രാഹുലിനെതിരായ ആരോപണങ്ങൾ ഗൗരവതരം: പാർട്ടി തീരുമാനം വൈകില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല: കെ. മുരളീധരന്
Sunday, August 24, 2025 11:40 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ശബ്ദരേഖ അടക്കമുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്. പാര്‍ട്ടി നിലപാട് വൈകില്ല. തീരുമാനം ഉടന്‍ ഉണ്ടാകും. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരെ രേഖാമൂലമുള്ള പരാതി ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവച്ചു. തുടർനടപടി വേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചതാണ്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന ചില ശബ്ദരേഖകൾ വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണം. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് പാര്‍ട്ടി പ്രതിയോഗികള്‍ പോലും കരുതിയതല്ല. ആരൊക്കെ എവിടെയൊക്കെ മതില് ചാടുമെന്ന് ആര്‍ക്കറിയാം. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് കൈകാര്യം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മുകേഷ് രാജിവെച്ചില്ലെന്ന കാര്യം ഇനി പറയുന്നില്ല. ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണ്. ഉപതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഭയക്കുന്നില്ല. സിപിഎം വിചാരിക്കാതെ പാലക്കാട് ബിജെപി ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.