട് 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പരിക്കേറ്റ കെഎസ്യു പ്രവർത്തകൻ മുഹമ്മദ് ഷിബിന്റെ പരാതിയിലാണ് നടപടി.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയിൽ ആറ് കെഎസ്യു പ്രവർത്തകർക്ക് എതിരെയും പോലീസ് കേസെടുത്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിൽ 17 എസ്എഫ്ഐ, കെഎസ്യു പ്രവർത്തകരുടെ പേരിലും കേസുണ്ട്.
അതേസമയം, സംഘർഷത്തെ തുടർന്ന് കെഎസ്യു ജില്ലയിൽ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചു; മുസ്ലീം ലീഗ് ഓഫീസിനു മുന്നിൽ മുഹമ്മദ് ഷായ്ക്കെതിരേ പോസ്റ്ററുകൾ
Thursday, December 12, 2024 7:22 AM IST
കൊച്ചി: മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ. അഡ്വ. മുഹമ്മദ് ഷായ്ക്കെതിരേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്ന് പോസ്റ്ററിൽ പറയുന്നു. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി നേരത്തെ ഉന്നയിച്ചിരുന്നു.
എന്നാൽ യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് മുനമ്പം വിഷയത്തിൽ മുസ്ലീം ലീഗ് രംഗത്തെത്തിയത്.
വിവരക്കേട് പറയുന്നവരേ പ്രായം നോക്കാതെ പുറത്താക്കണം; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം
Thursday, December 12, 2024 6:57 AM IST
കൊല്ലം: വിവരക്കേട് പറയുന്നവരേ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. ഇ.പി. ജയരാജൻ വിവാദത്തിൽ നേതാക്കൾ ആത്മകഥ എഴുതരുതെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും വിമർശനമുണ്ട്. നേരത്തേയും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.
അതേസമയം സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. പുതിയ ജില്ലാ കമ്മറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും.
അബ്ദുൾ റഹീമിന്റെ മോചനം; കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Thursday, December 12, 2024 7:09 AM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും അബ്ദുൾ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവച്ചിരുന്നു. ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.
രണ്ടുദിവസം തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
Thursday, December 12, 2024 6:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരള തീരങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പരസ്യമായി ലഹരി ഉപയോഗിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവം; ഒരാൾ പിടിയിൽ
Thursday, December 12, 2024 5:28 AM IST
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ എത്തിയ സംഘം എംഡിഎംഎ ഉപയോഗിക്കുന്നത് പിടികൂടാന്‍ ശ്രമിച്ച പോലീസിനെ യുവാക്കൾ ആക്രമിക്കുകയായിരുന്നു.
പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലുണ്ടായിരുന്ന പേരാമ്പ്ര ആയഞ്ചേരി സ്വദേശി കുനിയില്‍ കിഴക്കയില്‍ നജീദ്(33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ പെരുവണ്ണാമൂഴി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവമുണ്ടായത്.
ഫോര്‍ച്യൂണര്‍ കാറിലെത്തിയ ആറംഗ സംഘം, വാഹനത്തിലിരുന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാക്കൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ശാന്തിപ്പാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നജീദ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വൈക്കം താലൂക്ക് ആശുപത്രിയിൽ യുവാവ് പോലീസുകാരെ ആക്രമിച്ചു
Thursday, December 12, 2024 4:54 AM IST
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ പോലീസുകാരെ ആക്രമിച്ച് യുവാവ്. കോട്ടയം ബ്രഹ്മമംഗലം സ്വദേശി അനീഷ്കുമാറാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്.
ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ അനീഷ്കുമാർ ചീട്ട് കിട്ടാൻ വൈകിയതിന് ആദ്യം ആശുപത്രി അധികൃതരെ അസഭ്യം പറഞ്ഞു. പിന്നീട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പോലീസുകാരെ ഇയാൾ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പോലീസുകാര്‍ക്ക് പരിക്കേറ്റു. വൈക്കം സ്റ്റേഷനിലെ എഎസ്ഐ അൽഅമീർ, സിവിൽ പോലീസുകാരൻ, സെബാസ്റ്റ്യൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ എഎസ്ഐ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അനീഷ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ ആക്രമണം ഉണ്ടായത്.
തിരുവനന്തപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Thursday, December 12, 2024 4:24 AM IST
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ എ.എ ശിവനന്ദൻ (10) ആണ് മരിച്ചത്.
കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അവനവഞ്ചേരി ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശിവനന്ദൻ.
പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിലെ കവർച്ച; മൂന്ന് പേർ അറസ്റ്റിൽ
Thursday, December 12, 2024 3:53 AM IST
മലപ്പുറം: പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിൽനിന്ന് 350 പവൻ സ്വർണാഭരണം കവർന്ന കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ സുഹൈൽ, നാസർ എന്നിവരും പാലക്കാട് സ്വദേശി മനോജും ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ 13നാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. അതേസമയം, പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിൽ സ്വർണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്ടമായിരുന്നു. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കിയത്. ഉടൻ തന്നെ വിവരം വീട്ടുകാരെയും പോലീസുകാരെയും അറിയിച്ചു. സംഭവത്തിൽ പൊന്നാനി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Thursday, December 12, 2024 3:23 AM IST
തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
ഇത്തരം സംഭവങ്ങള്‍ മത്സരഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറഞ്ഞു. ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
Thursday, December 12, 2024 1:06 AM IST
ന്യൂഡൽഹി: എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിംഗ്(36) ആണ് മരിച്ചത്. നാഗ്പൂരിലെ എയർ ഫോഴ്സ് മെയിന്റനൻസ് കമ്മാൻഡി സെർജന്റായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.
ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ തലക്ക് വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന ജവീർ സിംഗിനെയാണ് കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. രണ്ട് ദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നു ഇയാളെന്ന് സഹപ്രവർത്തകർ പോലീസിന് മൊഴി നൽകി. എന്നാൽ എന്താണ് മനോവിഷമത്തിന് കാരണം എന്ന് വ്യക്തമല്ല. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
പാലക്കാട്ട് കാറിൽ കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുമായി രണ്ടുപേർ പിടിയിൽ
Thursday, December 12, 2024 1:01 AM IST
പാലക്കാട്: പാലക്കാട് വാളയാ൪ ടോൾ പ്ലാസയിൽ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി. സംഭവത്തിൽ കിഴക്കഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതാവിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ബിജെപി പ്രാദേശിക നേതാവായ പ്രസാദ് സി. നായരുടെ കാറിലാണ് പണം കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാളുടെ കിഴക്കഞ്ചേരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി വാളയാർ ചെക്ക് പോസ്റ്റിൽ എസ് ഐ പ്രകാശിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.
