സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
Thursday, August 28, 2025 4:29 PM IST
കാക്കനാട്: സീറോ മലബാർസഭയിൽ നാല് രൂപതകളെ അതിരൂപതകളായും നാല് ബിഷപ്പുമാരെ ആർച്ച്ബിഷപ്പുമാരായും നിയമിച്ചു.
ഫരീദാബാദ്, ഉജ്ജയ്ൻ, കല്യാൺ, ഷംഷാബാദ് രൂപതകളെയാണ് അതിരൂപതകളായി ഉയർത്തിയത്. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെയാണ് ആർച്ച്ബിഷപ്പുമാരാക്കിയത്.
മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് ഫരീദാബാദ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്, ഉജ്ജയിൻ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായി മാർ സെബാസ്റ്റ്യൻ വടക്കേലിനെ ചുമതലപ്പെടുത്തി. മാർ തോമസ് ഇലവനാലിന് പകരം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലാണ് കല്യാണിലെ പുതിയ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്, മാർ പ്രിൻസ് ആന്റണി പാണങ്ങാടനാണ് ഷംഷാബാദ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്.
ബൽത്തങ്ങാടി രൂപതാ മെത്രാനായി ക്ലരീഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ജെയിംസ് പാട്ടശേരിയിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കൂടാതെ, കേരളത്തിനു പുറത്തുള്ള 12 രൂപതകളുടെ അതിർത്തി പുനർ നിർണയിക്കുകയും ചെയ്തു.
സീറോമലബാർ സഭാകേന്ദ്രത്തിൽ ഓഗസ്റ്റ് 18ന് ആരംഭിച്ച 33-ാം മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ മെത്രാന്മാരെയും രൂപതകളുടെ അതിർത്തിത്തി പുനർനിർണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.
പന്ത്രണ്ട് എപ്പാർക്കികളുടെ (ആദിലാബാദ്, ബിജ്നോർ, ചന്ദ, ഗോരഖ്പൂർ, കല്യാൺ, ജഗ്ദൽപൂർ, രാജ്കോട്ട്, സാഗർ, സത്ന, ഷംഷാബാദ്, ഉജ്ജയിൻ, ഹോസൂർ) അതിർത്തികൾ പുനഃസംഘടിപ്പിച്ചു.
മുൻപ് ഷംഷാബാദ് എപ്പാർക്കിയുടെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ മറ്റ് പതിനൊന്ന് എപ്പാർക്കികൾക്ക് പുനർവിതരണം ചെയ്തു. തൃശൂർ അതിരൂപതയുടെ സഫ്രഗൻ എപ്പാർക്കിയായി ഹോസൂർ എപ്പാർക്കിയെ പുതിയതായി ഉൾപ്പെടുത്തി. സിനഡ് തീരുമാനങ്ങൾക്കൾക്ക് വത്തിക്കാൻ അംഗീകാരം നൽകി.