പ്രധാനമന്ത്രി വിളിപ്പിച്ചു; പുലിക്കളി കാണാൻ സുരേഷ് ഗോപിയെത്തില്ല
Sunday, September 7, 2025 9:29 PM IST
തൃശൂർ: പ്രധാനമന്ത്രി വിളിപ്പിച്ചതിനാൽ തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി സുരേഷ് ഗോപി ഡൽഹിക്ക് തിരിച്ചു. ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ചുള്ള മഞ്ഞ കടല്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും അദ്ദേഹം പങ്കെടുക്കില്ല. ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി മൂന്ന് ലക്ഷം രൂപ അനുവദിക്കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്റെ ഭാഗമായി അനുവദിക്കുന്നത്.
ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞിരുന്നു.