അഞ്ച് വയസുകാരൻ കുഴൽകിണറ്റിൽ വീണിട്ട് മൂന്നുദിവസം; രക്ഷാപ്രവർത്തനം തുടരുന്നു
Thursday, December 12, 2024 12:22 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരനെ സുരക്ഷിതനായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു.
155 അടി ആഴത്തിലും നാല് അടി വീതിയിലും ഒരു തുരങ്കം നിർമിച്ച് കുട്ടിക്കരികിലെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി കുട്ടി കുഴൽക്കിണറിൽ കുടുങ്ങികിടക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസുകാരൻ ആര്യൻ അപകടത്തിൽപ്പെട്ടത്. കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമിൽ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴൽക്കിണറിൽ വീണത്.
കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
യുവാവിന്റെ തലയിൽ സോഡാ കുപ്പികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
Thursday, December 12, 2024 12:12 AM IST
തൃശൂർ: ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സോഡാ കുപ്പികൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.
ആമ്പല്ലൂർ വെണ്ടോർ സ്വദേശി കിളവൻപറമ്പിൽ ദിനേഷ്(33) ആണ് പിടിയിലായത്. പുതുക്കാട് പോലീസാണ് ദിനേഷിനെ പിടികൂടിയത്.
ചുങ്കം കാളൻ വീട്ടിൽ ജിയോ(36)ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിയോ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി പത്തിനാണ് സംഭവം. പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐഎസ്എൽ: ഹൈദരാബാദ് എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം
Wednesday, December 11, 2024 11:54 PM IST
ചെന്നൈ: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചൈന്നൈയിൻ വിജയിച്ചത്.
ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇർഫാൻ യാദ്വാദ് ആണ് ചെന്നൈയിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെന്നൈയിന് 15 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ചൈന്നൈയിൻ.
ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു
Wednesday, December 11, 2024 11:34 PM IST
തൃശൂര്‍: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.
അധികം ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്.സംഭവം നടക്കുമ്പോള്‍ മൂന്ന് വയസുള്ള കുഞ്ഞ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതി സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയതും യുവതിയാണ്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം.
വൈകുന്നേരംട് ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ചോരയിൽ കുളിച്ചുകിടക്കുന്ന ഭാര്യയെ ആണ് വീട്ടിൽ കണ്ടത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം പഞ്ചായത്ത് അംഗവും ആശാ വര്‍ക്കറും സ്ഥലത്തെത്തി. ഉടൻ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഒമ്പത് മാസം വളര്‍ച്ച എത്തിയ ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നൽകിയത്.
ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം.
ചേർത്തലയിൽ കാണാതായ വിദ്യാർഥിനിക്കായി തെരച്ചിൽ തുടരുന്നു
Wednesday, December 11, 2024 11:35 PM IST
ആലപ്പുഴ: ചേർത്തലയിൽ കാണാതായ വിദ്യാർഥിനിക്കായി തെരച്ചിൽ തുടരുന്നു. അരീപ്പറന്പ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ 15 വയസുകാരിയേയാണ് കാണാതായത്.
സാമൂഹ്യ നീതിവകുപ്പിന്റെ ഒബ്സർവേഷൻ ഹോമിൽ താമസിച്ച് പഠിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായുള്ള അർത്തുങ്കൽ പോലീസിന്റെ അന്വേഷണം തുടരുകയാണ്.
അതിനിടെ കുട്ടിയെ കണ്ടത്തിയെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. കുട്ടിയെ ഈ സമയം വരെയും കണ്ടുകിട്ടിയിട്ടില്ല.
ഉച്ചയ്ക്കുശേഷം രണ്ടോടെ തിരുവിഴ ക്ഷേത്രത്തിന് കിഴക്കേ ജംഗ്ഷനിൽ നിന്നും തെക്കോട്ട് സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒടുവിൽ ലഭിച്ചിട്ടുള്ളത്.
അതിനാൽ തെക്കൻ ദിശയിലേയ്ക്ക് ദേശീയപാത വഴിയോ അല്ലാതെയോ ആണ് കുട്ടി പോയിട്ടുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. 04782572233, 9497980267
തലശേരിയിൽ കാറുകൾ കത്തിയതല്ല, കത്തിച്ചത്: തീയിടുന്ന ദൃശ്യങ്ങൾ പുറത്ത്
Wednesday, December 11, 2024 10:50 PM IST
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ഒരാൾ നടന്നു വന്നു എന്തോ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പരിസര പ്രദേശത്തെ 13 സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ഇതിനകം ശേഖരിച്ചിട്ടുള്ളത്.
വില്പന നടത്തിയ കാറുകളാണ് കത്തിച്ചത്. അസി. കമ്മീഷണർ ഷഹൻഷ, സിഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം.
ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിലെ കാറുകളാണ് കത്തി നശിച്ചത്. ഗ്രാന്റ് വിറ്റാര, ബലേനോ തുടങ്ങിയ മൂന്ന് പുതിയ കാറുകളാണ് തീയിലമർന്നത്. തീപിടിത്തം കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സ് എത്തി തീയണച്ചത്.
2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും: ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
Wednesday, December 11, 2024 10:28 PM IST
സൂറിച്ച്: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. 2034ലെ ലോകകപ്പ് നടത്താന്‍ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താല്പര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.
ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി കഴിഞ്ഞ ദിവസം സൗദി വെളിപ്പെടുത്തിയിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
ലോകകപ്പ് മുമ്പില്‍ കണ്ടാണ് പുതിയതായി 11 സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് നിലവിലെ രണ്ട് വലിയ സ്റ്റേഡിയങ്ങള്‍ പുതുക്കി പണിയും, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍ ടൂര്ണമെന്റിനോട് അനുബന്ധിച്ച് വിപുലീകരിക്കും.
കിംഗ് സല്മാന് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് ഇതില്‍ ഒരു സ്റ്റേഡിയം. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാകുമിത്. 'പോപ്പുലസ്' എന്ന പ്രമുഖ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ രൂപകല്‍പ്പന ചെയ്തതാണ് ഈ സ്റ്റേഡിയം. 92,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് റിയാദിലെ കിംഗ് സല്മാന് സ്റ്റേഡിയം.
കിംഗ് ഫഹദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് സ്റ്റേഡിയം, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, സൗത്ത് റിയാദ് സ്റ്റേഡിയം, കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് റിയാദിലെ സ്റ്റേഡിയങ്ങള്‍.
നിയോം സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ഖിദ്ദിയ്യ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദ സെന്‍ട്രല്‍ ഡെവലപ്മെന്റ് സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള എക്കണോമിക് സിറ്റി സ്റ്റേഡിയം, അല്‍ ഖോബാര്‍ അരാംകോ സ്റ്റേഡിയം, കിങ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് ഫിഫ ലോകകപ്പിനായി ഒരുക്കുക.
അതേസമയം, 2030 ലെ ലോകകപ്പിന് മൊറോക്കോ, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി വേദിയൊരുക്കും. 2026ല്‍ യുഎസില്‍ നടക്കേണ്ട അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കാനും ധാരണയായി. 2022ലെ ലോകകപ്പ് ഖത്തറില്‍വച്ചായിരുന്നു നടന്നത്.
മാടായി കോളജ് നിയമന വിവാദം: കണ്ണൂർ കോൺഗ്രസ് പ്രശ്നകലുഷിതം
Wednesday, December 11, 2024 10:09 PM IST
കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തിൽ എം.കെ. രാഘവൻ എംപിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പ്. കണ്ണൂര്‍ ഡിസിസിയും ഐ ഗ്രൂപ്പും എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
രാഘവനെതിരേയുള്ള ഐ ഗ്രൂപ്പിന്റെ പ്രതിഷേധം ജില്ലയിലെ എ ഗ്രൂപ്പിനെ വീണ്ടും സജീവമാക്കുകയാണ്. ഐ ഗ്രൂപ്പ് നടത്തിയ വിവാദ നിയമനങ്ങളുടെ വിവരശേഖരണവും എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ഇതിനിടെ, എംപിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി നടപടിയെടുത്ത കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷ നേതാവിനോട് പ്രവർത്തകർ വിശദീകരിച്ചു.
കണ്ണൂർ ഡിസിസി നേതൃത്വവും വി.ഡി. സതീശനോട് കാര്യങ്ങൾ വിശദീകരിച്ചു. രാഘവന്റെ കോലം കത്തിച്ച സംഭവത്തിലും വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മൗനം പാലിക്കുന്നതിൽ എ ഗ്രൂപ്പിനു പ്രതിഷേധമുണ്ട്.
കെപിസിസി നിലപാട് നിര്‍ണായകം
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ബന്ധുവിന് നിയമനം നല്‍കിയെന്ന ആരോപണത്തില്‍ കെപിസിസി നിലപാട് നിര്‍ണായകം. ഡിസിസി ആദ്യമെടുത്ത നിലപാട് മാറ്റി പ്രാദേശിക പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നിന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലെന്ന് വ്യക്തമായി.
ഇന്റവ്യൂവിന് എത്തിയ എംപിയെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം അച്ചടക്ക നടപടിയെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിലപാടില്‍ മാറ്റം വരുത്തിയത് ഭരണസമിതി അംഗങ്ങളായ പാര്‍ട്ടി ചുമതലയുള്ളവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താണ്. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഈ ഭരണസമിതിയുടെ തലവനായ എംപിക്കെതിരെ നടപടിയില്ലേ എന്ന ചോദ്യവും ഉയരുന്നു.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായ എം.കെ. രാഘവനെതിരെ നടപടിയെടുക്കാന്‍ ഡിസിസിക്ക് കഴിയില്ല. കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് ഇനി നിര്‍ണായകമാകുക. നിയമനം നേടിയവര്‍ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം കോളജില്‍ ചുമതലയേറ്റു. ഇവര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ അംഗങ്ങളായി.
ലോക ചെസ് ചാന്പ്യൻഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍
Wednesday, December 11, 2024 9:58 PM IST
സിംഗപ്പുർ: ലോക ചെസ് ചാന്പ്യൻഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം. അഞ്ചു മണിക്കൂർ നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്.
അതിനാല്‍ വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ടില്‍ ചതുരംഗ കളങ്ങളില്‍ തീ പാറുമെന്ന് ഉറപ്പായി.12-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ഡിങ് ലിറൻ പരാജയപ്പെടുത്തിയിരുന്നു. ഇതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഒപ്പത്തിനൊപ്പമെത്തിയത് (6-6).
ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു. ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു.
പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.14 പോരാട്ടങ്ങള്‍ അടങ്ങിയ ചാന്പ്യൻഷിപ്പില് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാന്പ്യനാകും.
ചക്കുളത്തുകാവ് പൊങ്കാല; 13ന് പ്രാദേശിക അവധി
Wednesday, December 11, 2024 9:49 PM IST
എടത്വ: പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിൽ വെള്ളിയാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയം മുൻനിശ്ചയിച്ച പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവിലെ പൊങ്കാലയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒന്പതിനു വിളിച്ചുചൊല്ലി പ്രാര്‍ഥനയും നടക്കും.
ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നു ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്കു തുടക്കംകുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപിയും സഹധർമിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് മുഖ്യാതിഥിയാകും. ഉത്സവ കമ്മിറ്റി സെക്രട്ടറി പി.കെ സ്വാമിനാഥന് ആമുഖ പ്രഭാഷണം നടത്തും. മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
ഭക്തര്‍ തയാറാക്കിയ പൊങ്കാല 11ന് അഞ്ഞൂറിലധികം വേദ പണ്ഡിതന്മാരുടെ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് നേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ദ്രദീപം തെളിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും എംഎല്‍എ തോമസ് കെ. തോമസിന്റെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്ഘാടനവും നിര്‍വഹിക്കും.
മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങ് നിര്‍വഹിക്കും. 16ന് മഹാഗണപതി ഹോമത്തിനു ശേഷം കൊടിയേറ്റോടുകൂടി 12 നോയമ്പ് മഹോത്സവം ആരംഭിക്കും.
സര്‍വൈശ്വര്യ സ്വാസ്തീയജ്ഞം 17ന് ആരംഭിച്ച് 19ന് സമാപിക്കും. 20ന് നാരീപൂജ നടക്കും. 26ന് കലശാഭിഷേകം, തിരുവാഭരണ ഘോഷയാത്ര, ദീപക്കാഴ്ച. 27ന് കാവടിയാട്ടം, കരകം, തൃക്കൊടിയിറക്ക്, മഞ്ഞനീരാട്ട്, താലപ്പൊലി ഘോഷയാത്ര എന്നിവയോടുകൂടി സമാപിക്കും.
പൊങ്കാല ദിനത്തില്‍ കെഎസ്ആര്‍ടിസി വിവിധ ജില്ലകളില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും നടത്തുന്നുണ്ട്. ഭക്തരെ വഹിച്ചുകൊണ്ടുള്ള ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ പൊങ്കാല ദിനം രാവിലെ ക്ഷേത്രത്തില്‍ എത്തിക്കുകയും ചടങ്ങുകള്‍ക്കുശേഷം ഭക്തരുമായി മടങ്ങുകയും ചെയ്യും.
കൂടാതെ പ്രത്യേക സര്‍വീസുകളും നടത്തുണ്ട്. എടത്വ, തിരുവല്ല ഡിപ്പോയ്ക്ക് പുറമേ നീരേറ്റുപുറം പാലത്തിന് കിഴക്കേകരയിലും തലവടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മൈതാനത്തും വ്യാഴാഴ്ച മുതല്‍ താത്കാലിക ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സയ്യിദ് മുഷ്താഖ് അലി ടി20: സെമിഫൈനൽ ലൈനപ്പായി
Wednesday, December 11, 2024 9:34 PM IST
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിന്റെ സെമി ഫൈനൽ ലൈനപ്പായി. ബറോഡ, മുംബൈ, ഡൽഹി, മധ്യ പ്രദേശ് എന്നീ ടീമുകളാണ് സെമിയിലെത്തിയത്.
വെള്ളിയാഴ്ച രാവിലെ 11 ന് നടക്കുന്ന ആദ്യ സെമിയിൽ ബറോഡ മുംബൈയെ നേരിടും. വൈകുന്നേരം 4.30 ന് നടക്കുന്ന രണ്ടാം സെമിയിൽ ഡൽഹി മധ്യപ്രദേശുമായി ഏറ്റുമുട്ടും. ബെംഗലൂരു ചിന്നസാമി സ്റ്റേഡിയത്തിലാണ് സെമി മത്സരങ്ങൾ നടക്കുക.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം.
മാരാരിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിതയ്ക്ക് തിരയിൽപ്പെട്ട് പരിക്ക്
Wednesday, December 11, 2024 9:33 PM IST
ആലപ്പുഴ: മാരാരിക്കുളം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിതയ്ക്ക് തിരയിൽ അകപ്പെട്ട് പരിക്കേറ്റു. നോർവയിൽ നിന്നെത്തിയ ഷെനൽ അന്തോണി ഒപ്സഹലിന്(53) ആണ് പരിക്കേറ്റത്. ഇവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ടോടെയായിരുന്നു അപകടം. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായ് എത്തിയ ഷെനൽ മാരാരിക്കുളം ബീച്ചിലെ ഹോം സ്റ്റേയിൽ താമസിച്ചു വരികയായിരുന്നു. രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ടത്.
സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും മറ്റ് ടൂറിസ്റ്റുകളും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. അപകട സമയം ബീച്ചിൽ ഗാർഡുകൾ ഉണ്ടായിരുന്നില്ല.
ടി20: അഫ്ഗാനിസ്ഥാനെതിരെ സിംബാബ്വെയ്ക്ക് ജയം
Wednesday, December 11, 2024 9:13 PM IST
ഹരാരെ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് ജയം. ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് സിംബാബ്വെ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം മത്സരത്തിന്റെ അവസാന പന്തിലാണ് സിംബാബ്വെ മറികടന്നത്. 49 റൺസെടുത്ത ബ്രയാൻ ബെന്നറ്റും 32 റൺസെടുത്ത ഡിയോൺ മയേർസും സിംബാബ്വെയ്ക്ക് വേണ്ടി തിളങ്ങി.
അവസാന ഓവറുകളിലെ തസിംഗ മുസേകിവയുടെയും വെല്ലിംഗ്ടൺ മസകാട്സയുടേയും ഇന്നിംഗ്സുകളും സിംബാബ്വെയുടെ വിജയത്തിൽ നിർണായകമായി. അഫ്ഗാനിസ്ഥാന് വേണ്ടി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റാഷിദ് ഖാൻ രണ്ടും മുഹമ്മമദ് നബി ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസ് എടുത്തത്. 54 റൺസെടുത്ത കരീം ജന്നറ്റിന്റെയും 44 റൺസെടുത്ത മുഹമ്മദ് നബിയുടേയും ഇന്നിംഗ്സുകളാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
സിംബാബ്വെയ്ക്ക് വേണ്ടി എൻഗാരവ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുസരബനിയും ട്രെവർ ജിവാൻഡുവും വെല്ലിംഗ്ടൺ മസകാട്സും ഓരോ വിക്കറ്റ് വീതവും എടുത്തു. സിംബാബ്വെ താരം ബ്രയാൻ ബെന്നറ്റാണ് മത്സരത്തിലെ താരം.
നിലമ്പൂരിൽ തെരുവുനായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു
Wednesday, December 11, 2024 9:16 PM IST
മലപ്പുറം: നിലന്പൂരിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടരാക്കകുന്ന്, മിനർവപ്പടി എന്നിവിടങ്ങളിലായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്.
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു
Wednesday, December 11, 2024 9:25 PM IST
തിരുവനന്തപുരം: വിമൻസ് കോളജിന് സമീപം കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചശേഷം നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കൗമാരക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു: യുവാവിന് ഏഴ് വർഷം തടവും ഒന്നര ലക്ഷം പിഴയും
Wednesday, December 11, 2024 9:12 PM IST
മലപ്പുറം: കൗമാരക്കാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുറത്തൂർ സ്വദേശി നിയാസിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2012 നവംബർ 12-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരിയായ പെൺകുട്ടിയെ നിയാസ് രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ തിരൂർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
ക്രിസ്മസ് -പുതുവത്സര അവധി: മുംബൈയിൽ നിന്ന് കേരളത്തിലേയ്ക്ക് സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Wednesday, December 11, 2024 10:37 PM IST
മുബൈ: ക്രിസ്മസ് -പുതുവത്സര അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു. മുബൈ എൽടിടിയിൽ നിന്നു
തിരുവന്തപുരം നോർത്തിലേക്കാണ് (കൊച്ചുവേളി) പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചത്.
കോട്ടയം വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഡിസംബര്‍ 19,26, ജനുവരി രണ്ട്, ജനുവരി ഒമ്പത് തീയതികളിൽ വൈകുന്നേരം നാലിനായിരിക്കും മുബൈ എൽടിടിയിൽ നിന്ന് ട്രെയിൻ തിരുവനന്തപുരം നോർത്തിലേയ്ക്ക് പുറപ്പെടുക.
തിരിച്ച് തിരുവനന്തപുരം നോർത്തിൽ നിന്ന് നിന്ന് ഡിസംബര്‍ 21,28, ജനുവരി നാല്, ജനുവരി 11 തീയതികളിൽ വൈകുന്നേരം 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിൻ പുറപ്പെടും.
ഉമർഫൈസി മുക്കം അധിക്ഷേപിച്ചു: സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി
Wednesday, December 11, 2024 7:11 PM IST
കോഴിക്കോട്: സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തിൽ കുപിതനായി സമസ്ത മുശാവറ യോഗത്തിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു.
ഇന്ന് ചേർന്ന യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് അജണ്ടയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ അദ്ദേഹത്തോട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് തയ്യാറായില്ല.
ജിഫ്രി തങ്ങളുടെ ആവശ്യം നിരാകരിച്ച് യോഗത്തിൽ സംസാരിച്ച ഉമർ ഫൈസി കള്ളന്മാർ എന്ന പദപ്രയോഗം നടത്തിയതോടെയാണ് കുപിതനായി ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ 23 കിലോ കഞ്ചാവുമായി പിടിയിൽ
Wednesday, December 11, 2024 6:50 PM IST
തൃശൂർ: കൊടകരയിൽ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ 23 കിലോ കഞ്ചാവുമായി പിടിയിൽ. മാള പൂപ്പത്തി സ്വദേശി നെടുംപറമ്പിൽ വീട്ടിൽ ഷാജി എന്ന പൂപ്പത്തി ഷാജി (66) ആണ് പിടിയിലായത്.
അൻപതിലേറെ ലഹരി മരുന്ന് കേസുകളിൽ പ്രതിയാണ് ഷാജി. കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട ഇയാൾ അപ്പീൽ ഹർജി സമർപ്പിച്ച് ജാമ്യത്തിൽ കഴിയുമ്പോഴാണ് വീണ്ടും പിടിയിലായത്.
കൊടകരയിൽ ദേശീയപാതയോട് ചേർന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടപ്പോഴാണ് ഇയാളെ പരിശോധിച്ചത്. കൊടകരയിൽ ബസിൽ വന്നിറങ്ങിയ ഷാജി ഓട്ടോറിക്ഷ കാത്ത് നിൽക്കുകയായിരുന്നു. ഇയാളുടെ കൈയ്യിൽ ഒരു ഷോൾഡർ ബാഗും വലിയ ബാഗും ഉണ്ടായിരുന്നു.
പോലീസിനെ കണ്ടപ്പോൾ ബാഗ് ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചു. ഇതോടെ പോലീസ് ബാഗുകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
സയ്യിദ് മുഷ്താഖ് അലി ടി20: വിദർഭയെ തോൽപ്പിച്ച് മുംബൈ സെമിയിൽ
Wednesday, December 11, 2024 6:28 PM IST
ആളൂര്‍: സയ്യിദ് മുഷ്താഖ് അലി ടി20യിൽ മുംബൈ സെമിയിൽ. വിദർഭയെ തോൽപ്പിച്ചാണ് മുംബൈ സെമിയിലെത്തിയത്. ആറ് വിക്കറ്റിനാണ് മുംബൈ വിജയിച്ചത്.
വിദർഭ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു. 45 പന്തില്‍ 84 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ മികവിലാണ് മുംബൈ വിജയിച്ചത്. പൃഥ്വി ഷാ (22 പന്തില്‍ 49), സൂര്യന്‍ഷ് ഷെഡ്ജെ (12 പന്തില്‍ പുറത്താവാതെ 36), ശിവം ദുബെ (22 പന്തില്‍ 37) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു.
ആദ്യം ബാറ്റ് ചെയ്ത വിദർഭ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് നേടിയത്. അഥര്‍വ തൈഡെ (41 പന്തില്‍ 66), അപൂര്‍വ് വാംഖഡെ (33 പന്തില്‍ 51) എന്നിവുരടെ ഇന്നിംഗ്സുകളാണ് വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്.
ഇന്ത്യയ്ക്കെതിരായ ഏകദിന പരന്പര തൂത്തുവാരി ഓസ്ട്രേലിയൻ വനിതകൾ
Wednesday, December 11, 2024 7:36 PM IST
പെർത്ത്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരന്പര തൂത്തുവാരി ഓസ്ട്രേലിയൻ വനിതകൾ. പെർത്തിൽ നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് ഓസീസ് പരന്പര തൂത്തുവാരിയത്. 83 റൺസിനാണ് പെർത്തിൽ ഓസീസ് വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 215 റൺസിൽ ഓൾഔട്ടായി. സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അടക്കമുള്ള താരങ്ങൾ നിറംമങ്ങി.
അഞ്ച് വിക്കറ്റെടുത്ത ഓസീസ് ബൗളർ ആഷ്ലെ ഗാർഡ്നറാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മേഖൻ സ്കട്ട്, അലാന കിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതവും അന്നാബെൽ സതർലണ്ട് ഒരു വിക്കറ്റും വീഴ്ത്തി.
പെർത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 298 റൺസെടുത്തത്. സെഞ്ചുറി നേടിയ അന്നബെൽ സതർലാൻഡിന്റെയും അർദ്ധ സെഞ്ചുറി നേടിയ ആഷ്ലെ ഗാർഡ്നറിന്റെയും ടഹില മഗ്രാത്തിന്റെയും മികവിലാണ് ഓസീസ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഡി നാല് വിക്കറ്റ് വീഴ്ത്തി.
അന്നബെൽ സതർലണ്ടാണ് മത്സരത്തിലേയും പരന്പരയിലേയും താരം.
തൃപ്പൂണിത്തുറയിലെ ആനയെഴുന്നള്ളിപ്പ്; ദേവസ്വം ഓഫീസർക്കെതിരെ കോടതിയലക്ഷ്യ നടപടി
Wednesday, December 11, 2024 9:14 PM IST
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചതില്‍ ദേവസ്വം ഓഫീസറുടെ സത്യവാംഗ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചു.
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ കോടതി ഉത്തരവിന്റെ സമ്പൂര്‍ണ ലംഘനമാണുണ്ടായതെന്നു വിലയിരുത്തിയ ഡിവിഷന് ബെഞ്ചാണ് തൃപ്പൂണിത്തുറ ദേവസ്വം ഓഫീസര്‍ രഘുരാമനില്നിന്നു വിശദീകരണം തേടിയത്.
കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മഴ പെയ്തപ്പോള്‍ തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്ക് മാറ്റി നിര്‍ത്തുകമാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംഗ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.
ഇത് പരിഗണിച്ച കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞതെന്നും ചോദിച്ചു. കോടതി ഉത്തരവ് ലംഘിച്ച് ചില ഭക്തര്‍ പറയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.
നിങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും പിന്നില്‍ ആളില്ലാതെ നിങ്ങള്‍ക്കിങ്ങനെ ചെയ്യാന്‍ കഴിയില്ലല്ലോയെന്നും കോടതി ചോദിച്ചു. തുടർന്ന് കോടതിയലക്ഷ്യത്തിന് ദേവസ്വം ഓഫീസര്‍ക്കെതിരെ നോട്ടീസും അയച്ചു. കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
കാബൂളിൽ ചാവേറാക്രമണം: താലിബാന്റെ അഭയാർഥികാര്യ മന്ത്രി കൊല്ലപ്പെട്ടു
Wednesday, December 11, 2024 9:17 PM IST
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു.
അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യാ മുന്നണിയിലെ പരിഗണനയ്ക്ക് നന്ദി: മമത ബാനർജി
Wednesday, December 11, 2024 6:10 PM IST
കോൽക്കത്ത: ഇന്ത്യാ മുന്നണിയിലെ പരിഗണനയ്ക്ക് നന്ദി പറഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യാ മുന്നണിയിലെ നേതാക്കൾ തന്നോട് കാണിച്ച പരിഗണനയ്ക്ക് എല്ലാവരോടും നന്ദിയുണ്ട്. ഇന്ത്യാ മുന്നണി നന്നായി പ്രവർത്തിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു.
എല്ലാവരുടെയും ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മമതയെ പിന്തുണച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരുന്നു.
കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ടതില്ലെന്നും മമതയ്ക്ക് ഉത്തരവാദിത്വം നൽകണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് മമത നന്ദി പറഞ്ഞ് രംഗത്തെത്തിയത്.
തോട്ടട ഐടിഐയിലെ സംഘർഷം: വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് വി.ഡി.സതീശൻ
Wednesday, December 11, 2024 5:22 PM IST
കണ്ണൂര്‍: തോട്ടട ഐടിഐയിൽ വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്എഫ്ഐക്കാർ അല്ലാത്ത എല്ലാവർക്കും മർദനമേറ്റുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആക്രമണത്തിന് അധ്യാപകരും കൂട്ടുനിന്നുവെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പോലീസ് ലാത്തിചാർജ് നടത്തിയത് ഇരകൾക്ക് നേരെയെന്നും സതീശൻ പറഞ്ഞു. പോലീസ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നിർദേശം അനുസരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കണ്ണൂർ ഐടിഐയും പോളിടെക്നിക്കും ആയുധപുരയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് രാവിലെയാണ് തോട്ടട ഐടിഐയിൽ കെഎസ്യു- എസ്എഫ്ഐ സംഘർഷമുണ്ടായത്.
കെഎസ്യു പ്രവർത്തകർ കാന്പസിനുള്ളിൽ കൊടി കെട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഏറ്റുമുട്ടലിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
34 വർഷങ്ങൾക്കുശേഷമാണ് തോട്ടട ഐടിഐയിൽ കെഎസ്യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്ക് മുന്‍പാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. ഇത് എസ്എഫ്ഐക്കാർ പിഴുതുമാറ്റിയെന്നാണ് കെഎസ്യുവിന്റെ ആരോപണം.
തദ്ദേശ ഉപതെരഞ്ഞെടുപ്പിലുണ്ടായത് എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള ജനവിധി: കെ. സുധാകരന്
Wednesday, December 11, 2024 5:06 PM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന് എംപി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് ദുര്‍ഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയേയും എല്‍ഡിഎഫിനേയും ജനം വെറുത്തുവെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വര്‍ധിപ്പിച്ചെന്നും സുധാകരൻ ചൂണ്ടികാട്ടി.
തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍,പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളില്‍ എല്‍ ഡി എഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായത് യു ഡി എഫ് വിജയത്തിന്റെ മാറ്റുകൂട്ടിയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിലേയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യുഡിഎഫിന്റെ കരുത്തും ജനപിന്തുണയും എല്‍ഡിഎഫിനും ബിജെപിക്കും കാട്ടിക്കൊടുത്ത ഉപതിരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ വാര്‍ഡുകളിലേതെന്നും കെ സുധാകരന് പറഞ്ഞു.
പാർലമെന്റിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ
Wednesday, December 11, 2024 4:44 PM IST
ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെയാണ് ശശി തരൂർ വിമർശനം ഉന്നയിച്ചത്.
വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ തരൂർ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂർ പറഞ്ഞത്.സർക്കാർ എടുത്തു ചാടി ബിൽ അവതരിപ്പിക്കുകയാണെന്ന് ശശി തരൂർ വിമർശിച്ചു.
"വിദഗ്ദ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 ലധികം പേർ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തിൽ ഒന്നും ചെയ്യാനായില്ല. പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ല'- ശശി തരൂർ പറഞ്ഞു.
വയനാട് ദുരന്ത സഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും തരൂർ പറഞ്ഞു. ഇടക്കാല സഹായം അനുവദിക്കുന്നതിൽ വലിയ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണ്. യാഥാർത്ഥ്യം തിരിച്ചറിയാനുള്ള കഴിവ് പുതിയ ബില്ലിനും ഇല്ല. മുണ്ടക്കൈ , ചൂരൽമല ദുരന്തം ഇനി രാജ്യത്തുണ്ടാകരുത്. കേരളം പോലെ പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന ഒന്നും പുതിയ ബില്ലിലില്ല. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ല, എംപിമാരെ കേൾക്കാൻ അവസരം നൽകുന്നില്ല, ബിൽ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂർ പറഞ്ഞു.
അർബുദ രോഗത്തിന്റെ പിടിയിൽ; ഹരീന്ദ്രനെ സഹായിക്കുമോ ?
Wednesday, December 11, 2024 4:40 PM IST
സാധാരണ പനി ലക്ഷണങ്ങളോടെ തൊണ്ടവേദന. എന്നാൽ വേദന കലശലായതോടെ ഡോക്ടറെ കണ്ടു. ഡോക്ടർ സ്കാനിംഗിന് നിർദ്ദേശിച്ച് ഫലം വന്നപ്പോൾ തൊണ്ടയിൽ മുഴ വളരുന്നതായി കണ്ടെത്തി. തുടർന്ന് ബയോപ്സിക്ക് കൂടി ഡോക്ടർ നിർദ്ദേശിച്ചു. ഫലം വന്നപ്പോൾ അർബുദവും സ്ഥിരീകരിച്ചു.
കോട്ടയം ജില്ലയിലെ മാങ്ങാനം കുറ്റിക്കൽ വീട്ടിൽ പി. ഹരീന്ദ്രനാണ് അപ്രതീക്ഷിതമായി രോഗത്തിന്റെ പിടിയിലായത്. സാധാരണ പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് പോയ ഹരീന്ദ്രന്‍ അർബുദം സ്ഥിരീകരിച്ചതോടെ ഡോക്ടർ കീമോ ചെയ്യാനുള്ള നിർദ്ദേശം നൽകി.
ഡ്രൈവർ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ഹരീന്ദ്രന്റെ കുടുംബത്തിൽ ആദ്യമായല്ല അർബുദം വില്ലനായി എത്തുന്നത്. ഇതേ രോഗവസ്ഥയിലൂടെ കടന്നുപോയാണ് രണ്ടുവർഷം മുൻപ് ഹരീന്ദ്രന്റെ ഭാര്യ ഗീത മരണത്തിന് കീഴടങ്ങിയത്. ഭാര്യയുടെ ചികിത്സയുടെ പേരിലുണ്ടായ കടങ്ങൾ വീട്ടാൻ ഓടിനടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹരീന്ദ്രനെയും രോഗം പിടികൂടിയത്.
നിലവിലെ കടങ്ങൾക്കൊപ്പം സ്വന്തം ചികിത്സകൾക്ക് കൂടി പണം സ്വരൂപിക്കേണ്ട ഗതികേടിലാണ് ഈ ഗൃഹനാഥൻ. കീമോയ്ക്കും മരുന്നുകൾക്കുമായി വലിയ തുക രണ്ട് മക്കൾ അടങ്ങിയ ഹരീന്ദ്രന്റെ കുടുംബം കണ്ടെത്തേണ്ടതുണ്ട്. ഈ സാമ്പത്തിക സാഹചര്യമാണ് കുടുംബത്തെ തളർത്തുന്നത്.
കോട്ടയം കാരിത്താസ് ആശുപത്രിയിൽ തുടരുന്ന ചികിത്സകൾക്ക് ഒരു കൈത്താങ്ങായി സുമനസുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഹരീന്ദ്രൻ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്നത്. ഒരു കൈ സഹായം നൽകിയാൽ ഈ കുടുംബനാഥന് രോഗം ഭേദമായി നിറചിരിയോടെ വീണ്ടും എത്താം!
ഹരീന്ദ്രനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് അബ്ദുൾ റഹീമിന്റെ മോചനം; കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
Wednesday, December 11, 2024 4:28 PM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സൗദി സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും അബ്ദുൾ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവച്ചിരുന്നു. ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.
വാളയാറിൽ 300 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
Wednesday, December 11, 2024 5:42 PM IST
പാലക്കാട്: വാളയാറിൽ 300 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ടി.ജെ. രജീഷ്(38), ടി.ജെ. സിറാജ്. (43) എന്നിവരാണ് പിടിയിലായത്.
ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന പുകയില ഉൽപ്പന്നങ്ങൾ എക്സൈസാണ് പിടിച്ചെടുത്തത്. വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനക്കിടെയാണ് സംശയം തോന്നി ഇന്നോവ കാർ എക്സൈസ് തടഞ്ഞത്.
തുടർന്ന് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സാദിഖിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇത്രയും അളവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ അജിത്ത്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷൈബു, മാസില മണി, വനിത സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി, സിവിൽ എക്സൈസ് ഓഫീസർ അമർനാഥ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനീഷ് എന്നിവർ പങ്കെടുത്തു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടും: വീരേന്ദ്ര സച്ച്ദേവ
Wednesday, December 11, 2024 4:05 PM IST
ന്യൂഡൽഹി: അടുത്ത വർഷം ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. തെരഞ്ഞെടുപ്പിന് ഫലത്തിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ ഒരു സംശയും ഇല്ലെന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
"ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യത്തിലാണെങ്കിലും അല്ലെങ്കിലും ബിജെപി തന്നെ വിജയിക്കും. അരവിന്ദ് കെജ്രിവാളിന്റെയും ആംആദ്മി പാർട്ടിയുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ടുള്ള വിധിയെഴുത്തായിരുക്കും ഡൽഹിയിൽ ഉണ്ടാവുക.'- വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ തനിച്ച് മത്സരിക്കുമെന്ന ആംആദ്മി പാർട്ടി നേതാക്കളുടെ പ്രസ്താവനകൾക്ക് പിന്നാലെയായിരുന്നു ഡൽഹി ബിജെപി അധ്യക്ഷന്റെ പ്രതികരണം.
തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്, അടിച്ചാൽ തിരിച്ചടിക്കണമെന്ന് ആവർത്തിച്ച് എം.എം. മണി
Wednesday, December 11, 2024 4:09 PM IST
നെടുങ്കണ്ടം: "അടിച്ചാൽ തിരിച്ചടിക്കണം' പ്രസംഗം ആവർത്തിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി വീണ്ടും വിവാദ പരാമര്‍ശം നടത്തിയത് .
അടിച്ചാൽ തിരിച്ചടിക്കണം. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്. കേസെടുത്താൽ നല്ല വക്കീലിനെ വച്ച് വാദിക്കും. തല്ലേണ്ടവരെ തല്ലിയാണ് താനിവിടെ വരെ എത്തിയതെന്നും മണി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ശാന്തൻപാറ ഏരിയ സമ്മേളനത്തിലും സമാനമായ പരാമർശം മണി നടത്തിയിരുന്നു. അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും മണി പറഞ്ഞിരുന്നു.
തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്നു മണി പറഞ്ഞിരുന്നു.
മുഷ്താഖ് അലി ട്രോഫി: ബംഗാളിനെ 41 റൺസിനു വീഴ്ത്തി ബറോഡ സെമിയിൽ
Wednesday, December 11, 2024 3:52 PM IST
ബംഗളൂരു: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനെ 41 റൺസിനു വീഴ്ത്തി ബറോഡ സെമിയിൽ കടന്നു. ബംഗളൂരുവിൽ ആദ്യം ബാറ്റ് ചെയ്ത ബറോഡ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 18 ഓവറിൽ 131 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ഷഹബാസ് അഹമ്മദ് (55) ആണ് ബംഗാൾ നിരയിലെ ടോപ് സ്കോറർ. 36 പന്തിൽ മൂന്നു ബൗണ്ടറികളും നാലു സിക്സറുകളുമുൾപ്പെടുന്നതാണ് ഷഹബാസിന്റെ ഇന്നിംഗ്സ്. കൂടാതെ, 22 റൺസെടുത്ത അഭിഷേക് പോറലിനും 29 റൺസെടുത്ത ഋത്വിക് റോയ് ചൗധരിക്കും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ബറോഡയ്ക്കു വേണ്ടി 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലുക്മാൻ മെറിവാലയും 27 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും 41 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അതിത് ഷേത്തുമാണ് ബംഗാളിനെ ചുരുട്ടിക്കൂട്ടിയത്. വിക്കറ്റിനു പുറമേ രണ്ടു ക്യാച്ചുകളും സ്വന്തമാക്കിയ ലുക്മാനാണ് കളിയിലെ താരം.
നേരത്തെ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബറോഡ ഓപ്പണർമാരായ ശാശ്വത് റാവത്തിന്റെയും (40) അഭിമന്യുസിംഗ് രാജ്പുത്തിന്റെയും (37) ബാറ്റിംഗ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. അതേസമയം, ഹാർദിക് പാണ്ഡ്യ (10), ശിവാലിക് ശർമ (24), ഭാനു പാനിയ (17), വിഷ്ണു സോളങ്കി (16) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല.
ബംഗാളിനു വേണ്ടി മുഹമ്മദ് ഷമി, കനിഷ്ക് സേത്ത്, പ്രദീപ്ത പ്രമാണിക് എന്നിവർ രണ്ടുവിക്കറ്റ് വീതവും സാക്ഷം ചൗധരി ഒരു വിക്കറ്റും വീഴ്ത്തി.
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് പേർ മുങ്ങിമരിച്ചു
Wednesday, December 11, 2024 3:50 PM IST
തിരുവനന്തപുരം: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് പേർ മുങ്ങിമരിച്ചു. പോറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്.
ഉള്ളൂർ തുറുവിയ്ക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രക്കുളത്തിലാണ് സംഭവം. ഓട്ടോ ഡ്രൈവർമാരായ സുഹൃത്തുകൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപെടുകയായിരുന്നു.
മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും രണ്ടു പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു.
അതേസമയം ആഴം കൂടുതലായതിനാൽ ആളുകൾ കുളിക്കാനിറങ്ങാതിരിക്കാൻ കുളത്തിന് ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തൽ: ചെന്നിത്തല
Wednesday, December 11, 2024 3:42 PM IST
ആലപ്പുഴ: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചടി നേരിട്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് ജനവിരുദ്ധ അഴിമതി ഭരണത്തിനെതിരെയുള്ള വിലയിരുത്തലാണെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ആകെ 31 സീറ്റുകളിൽ 17 ഇടത്ത് യുഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോൾ എൽഡിഎഫിന് ജയിക്കാനായത് 11 ഇടത്ത് മാത്രമാണ്. അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടുവലഞ്ഞ ഒരു ജനതയുടെ തിരിച്ചടിയുടെ തുടക്കമാണിതെന്ന് ചെന്നിത്തല വിമർശിച്ചു.
31 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് തച്ചമ്പാറ, തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളാണ് പിടിച്ചെടുത്തത്.
ഇതിന് പിന്നാലെയാണ് യുഡിഎഫ് പ്രവർത്തകരെ അഭിനന്ദിച്ചും സർക്കാരിനെ വിമർശിച്ചും ചെന്നിത്തല രംഗത്തെത്തിയത്. വൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നതായും ചെന്നിത്തല കുറിച്ചു.
സ്ത്രീധന നിരോധന നിയമം; ഭർത്താവിനും കുടുംബത്തിനുമെതിരെ വൈരാഗ്യം തീർക്കാനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി
Wednesday, December 11, 2024 3:29 PM IST
ന്യൂഡൽഹി: സ്ത്രീധന നിരോധന നിയമം ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ വൈരാഗ്യം തീർക്കാനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിന്റെ കുടുംബാങ്ങൾക്കും എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നുവെന്നും സുപ്രീംകോടതി വിമർശിച്ചു.
പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് നിയമം. അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഗാർഹിക തർക്കങ്ങൾ സംബന്ധിയായ കേസുകൾ രാജ്യത്ത് വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. കൃത്യമായ തെളിവുകൾ ഇല്ലാതെ വ്യാപകമായ രീതിയിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരായ നിലയിൽ നിയമത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം കേസുകൾ ശ്രദ്ധയിൽ വന്നാൽ തള്ളിക്കളയണമെന്നും കീഴ്ക്കോടതികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റിനെ വധിച്ചു; ജവാന്മാര്ക്ക് പരിക്ക്
Wednesday, December 11, 2024 3:38 PM IST
റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുരിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. കൂടുതല്‍ മാവോയിസ്റ്റുകള്‍ മേഖലയില്‍ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.
രണ്ടുദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Wednesday, December 11, 2024 3:19 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും വ്യാഴാഴ്ച ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ പ്രവചനം അനുസരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള തീരങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളി, ശനി ദിവസങ്ങളിൽ ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.